Flash News

എടപ്പാളിലെ സിനിമാ തിയ്യേറ്ററിലെ പീഡനം; അങ്കിളിനെ അമ്മ തിയ്യേറ്ററിലേക്ക് വിളിച്ചു വരുത്തിയതാണെന്ന് പീഡനത്തിനിരയായ പെണ്‍‌കുട്ടി; വീട്ടിലും വരാറുണ്ടെന്ന്

May 15, 2018

theatre-rape-830x412

ഈ ‘അങ്കിള്‍’ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. സിനിമ കാണാൻ തിയേറ്ററിലേക്ക് അങ്കിളിനെ മാതാവ് വിളിച്ചുവരുത്തിയതാണെന്നും എടപ്പാളില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ കൗൺസിലറോടാണ് ഒൻപതു വയസ്സുകാരി, വിഷയത്തിന്റെ ഗൗരവമറിയാതെ, നിഷ്‌കളങ്കമായി കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

വീട്ടില്‍നിന്ന് പുറപ്പെട്ട സമയം മുതലുള്ള അനുഭവങ്ങളാണ് അവള്‍ കൗണ്‍സലറോട് പറഞ്ഞത്. സിനിമകാണാന്‍ തുടങ്ങിയ സമയം മുതല്‍ അയാള്‍ ഏതെല്ലാം തരത്തില്‍ ഉപദ്രവിച്ചെന്നും കുട്ടി വിവരിച്ചു. വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കെടുത്തു.

ആദ്യമായാണ് കുട്ടി പ്രതിയായ മൊയ്തീന്‍കുട്ടിയെ കാണുന്നതെന്ന മാതാവിന്റെ മൊഴിയും കുട്ടി നിഷേധിച്ചു. ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്ന് അവള്‍ പറഞ്ഞു. കുട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നത്. ഗൗരവമായ ലൈംഗികപീഡനമെന്ന വകുപ്പ് ചുമത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടി അങ്ങനെ മൊഴിതന്നിട്ടില്ലെന്നായിരുന്നു പോലീസ് പറഞ്ഞതെന്ന് കൗൺസലിംഗ് നടത്തിയ ശിശുക്ഷേമ സമിതിയിലെ അഡ്വ. കവിതാശങ്കര്‍ വ്യക്തമാക്കി.

പിന്നീട് പലരും സ്വാധീനിച്ചതിന്റെ ലക്ഷണങ്ങളും കുട്ടിയുടെ മൊഴിയില്‍ കണ്ടു. കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കല്‍കൂടി മൊഴിയെടുക്കും. കൗണ്‍സലിങ് റിപ്പോര്‍ട്ട് കൂടി പരിശോധിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടു. നിലവില്‍ ആറ്, ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരമാവധി ഏഴുവര്‍ഷം തടവാണ് ഇതുപ്രകാരം ലഭിക്കുക. അഞ്ച്-എം വകുപ്പില്‍ പത്തുവര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.

എസ്‌ഐക്കു സസ്‌പെന്‍ഷന്‍; പെണ്‍കുട്ടി നിര്‍ഭയ കേന്ദ്രത്തില്‍, അമ്മയ്ക്ക് എതിരേയും കേസ്‌

അമ്മക്കൊപ്പം സിനിമ തീയറ്ററിലിരുന്ന ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത്‌ അന്വേഷണം നടത്തുന്നതിൽ കാലതാമസം വരുത്തിയതിന്‌ ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ സസ്‌പെൻഡ്‌ ചെയ്‌തു. കേസിലെ പ്രതി തൃത്താല സ്വദേശി മൊയ്തീൻകുട്ടി(47) യാണ്‌ ഷൊർണൂരിൽ അറസ്റ്റിലായത്‌.

സിസിടിവിയിൽ പതിഞ്ഞ പീഡന ദൃശ്യം ശനിയാഴ്ച ടിവി ചാനൽ പുറത്തുവിട്ടിരുന്നു. തുടർന്ന്‌ ഷൊർണൂരിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പീഡനത്തിനിരയായ കുട്ടിയും അമ്മയും പ്രതിയുടെ ഉടമസ്ഥതയിലുള്ള ക്വാർടേഴ്‌സിൽ വാടകക്ക് താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ അറിവോടെയാണ് പീഡനമെന്ന് സംശയമുള്ളതിനാൽ അവരെയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുന്നുണ്ട്‌.

കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. സ്‌ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയുമായിരുന്നു. മുതിർന്ന സ്‌ത്രീക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കൻ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.

26നു തന്നെ, കേസെടുക്കണമെന്ന ശുപാർശയും ദൃശ്യങ്ങളും ചൈൽഡ്‌ലൈൻ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടർന്നാണ് ഇന്നലെയാണ് കേസ് റജിസ്റ്റർ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികൾക്കെതിരായ ലൈംഗിക പീഡനം തടയൽ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്.

മുൻകൂർജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീൻകുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാൻ പദ്ധതിയിട്ടിരുന്നതായി പിടികൂടിയ പാലക്കാട് പൊലീസ് പറഞ്ഞു. രാത്രി കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിച്ചു ചോദ്യംചെയ്‌തു. പിന്നീട് പൊന്നാനി സ്‌റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും മാർച്ച് നടത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top