Flash News

വീക്ഷണങ്ങളും ദര്‍ശനങ്ങളും (പുസ്തക നിരൂപണം)

May 16, 2018 , സുധീര്‍ പണിക്കവീട്ടില്‍

valkannadi banner1

(കോരസണ്‍ വര്‍ഗ്ഗീസിന്റെ വാല്‍ക്കണ്ണാടി പുസ്തക നിരൂപണം)

സ്വതന്ത്രചിന്തകളുടെ സുധീരമായ ആവിഷ്കാരങ്ങളാണ് കോരസണ്‍ വര്‍ഗീസിന്റെ ലേഖനങ്ങള്‍. ലേഖനം എന്ന പൊതു തലക്കെട്ടില്‍ ഒതുങ്ങി നില്‍ക്കുന്നവയല്ല ഈ രചനകള്‍. ഇതില്‍ ആക്ഷേപമുണ്ട്, ഹാസ്യമുണ്ട്, വിശദീകരണവും, വിവരണങ്ങളുമുള്ള (expository) ലേഖനങ്ങള്‍ ഉണ്ട്. ആക്ഷേപഹാസ്യം (satire) ചിലപ്പോള്‍ രൂക്ഷ പരിഹാസമായി (sarcasm) എഴുത്തുകാര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോരസണ്‍ ഫലിതത്തിലൂടെ പരിഹാസം നടത്തുന്നു. ആക്ഷേപഹാസ്യം ഇരകളോട് നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ഫലിതം അവരെ സൗമ്യമായി ആക്രമിക്കുകയാണ് ചെയ്യുന്നത്. ആംഗല കവി അലക്‌സാണ്ടര്‍ പോപ്പിനെക്കുറിച്ച് പറയുന്ന അഭിപ്രായം കോരസനെ സംബന്ധിച്ച് ശരിയാണ്. അതിങ്ങനെ: ആക്ഷേപഹാസ്യം കൊണ്ട് മുറിയുന്നത് ഗുണപാഠം കൊണ്ട് ഉണങ്ങുന്നു. ആക്ഷേപഹാസ്യം ആദ്യം നോവിപ്പിക്കുന്നു, ചിരിപ്പിക്കുന്ന പിന്നെ ചിന്തിപ്പിക്കുന്നു. പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി അവതരിപ്പിച്ച് പ്രശ്‌നമാക്കി അവശേഷിപ്പിക്കുന്നു ചില എഴുത്തുകാര്‍.

പക്ഷെ കോരസണ്‍ പ്രശ്‌നങ്ങളെ അപഗ്രഥിച്ച് അതിന്റെ വ്യത്യസ്ത തലങ്ങളെ വിവരിക്കയാണ്. തന്മൂലം വായനക്കാരന്‍ ബോധവാനാകുകയും വിഷയങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ പ്രാപ്തനാവുകയും ചെയ്യുന്നു. അതിനായി ആക്ഷേപ ഹാസ്യവും, നര്‍മ്മവും, ചരിത്രത്തിലേക്കുള്ള ഒരു അവലോകനവും അദ്ദേഹം രചനകളില്‍ ഉപയോഗിക്കുന്നു.

getNewsImagesസമൂഹ നന്മക്ക് വേണ്ടി തൂലിക പടവാളാക്കിയ എഴുത്തുകാരാല്‍ സമൃദ്ധമാണ് ചരിത്രം. ഇന്ന് ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്താവിനിമയം കൈയ്യടക്കിയെങ്കിലും അത് എഴുത്തിനെ ബാധിക്കുന്നില്ല. എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ എഴുത്തിലൂടെ സമൂഹത്തോടുള്ള കടമ നിര്‍വഹിക്കുന്നു. നമുക്ക് ചുറ്റും കാണുന്ന, കേള്‍ക്കുന്ന സംഭവങ്ങളോട് പ്രതികരിക്കുകയെന്നത് നല്ലഎഴുത്തുകാര്‍ ജീവിതവൃത്തിയായി സ്വീകരിക്കുന്നു.

അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതനായ കോരസണിന്റെ പ്രഥമ പുസ്തകമാണ് “വാല്‍ക്കണ്ണാടി.” ഒരു വാല്‍ക്കണ്ണാടി സമൂഹത്തിനുനേരെ പിടിക്കയാണ് കോരസണ്‍. നമ്മള്‍ക്ക് നമ്മെതന്നെ കാണാന്‍കഴിയാത്തത്‌ കൊണ്ട് ഒരു കണ്ണാടി അനിവാര്യമാണെന്നത്‌ പോലെ. കോരസണ്‍ കാണിക്കുന്ന കണ്ണാടിയിലെ പ്രതിബിംബങ്ങള്‍ നമുക്ക് പരിചിതമെങ്കിലും നമ്മള്‍ കൂടുതലായി അതേക്കുറിച്ച് ചിന്തിക്കാത്തതോ അല്ലെങ്കില്‍ അറിയാത്തതോ ആയ തലങ്ങളിലേക്കുള്ള ഒരു വീക്ഷണമാണ്. പുസ്തകത്തിനു വാല്‍ക്കണ്ണാടി എന്നപേര് കൊടുത്തിട്ട് സത്യത്തെ മൂടിയിരിക്കുന്ന സ്വര്‍ണ്ണപ്പാത്രത്തിന്റെ മൂടി കോരസണ്‍ തുറക്കുന്നു. അദ്ദേഹം ശ്രീമുരുകന്‍ കാട്ടാക്കട എന്ന കവിയുടെ വരികള്‍ ഉദ്ധരിച്ച് ഒരു വലിയ സത്യം വെളിവാക്കുന്നു. “എല്ലാവര്‍ക്കും തിമിരം, നമ്മള്‍ എല്ലാവര്‍ക്കും തിമിരം, മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു. കണ്ണടകള്‍ വേണം. കണ്ണാടി സമൂഹത്തിനുനേരെ പിടിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. കാരണം കണ്ണില്‍ തിമിരം ഉള്ളവര്‍ വ്യക്തമായി ഒന്നും കാണുന്നില്ല. അതുകൊണ്ട് കോരസണ്‍ ഭൂതക്കണ്ണാടിയിലെന്നപോലെ വസ്തുതകളെ വിശദമാക്കുന്നു.

കോരസന്റെ നര്‍മ്മബോധം കൃതിയിലുടനീളം കാണാവുന്നതാണ്. സ്വയം ഒരുപ്രവാസിയാണെങ്കിലും പ്രവാസികളുടെ പൊങ്ങച്ചവും, കോമാളിത്തരങ്ങളും അദ്ദേഹം വെറുതെ വിടുന്നില്ല. പണം കൊടുത്ത് അമേരിക്കന്‍ മലയാളികള്‍ പുസ്തകം എഴുതിപ്പിക്കുന്നുവെന്ന ആരോപണത്തെ മാധ്യമ രംഗത്തെ ആദരണീയനായ ഒരു പ്രവര്‍ത്തകന്റെ വാക്കുകളിലൂടെ ബലഹീനമാക്കുന്നത് വായനക്കാരനെ പൊട്ടിച്ചിരിപ്പിക്കും. അദ്ദേഹം ഇങ്ങനെ പറയുന്നു. “അമേരിക്കയില്‍ താന്‍ മാത്രമേ ഒരുപുസ്തകം പ്രകാശനം ചെയ്യാത്തവനായുള്ളു.” അമേരിക്കന്‍ മലയാളികള്‍ നാട്ടില്‍ നിന്നുംവരുമ്പോള്‍ കൊണ്ട് വരുന്നത് പലഹാരങ്ങളല്ല മറിച്ച് പൊന്നാടകളാണത്രെ. അവര്‍ അത് കാറിന്റെ ഡിക്കിയില്‍ കൊണ്ട് നടക്കുന്നു. എവിടെ മലയാളികള്‍ ഒത്തുചേരുന്നോ അവിടെ തല്പര കക്ഷികള്‍ക്ക് പൊന്നാട നല്‍കുന്നു. പൊന്നാട കഴിഞ്ഞുപോയ അവസരത്തില്‍ ഒരാള്‍ തന്റെ ഭാര്യയുടെ ഷാള്‍ എടുത്ത്‌ പൊന്നാട ചാര്‍ത്തല്‍ നടത്തിയത്രെ. അര്‍ദ്ധനഗ്‌നരായ മലയാളി പുരുഷന്മാര്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കൊട്ടും മേളങ്ങളും അവര്‍ നയിക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രകളെ ഇങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു.

“കുറെ മരങ്ങളെയും സെക്യുരിറ്റി ജീവനക്കാരെയും സാക്ഷി നിര്‍ത്തി നടത്തുന്ന ..”

ഈ പുസ്തകത്തിലെ ഓരോ ലേഖനനവും വായനക്കാരന്റെ ഉള്‍ക്കണ്ണു തുറപ്പിക്കുന്നതാണ്. സമൂഹത്തിലെ ഓരോ പ്രശ്നങ്ങള്‍ക്കും അതിന്റേതായ ദൂഷ്യഫലങ്ങള്‍ ഉണ്ട്. ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ സമൂഹത്തെ ബാധിക്കും. പലപ്പോഴും പൊതുജനം ഒരു പ്രശ്‌നമറിയുന്നില്ല. അതിനെ ചൂണ്ടിക്കാണിക്കുമ്പോഴാണ് അവര്‍ ബോധാവാന്മാരാകുന്നത്. ബലാത്സംഗം, ലൈംഗിക പീഡനങ്ങള്‍ എന്നിവ നമുക്ക് ചുറ്റും നടക്കുന്നത് മാധ്യമങ്ങളോ എഴുത്തുകാരോ അത് വെളിപ്പെടുത്തുമ്പോഴാണ്. ചരിത്രത്തിന്റെ താളുകളില്‍ നിന്നും ചില ദുരന്ത സംഭവങ്ങള്‍ ഓര്‍മ്മപ്പിച്ചു കൊണ്ട് വര്‍ത്തമാനകാല സംഭവങ്ങളെ ഈപുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. വായനക്കാരന്റെ ഹൃദയത്തെ ആര്‍ദ്രമാക്കി അവനിലെ തിന്മയെ കഴുകിക്കളയാന്‍ പര്യാപ്തമായ വിധത്തില്‍ കോരസണ്‍ അവയെല്ലാം അതവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് “സെയ്‌ഫോ” എന്ന നരഹത്യയെക്കുറിച്ചുള്ള പരാമര്‍ശം. സെയ്‌ഫോ എന്നാല്‍ വാള്‍ എന്നാണര്‍ത്ഥം.

നിര്‍ഭാഗ്യവശാല്‍ ആ വാള്‍ ഇന്നും മനുഷ്യരുടെ കൈയ്യിലുണ്ടെന്ന ദയനീയമായ പരമാര്‍ത്ഥം അദ്ദേഹം വ്യക്തമാക്കുന്നു. സമൂഹത്തിന്റെ പുരോഗതി നിലനില്‍ക്കുന്നത് സാമൂഹ്യ പ്രശ്‌നങ്ങളെ വീക്ഷിക്കുകയും അതിനെക്കുറിച്ച് തന്റേതായ കാഴ്ച്ചപ്പാടുകളും ദര്‍ശനങ്ങളും ഒരാള്‍ നല്‍കുമ്പോഴാണ് അത് സമൂഹത്തെ ഉദ്ധരിക്കാന്‍ പ്രാപ്തി നല്‍കുന്നു. കുടിയേറ്റ ഭൂമിയില്‍ ജീവിക്കുമ്പോള്‍ പൊക്കിള്‍കൊടിയുടെ ഒരറ്റം പിറന്ന ഭൂമിയിലുണ്ടെന്ന വിശ്വസിക്കുന്നവനാണ് പ്രവാസി. അദ്ദേഹം അവിടെയും ഇവിടെയും വരേണ്ട മാറ്റങ്ങളെക്കുറിച്ച് തൂലിക ചലിപ്പിക്കുന്നു. അത്തരം ലേഖനങ്ങളുടെ ശക്തിയനുസരിച്ച് അത്‌ പൊതുജനമനസ്സുകളെ സ്വാധീനിക്കുന്നു. വാസ്തവത്തില്‍ അഭിപ്രായങ്ങള്‍ രൂപപ്പെടുന്നത് എഴുത്തുകാരുടെ ദര്‍ശനങ്ങളില്‍ നിന്നാണ്. അവരോട് യോജിക്കുന്നവര്‍, യോജിക്കാത്തവര്‍ അതില്‍ രണ്ടിലും പെടാത്തവര്‍ സമൂഹത്തെ ഇപ്പോഴും പ്രവര്‍ത്ത നനിരതരും കര്‍മ്മനിരതരും ആക്കുന്നു. എഴുത്ത് വായനക്കാരെ ചിന്തിപ്പിക്കുന്നു, കര്‍മ്മധീരരാക്കുന്നു. മതത്തിന്റെ മാമൂലുകള്‍ കെട്ടിപ്പിടിച്ചിരുന്ന് മാനവികത മറക്കുന്ന മത മൗലികവാദികളെ പ്രബുദ്ധരാക്കുന്ന വിധത്തിലാണ്. മതസാംസ്കാരിക തലങ്ങളില്‍ വളരെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നമ്മള്‍ കാലത്തിനൊത്ത്‌ കോലം മാറ്റേണ്ടതയായിട്ടുണ്ട്.

ചില ലേഖനങ്ങളില്‍ മാറ്റത്തിന്റെ അനിവാര്യത അദ്ദേഹം ഊന്നല്‍ കൊടുത്ത് പറയുന്നു. “പ്രിയങ്ക ചോപ്രയുടെ സുറിയാനി കൃസ്ത്യാനി വേരുകള്‍ ഒരു സത്വ അന്വേഷണമെന്ന ലേഖനം തയ്യാറാക്കുന്നത്. എഴുത്തുകാരന്റെ നിഷ്പക്ഷവും, നീതിയുക്തവുമായ സമീപനം ഇതില്‍ സുതാര്യമായി പ്രതിഫലിക്കുന്നു. കോരസണ്‍ ഓരോ വിഷയങ്ങളും വ്യത്യസ്തമായ കാഴ്ച്ച്ചപ്പാടുകളിലൂടെ വിശകലനം ചെയ്യുന്നതായി കാണാം. അഭിപ്രായങ്ങള്‍ അടിച്ചെല്പിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി അവയെല്ലാം ഉദാഹരണങ്ങളോടെ, ദൃഷ്ടാന്തങ്ങളോടെ അവതരിപ്പിക്കുമ്പോള്‍ അതിനു വിശ്വാസത കൂടുന്നു. ഒരു കാര്യത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണവും മറ്റൊരാളുടെ വീക്ഷണവും ഒന്നാകണമെന്നില്ല. കാരണം ഒരു സംഭവം നമ്മെ മാനസികമായിഎങ്ങനെ അലട്ടി അല്ലെങ്കില്‍ എങ്ങനെ സന്തോഷിപ്പിച്ചു എന്ന രീതിയിലായിരിക്കയില്ല അത് മറ്റൊരാളില്‍ പ്രതിഫലിച്ചത്. ഒരേ സംഭവത്തെക്കുറിച്ച് രണ്ടാളുകളുടെ ഓര്‍മ്മകളും അവയുടെ വിവരണങ്ങളും വ്യത്യസ്തമാകുന്നു.

കാട്ടില്‍ ഒരു മരം വീണപ്പോള്‍ ഉണ്ടായ ശബ്ദം കേള്‍ക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ലെന്നതുകൊണ്ട് ശബ്ദം ഉണ്ടായിരുന്നില്ല എന്ന് പറയാമോ എന്ന ചൊല്ല് ഓര്‍ക്കുക. നമുക്ക് ചുറ്റും പ്രശ്‌നങ്ങള്‍ ഉണ്ട്. കോരസണ്‍ അത് മനസ്സിലാക്കുന്നു. അത് തുടര്‍ന്നാല്‍ സമൂഹത്തിലുണ്ടാകുന്ന ഭവിഷ്യത്തുകളെ ഒഴിവാക്കാന്‍ അവയെല്ലാം നമ്മുടെ ശ്രദ്ധയില്‍ കൊണ്ട്വരുന്നു. കോരസണില്‍ നിന്നും ഇനിയും നല്ല നല്ല രചനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top