Flash News

ജനങ്ങളുടെ ജീവനെടുത്ത് നിപ്പ വൈറസ് പടരുന്നു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

May 22, 2018

nurses-who-treated-nippa-virus-affectants-deadനിപ്പ രോഗലക്ഷണങ്ങളോടെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നിരവധിപ്പേര്‍ ചികിത്സയിലാണ്. രോഗികളെ ചികിത്സിച്ച നഴ്സ് ലിനിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പത്തോളം പേരാണ് കോഴിക്കോടും മലപ്പുറത്തുമായി നിപ്പ ബാധിച്ച് മരിച്ചത്.

നിപ്പ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൂനൈ വൈറോളജിയിലെ വിദഗ്ദ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. നിപ്പ വൈറസിനെകുറിച്ച്‌ പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമാണ് അഞ്ചംഗ വൈറോളജി സംഘം കോഴിക്കോടേക്ക് വരുന്നത്. ഇതോടൊപ്പം വെറ്റിനറി സര്‍വകലാശാലയിലെ സംഘവും ഇന്ന് കോഴിക്കോട് എത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറോടെ ഇന്ന് മുതല്‍ ജില്ലയില്‍ തുടരാന്‍ വനം മന്ത്രി രാജു നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളും പ്രവര്‍ത്തനങ്ങളും മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാനാണ് സംഘം കോഴിക്കോട് എത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് നിപ്പ വൈറസ് പടരുന്നത്. അതിനാല്‍ സര്‍ക്കാരിന് ഈ മേഖലയില്‍ മുന്‍ പരിചയമില്ല. അതുകൊണ്ട് കേന്ദ്ര നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

നിപ്പ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും. കൂടുതല്‍ ആളുകളുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടൊപ്പം മൃഗങ്ങളിലെ നിപ്പ വൈറസ് ബാധ പഠിക്കാന്‍ പ്രത്യേക സംഘവും ഇന്ന് കോഴിക്കോട് എത്തും.

വവ്വാലിലും പന്നികളിലും നിപ്പ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തിലാണ് മൃഗസംരക്ഷണവകുപ്പ് കോഴിക്കോട് എത്തുന്നത്. വവ്വാലുകളാണ് ചങ്ങരോത്ത് ആദ്യമായി നിപ്പ വൈറസ് മനുഷ്യരില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ പ്രദേശത്ത് ധാരാളം പന്നികളും ഉണ്ട്. ഇവയില്‍ രോഗബാധ ഉണ്ടായാല്‍ വലിയ ദുരന്തമുണ്ടാകും എന്ന ഭയത്തിലാണ് ആരോഗ്യവകുപ്പ്.

nippa-virus31998-ൽ മലേഷ്യയിലും തുടർന്ന് സിങ്കപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എൽനിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ്‌കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന നരിച്ചീറ്, വവ്വാൽ പോലുള്ള ജീവികളിൽനിന്ന്‌ നിപ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളിൽ നിന്ന്‌ മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്കും പടരുന്നത്.

അടിസ്ഥാന കാരണം

കാലാവസ്ഥാവ്യതിയാനവും വനനശീകരണവുമാണ് മറ്റുപലരോഗങ്ങളുടെ കാര്യത്തിലുമെന്നപോലെ നിപ വൈറസ് രോഗത്തിനുമുള്ള അടിസ്ഥാനകാരണം. വനനശീകരണത്തെത്തുടർന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഭക്ഷണം കിട്ടാതെ വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസ് സാന്ദ്രത വർധിക്കുകയും മൂത്രം, ഉമിനീര് തുടങ്ങിയ സ്രവങ്ങളിലൂടെ വൻതോതിൽ വൈറസ് പുറത്തേക്ക് വിസർജിക്കപ്പെടുകയും ചെയ്തു. അങ്ങനെ മറ്റു മൃഗങ്ങളും തുടർന്ന് മനുഷ്യരും രോഗബാധയ്ക്ക് വിധേയരായി.

വ്യാപനം ഇങ്ങനെ

ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസുകളാണ് നിപ വൈറസുകൾ. പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസിൽപെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയിൽ വവ്വാലുകളിൽനിന്ന്‌ പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്. പന്നികൾക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയിൽനിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടോയെന്ന് വ്യക്തമല്ല. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

2001-ല്‍ ഇന്ത്യയിലേക്ക്

ലോകാരോഗ്യസംഘടനയുടെ രേഖയനുസരിച്ച് മലേഷ്യക്കും സിങ്കപ്പൂരിനും പുറമേ നിപ വൈറസ് രോഗം ബംഗ്ലാദേശിലെ മെഹർപുർ ജില്ലയിൽ 2001-ൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ബംഗ്ലാദേശിലെ ഒട്ടേറെ ജില്ലകളിലേക്ക് രോഗം പടരുകയുണ്ടായി. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരിൽ 196 (74.5%) പേരും മരിച്ചു. 2001-ൽ ഇന്ത്യയിൽ ബംഗാളിലെ സിലിഗുഡിയിൽ 71 പേരെ നിപ വൈറസ് രോഗം ബാധിക്കുകയും 50 പേർ മരിക്കുകയും ചെയ്തു. 2007-ൽ നാദിയയിൽ 30 പേർക്ക് രോഗബാധയുണ്ടായി അഞ്ചുപേർ മരിച്ചു. വവ്വാൽ ഭക്ഷിച്ച് ഉപേക്ഷിച്ച ഈന്തപ്പഴത്തിൽനിന്നാണ് രോഗം പടർന്നതെന്നാണ് കരുതുന്നത്. ബംഗ്ലാദേശിലും ബംഗാളിലെ നാദിയയിലും മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് രോഗം പരന്നിട്ടുണ്ട്. ഡിസംബർ, മേയ് മാസങ്ങളിലായാണ് രോഗം വ്യാപിച്ചത്. 1998-നു ശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരിൽ 252 പേർ മരിച്ചു. മരണനിരക്ക് ഒമ്പതു മുതൽ 75 ശതമാനം വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

രോഗനിര്‍ണയ പരിശോധന

വൈറസ് ഘടകങ്ങൾ വേർതിരിച്ചെടുക്കാനുള്ള പി.സി.ആർ. ടെസ്റ്റാണ് (Polymerase Chain Reaction) രോഗനിർണയം നടത്തുന്നതിനായി രോഗബാധയുടെ ആദ്യഘട്ടത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത്. വൈറസ് പ്രതിവസ്തുക്കളായ (Anti bodies) ഐ.ജി.ജി.യും (IgG) ഐ.ജി.എമ്മും (IgM) എലിസടെസ്റ്റും (ELISA) വഴി പിന്നീട് കണ്ടെത്തുന്നതും രോഗനിർണയത്തിന് സഹായകരമാണ്. മരണമടയുന്ന രോഗികളുടെ അവയവകോശങ്ങൾ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പരിശോധനയ്ക്ക് വിധേയമാക്കി രോഗം കൃത്യമായി നിർണയിക്കാൻ കഴിയും. രോഗം ഗുരുതരാവസ്ഥയിലായി ബോധക്ഷയവും മറ്റുമുണ്ടായാൽ എം.ആർ.ഐ. സ്കാൻ നടത്തി നോക്കിയാൽ തലച്ചോറിനെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയും.

രോഗലക്ഷണങ്ങള്‍

നിപ്പ രോഗാണു ശരീരത്തിൽ കടന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ നാലുമുതൽ എട്ടുദിവസം വരെയെടുക്കാം. പനി, തലവേദന, പേശി വേദന, ചുമ, ശ്വാസം മുട്ടൽ, ബോധക്ഷയം, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. നിപ്പ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിൻ (Ribavirin) എന്നമരുന്ന് പരീക്ഷണഘട്ടത്തിലാണ്. മനുഷ്യരിൽ പ്രയോഗിച്ച് തുടങ്ങിയിട്ടില്ല. നിപ ജി ഗ്ലൈക്കോപ്രോട്ടീനെ ലക്ഷ്യമാക്കി മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിച്ചുകൊണ്ടുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മരുന്നൊന്നും ഇപ്പോൾ ലഭ്യമല്ല എന്നതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല.

ചികിത്സാരീതി

മറ്റേതു വൈറസ് രോഗത്തെയുംപോലെ നിപ്പ വൈറസ് രോഗവും സ്വയം നിയന്ത്രിത (Self limiting) രോഗമാണെന്ന് മനസ്സിലാക്കിയിരിക്കണം. കാലേകൂട്ടി കണ്ടെത്തി പൊതുപരിചരണം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ തീർച്ചയായും ഒഴിവാക്കാൻ കഴിയും. പനികുറയ്ക്കാനുള്ള മരുന്ന്, ആവശ്യാനുസരണം ലായനികൾ, ശ്വാസതടസ്സം ഒഴിവാക്കാൻ ആവശ്യമെങ്കിൽ വെന്റിലേഷൻ, മസ്തിഷ്കവീക്കം തടയാനുള്ള മരുന്നുകൾ, ഇതര രോഗാണു ബാധയുണ്ടെങ്കിൽ അതിനായുള്ള ആന്റി ബയോട്ടിക്കുകൾ തുടങ്ങിയ ചികിത്സകളാണ് വേണ്ടിവരിക. ഇവയെല്ലാം ലഭ്യമാക്കാൻ കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങൾ വേണ്ടുവോളമുണ്ട്.

ശ്രദ്ധിക്കേണ്ടവ

രോഗപ്രതിരോധത്തിനും രോഗവ്യാപന നിരീക്ഷണത്തിനുമാണ് ഇപ്പോൾ ഊന്നൽ നൽകേണ്ടത്. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിച്ച പഴവർഗങ്ങൾ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്. മറ്റ് വൈറസ് രോഗങ്ങളുടെ കാര്യത്തിലെന്ന പോലെ രോഗികളുമായി അടുത്തിടപെടുന്നവർ മാസ്ക്, കൈയുറ എന്നിവ ധരിക്കുക, കൈകളും മറ്റും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. നിപ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവരെ പ്രത്യേക വാർഡിൽ അഡ്മിറ്റ് ചെയ്യുന്നതാണ് നല്ലത്. രോഗ പരിചാരകർ സാംക്രമിക രോഗമുള്ളവരെ ചികിത്സിക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ (Barrier Nursing) കർശനമായി പാലിച്ചിരിക്കണം.

ശുചിത്വം പ്രധാനം

മഴയോടൊപ്പം പതിവായി എത്താറുള്ള പനിക്കൂട്ടത്തെ പേടിച്ചിരിക്കുന്ന നമ്മുടെ മുന്നിലേക്ക് മഴയ്ക്കുമുൻപേ പനിയെത്തിയിരിക്കുകയാണ്. ഇത്തവണ നിപ വൈറസ് മൂലമുള്ള മസ്തിഷ്കജ്വരമാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. രോഗബാധിതരിൽ 50 ശതമാനത്തിലേറെയാളുകളിലും മരണകാരണമായേക്കാമെന്നതും പനി മാറിയവരിലും മസ്തിഷ്കസംബന്ധമായ അനുബന്ധപ്രശ്നങ്ങൾ ഉണ്ടാകാമെന്നതും സ്ഥിതി സങ്കീർണമാക്കുന്നു. ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമല്ലാത്ത സാഹചര്യത്തിൽ അതിജാഗ്രതയോടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.

മസ്തിഷ്കജ്വരം

delhi-hospitalജപ്പാൻജ്വരം പോലെ നിപ വൈറസ് ഗുരുതരമായ മസ്തിഷ്കജ്വരത്തിന് കാരണമാകാം. മസ്തിഷ്കജ്വരബാധിതരിൽ പകുതിയോളമാളുകൾക്ക് ന്യുമോണിയ പോലെയുള്ള ശ്വാസകോശസംബന്ധമായ സങ്കീർണതകളും ഉണ്ടാകാം. മസ്തിഷ്കജ്വരം ഗുരുതമാകുന്നതിനെത്തുടർന്ന് രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ മരണസാധ്യത 40 ശതമാനത്തോളമാണെന്നുള്ള വസ്തുത രോഗത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. രോഗം ഭേദമായതിനുശേഷവും മസ്തിഷ്കസംബന്ധമായ അനുബന്ധപ്രശ്നങ്ങൾ ഉണ്ടാകാമെന്നതാണ് മറ്റൊരു പ്രത്യേകത. അപസ്മാരം, സ്വഭാവവ്യതിയാനം തുടങ്ങിയവയാണ് വീണ്ടും പ്രത്യക്ഷപ്പെടാനിടയുള്ള അനുബന്ധപ്രശ്നങ്ങൾ. രോഗമുണ്ടാക്കുന്ന വൈറസുകൾ ശരീരത്തിൽ ദീർഘനാൾ സുഷുപ്താവസ്ഥയിൽ കഴിയും. മാസങ്ങൾക്കുശേഷം വീണ്ടും സജീവമായി ഗുരുതരമായ എൻസിഫലൈറ്റിസിനു കാരണമാവുകയും ചെയ്തസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിപ്പ വൈറസിനെതിരേ ഫലപ്രദമായ ആന്റിവൈറൽ മരുന്നുകളും വാക്സിനും ലഭ്യമല്ലാത്തതുകൊണ്ട് പ്രതിരോധമാർഗങ്ങൾക്കാണ് പ്രാധാന്യം നൽേകണ്ടത്.

മൃഗങ്ങളുമായി അടുത്തിടപഴകേണ്ടിവരുമ്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴും അതിശ്രദ്ധയുണ്ടാകണം.

രോഗിയെ പരിചരിച്ചശേഷം കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകണം. രോഗിയെ ശുശ്രൂഷിക്കുമ്പോൾ കൈയുറകൾക്കും മാസ്കിനുമൊപ്പം കണ്ണിനു സംരക്ഷണം ലഭിക്കാനായി അതിനുള്ള കണ്ണടകളും ധരിക്കണം.

പരിചരിക്കുന്നവരുടെ ശരീരത്തിലും മറ്റും രോഗിയുടെ ശരീരദ്രവങ്ങൾ പറ്റാൻ സാധ്യതയുള്ളതുകൊണ്ട് രോഗിയുമായി ഇടപെടുമ്പോൾ ഗൗൺ ധരിക്കണം.

വായുകണങ്ങളിൽനിന്ന് 95 ശതമാനം സംരക്ഷണം നൽകുന്ന എൻ95 മാസ്കുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ െെകയുറകൾ നീക്കം ചെയ്യുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ചോ അണുനാശിനികളായ ക്ലോർപോക്സിഡിൻ, ആൽക്കഹോൾ എന്നിവ അടങ്ങിയ ശുചീകരണലായനികൾകൊണ്ടോ കൈകൾ വൃത്തിയാക്കണം.

രോഗിയുടെ വസ്ത്രം, കിടക്കവിരി, ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയവയൊക്കെ സുരക്ഷിതമായി കൈകാര്യം ചെയ്യണം. കഴിയുന്നതും ഒറ്റത്തവണ ഉപയോഗിച്ചശേഷം ഉപേക്ഷിക്കാവുന്നതരത്തിലുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുക.

രോഗിയിൽനിന്ന് രോഗപ്പകർച്ച ഒഴിവാക്കാനായി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവൽകൊണ്ട് മൂക്കും വായും അടച്ചുപിടിക്കണം.

രോഗം പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യങ്ങളിൽ അനാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കാം. പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ വൈദ്യസഹായം തേടണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top