Flash News

കര്‍ണ്ണാടകത്തില്‍ കണക്കുകള്‍ നിരത്തി ബിജെപിയും കോണ്‍ഗ്രസും; ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടിയെന്നും കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടു വിഹിതവും കിട്ടിയെന്ന് ന്യായവാദം

May 15, 2018 , സ്വന്തം ലേഖകന്‍

RAHULകര്‍ണാടക തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിന് അരികില്‍ പോലുമെത്താതെ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് ഇനി ഇവയെ ന്യായീകരിക്കാന്‍ കണക്കുകള്‍ നിരത്താം. സീറ്റ് കൂടുതല്‍ ബിജെപിക്കാണെങ്കിലും വോട്ടുവിഹിതം കൂടുതല്‍ കോണ്‍ഗ്രസിനാണെന്നാണ് അവകാശവാദം.

ആദ്യ കണക്കുകള്‍ പ്രകാരം മൂന്നര കോടി കന്നഡ വോട്ടുകളില്‍നിന്നായി കോണ്‍ഗ്രസിന് 38 ശതമാനം വോട്ടുവിഹിതമുണ്ട്. ബിജെപിക്ക് 37 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 16 ശതമാനം അധികം വോട്ടുവിഹിതമുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തിന് ഒപ്പമെത്താന്‍ സാധിച്ചില്ല. 37 ശതമാനം വോട്ടുവിഹിതം കൊണ്ട് ബിജെപി 111 സീറ്റുകള്‍ നേടിയപ്പോള്‍ 38 ശതമാനം വോട്ടുവിഹിതം കിട്ടിയ കോണ്‍ഗ്രസിന് 69 സീറ്റുകളെ നേടാന്‍ സാധിച്ചുള്ളു. 17 ശതമാനം മാത്രം വോട്ടു നേടിയ ജെഡിഎസ് 40 സീറ്റുകള്‍ നേടുകയും ചെയ്തു.

വോട്ടുവിഹിതത്തിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ ഫലത്തിലുണ്ടാക്കും. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ കിട്ടിയത് ഹിലാരി ക്ലിന്റണാണെന്നാണ് കണക്കുകള്‍. പക്ഷെ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡൊണാള്‍ഡ് ട്രംപും. 270 ഇലക്ട്രല്‍ കോളജ് വോട്ടുകള്‍ ട്രംപിനായിരിന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം കണക്കുകള്‍ നിരത്തിയായിരുന്നു. കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ കര്‍ണാടകയിലെ ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ സഖ്യമുണ്ടായിരുന്നെങ്കില്‍ മണ്ഡലത്തിലെ ത്രികോണ മത്സരങ്ങള്‍ മാറി രണ്ട് കക്ഷികള്‍ തമ്മിലാകുമായിരുന്നു. അത് ഫലത്തില്‍ വലിയ വ്യത്യാസമുണ്ടാക്കുകയും ചെയ്യുമായിരുന്നു.

2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 36.6 ശതമാനം വോട്ടുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. അതില്‍നിന്ന് 1.7 ശതമാനം വോട്ടുവിഹിതം അധികം ലഭിച്ചിട്ടുണ്ടെങ്കിലും 122 സീറ്റുകള്‍ എന്നത് 69 ആയി കുറഞ്ഞു. 2013ല്‍ 19.9 ശതമാനം വോട്ടുവിഹിതവുമായി മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി വന്‍ തിരിച്ചുവരവ് നടത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.

ഇത്തവണ 72.13 ശതമാനമായിരുന്നു കര്‍ണാടകയിലെ വോട്ടിങ് ശതമാനം. 1952 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും വലിയ രണ്ടാമത്തെ വോട്ടിങ് ശതമാനമാണിത്. 2013 തിരഞ്ഞെടുപ്പില്‍ അത് 71.45 ശതമാനമായിരുന്നു. സംസ്ഥാനമൊന്നാകെ എടുക്കുമ്പോള്‍ വോട്ടിങ് ശതമാനം വര്‍ദ്ധിച്ചെങ്കിലും തലസ്ഥാനമായ ബംഗളൂരുവില്‍ 51 ശതമാനം മാത്രമായിരുന്നു വോട്ടിങ് ശതമാനം. 57.33 ശതമാനം ആയിരുന്നു 2013ലെ വോട്ടിങ് ശതമാനം. അര്‍ബന്‍ ബംഗളൂരുവില്‍ മാത്രമായിരുന്നു ഈ പ്രവണത, റൂറള്‍ ബംഗളൂരുവില്‍ 78 ശതമാനത്തില്‍ അധികം വോട്ടിങ് ശതമാനം ഉണ്ടായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top