Flash News

കര്‍ണ്ണാടക ഭരണം തുലാസില്‍; ഇന്നത്തെ സുപ്രീം കോടതി വിധിക്ക് കാതോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും

May 18, 2018

SUPREME-COURTബംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും അനിശ്ചിതത്വം ഒഴിയുന്നില്ല. കര്‍ണാടകത്തിൽ ബി.എസ് യദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാൻ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോൺഗ്രസും ജെഡിഎസ്സും നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് യദ്യൂരപ്പ ഗവര്‍ണര്‍ക്ക് നൽകിയില്ലെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രി ആയ തീരുമാനം റദ്ദാക്കാനും മടിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഗവര്‍ണര്‍ 16നു നല്‍കിയ അറിയിപ്പില്‍ 15നും 16നും ബി.എസ്.യെഡിയൂരപ്പ തനിക്കു നല്‍കിയ കത്തുകള്‍ പരാമര്‍ശിക്കുന്നുണ്ട്. അവ പരിശോധനയ്ക്കായി അറ്റോര്‍ണി ജനറലോ യെഡിയൂരപ്പയോ ഇന്നു ഹാജരാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേവലഭൂരിപക്ഷമില്ലാത്ത ബി.ജെ.പി., സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഇന്നത്തെ വിധി നിര്‍ണായകമാകും. ബി.എസ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി റദ്ദാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള നീക്കം ശക്തമാകും. ഇത് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ്, ജനതാദള്‍ എസ് എം.എല്‍.എ.മാരെ നഗരത്തില്‍നിന്ന് മാറ്റാന്‍ നേതൃത്വം തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീം കോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് നൽകിയ കത്ത് ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാൻ ആയിരുന്നില്ല. ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാൻ കഴിയൂവെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കത്ത് ഹാജരാക്കാൻ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായ അറ്റോണി ജനറൽ കെ കെ വേണുഗോപാലിനോടും ബിഎസ് യദ്യൂരപ്പയോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഈ കത്ത് പരിശോധിച്ച ശേഷം ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമായാണോയെന്ന് സുപ്രീം കോടതി തീരുമാനിക്കും. അല്ലെന്ന് തെളിഞ്ഞാൽ യദ്യൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതിക്ക് റദ്ദാക്കാം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ നിയമസഭയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നതാകും യെദ്യൂരപ്പയുടെ പ്രധാന വാദം.

ഈ വാദം അംഗീകരിച്ചാലും 15 ദിവസം എന്ന ഗവര്‍ണര്‍ നൽകിയ സമയം സുപ്രീം കോടതിയ്ക്ക് വെട്ടിക്കുറയ്ക്കാം. കാര്‍ഷിക കടം എഴുതിത്തള്ളൽ, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, ആംഗ്ലോ ഇന്ത്യൻ എംഎൽഎയുടെ നാമനിര്‍ദ്ദേശം തുടങ്ങി യദ്യൂരപ്പ കൈക്കൊണ്ട തീരുമാനങ്ങൾ നിലനിൽക്കുമോയെന്നും കോടതി വ്യക്തമാക്കും. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകൻ രാംജെത് മലാനിയുടെ അപേക്ഷയിലും സുപ്രീം കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.

നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവലഭൂരിപക്ഷത്തിന് ബി.ജെ.പി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. ഇതിനായി കോണ്‍ഗ്രസ്, ജനതാദള്‍എസ് എം.എല്‍.എ.മാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് അവര്‍ നീക്കം നടത്തുന്നത്. ഖനിവ്യവസായി ജനാര്‍ദന റെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാരെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചതോടെ നീക്കങ്ങള്‍ മന്ദഗതിയിലായി.

ജനതാദളില്‍നിന്നും കോണ്‍ഗ്രസില്‍നിന്നുമായി 14 എം.എല്‍.എ.മാരെ ബി.ജെ.പി. പിന്തുണയ്ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഇവരുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. ഇരു പാര്‍ട്ടികളില്‍നിന്നുമായി ഏഴ് എം.എല്‍.എ.മാര്‍ രാജിക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്. യെദ്യൂരപ്പ നിയമസഭയില്‍ വിശ്വാസവോട്ട് നേടുന്ന ദിവസം സഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ്ജനതാദള്‍എസ് എം.എല്‍.എ.മാരില്‍ സമര്‍ദം ചെലുത്തുന്ന തന്ത്രമാണ് ബി.ജെ.പി.യുടേത്. സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ കൂറുമാറ്റ നിരോധനനിയമം ഇവര്‍ക്ക് ബാധകമാകില്ല. ഇത്തരമൊരു നീക്കം മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസും ജനതാദള്‍എസും എം.എല്‍.എ.മാരെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചത്.

അതിനിടെ മൂന്ന് എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിന്റെ പിടിയില്‍നിന്ന് കടന്നതായും സൂചനയുണ്ട്. ബി.ജെ.പി.യില്‍നിന്നും കോണ്‍ഗ്രസിലെത്തിയ ആനന്ദ് സിങ്, ഹൈദരാബാദ്കര്‍ണാടക മേഖലയില്‍നിന്നുള്ള എം.എല്‍.എ.മാരായ പ്രതാപ് ഗൗഡ പാട്ടീല്‍, രാജശേഖര്‍ പാട്ടീല്‍ എന്നിവരാണവര്‍. എന്നാല്‍, ഇക്കാര്യം കോണ്‍ഗ്രസ് നിഷേധിച്ചു. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിനോടൊപ്പമുണ്ടെന്നും ആരും ബി.ജെ.പി. പാളയത്തിലെത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

ബി.ജെ.പി., സര്‍ക്കാര്‍ രൂപവത്കരിച്ചതിനെതിരേ വിധാന്‍സൗധയ്ക്കുമുന്നില്‍ നടത്തിയ ധര്‍ണയില്‍ പ്രതാപ് ഗൗഡ പാട്ടീലും ആനന്ദ് സിങ്ങും എത്തിയില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. ആനന്ദ് സിങ് ഡല്‍ഹിയിലാണെന്നും സൂചനയുണ്ട്.

അതിനിടെ ബി.ജെ.പി. എം.എല്‍.എ.മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസും നീക്കം നടത്തുന്നുണ്ട്. ഡി.കെ. ശിവകുമാറാണ് ഇതിനുവേണ്ടി ശ്രമിക്കുന്നത് എന്നാണ് വിവരം. അതിനിടെ, കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വരയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്ദള്‍ സഖ്യ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. സിദ്ധരാമയ്യയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയേക്കും.

ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദില്‍

ബംഗളൂരു: ഇന്നു പുലര്‍ച്ചെയോടെ ബംഗളൂരുവില്‍നിന്ന് യാത്ര തിരിച്ച ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. രാവിലെയാണ് എംഎല്‍എമാര്‍ ഹൈദരാബാദിലെ റിസോര്‍ട്ടിലെത്തിയത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബംഗളൂരുവിട്ടത്.

അതിനിടെ, കോണ്‍ഗ്രസ് പാളയത്തില്‍ ചോര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണു സൂചന. വിജയനഗറില്‍നിന്നുള്ള എംഎല്‍എ ആനന്ദ് സിങ് നേരത്തെ തന്നെ ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നു.

അതിനിടെ, ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു നല്‍കിയ രണ്ടു കത്തുകള്‍ ഇന്നു സുപ്രീംകോടതിയില്‍ ഹാജരാക്കും. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം നല്‍കിയ കത്തില്‍ തങ്ങള്‍ക്കു 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്നു പറഞ്ഞിരുന്നു. എന്നാല്‍ യെദ്യൂരപ്പ നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിര്‍ത്തി യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടതി തേടുന്നത്. ഇതിനുള്ള ഉത്തരം യെദ്യൂരപ്പയുടെ കത്തുകളില്‍ ഇല്ലെങ്കില്‍ ഗവര്‍ണറുടെ തീരുമാനവും സത്യപ്രതിജ്ഞയുള്‍പ്പെടെയുള്ള തുടര്‍നടപടികളും കോടതിക്കു റദ്ദാക്കാനാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top