Flash News

അനിശ്ചിതത്വം തുടരുന്ന കര്‍ണ്ണാടകയില്‍ എം‌എല്‍‌എമാരെ ചാക്കിട്ടു പിടിയ്ക്കാനും വിലപേശാനും ബിജെപിയുടെ ശ്രമം തുടരുന്നു

May 17, 2018

siddha-830x412യെദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ അനിശ്ചിതത്വം തുടരുന്ന കര്‍ണ്ണാടകയില്‍ എം‌എല്‍‌എമാരെ ചാക്കിട്ടു പിടിയ്ക്കാനും വിലപേശാനും ബിജെപിയുടെ ശ്രമം തുടരുന്നു. രണ്ടു സ്വതന്ത്രര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായി. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ് ഒഴികെയുള്ള എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും വിധാന്‍ സൗധയ്ക്കുമുന്നില്‍ പ്രതിഷേധിക്കുകയാണ്. ഇയാള്‍ ബിജെപിയുടെ പിടിയിലാണെന്ന് കോണ്‍ഗ്രസ് എംപി ഡി.കെ. സുരേഷ് സ്ഥിരീകരിച്ചു. ഇയാളെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ബിജെപി ക്യാംപിലാണെന്നു സ്ഥിരീകരിച്ചത്. ഒരു എംഎല്‍എയെ ഡല്‍ഹിയിലേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ കടത്തി, ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നുചേരണമെന്നും ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

അതേസമയം, സര്‍ക്കാരിന്റെ ഭാവി ഗവര്‍ണറും യെദ്യൂരപ്പയും പരസ്പരം അയച്ച കത്തിലാണെന്നു വ്യക്തമാണ്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ടുകത്തുകളും നാളെ ഹാജരാക്കാന്‍ നിര്‍ദേശിച്ചതോടെ എല്ലാ കണ്ണുകളും സുപ്രീംകോടതിയില്‍. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ, ഹര്‍ജിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിജെപി മുള്‍മുനയിലാണ്.

സ്വതന്ത്ര എംഎല്‍എമാരെയും കൂടെകൂട്ടി ഭൂരിപക്ഷം ഒപ്പിക്കാനുളള ബിജെപിയുടെ നീക്കത്തിനാണു ഭാഗിക തിരിച്ചടിയുണ്ടായത്. യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് വിധാന്‍ സഭയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും നാഗേഷും പങ്കെടുത്തു. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുളള എംഎല്‍എമാരുടെ പിന്തുണ 118 ആയി വര്‍ധിച്ചതായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെട്ടു.

ബി.എസ്.യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തളളിയെങ്കിലും കത്തുകള്‍ ഹാജരാക്കാനുളള നിര്‍ദേശം വഴിത്തിരിവാകും. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം ബി.ജെ.പി ഉന്നയിച്ചത്. എന്നാല്‍, യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയ കത്തിലെ ഉളളടക്കം എന്താണെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല.

കത്തിലെന്താണെന്ന് അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും വാദം. തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പേരുകള്‍ യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയില്ലെന്ന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിലുളള അവ്യക്തത മാറ്റാനും, ഗവര്‍ണറുടെ വിവേചനാധികാരം കൃത്യമായി ആണോ ഉപയോഗിച്ചതെന്ന് പരിശോധിക്കാനും കോടതി തീരുമാനിച്ചു. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ വാജുഭായ് വാല, യെദ്യൂരപ്പയ്ക്ക് നല്‍കിയ കത്തും നാളെ ഹാജരാക്കണം.

ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും കോണ്‍ഗ്രസ്…ജെ.ഡി.എസ് സഖ്യത്തിന് നൂറ്റിപതിനേഴ് പേരുടെ പിന്തുണയുണ്ടെന്നുമാണ് കോണ്‍ഗ്രസ് വാദം. ഏറ്റവുമൊടുവില്‍ ഗോവയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത് ഒറ്റക്കക്ഷിയെ അല്ല. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസം നല്‍കിയത് കുതിരകച്ചവടത്തിനാണെന്നും കോണ്‍ഗ്രസ് കോടതിയില്‍ ആരോപിച്ചു. ഗവര്‍ണറുടെ തീരുമാനത്തെ വിലക്കാന്‍ കഴിയുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പതിനഞ്ച് ദിവസം നല്‍കിയത് എന്തിനെന്ന കോടതിയുടെ ചോദ്യവും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ വിളളല്‍ വീഴ്ത്തി അധികാരം നിലനിര്‍ത്താമെന്ന് സ്വപ്‌നം കാണുന്ന ബിജെപിയ്ക്ക് സ്വതന്ത്രരുടെ മലക്കം മറിച്ചില്‍ അമ്പരപ്പ് സൃഷ്ടിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ എംഎല്‍എമാരായ സ്വതന്ത്രര്‍ക്ക് വലിയ പ്രസക്തിയാണ് കൈവന്നിരിക്കുന്നത്. ആര്‍ ശങ്കറും, നാഗേഷുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്. ഇതില്‍ ആര്‍ ശങ്കറിന്റെയും നാഗേഷിന്റെയും നിലപാടുകളാണ് ബിജെപിയെ ആശങ്കയിലാഴ്ത്തിയത്.

ബിഎസ് യെദ്യൂരപ്പയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന ബിജെപി യോഗത്തില്‍ ആര്‍ ശങ്കര്‍ പങ്കെടുത്തിരുന്നു. ബിജെപി പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. എന്നാല്‍ വൈകീട്ട് കോണ്‍ഗ്രസ് ക്യാമ്പിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടതാണ് ബിജെപിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചത്.രാവിലെ, ശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നതായി യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വൈകീട്ടോടെ മലക്കം മറിഞ്ഞ ശങ്കര്‍ കോണ്‍ഗ്രസിനോടുളള കൂറ് പ്രഖ്യാപിക്കുകയായിരുന്നു.

റാണെബെന്നൂര്‍ മണ്ഡലത്തില്‍ മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ബി കോളിവാദിനെ പരാജയപ്പെടുത്തിയാണ് ശങ്കര്‍ വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ ശങ്കര്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസുമായി അകന്ന ശങ്കറിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിച്ചു പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നാഗേഷ് ബിജെപിയിലേക്ക് എന്ന തരത്തില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ തന്നെ എന്ന് ഉറപ്പിച്ച് നാഗേഷ് നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ അടുത്ത അനുയായിയായ നാഗേഷ് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മത്സരിച്ചത്. കോളാര്‍ ജില്ലയില്‍ മള്‍ബാഗല്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top