Flash News

മുഹമ്മദാലി ജിന്ന ഇന്ത്യ വിഭജനത്തിന്റെ വില്ലനോ? (ജോസഫ് പടന്നമാക്കല്‍ )

May 12, 2018

jinnah banner1ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം അര്‍ഹരായവരെ പരിഗണിക്കാതെ അവ്യക്തതകള്‍കൊണ്ട് എഴുതിയുണ്ടാക്കിയതാണ്. സ്വാതന്ത്ര്യ സമരത്തില്‍ വീറോടെ പോരാടിയ മഹാന്മാരുടെ ചരിത്രങ്ങള്‍ അധികാരത്തിന്റെ ബലത്തില്‍ ഇല്ലാതാക്കിയിരിക്കുന്നതു കാണാം. അക്കൂടെ അവഗണിക്കപ്പെട്ട പ്രമുഖരായ രണ്ടു സ്വാതന്ത്ര്യ സമര യോദ്ധാക്കളാണ് വീര്‍ സവേര്‍ക്കറും മുഹമ്മദാലി ജിന്നയും. സ്വാതന്ത്ര്യ സമരംമൂലം മുതലെടുത്തവര്‍ നായകന്മാരും ത്യാഗങ്ങള്‍ സഹിച്ചവര്‍ വില്ലന്മാരുമായുള്ള ചരിത്രമാണ് നാം പഠിച്ചിട്ടുള്ളത്. അധികാരവും പണവും കൈവശപ്പെടുത്തിയവര്‍ ഇന്ത്യയുടെ ചരിത്രവും കളങ്കം വരുത്തിയാണ് കടന്നുപോയിട്ടുള്ളത്. മറക്കപ്പെട്ട അനേകായിരം ധീര ദേശാഭിമാനികളുടെ രക്തം ചൊരിഞ്ഞു പടുത്തയര്‍ത്തിയ സ്വാതന്ത്ര്യമാണ് നാം ഇന്നനുഭവിക്കുന്നത്. ഓരോ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും നാം അറിയാതെ പോവുന്ന മണ്മറഞ്ഞു പോയ അനേകായിരം സ്വാതന്ത്ര്യ സമരയോദ്ധാക്കളും അവരെ നയിച്ച മഹാന്മാരുമുണ്ട്. രാജ്യത്തിനുവേണ്ടി ധ്യാഗം സഹിച്ചവരെ മനഃപൂര്‍വം ചരിത്രത്തിന്റെ ചെളിക്കുഴിയില്‍ താഴ്ത്തിക്കെട്ടിയെന്നുള്ളതും ദുഃഖകരമായ ഒരു സത്യമാണ്.

padanna3_InPixioമുഹമ്മദാലി ജിന്ന സ്വതന്ത്ര പാക്കിസ്ഥാനു വേണ്ടി വാദിച്ച ഇന്ത്യന്‍ നേതാവും പാക്കിസ്ഥാന്റെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറലുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ജിന്നയെ അങ്ങേയറ്റം വെറുക്കപ്പെട്ട വ്യക്തിയായി കരുതുന്നു. അദ്ദേഹം വര്‍ഗീയ വാദിയും സ്വാതന്ത്ര്യ സമരത്തിനെതിരെ കോടാലി വെച്ചവനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചാരനും പാകിസ്ഥാന്‍ വിഭജനം നടത്തിയവനുമെന്നുള്ള വിശേഷണങ്ങളിലാണ് അറിയപ്പെടുന്നത്. വസ്തുതകളുടെ മറവില്‍ ജിന്നയെന്ന വ്യക്തിത്വത്തെ ചായം പൂശി കോടാനുകോടി ജനങ്ങളെ തെറ്റി ധരിപ്പിച്ച ചരിത്രമാണ്, നമുക്കുള്ളത്.

1876 ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ജിന്ന കറാച്ചിയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു വ്യവസായ പ്രമുഖനായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ക്രിസ്ത്യന്‍ മിഷിനറി സ്‌കൂളിലായിരുന്നു. ബോംബെ യൂണിവേഴ്‌സിറ്റിയിലും പിന്നീട് ലണ്ടനിലുമായി പഠിച്ചു. അതിനുശേഷം വിജയകരമായി നിയമത്തില്‍ പരിശീലനം നേടി. അക്കാലത്തെ ഏറ്റവും ഫീസ് ഈടാക്കുന്ന വക്കീലായിരുന്നു അദ്ദേഹം. ഒരു കേസ് വാദിക്കുന്നതിന് 1500 രൂപയായിരുന്നു ഫീസ്. ഇന്ത്യയില്‍ ജിന്നയെക്കാള്‍ കഴിവും വ്യക്തിത്വവും നിറഞ്ഞ നിയമ ജ്ഞാനമുള്ളവര്‍ അക്കാലത്ത് കുറവായിരുന്നു. തികച്ചും മഹാനുഭാവനായ അദ്ദേഹം സ്വന്തം ജീവിതത്തില്‍ ഹിന്ദുക്കളോടും മുസ്ലിമുകളോടും, സിക്കുകാരോടും പാര്‍സികളോടും യാതൊരു വ്യത്യാസവും കാണിച്ചിരുന്നില്ല.

പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് വേറിട്ടിട്ടും ജിന്നയുടെ ഏകമകള്‍ ഇന്ത്യയില്‍ താമസിക്കുകയായിരുന്നു. ജിന്നയുടെ ഒരു സഹോദരിയൊഴിച്ചു ജിന്നയുടെ കുടുംബത്തില്‍നിന്നു ആരും തന്നെ പാക്കിസ്ഥാനിലേക്ക് കുടിയേറിയില്ല. ‘ജിന്ന’ വിവാഹം ചെയ്തത് മുസ്ലിമല്ലാത്ത ഒരു പാര്‍സിയെ ആയിരുന്നു. അന്ന് ജിന്നയ്ക്ക് നാല്‍പ്പതു വയസ് പ്രായം. ഭാര്യ ‘റെറ്റിന ഭായി’യുടെ പ്രായം പതിനാറായിരുന്നു. അവര്‍ ഒന്നിച്ച് വിസ്‌കി കുടിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു, റെറ്റിന ഭായി ജിന്ന 1929 ഫെബ്രുവരി ഇരുപതാം തിയതി ഇരുപത്തിയൊമ്പതാം വയസില്‍ മരണമടഞ്ഞു. ജിന്നയുടെ ഏക മകള്‍ ഡീനായും പാര്‍സിയെ വിവാഹം കഴിച്ചു. ജിന്നയുടെ ജീവിതം പൊതുവെ ഇസ്‌ലാമിക ആചാരങ്ങള്‍ക്ക് എതിരേയായിരുന്നു. മകളുടെ വിവാഹത്തില്‍ ജിന്നയ്ക്കു എതിര്‍പ്പുണ്ടായിരുന്നു.

ഒരു വലിയ വിഭാഗം മുസ്ലിമുകള്‍ പാക്കിസ്ഥാന്‍ എന്ന വേറിട്ട രാജ്യത്തെ ചിന്തിക്കാതെ ഇന്ത്യയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടുവെന്ന യാഥാര്‍ഥ്യവും മറക്കാന്‍ സാധിക്കില്ല. അവരുടെ പൂര്‍വികര്‍ ജനിച്ചു വളര്‍ന്ന ഈ നാട് സ്വന്തം മാതൃരാജ്യമായി കണക്കാക്കിയിരുന്നു. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ജിന്നയെ ഒരു ദേശീയവാദിയായി കണക്കാക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ജനിച്ച പാകിസ്ഥാനിയാണ് ജിന്ന. ഒരു ഭ്രാന്തന്‍ രാജ്യമായ പാക്കിസ്ഥാനെ സൃഷ്ടിച്ചതും ജിന്നയുടെ നേട്ടമാണ്. ഇങ്ങനെ ജിന്നയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടു അനേകമനേകം ചരിത്രകൃതികളും സൃഷ്ടിച്ചിട്ടുണ്ട്.

a1യഥാര്‍ത്ഥത്തില്‍, ‘ജിന്ന’ ബ്രിട്ടീഷ്‌കാര്‍ക്കെതിരെ യാതൊരു ഒത്തുതീര്‍പ്പില്ലാതെ പോരാടിയ സമര യോദ്ധാവായിരുന്നു. അദ്ദേഹം തികച്ചും സ്വരാജ്യ സ്‌നേഹിയും തെറ്റി ധരിക്കപ്പെട്ടവനും സ്വദേശാഭിമാനിയുമായിരുന്നു. മതേതര ചിന്താഗതിയുള്ള ദേശീയ വാദിയുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ സാമ്രാജിക അസംബ്ലിയില്‍ അംഗമായിരുന്ന കാലത്ത് ഇന്ത്യ ഒന്നായി കാണാന്‍ നാല്‍പ്പതു കൊല്ലത്തോളം പൊരുതി. ബ്രിട്ടീഷ്‌കാര്‍ കൊടുത്ത ‘സര്‍’ എന്ന സ്ഥാനം ദൂരെയെറിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഭജനത്തെക്കാളും ഒന്നായ രാജ്യത്തിലെ മുസ്ലിമുകള്‍ക്കു തുല്യ നീതി വേണമെന്ന വാദങ്ങളേ അദ്ദേഹം ഉന്നയിച്ചിരുന്നുള്ളൂ.

ജിന്നയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നോക്കുന്നുവെങ്കില്‍ അദ്ദേഹം ഒരു ചതിയനും രാജ്യ ദ്രോഹിയുമല്ലെന്ന് വിലയിരുത്തേണ്ടി വരും. ഇന്ന് കാണുന്നപോലെ ഒരു ഇന്ത്യ അന്ന് നിലനില്‍ക്കിന്നില്ലായിരുന്നു. രാജ്യം ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരായിരുന്നതുകൊണ്ട് അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് വിളിക്കുന്നതിലും അര്‍ത്ഥമില്ല. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രവാചകനെന്നായിരുന്നു അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. സരോജിനി നായിഡു ജിന്നയെ പുകഴ്ത്തികൊണ്ടു ‘രാജ്യത്തിന്റെ ഐക്യത്തിനായി പൊരുതിയ കര്‍മ്മധീരനെന്നു ‘ വിശേഷിപ്പിക്കുമായിരുന്നു. ആന്‍ഡമാന്‍ ദ്വീപിലേക്ക് ബാല ഗംഗാധര തിലകനെ ജയിലില്‍ അയച്ചപ്പോള്‍ അതിനെതിരായി ശക്തിയായി പ്രതികരിച്ചത് ജിന്നയായിരുന്നു. സൗത്ത് ആഫ്രിക്കയില്‍ ഗാന്ധിജി ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുമ്പോള്‍ ജിന്ന ഗാന്ധിജിക്കു വേണ്ടി ലെജിസ്‌ളേറ്റിവ് അസംബ്ലിയില്‍ അംഗമെന്ന നിലയില്‍ വീറോടെ വാദിക്കുന്നുണ്ടായിരുന്നു.

ജിന്നയുടെ മത രാഷ്ട്രീയ ദേശീയ ചിന്താഗതികളെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നല്ല വശങ്ങളെയും തിരിച്ചറിയണം. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ മുസ്ലിമുകള്‍ ഭൂരിഭാഗവും ഒരു ജനാധിപത്യ സംവിധാനം ആഗ്രഹിച്ചിരുന്നില്ല. 1857ലെ സമരത്തില്‍ ഒന്നിച്ച് പോരാടിയെങ്കിലും പിന്നീട് ഹൈന്ദവ മേധാവിത്വം പടര്‍ന്നപ്പോള്‍ മുസ്ലിമുകള്‍ ഹൈന്ദവരോട് അകന്നു നില്‍ക്കാനും ആഗ്രഹിച്ചു. 1885ല്‍ ‘ജിന്ന’ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ധനികരായ മുസ്ലിമുകള്‍ മാത്രമേ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹം മുസ്ലിം ലീഗില്‍ ചേരുകയായിരുന്നു. ജിന്ന, ഗോപാല കൃഷ്ണ ഗോഖലെ, ദാദാ ബായി നവറോജി, മുതലായ മഹാന്മാരുമൊത്ത് ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടി പൊരുതുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1904ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന കാലം മുതല്‍ തീവ്ര ചിന്തകളോടെയുള്ള സ്വാതന്ത്ര്യം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടിംഗ് ആരംഭം മുതല്‍ എതിര്‍ത്തിരുന്നു.

a5ഇസ്‌ലാമിക സംസ്‌ക്കാരം ലവലേശമില്ലാത്ത അദ്ദേഹം ഒരു പാശ്ചാത്യനെപ്പോലെയാണ് ജീവിതം നയിച്ചിരുന്നത്. മുസ്ലിമുകള്‍ക്ക് ഹറാമായ ‘പോര്‍ക്കും മദ്യവും’ കഴിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഏറെയും ഇസ്‌ലാമിക സങ്കുചിത യാഥാസ്ഥിതിക ചിന്തകര്‍ക്കെതിരെയായിരുന്നു. സംഭാഷണ ശൈലിയും ഒരു മുസ്ലിമെന്ന നിലയിലല്ലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചിലപ്പോള്‍ മത മൗലിക വാദികളായ മുസ്ലിമുകളുമായി ഒന്നിച്ച് യാത്ര ചെയ്യേണ്ട സന്ദര്‍ഭങ്ങളും വന്നിട്ടുണ്ട്. ‘അവരുമായി ഒന്നിച്ച് യാത്ര ചെയ്യുന്നുണ്ടെങ്കിലും അവരുടെ വിഡ്ഢി ചിന്തകളെ തന്റെ ജീവിതത്തില്‍ പകര്‍ത്തിയിട്ടില്ലായിരുന്നുവെന്ന്’ ജിന്ന പറയുമായിരുന്നു.

സാഹചര്യങ്ങളാണ് ജിന്നയെ ഒരു മതേതര വാദിയായി വളര്‍ത്തിയത്. വളര്‍ന്ന ചുറ്റുപാടുകളും പാശ്ചാത്യ സംസ്‌ക്കാരവും അതിന് കാരണമായിരുന്നു. അദ്ദേഹം, ബ്രിട്ടീഷുകാരില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ ശ്രമിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗവുമായിരുന്നു. 1913ല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഹിന്ദു രാജ്യത്തു മുസ്ലിമുകളുടെ താത്പര്യമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി രൂപീകരിച്ച പാര്‍ട്ടിയായിരുന്നു മുസ്ലിം ലീഗ്. 1916ല്‍ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു. 1920ല്‍ വിദേശ നിര്‍മ്മിത വസ്തുക്കള്‍ വര്‍ജിക്കാനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രാജ്യം മുഴുവന്‍ ആഹ്വാനം ചെയ്തു. 1920ല്‍ ‘ജിന്ന’ നിസഹകരണ നയം എതിര്‍ക്കുകയും കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെക്കുകയും ചെയ്തു.

a3ഗാന്ധിജിയുമായി ഇടപെടാന്‍ ജിന്നയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പടിഞ്ഞാറന്‍ ഫാഷനില്‍ എന്നും നടന്നിരുന്ന ജിന്നയ്ക്ക് ഗാന്ധിയുടെ എളിയ വേഷങ്ങളൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. അര്‍ദ്ധ നഗ്‌നനായ ഗാന്ധിജിയെപ്പറ്റി കാര്യമായി ഒന്നും തന്നെ മനസ്സിലാക്കിയിരുന്നില്ല. വാസ്തവത്തില്‍ ഗാന്ധിയുടെ ഖിലാഫത്ത് മൂവുമെന്റിനെയും നിസഹകരണ പ്രസ്ഥാനത്തെയും ജിന്ന എതിര്‍ക്കുകയായിരുന്നു. മതവും രാഷ്ട്രീയവും ഒരിക്കലും ഇടകലര്‍ത്തരുതെന്ന് അദ്ദേഹം പറയുമായിരുന്നു. ജിന്നയുടെ മതേതരത്വ പ്രസംഗങ്ങള്‍ മൂലം അക്കാലത്ത് മുസ്ലിമുകള്‍ ഗാന്ധിജിക്കായിരുന്നു പിന്തുണകള്‍ നല്‍കിയിരുന്നത്. ജിന്നയ്ക്ക് തന്മൂലം മുസ്ലിമുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. സഹികെട്ട അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് ബോംബയില്‍നിന്ന് ലണ്ടനില്‍ പോയി.

ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തിന് ജിന്നയെ പ്രേരിപ്പിക്കാന്‍ കോണ്‍ഗ്രസ്സും ഒരു കാരണമായിരുന്നു. അദ്ദേഹത്തെ കോണ്‍ഗ്രസ്സ് എല്ലാ തലങ്ങളിലും തഴയാനുള്ള നീക്കങ്ങളും ആസൂത്രണം ചെയ്തിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു വന്ന മതേതര വാദിയായ ജിന്നയോട് എല്ലാ വിധത്തിലും ശത്രുത പുലര്‍ത്താനും അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലായ്മ ചെയ്യാനുമാണ് അന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിച്ചിരുന്നത്. പിന്നീട് കുറേക്കാലം ലണ്ടനില്‍ ജീവിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാവരുടെയും വ്യക്തിത്വത്തെ ഒരു പോലെ മാനിച്ചിരുന്നെങ്കില്‍, ജിന്നയ്ക്ക് അര്‍ഹമായ ബഹുമാനം നല്‍കിയിരുന്നെങ്കില്‍ ജിന്നയെപ്പോലെയും സുബാഷ് ചന്ദ ബോസിനെപ്പോലെയും പ്രഗത്ഭരായവര്‍ കോണ്‍ഗ്രസില്‍ തന്നെ നിലകൊള്ളുമായിരുന്നു. ഇന്ത്യ ഒരിക്കലും വിഭജിക്കുകയില്ലായിരുന്നു. ഇന്ത്യയില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ മതത്തിന്റെ പേരില്‍ പരസ്പ്പരം മല്ലടിച്ചു ജീവിക്കില്ലായിരുന്നു.

മതമൗലിക വാദികള്‍ മുസ്ലിം ലീഗിന്റെ നേതൃസ്ഥാനം കൈവശപ്പെടുത്തിയതുകൊണ്ടാണ് വിഭജനത്തിനുള്ള വഴികള്‍ ഒരുക്കിയത്. വാസ്തവത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന നിരവധി മുസ്ലിമുകളെ നേതൃത്വനിരയിലുണ്ടായിരുന്ന കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ നേതൃത്വവും തഴഞ്ഞുവെന്നതും ചരിത്ര സത്യമാണ്. ബ്രിട്ടീഷുകാര്‍ പോയി കഴിയുമ്പോള്‍ അധികാരത്തിനു നോട്ടമിട്ടിരുന്ന ചില ഹിന്ദു വര്‍ഗീയ വാദികള്‍ വാഗ്മിയും അഭിഭാഷകനും മതേതരത്വ വാദിയുമായ ‘ജിന്ന’ ദേശീയ നേതൃത്വത്തില്‍ ഉയര്‍ന്നു വരുവാന്‍ ആഗ്രഹിച്ചിരുന്നുമില്ല. ഇസ്‌ലാം തനിമയുള്ള രാജ്യവും ഹിന്ദു തനിമയുള്ള രാജ്യവുമെന്ന ആശയങ്ങള്‍ രാജ്യം മുഴുവന്‍ പ്രചരിക്കുകയും ചെയ്തിരുന്നു. വിഭജിച്ചു ഭരിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ നയവുമായിരുന്നു. അവരുടെ ചാണക്യ തന്ത്രം അന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിജയിക്കുകയും ചെയ്തു. വര്‍ഗീയത വളര്‍ത്താനുള്ള എല്ലാ വഴികളും ബ്രിട്ടീഷുകാര്‍ തുറന്നു കൊടുക്കുകയും ചെയ്തു.

a2

രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളും ഇന്ത്യയിലെ നിയന്ത്രിക്കാന്‍ പാടില്ലാത്തവിധം നിയമ നിഷേധങ്ങളും കാരണം ബ്രിട്ടീഷുകാര്‍ ഭരണമവസാനിപ്പിച്ച് രാജ്യം വിടണമെന്നും താല്പര്യപ്പെട്ടിരുന്നു. ഇന്ത്യ മുഴുവനായി വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. നിരക്ഷരരായ അറിവും ബോധവുമില്ലാത്ത ഇന്ത്യന്‍ ജനതയ്ക്ക് ഇന്ത്യയിലെ സംഭവ വികാസങ്ങളെപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. സ്വാര്‍ത്ഥത നിറഞ്ഞ നേതാക്കന്മാരുടെ പുറകില്‍ അറിവും വിവേകവുമില്ലാത്ത ജനക്കൂട്ടം അണിനിരന്നു. രാജ്യം മുഴുവന്‍ പൈശാചികത ഇളകി മറിഞ്ഞിരുന്നു. അങ്ങനെയാണ് അവര്‍ ഹിന്ദു മുസ്ലിം രാജ്യ വിഭജനത്തിനായി തീരുമാനിച്ചത്. ജ്വാലീയന്‍വാല കൂട്ടക്കൊലയില്‍ ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും ഒരു പോലെ രക്തച്ചൊരിച്ചില്‍ നടത്തിയ വിവരം ജനം മറന്നുപോയിരുന്നു. അവസാനം ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ തീരുമാനിച്ചു.

ജിന്ന തീര്‍ത്തും ദേശീയ വാദിയായിരുന്നു. അഴിമതി രഹിതനായിരുന്നു. ഒരു പ്രോവിന്‍സിന്റെ ഗവര്‍ണറായുള്ള സ്ഥാനം ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടും നിരസിക്കുകയാണുണ്ടായത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ‘സര്‍’ എന്ന പ്രഭു സ്ഥാനം നല്‍കിയതും നിരസിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീവ്ര നേതാവായിരുന്ന ബാല ഗംഗാധര തിലകുമായി അദ്ദേഹത്തിന് നല്ല സൗഹാര്‍ദ്ദ ബന്ധമുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനത്തില്‍ സഹകരിക്കാതെ ‘ജിന്ന’ കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ടിരുന്നു. അതിനുശേഷം അദ്ദേഹം സ്വന്തമായി തന്നെ ഒരു പാര്‍ട്ടിയുണ്ടാക്കി. ‘ഞാന്‍ ഒരു ഇന്ത്യനും രണ്ടാമത് മുസ്ലിമെന്നും’ അദ്ദേഹം എന്നും തുറന്നു പ്രസംഗിക്കുമായിരുന്നു.

പാക്കിസ്ഥാനും ഇന്ത്യയും രണ്ടു രാഷ്ട്രങ്ങളാകാനുള്ള കാരണം ജിന്നയല്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് ചരിത്രം പഠിപ്പിക്കുന്നത്. വാസ്തവത്തില്‍ എന്നും സങ്കുചിത വിഘടന രാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിച്ച ജിന്നയെ സാഹചര്യങ്ങള്‍ പിന്നീട് വിഭജന രാഷ്ട്രീയത്തിലേക്ക് നയിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ വിഭജനം ചരിത്രത്തിന്റെ ഒരു നിയോഗമായിരുന്നുവെന്നു വേണം കരുതാന്‍. രാഷ്ട്രീയത്തില്‍ ഉടലെടുത്ത ഇത്തരം മത വര്‍ഗീയ വാദികളുടെ സാഹചര്യങ്ങളില്‍ നിന്നായിരിക്കാം താന്‍ വിശ്വസിച്ചിരുന്ന മതേതരത്വം ബലി കഴിച്ചുകൊണ്ട് മുസ്ലിം രാഷ്ട്രത്തിനായി അദ്ദേഹം രംഗത്തു വന്നത്. മറുഭാഗത്ത് വീര സവേര്‍ക്കറുടെ ഹിന്ദു വാദവും ശക്തിയായി വളര്‍ന്നിരുന്നു.

a1 (1)തീവ്രത മുസ്ലിം സമുദായത്തില്‍ ശക്തി പ്രാപിച്ച നാളുകളിലാണ് ‘ജിന്ന’ മുസ്ലിം രാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ വന്നത്. മുസ്ലിമുകള്‍ക്കു മാത്രമായി ഒരു രാഷ്ട്രമെന്ന ആവശ്യം വിഭജനത്തില്‍ക്കൂടിയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനു അന്നത്തെ മുസ്ലിം തീവ്ര ചിന്താഗതിക്കാര്‍ സമ്മതിച്ചിരുന്നുമില്ല. കോണ്‍ഗ്രസിന്റെ കീഴില്‍ മുസ്ലിമുകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കില്ലെന്നുള്ള ചിന്താഗതിയും ദേശീയ രാഷ്ട്രീയത്തില്‍ വളര്‍ന്നിരുന്നു. നിരന്തരമായ കൂട്ടക്കൊലകളും കലഹങ്ങളും കാരണം മനസ് മരവിച്ച സര്‍ദാര്‍ പട്ടേല്‍ പോലും ഒടുവില്‍ വിഭജനത്തെ അനുകൂലിക്കുകയായിരുന്നു. സ്വാതന്ത്ര്യം നേടണമെങ്കില്‍ വിഭജനം ആവശ്യമായിരുന്നുവെന്ന ഘട്ടവും വന്നു. ഈ യാഥാര്‍ഥ്യം മനസിലാക്കി അന്നുള്ള നേതൃത്വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രക്തപങ്കിലമായ ഇന്ത്യയുടെ ചരിത്രത്തിലെ അന്നത്തെ കൂട്ട നരഹത്യകള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

രാഷ്ട്രീയക്കാരുടെ അധികാര മോഹം മൂലം ഇന്ത്യന്‍ ജനത പരസ്പ്പരം ശത്രുക്കളായി മാറിയിരുന്നു. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കലാപം പൊട്ടി പുറപ്പെട്ടു. ഹിന്ദുക്കളിലും മുസ്ലിമുകളിലുമുളള മതഭ്രാന്തന്മാര്‍, പരസ്പ്പരം നിഷ്‌കളങ്കരായവരെ കൊന്നുകൊണ്ടിരുന്നു. എണ്ണാന്‍ പാടില്ലാത്ത വിധം ജനങ്ങള്‍ അവരുടെ ഭവനങ്ങള്‍ ഉപേക്ഷിച്ചു. ലക്ഷക്കണക്കിന് ജനം മുറിവേറ്റു. വിശന്നു തളര്‍ന്ന ജനങ്ങള്‍ തങ്ങളുടെ വീട്ടു സാധനങ്ങളുമായി ഇരു രാജ്യങ്ങളിലെയും അതിര്‍ത്തികള്‍ കടന്നുകൊണ്ടിരുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബലാല്‍സംഗം ചെയ്ത നൂറായിരം കഥകളുണ്ട്. എണ്ണാന്‍ പാടില്ലാതെ സ്ത്രീകള്‍ തങ്ങളുടെ അഭിമാനം രക്ഷിക്കാന്‍ ആത്മഹത്യ ചെയ്തു. ഈ സാഹചര്യങ്ങളില്‍ മൌണ്ട് ബാറ്റണ്‍ പ്രഭു ഒരു എമര്‍ജന്‍സി കമ്മറ്റി രൂപീകരിച്ചു. പട്ടേലും നെഹ്രുവായും പൊതുചര്‍ച്ചകളുണ്ടായിട്ടും വിഭജനം ഒഴിവാക്കാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടും മൗണ്ട് ബാറ്റണ്‍ സമ്മതിച്ചില്ല.

ജിന്ന ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന കാലം ‘ദാദാ ഭായി നവറോജിയുമായി ഒത്തോരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. നവറോജി യുകെ പാര്‍ലമെന്റ് മെമ്പറായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിനായി ജിന്നയും ഒപ്പം പ്രവര്‍ത്തിച്ചു. നവറോജി ഒരു പാര്‍സിയായിരുന്നു. പാര്‍സിയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ജിന്നയുടെ മതേതരത്വ ചിന്താഗതിയാണ് അവിടെ വ്യക്തമാക്കുന്നത്’. 1904ല്‍ നവറോജി ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഡ്രാഫ്റ്റ് ചെയ്തു കൊടുത്തിരുന്നത് ജിന്നയായിരുന്നു.

ബംഗാളിനെ ബ്രിട്ടീഷ് കാലത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ തുടങ്ങിയപ്പോള്‍ ‘ജിന്ന’ അത് ശക്തിപൂര്‍വ്വം പ്രതിക്ഷേധിച്ചു. മതങ്ങളുടെ അടിസ്ഥാനത്തില്‍, മുസ്ലിമുകളും ഹിന്ദുക്കളും വെവ്വേറെയായി പ്രാദേശിക അസബ്ലികളില്‍ വോട്ടിങ്ങിനു തയ്യാറായപ്പോള്‍ അദ്ദേഹം അത് എതിര്‍ത്തു. 1906ല്‍ മുസ്ലിം ലീഗ് സ്ഥാപിക്കുന്ന സമയം മതാടിസ്ഥാനത്തിലുള്ള ഒരു സംഘടനയെ ആദ്യം എതിര്‍ത്ത വ്യക്തിയും ജിന്നയായിരുന്നു. 1906ല്‍ ‘ആഗാ ഖാന്‍’ മുസ്ലിമുകളുടെ അവകാശങ്ങള്‍ക്കായി ‘ലോര്‍ഡ് മണ്‍ട്രോയെ’ കണ്ടിരുന്നു. മുസ്ലിമുകള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ ചോദിക്കുന്ന ആഗാഖാനെ ജിന്ന അന്ന് ചോദ്യം ചെയ്തു. മുസ്ലിം ലീഗെന്ന സംഘടന രൂപീകരിക്കുന്നതിലും അദ്ദേഹം എതിര്‍ത്തിരുന്നു. അദ്ദേഹം ഡെഹ്‌റാഡൂണില്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി സ്ഥാപിച്ചവരില്‍ ഒരാളായിരുന്നു.

1916ല്‍ ആനീ ബസന്റും ബാലഗംഗാധര തിലകും രൂപീകരിച്ച ‘ആള്‍ ഇന്ത്യ ഹോം റൂള്‍ ലീഗിനെ’ പിന്തുണച്ചു. ഇന്ത്യയുടെ ആഭ്യന്തര ഭരണം പിടിച്ചെടുക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. എന്നാല്‍ യുദ്ധകാലം ആയിരുന്നതുകൊണ്ട് അത്തരം ആവശ്യങ്ങള്‍ ബ്രിട്ടീഷുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സ്വയം ഭരണാവകാശത്തിനുള്ള ആദ്യത്തെ പടിയായി ഈ സ്വാതന്ത്ര്യ സമര നീക്കത്തെ കണക്കാക്കാം. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തെ സ്വരാജ് പാര്‍ട്ടി ഒന്നടങ്കം എതിര്‍ത്തിരുന്നു. ‘ജിന്നാ’ നല്ലയൊരു രാഷ്ട്ര തന്ത്രജ്ഞനായിരുന്നതുകൊണ്ടു സ്വയം ഭരണമെന്ന ആശയത്തെ അനേകമാളുകള്‍ ഇഷ്ടപ്പെട്ടിരുന്നു. വലിയൊരു ജനവിഭാഗം ജിന്നയോടൊപ്പം സ്വരാജ് പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. ബ്രിട്ടനില്‍ നടന്ന ആദ്യത്തെ രണ്ടു റൗണ്ട് ടേബിള്‍ കോണ്‍ഫെറന്‍സിലും ജിന്ന ഹാജരായിരുന്നു. മൂന്നു കോണ്‍ഫറന്‍സുകളും ബ്രിട്ടീഷുകാരോട് ഒരു ഒത്തുതീര്‍പ്പുണ്ടാക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടിരുന്നു. അന്ന് മുസ്ലിമുകളുടെ പ്രതിനിധിയായല്ല അദ്ദേഹം വട്ടമേശസമ്മേളനത്തില്‍ പങ്കുകൊണ്ടത്.

a6വട്ടമേശ സമ്മേളനം പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ലണ്ടനില്‍ കുറച്ചുകാലം കൂടി തങ്ങി. അവിടെ ‘അല്ലാമാ ഇഖ്ബാലും’ ‘ലിയഖാത്ത് ആലിയും’ ഇന്ത്യയിലേക്ക് മടങ്ങിപ്പോവാനും മുസ്ലിമുകള്‍ക്കുവേണ്ടി നിലകൊള്ളാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പരസ്പ്പരം മല്ലടിച്ചു കഴിഞ്ഞിരുന്നു. 1946 വരെ ‘ജിന്ന’ ഒരു ഏകഭാരതത്തിനു വേണ്ടി നിലകൊണ്ടു. അതിനായി അദ്ദേഹം ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ കണ്ടു. രാജ്യം വിഭജിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മൗണ്ട് ബാറ്റണ്‍ ഒട്ടും വഴങ്ങാതെ ഇന്ത്യപാക്കിസ്ഥാന്‍ വിഭജനത്തിനായി നിലകൊണ്ടു. ഇന്ത്യ ഒന്നാണെങ്കില്‍ അത് ഒരു വന്‍ശക്തിയായി നിലകൊള്ളുമെന്നും ജിന്ന അന്നുവരെ വിശ്വസിച്ചിരുന്നു.

1937ല്‍ ചില പ്രൊവിന്‍സുകളുടെ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗുമായി സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള ബന്ധം വഷളാകാനും തുടങ്ങി. 1940ല്‍ ലാഹോറില്‍ നടന്ന മുസ്ലിം ലീഗ് മീറ്റിംഗില്‍ ഇന്ത്യ വിഭജിക്കാനും മുസ്ലിമുകള്‍ക്കു മാത്രമായ പാക്കിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ഹിന്ദു മുസ്ലിം ഐക്യം സാധ്യമാണെന്നായിരുന്നു ജിന്ന ചിന്തിച്ചിരുന്നത്. എന്നാല്‍ മനസില്ലാ മനസോടെ മുസ്ലിമുകളുടെ സുരക്ഷതയ്ക്ക് പാക്കിസ്ഥാന്‍ ആവശ്യമാണെന്നുള്ള വാദത്തോട് യോജിക്കുകയായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ ബ്രിട്ടീഷുകാര്‍ വിഭജനത്തിനു അനുകൂലമായിരുന്നു. അങ്ങനെ 1947 ഓഗസ്റ്റ് പതിന്നാലാം തിയതി പാക്കിസ്ഥാന്‍ എന്ന രാഷ്ട്രം ഉണ്ടായി. ഇത് ഹിന്ദുക്കളും മുസ്ലിമുകളും സിക്കുകാരും തമ്മില്‍ വലിയ തോതില്‍ കലാപത്തിന് കാരണമായി. ‘ജിന്ന’ പാകിസ്ഥാന്റെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറലുമായി. ജിന്ന’ അധികാരമെടുത്തയുടന്‍ പറഞ്ഞു, ‘രാജ്യം അരാജകത്വമാകുമെന്നും ഇങ്ങനെയെല്ലാം സംഭവിക്കുമെന്നും ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതകാലത്തു പാക്കിസ്ഥാനെന്ന രാജ്യമുണ്ടാകുമെന്ന് വിചാരിച്ചിരുന്നുമില്ല.’

പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ഗവര്‍ണ്ണര്‍ ജനറലെന്ന നിലയില്‍ ജിന്നയുടെ കന്നി പ്രസംഗം ഹൃദ്യമായിരുന്നു. അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ക്ക് ഹിന്ദുവാകാം, മുസ്ലിമാകാം, സിക്കാകാം. എന്നാല്‍ മതത്തിന്റെ പേരില്‍ വിഭിന്നതകള്‍ പാടില്ല. മനുഷ്യന്‍ മനുഷ്യനെ പരസ്പ്പരം വേര്‍തിരിച്ചുള്ള മതത്തിന്റെ സങ്കുചിത ചിന്താഗതിയില്‍ നിന്ന് നാം മുക്തരാകേണ്ടതുണ്ട്. മത വിവേചനം നമ്മുടെ സമൂഹത്തില്‍ നിന്നും പാടെ ഇല്ലാതാക്കാന്‍ നാം ഓരോരുത്തരും പരിശ്രമിക്കണം. നമുക്ക് സ്വാതന്ത്ര്യവും സ്വരാജ്യവും ലഭിക്കുന്നതിന് തടസമായിരുന്നത് ഇത്തരം മനുഷ്യനിലുണ്ടായിരുന്ന വര്‍ഗീയ ചിന്തകളായിരുന്നു. ഇവയില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യം വളരെ മുമ്പേ നമുക്ക് ലഭിക്കുമായിരുന്നു. നിങ്ങളുടെ ഏതു ജാതിയും മതവും രാജ്യകാര്യങ്ങളെ ബാധിക്കില്ല.’ സ്വാര്‍ത്ഥ രാഷ്ട്രീയത്തിലും മതത്തിലും അടിസ്ഥാനമായ ഒരു പുതിയ രാഷ്ട്രത്തിന്റെ തലവന്റെ വാക്കുകളാണ് ഇതെന്നും ഓര്‍ക്കണം. മതേതരത്വത്തില്‍ വിശ്വസിച്ചിരുന്ന ഒരു നേതാവായിരുന്നു ജിന്നായെന്നു ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമുണ്ടോ? 1948 സെപ്റ്റംബര്‍ പതിനൊന്നാം തിയതി ക്ഷയരോഗ ബാധിതനായി അദ്ദേഹം മരണമടഞ്ഞു.

സ്വാതന്ത്ര്യ സമരം ശരിയായി പഠിച്ചിട്ടുള്ളവര്‍ക്ക് ജിന്നയുടെ വ്യക്തി സ്വഭാവവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ജിന്ന ആരെന്നും ശരിക്കും മനസിലാക്കാന്‍ സാധിക്കും. എന്നിട്ടും പൊതുസമൂഹത്തില്‍ ജിന്നയെ വെറുക്കപ്പെട്ട ഒരു കഥാപാത്രമായി രാഷ്ട്രീയവും ചരിത്രവും പഠിപ്പിക്കുന്നു. അതിനെതിരായി, അത് തിരുത്താനായി ജസ്വന്ത് സിങ്, ‘ജിന്നയും ഇന്ത്യയും വിഭജനവും സ്വാതന്ത്ര്യവും’ എന്ന പേരില്‍ ഇംഗ്‌ളീഷില്‍ ഒരു പുസ്തകം എഴുതിയിരുന്നു. ആ പുസ്തകം നിരോധിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മത വര്‍ഗീയ വാദികള്‍ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു. മുഹമ്മദാലി ജിന്ന ക്രൂരനായ ഒരു മുസ്ലിമും ഒറ്റുകാരനുമെന്നത് ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞിരിക്കേണ്ടത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടിയാണ്. നെഹ്രുവിനെപ്പോലെയോ പട്ടേലിനെപ്പോലെയോ ജനങ്ങളുടെ മനസ്സില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന വിഗ്രഹത്തെക്കാള്‍ മറ്റൊരു വിഗ്രഹത്തെ വാര്‍ത്തെടുക്കാന്‍, രാഷ്ട്രീയ പുങ്കവന്മാര്‍ ആഗ്രഹിക്കില്ല.

‘സത്യമേവ ജയതേ’ (“Truth Alone Triumphs”) എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം ആകുന്നു. എന്നാല്‍ സത്യം പറയുന്നവരെ തീയിലിട്ടു ചുടുകയെന്ന തന്ത്രവും രാഷ്ട്രീയ ചിന്തകളുടെ ഭാഗമാണ്. വിഭജനവും വിഭജനകാലത്തെ ദുരന്തവും ഏറ്റെടുക്കാന്‍ ഒരു വില്ലനെ വേണമായിരുന്നു. ആ വില്ലന്റെ പദവി ജിന്നയ്ക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യന്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് ജിന്നയെന്ന വില്ലനെ എടുത്തുകളയാനും പ്രയാസമായിരിക്കും. ചരിത്രത്തില്‍ കൊഴിഞ്ഞു പോയ ഭൂതകാലത്തേക്കാളും പ്രാധാന്യം ഇന്നുള്ള വര്‍ത്തമാന കാലങ്ങള്‍ക്കാണ്. അതുകൊണ്ട് വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്ന ജിന്ന മത മൗലിക വാദി, ഭാരതത്തെ രണ്ടാക്കിയവന്‍ എന്നിങ്ങനെ നാളെയുടെ ചരിത്രത്തിലും കറുത്ത മഷികൊണ്ടുതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ടാകാം. സ്‌കൂളുകളില്‍ പാഠപുസ്തകങ്ങളിലെ വില്ലനെന്ന ജിന്നയെ ഒരു ബിംബംപോലെ കുട്ടികളുടെ മനസ്സില്‍ പതിപ്പിച്ചുകൊണ്ടുമിരിക്കും. എങ്കില്‍ മാത്രമേ രാഷ്ട്രത്തിന്റെ മേധാവിത്വവും അധികാരവും ചിലരുടെ കൈകളില്‍ കൈകളില്‍ മാത്രം കുത്തകയാക്കാന്‍ സാധിക്കുള്ളൂ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top