Flash News

താജ് ആലുവക്ക് താരതമ്യ സാഹിത്യത്തില്‍ ഡോക്ടറേറ്റ്

May 14, 2018 , മീഡിയ കള്‍ച്ചറല്‍ ഫോറം

Taj Aluva- Ambassador reception

മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് താരതമ്യ സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ താജ് ആലുവ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരനില്‍ നിന്ന് ആദരം ഏറ്റു വാങ്ങുന്നു

ദോഹ: ദോഹയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റുമായ താജ് ആലുവ മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്നും താരതമ്യ സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ജോണ്‍ സാമുവലിന്റെ കീഴില്‍ ഇന്ത്യയിലെയും ഫലസ്തീനിലെയും ദേശീയ പ്രസ്ഥാനങ്ങളില്‍ പ്രതിരോധ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് ഡോക്ടറേറ്റ്. മലയാള കവി വള്ളത്തോള്‍ നാരായണ മേനോന്റെയും ഫലസ്തീന്‍ കവി മഹ്‍മൂദ് ദ൪വീശിന്റെയും കവിതകള്‍ പ്രത്യേകമായി താരതമ്യ പഠനത്തിന് വിധേയമാക്കി. സാമ്രാജ്യത്വ-അധിനിവേശ ശക്തികള്‍ക്കെതിരെ സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ജനതകളുടെ ചെറുത്ത് നില്‍പിന് ആക്കം പകര്‍ന്ന സാഹിത്യരചനകളെയാണ് പൊതുവില്‍ പ്രതിരോധ സാഹിത്യമെന്ന് നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. 19-20 നൂറ്റാണ്ടുകളില്‍ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ സാഹിത്യശാഖ ജന്മമെടുത്തത്. ഇന്ത്യയിലെയും ഫലസ്തീനിലെയും ദേശീയ പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതില്‍ ഈ സാഹിത്യത്തിന് കാര്യമായ പങ്കുണ്ട്.

മസ്‌കറ്റിലെ ടൈംസ് ഓഫ് ഒമാന്‍, ഷാര്‍ജയിലെ ദി ഗള്‍ഫ് ടുഡേ എന്നിവിടങ്ങളിലും ദുബായ് മുനിസിപ്പാലിറ്റിയില്‍ പ്രിന്‍സിപ്പല്‍ മീഡിയ ഓഫീസറായും ജോലി ചെയ്ത അദ്ദേഹം മോഡേണ്‍ അറബിക്കിലും ചരിത്ര പഠനത്തിലും ഒന്നാം റാങ്കോടെ ബിരുദവും ജേര്‍ണലിസം -മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2009 മുതല്‍ ഖത്തര്‍ ഗ്യാസില്‍ മീഡിയ സ്പെഷ്യലിസ്റ്റ് ആയി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം എറണാകുളം ജില്ലയിലെ ആലുവ സ്വാദേശിയാണ്. പ്രവാസി – മിഡില്‍ ഈസ്റ്റ് വിഷയങ്ങളില്‍ പത്ര – ടെലിവിഷന്‍ മാധ്യമങ്ങളില്‍ കോളമിസ്റ്റും മികച്ച പ്രഭാഷകനും സംഘാടകനും കൂടിയാണ്. ഭാര്യയും 4 കുട്ടികളും ഉണ്ട്.

ഇന്നലെ ഇന്ത്യന്‍ എംബസി ചേമ്പറില്‍ നടന്ന ചടങ്ങില്‍ അംബാസഡറുടെ പ്രത്യേക ആദരം അദ്ദേഹം ഏറ്റുവാങ്ങി . അംബാസഡര്‍ പി കുമരന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. പ്രവാസ- തൊഴില്‍ ജീവിതത്തോടൊപ്പം പഠന -ഗവേഷണ മേഖലയില്‍ ഇത്തരം നേട്ടങ്ങള്‍ എത്തിപിടിക്കുന്നത് ഏറെ പ്രശംസനീയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ശശിധര പണിക്കര്‍, ജനറല്‍ സെക്രട്ടറി സാദിഖലി സി, ട്രഷറര്‍ അബ്ദുൽ ഗഫൂര്‍ എ ആര്‍, സെക്രട്ടറി അലവിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോണി മാത്യു, ഹാന്‍സ് ജേക്കബ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top