Flash News

കര്‍ണ്ണാടക വിധാന്‍ സൗധയുടെ ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു

May 18, 2018

Vidhana_Souda__Bangalore

ബെംഗളൂരു: കര്‍ണാടകയില്‍ നാളെ വൈകിട്ട് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ രാത്രി 12 വരെയാണ് നിരോധനാജ്ഞ. ശനിയാഴ്ച വൈകിട്ട് നാലിനാണ് വോട്ടെടുപ്പ്.

അതേസമയം കര്‍ണാടകയില്‍ പ്രോടെം സ്പീക്കറായി കെ.ജി ബൊപ്പയ്യയെതിരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ബൊപ്പയ്യയുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജികള്‍ ഇന്ന് രാത്രി തന്നെ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസിന് വേണ്ടി അഡ്വക്കറ്റ് ദേവദത്ത് കാമത്ത് ആണ് സുപ്രീംകോടതിയില്‍ ഹാജരായത്. ഹര്‍ജി ശനിയാഴ്ച രാവിലെ 10.30 ന് പരിഗണിക്കും.
പ്രോടെം സ്പീക്കറായി മുതിര്‍ന്ന എം.എല്‍.എയെ ആണ് നിയമിക്കേണ്ടതെന്നും മുതിര്‍ന്ന എം.എല്‍.എ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. യെദ്യൂരപ്പയുടെ വലം കൈയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത് നാളത്തെ വിശ്വാസ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നും കോണ്‍ഗ്രസും-ജെഡിഎസും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം രാത്രിയിലെത്തിയ ചില അഭിഭാഷകര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോടതി പരിസരത്ത് വാക്കേറ്റവുമുണ്ടായി.

സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. നാളെ നാലുമണിക്കു മുന്‍പുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിര്‍ദേശം. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തുടര്‍ന്നായിരുന്നു മുന്‍ സ്പീക്കറും വീരാജ്‌പേട്ട് എം.എല്‍.എയുമായ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top