Flash News

കര്‍ണ്ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസ്സിന് കൈയ്യിലുള്ളതില്‍ പകുതിയും നഷ്ടപ്പെട്ടു

May 15, 2018 , സ്വന്തം ലേഖകന്‍

1-1ലോകം ഉറ്റുനോക്കിയിരുന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 106 സീറ്റുകളുമായി ബിജെപി ലീഡ് ചെയ്യുന്നു. നിലവില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട ലീഡ് ബിജെപിക്കില്ല. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ തൂക്കുസഭയ്ക്കാണ് സാധ്യത. ബിജെപി 104 കോണ്‍ഗ്രസ് 78 ജെഡിഎസ് 37 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.

കൈയ്യിലുള്ളതില്‍ പകുതിയോളം സീറ്റുകള്‍ കൈവിട്ട കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. ബിജെപിയാകട്ടെ മൈസൂര്‍ ഒഴികെ എല്ലാ മേഖകളിലും ആധിപത്യം നേടി. ഇതില്‍ മധ്യ കര്‍ണാടകത്തിലും ബോംബെ കര്‍ണാടകത്തിലും ബിജെപി തരംഗമാണ് കണ്ടത്. മൈസൂര്‍ മേഖലയില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടുവെങ്കിലും നേട്ടമുണ്ടാക്കിയത് ജെഡിഎസാണ്. 37 സീറ്റുകള്‍ നേടി ജെഡിഎസ് കരുത്ത് കാട്ടി.

2-1

രണ്ട് സീറ്റുകളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോറ്റത് പന്ത്രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്കാണ്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്തുകളും കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിയെ തുണച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുകയറ്റം ഏക്കാലത്തും വലിയ വെല്ലുവിളിയായിരുന്ന ബിജെപിക്ക് ആ ലക്ഷ്യവും ഒരിക്കല്‍കൂടി തുറന്നുകിട്ടിയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതകളിലൊന്ന്.

ലിംഗായത്തുകളെ ഒപ്പം കൂട്ടി കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ കണക്കുകൂട്ടല്‍. പ്രത്യേക മതന്യൂനപക്ഷ പദവിയെന്ന കാലങ്ങളായുള്ള ആവശ്യം നടപ്പാക്കിക്കൊടുക്കുമ്പോള്‍ മുതല്‍ സിദ്ധരാമയ്യ മനക്കോട്ടകെട്ടിയതും ബിജെപിയുടെ വോട്ടുബാങ്കായ ലിംഗായത്തുകളെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാം എന്നു തന്നെ. പക്ഷേ, സിദ്ധരാമയ്യയുടെ ആ തന്ത്രം ദയനീയമായി പരാജയപ്പെട്ടു എന്നതിന്റെ വ്യക്തമായ സൂചനയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഒന്നിച്ചുനിന്ന ലിംഗായത്തുകളെയും വീരശൈവരെയും രണ്ടായി പിളര്‍ത്തിയുള്ള സിദ്ധരാമയ്യയുടെ നീക്കം അമ്പേ പരാജയപ്പെടുമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ വെറുതെയായില്ലെന്നതാണ് സത്യം. പ്രീണനനയം ഇവിടെ വിലപ്പോവില്ലെന്ന് പലവട്ടം ബിജെപി കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചതുമാണ്. പക്ഷേ, അതൊന്നും കൂട്ടാക്കാതെ ലിംഗായത്തുകളില്‍ കണ്ണുംപൂട്ടി വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിനേറ്റ പ്രഹരം കൂടിയാണ് ലിംഗായത്ത് സ്വാധീനമേഖലകളിലെ ബിജെപിയുടെ മുന്നേറ്റം. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ആവുംവിധമൊക്കെ പ്രോത്സാഹിപ്പിച്ച് ഒപ്പം നിന്ന ലിംഗായത്തുകളുടെ സൗഹൃദം വോട്ടില്‍ പ്രതിഫലിക്കില്ലെന്ന് സിദ്ധരാമയ്യ പ്രതീക്ഷിച്ചതേയില്ല. ബി ജെ പിക്ക് എന്നും ശക്തമായ പിന്തുണ നല്‍കിയ വിഭാഗമായിരുന്നു ലിംഗായത്ത് സമുദായം.അതുകൊണ്ടു തന്നെയാണ് അവര്‍ക്ക് പ്രത്യേക മതന്യൂനപക്ഷ പദവി നല്‍കി ബിജെപിയെ തറപറ്റിക്കാമെന്ന് സിദ്ധരാമയ്യ മനക്കോട്ട കെട്ടിയതും. ബിജെപിക്ക് സാധിക്കാത്തത് കോണ്‍ഗ്രസിന് സാധിച്ചു എന്നതുകൊണ്ട് സമുദായം ഒന്നോടെ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് സിദ്ധരാമയ്യയും കോണ്‍ഗ്രസും കരുതി. കുറച്ചൊക്കെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയാലും സാരമില്ല ഭൂരിപക്ഷം ലിംഗായത്തുകള്‍ തങ്ങള്‍ക്കൊപ്പം തന്നെ എന്നായിരുന്നു കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ലിംഗായത്ത് മഠാധിപനെ കാണാനെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണവും അതേദിവസം തന്നെ രാഹുല്‍ ഗാന്ധിക്ക് മഠത്തില്‍ ലഭിച്ച ഗംഭീര വരവേല്‍പ്പും എല്ലാം ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് തന്നെ എന്ന് ഉറപ്പിക്കുന്നതരത്തിലുള്ള കാഴ്ച്ചകളായിരുന്നു. പക്ഷേ, അപ്പോഴും ബിജെപി പറഞ്ഞിരുന്നത് ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മറിയില്ല എന്നുതന്നെയായിരുന്നു. കുറുമ്പ സമുദായക്കാരനായ സിദ്ധരാമയ്യുടെ കുതന്ത്രം മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ലിംഗായത്തുകള്‍ക്കുണ്ടെന്നായിരുന്നു ബിജെപി പറഞ്ഞത്. ബിജെപിയുടെ കണക്കുകൂട്ടലാണ് ശരിയായതെന്ന് വോട്ടെണ്ണലിന്റെ ആദ്യറൗണ്ടില്‍ തന്നെ വ്യക്തമായി.

3-1

തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്നും ദക്ഷിണേന്ത്യയിലെ ബിജെപി മുന്നേറ്റത്തിന് തുടക്കമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ബിജെപി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. കര്‍ണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങി. ഗുജറാത്തില്‍ കരുത്ത് കാട്ടിയ രാഹുല്‍ ഗാന്ധിക്ക് കാര്‍ണാടകയിലെ തോല്‍വി വലിയ തിരിച്ചടിയുമാണ്. പെട്രോള്‍ വിലവര്‍ധനയും കാര്‍ഷിക പ്രശ്‌നങ്ങളും തൊഴില്‍ നഷ്ടവുമൊക്കെ ചര്‍ച്ചയാകുമ്പോഴും കര്‍ണാടകത്തില്‍ വിജയിക്കാനായി എന്നത് നരേന്ദ്ര മോദിക്ക് വലിയ ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നു.

4-1

ഒരിക്കല്‍ കര്‍ണാടകം പിടിച്ച ചരിത്രമുള്ള ബിജെപിക്ക് അതിന് ശേഷം ദക്ഷിണേന്ത്യ ബാലികേറാ മല തന്നെയായിരുന്നു. ആ വലിയ ലക്ഷ്യത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു ബിജെപിയുടെ പ്രയാണം. രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 21 എണ്ണത്തിലും ഭരണത്തില്‍ പങ്കാളിത്തമുണ്ട് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക്. കോണ്‍ഗ്രസ് ഭരണം മൂന്നിടത്തായി ചുരുങ്ങി. പഞ്ചാബ്, മിസോറാം, പുതുച്ചേരി. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയാണ് ഭരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ആധിപത്യം സ്ഥാപിച്ചു. 2013ല്‍ നാഗാലാന്‍ഡില്‍ മാത്രമാണു ബിജെപിക്ക് ഭരണം ഉണ്ടായിരുന്നത്. 25 വര്‍ഷമായി സിപിഐ എം ഭരിച്ചിരുന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. നാഗാലാന്‍ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളുടെ ഭരണത്തില്‍ എന്‍ഡിഎ മുന്നണിക്കാണു പങ്കാളിത്തം.

5-1

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബിജെപി 120 സീറ്റില്‍ വരെ ബിജെപി ലീഡ് നേടിയിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്ന് പിന്നാക്കം പോയി. 1952ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിരുന്നു. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും. കോണ്‍ഗ്രസ് അധികാരം നിലനിര്ത്തിയാല്‍ 1985നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.

6-1

നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ജെഡിഎസിന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രക്യാപിച്ചിട്ടുണ്ട്. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. മന്ത്രിമാരെ ജെഡിഎസിന് തീരുമാനിക്കാം. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്. എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസാധ്യതകളായിരുന്നു ചര്‍ച്ചാ വിഷയം. ഇതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ദേഗൗഡയെ വിളിച്ചു. എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ദേവെഗൗഡ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഫലം പൂര്‍ണമായി പുറത്തുവന്നിട്ടു മാത്രം പരസ്യ പ്രതികരണം എന്ന നിലപാടാണ് ജെഡിഎസ് നേതാക്കളുടേത്. ദേവഗൗഡ കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ചതായും ഇരു പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നു വൈകുന്നേരം നാലുമണിക്ക് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഗവര്‍ണറെ കാണും. ജെ ഡി എസിനുള്ള പിന്തുണ ഈ അവസരത്തില്‍ അറിയിച്ചേക്കും.

222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമാണിത്. ബി.ജെ.പി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top