Flash News

സ്വയം യാഗം (കഥ) : തോമസ് കളത്തൂര്‍

May 22, 2018 , തോമസ് കളത്തൂര്‍

swayam yagam banner2വീട്ടില്‍ നിന്നിറങ്ങി നടന്നാല്‍, ഇടത്തോട്ടായാലും വലത്തോട്ടായാലും, ചെന്നെത്തുക ഒരു ചെറു തടാകക്കരയിലെ ‘പാര്‍ക്കിലാണ്.’ ആഴ്ച ദിവസങ്ങളിലെ സായാഹ്നങ്ങളില്‍ തിരക്കു കുറവാണ്. എന്നാല്‍ ഒഴിവു ദിവസങ്ങളില്‍, കളിച്ചുല്ലസിക്കാനും വിശ്രാന്തിക്കുമായി അനേകരെത്തുന്നു. ദുഃഖത്തെ ഒറ്റയ്ക്കനുഭവിക്കാന്‍, ഏകാന്തമായ മൂലകളില്‍ സ്ഥാനം പിടിച്ച്, വെള്ളത്തിലേക്കോ ആകാശത്തിലേക്കോ നോക്കിയിരിക്കുന്ന ചിലരുമുണ്ടാവും, ജീവിതം എന്ന പ്രഹേളികയ്ക്ക് ഉത്തരം തേടുന്നവര്‍. ജോലി ദിവസമായതിനാല്‍ പച്ചപ്പുല്‍ മൈതാനം നിശബ്ദമായി നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. ചുവന്ന ഇഷ്ടികകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ചാരുബഞ്ചില്‍ ഒരു കല്‍പ്രതിമ കണക്കെ ഞാന്‍ സ്ഥലം പിടിച്ചു കഴിഞ്ഞിരുന്നു. വെയിലിന്‍റെ ചൂടു കുറഞ്ഞ്, സൂര്യന്‍റെ മുഖം മ്ലാനമാവാന്‍ തുടങ്ങി. മരങ്ങളുടെ ഇലകള്‍ മാടിവിളിക്കുന്നുണ്ടെങ്കിലും, കാറ്റ് കടന്നുവരാന്‍ മടികാണിക്കുകയാണ്. അവിടെയും ഇവിടെയും മാറിയിരുന്നു സംസാരിച്ച് സമയം കൊല്ലുന്ന ചിലരേയും കാണാം. വെള്ളത്തിനരികിലെ ഊഞ്ഞാല്‍ കസേരയുടെ ചലന സുഖം നുകര്‍ന്നാസ്വദിക്കുന്നു മറ്റു ചിലര്‍.

സൂര്യനെന്തേ ഇത്ര മുഖം ചുമപ്പിക്കുന്നു? ഒരു രാത്രിയിലേക്ക് പോലും, ഈ പ്രകൃതിയെ പിരിഞ്ഞു നില്ക്കുന്നതിലുള്ള ദുഃഖമോ, ദേഷ്യമോ? ഏതായാലും വെള്ളവും ആകാശവും ചുവന്ന സൂര്യനുമടങ്ങുന്ന കാഴ്ച മനോഹരമായി. തടാകക്കരയിലെ, സിമന്‍റ് വാര്‍ത്ത ഈരടിപ്പാതയിലൂടെ ഏകനായി നടന്നു നീങ്ങുന്ന എട്ടോ പത്തോ വയസ്സു തോന്നിക്കുന്ന ഒരു കുട്ടി എന്‍റെ ശ്രദ്ധ പിടിച്ചെടുത്തു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവനെ ഞാനറിയും. അവന്‍റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞുപോയി. വിവാഹമോചനത്തിനായി അവര്‍ ഇന്നു കേസു നടത്തുകയാണ്. ആ കുട്ടിയുടെ അലസമായ നടത്തയും മനസീകാവസ്ഥയും എന്നെ സഹതാപത്തില്‍ നിന്നും ദുഃഖത്തിലേക്ക് ആഴ്ത്തുകയായിരുന്നു. കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന നിഷ്കളങ്കനായ ഒരു കുട്ടി! മറ്റാര്‍ക്കും ഒന്നും ചെയ്യാനാവാത്ത സാഹചര്യം ചെയ്യേണ്ടവര്‍ യുദ്ധം ചെയ്തു സാമര്‍ത്ഥ്യം തെളിയിക്കുന്നു. ചിന്തകള്‍, ദുഃഖത്തിന്‍റെ ശകടത്തില്‍ എന്നേയും ഏറ്റി, എന്‍റെ ഗതകാല സ്മരണകളിലേക്ക് എത്തിച്ചേരുകയാണ്. വാടിക്കരിഞ്ഞ പുഷ്പങ്ങള്‍ക്കും മുള്ളുകള്‍ക്കുമിടയിലൂടെയുള്ള യാത്ര…. ‘എന്താ ഇത്ര ഗഹനമായി ചിന്ത?” എന്ന ചോദ്യം എന്നെ തട്ടിയുണര്‍ത്തി. എന്നോടൊപ്പം സ്ഥിരമായി സായാഹ്നം പങ്കിടാറുള്ള രാജശേഖര കൈമളാണ്. സമീപം ആസനസ്ഥനായ അദ്ദേഹത്തെ, ദൈന്യതയില്‍ നടന്നുപോകുന്ന ആ കുട്ടിയെ ചൂണ്ടികാണിച്ചുകൊണ്ട് എന്‍റെ ചിന്താഭാരം ഞാന്‍ ഇറക്കിവച്ചു. ഞങ്ങളുടെ സംസാരം കുടുംബ പ്രശ്നങ്ങളിലേക്കു കടന്നു. കുടുംബ ദുരന്തങ്ങളുടെ തിക്തഫലം അനുഭവിക്കുന്ന ദുര്‍ബലരും അഭയമറ്റവരുമായ കുഞ്ഞുങ്ങളെ മുന്നില്‍ കണ്ടുകൊണ്ട്, ദേവീകോപം പ്രവചിക്കുന്ന വെളിച്ചപാടുപോലെ, ഞാന്‍ തോറ്റം പാടുകയായിരുന്നു.

വാല്മീകി “മാ നിഷാദാ” പാടിയത് ഇണപ്പക്ഷികളിലൊന്ന് അമ്പേറ്റ് ചത്തുവീണപ്പോഴാണ്. ആ പക്ഷിയുടെ ചിറകുമുളയ്ക്കാത്ത കുഞ്ഞ്, നടക്കാനും പറക്കാനും സഹായിക്കേണ്ട മാതാപിതാക്കള്‍ നഷ്ടപ്പെട്ട്, ചെരിഞ്ഞും ചാഞ്ഞും, നെഞ്ചും ചുണ്ടും ഭൂമിയിലൂന്നിയും മുന്നോട്ടു നീങ്ങുന്ന കാഴ്ച ഹൃദയഭേദകമാണ്. അമ്പുകള്‍ പുറത്തു നിന്നുള്ള കാട്ടാളന്മാര്‍ മാത്രമല്ല, കുടുംബത്തില്‍ അന്യോന്യം പോര്‍വിളിയ്ക്കുകയും എന്നാല്‍ മരിച്ചു വീഴുന്നതും മുറിവേല്‍ക്കുന്നതും നിഷ്കളങ്കരായ പാവം കുഞ്ഞുങ്ങളാണ്. അച്ഛനും അമ്മയും തങ്ങളെ മാത്രം ചിന്തിച്ചുകൊണ്ട് യുദ്ധം ആരംഭിക്കുമ്പോള്‍, തലമുറയെ മുന്നോട്ടു കൊണ്ടുപോകാനായി തങ്ങള്‍ ജന്മം നല്‍കിയ കുട്ടികള്‍ക്ക് മാനസീകമായും ശാരീരികമായും എന്തു സംഭവിക്കും എന്നു കൂടി ചിന്തിക്കണം. കുട്ടികള്‍ വളരുമ്പോള്‍ “കുടുംബം” ഇപ്രകാരമാണെങ്കില്‍ ഞങ്ങള്‍ക്കിതു വേണ്ട എന്നു തീരുമാനിക്കുന്നവര്‍, വൈരാഗ്യവും വെറുപ്പും ക്രൂരന്മാരാക്കിയവര്‍, ഇതൊക്കെ കണ്ടും കേട്ടും പകച്ച് മാനസീകാഘാതമേറ്റവര്‍ ഒക്കെയായി പരിണമിച്ചേക്കും. അതിനാല്‍ വര്‍ത്തമാനകാലത്തിനോടും ഭാവികാലത്തോടും ഉള്ള ബാദ്ധ്യതകള്‍ മറക്കാനാവില്ല. ജനിപ്പിച്ച കുഞ്ഞുങ്ങളെ കയ്യൊഴിയാന്‍ പാടില്ല. രാജശേഖര കൈമകള്‍ ഒന്നിളകി ഇരുന്നുകൊണ്ട് ചോദിച്ചു. “നമുക്ക് ആകെ ഒരു ജീവിതമല്ലേ ഉള്ളു? അത് സമാധാനത്തോടും സന്തോഷത്തോടും നയിക്കാനൊക്കില്ലെങ്കില്‍ പിന്നെന്തു ചെയ്യും, പിരിയുകയല്ലാതെ?”

ഒരു ദീര്‍ഘശ്വാസത്തിന്‍റെ അകമ്പടിയോടെ ഞാന്‍ ശാന്തനായി തുടര്‍ന്നു. “ശരിയാണ്. മാതാവ് എന്ന വ്യക്തിക്കും പിതാവ് എന്ന വ്യക്തിക്കും തമ്മില്‍ പിരിഞ്ഞു സ്വതന്ത്രരായി ബാക്കി ജീവിതം ആഘോഷിക്കാം. എന്നാല്‍ അവര്‍ തങ്ങളുടെ സന്തോഷകാലത്ത് ജീവന്‍ നല്‍കിയ കുഞ്ഞങ്ങള്‍ക്ക് അത് ശരിയാവില്ല? നിങ്ങള്‍ ആ കുട്ടിയെ ശ്രദ്ധിച്ചോ, അവന്‍റെ ചിരിയിലും ഒരു നെടുവീര്‍പ്പ് ഒളിഞ്ഞിരിക്കുന്നു. ദു:ഖങ്ങള്‍ അവന്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. താങ്ങും തണലുമായി ഇടത്തും വലത്തും അവന്‍ കണ്ടിരുന്ന അച്ഛനും അമ്മയും വേറിട്ടു പോവുകയാണ്, അവനെത്തന്നെ വിപരീത ദിശകളിലേക്ക് ക്രൂരമായി കീറി പിളര്‍ത്തിക്കൊണ്ട്. കുസൃതിയും ബഹളങ്ങളുമായി ഓടി നടന്ന കുട്ടി …….. താണ കണ്ണുകളും ഭാരമുള്ള കാലുകളുമായി പുല്‍ത്തകിടിയിലൂടെ അതാ പോകുന്നു….” (ആത്മഗതമായി) “ഏതെങ്കിലും ശബ്ദം കേട്ടാല്‍ ഞെട്ടിത്തിരിഞ്ഞ് അഭയത്തിനായി അമ്മേ! എന്നും, വീണ്ടും തിരുത്തി അച്ഛാ! എന്നും വിളിക്കും. പിന്നീട് മഠയത്തരം പറഞ്ഞമാതിരി നിശബ്ദനാകും.’…. എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ശബ്ദം ഇടറുന്നുണ്ടായിരുന്നു. പുറത്ത് തട്ടിക്കൊണ്ട് എന്നെ ആശ്വസിപ്പിക്കാനായി സുഹൃത്ത് ഒരു ശ്രമം നടത്തി. “എന്താ ഇത്? നിങ്ങള്‍ ഇത്ര ദുര്‍ബലഹൃദയനെന്ന് ഞാനറിഞ്ഞില്ല. ആ, അച്ഛനമ്മമാരേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കാണല്ലോ ദുഃഖം. വിട്ടുകള. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം. രാഷ്ട്രീയമോ, മതമോ, സാഹിത്യമോ…. എന്തെങ്കിലും…” പക്ഷേ എന്‍റെ മറുപടി ഇപ്രകാരമായിരുന്നു. രാജശേഖരാ! ദുഃഖത്തിന്‍റെ നേരെ കണ്ണടയ്ക്കുന്നതൊന്നും, ഒരു മതവുമല്ല, രാഷ്ട്രീയവുമല്ല, സാഹിത്യവുമല്ല. വയലാര്‍ പാടും പോലെ “സ്നേഹിക്കയില്ല ഞാന്‍, സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും”

സുഹൃത്ത് വീണ്ടും ആരാഞ്ഞു, “എങ്കിലും നിങ്ങള്‍ എന്തിന് ഇത്ര ആഴത്തിലേക്കിറങ്ങി ചെല്ലുന്നു? ആ കുട്ടിയും അതിന്‍റെ മാതാപിതാക്കളുമായി നിങ്ങള്‍ക്ക് ബന്ധമോ, അടുത്ത പരിചയം പോലുമോ ഇല്ലല്ലോ.”

“പറയാം…”, അല്പനേരത്തെ മൗനത്തിനുശേഷം അങ്ങു ദൂരെ ചക്രവാളത്തിലേക്ക് നോക്കിക്കൊണ്ട് ഞാന്‍ തുടര്‍ന്നു, “കളിചിരികളുടെ വര്‍ണ്ണ പരവതാനികൊണ്ട് മൂടി, മനസ്സില്‍, ഒളിപ്പിച്ചു വെച്ചിരിക്കുന്ന, ഇതുവരെ അവസാനിക്കാതെ തുടര്‍ന്നുപോകുന്ന, എന്‍റെ ദുരന്ത കഥ നിങ്ങള്‍ കേള്‍ക്കണം.” തിരിഞ്ഞു മുഖാമുഖമായിരുന്നുകൊണ്ട്, “ആദ്യമായി മറ്റൊരാളുടെ മുമ്പില്‍ ഈ പുസ്തകം തുറക്കുകയാണ്. കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, ഈ കുട്ടിയെ നമ്മുടെ മുമ്പില്‍ കാട്ടിത്തന്ന ഈശ്വരന്‍ അങ്ങനെയൊരു ഉദ്ദേശമുണ്ടാവും, വേര്‍പെടാന്‍ ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഒരു പുനര്‍ചിന്തയ്ക്കായിട്ട്. രണ്ട്, എന്‍റെ സമപ്രായക്കാരും ഇളയവരും മരിച്ച് ലോകം വിട്ടുകൊണ്ടിരിക്കുന്നു. എന്‍റെ കഥ, ഭാവിയില്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഒരു കുട്ടിയെ എങ്കിലും അനാഥത്വത്തില്‍ നിന്നു രക്ഷിക്കാന്‍ കഴിഞ്ഞാല്‍, ഞാനായിട്ടതു നഷ്ടപ്പെടുത്തുന്നില്ല.”

അല്പം ചിന്തക്കുശേഷം കഥ പറയാന്‍ തയ്യാറായി. തണുപ്പു അനുഭവപ്പെടുന്നുണ്ടെങ്കിലും മുഖവും മാറും വിയര്‍ക്കുന്നു. നെഞ്ചിലെ തീ, കത്തി തന്നെ നില്ക്കുകയാണ്. ആകാശം കൂടുതല്‍ അരുണാഭമായി. ഇപ്പോള്‍ ഓക്കും, പൈനും, ആഷും, പനമരങ്ങളും ചലനമില്ലാതെ, കാറ്റിനേയും പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്. അന്തരീക്ഷമാകെ ശ്വാസം പിടിച്ചു നില്‍ക്കുംപോലെ, എന്‍റെ കഥ കേള്‍ക്കാന്‍.

ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അകമ്പടിയോടെ “നിങ്ങള്‍ ചോദിച്ചില്ലേ, ആ കുട്ടിയുമായോ മാതാപിതാക്കളുമായോ ബന്ധമൊന്നുമില്ലാതെ ഞാനെന്തിന് വികാരാധീനനാകുന്നു എന്ന്?” ശരിയാണ്…. അവരെ ഒന്നും എനിക്കടുത്തറിയില്ല…. എന്നാല്‍ അതുപോലെ രണ്ടു കുട്ടികളെ, ആ വേദന അറിയിക്കാതെ, ദുഃഖം മുഴുവനായും എന്‍റെ ഹൃദയത്തില്‍ ഒതുക്കി, മുപ്പതു വര്‍ഷമായി സന്തോഷം അഭിനയിച്ചു ജീവിക്കുന്നവനാണ് ഞാന്‍…. ഇന്ന്, ആ കുട്ടികള്‍ വളര്‍ന്നു…. അവര്‍ക്കും കുടുംബങ്ങളായി… കുട്ടികളുമായി സന്തോഷിക്കുന്നു…. എന്നാല്‍, അവരുടെ സന്തോഷത്തിനുവേണ്ടി, കുരിശില്‍ കിടന്നു പിടഞ്ഞ, ഇന്നും പിടഞ്ഞുകൊണ്ടിരിക്കുന്ന ഒരു മനസ്സിനെ മനസ്സിലാക്കാന്‍ ആര്‍ക്കും ഇതേവരെ അവസരം കൊടുത്തില്ല. അന്ന് അവരുടെ മനസ്സു നോവിക്കാതിരിക്കാന്‍, പിന്നീട് അവരുടെ അഭിമാനം നഷ്ടപ്പെടാതിരിക്കാന്‍. അവര്‍ക്കും അവരുടെ മക്കള്‍ക്കും ‘ഒരു നശിച്ച പാരമ്പര്യം’ ഉണ്ടാകാതിരിക്കാന്‍.

മഴക്കാറു മൂടിയ ആകാശം പോലെ ദുഃഖം മുഖത്തു നിഴല്‍ പരത്തി. വീണ്ടും ചിന്തയിലേക്ക് വഴുതി വീണു, കൊച്ചു കേരളത്തിലെ കൊച്ചു മനുഷ്യരിലേക്കും അവരുടെ കൊച്ചു കൊച്ചു സുഖദുഃഖങ്ങളിലേക്കും. കേരളവും കോട്ടയവും, എഴുപതുകളിലെ സാമൂഹ്യപശ്ചാത്തലത്തിലെ കുഴികളും മുള്‍ച്ചെടികളും ആഗ്രഹവും, കണ്ണുനീരും ആനന്ദത്തിന്‍റെ മാലപടക്കങ്ങളും നിറഞ്ഞകാലം. മനസ്സിന്‍റെ തിരശ്ശീലയില്‍ ഒരു “സ്ലൈഡ് ഷോ” നടത്തിയത് നിശബ്ദനായിരുന്നു കണ്ടു തീര്‍ത്തുകൊണ്ട് കഥയുടെ ആമുഖത്തിലേക്കു കടന്നു. “അന്നൊക്കെ ഒരു ജോലി സമ്പാദിക്കുക എളുപ്പമായിരുന്നില്ല. കിട്ടിയാല്‍ ഒരു ഗുമസ്തപ്പണി.” അത്താഴത്തിനു മുട്ടുണ്ടാകാതെ, എന്നാല്‍ അട്ടക്കാലുപിടിക്കാതെ ജീവിക്കാം. ഭേദമായി ജീവിക്കണമെങ്കില്‍ നാടുവിട്ടേ മതിയാവൂ. ഒറ്റക്കെങ്ങനെ പ്രവാസത്തില്‍ സുരക്ഷിതത്വം ലഭിക്കും? അതിന് കാര്‍ന്നോമ്മാര്‍ കണ്ടു പിടിച്ചത് വിവാഹമായിരുന്നു! കണ്ണും കയ്യും എത്താ ദൂരത്ത്, വഴിപിഴക്കാതിരിക്കാന്‍, മുന്‍കൂട്ടി ആലോചിച്ച് ഒരു വിവാഹം നടത്തുക. രണ്ടുപേരും ജോലി ചെയ്ത്, ‘താങ്ങും തണലുമായി’, അവര്‍ക്ക് സുഖമായി ജീവിക്കാമല്ലോ! അങ്ങനെ യാത്രക്കൊരുങ്ങി, കുടയും പുതപ്പും പിന്നെ ഒരു തുണയും ആയിട്ട്.

എത്തിയത് ഒരു അത്ഭുതലോകത്ത്. ഭാവനയില്‍ കണ്ടതിനുമപ്പുറത്തെ സുഖസൗകര്യങ്ങള്‍. യൗവ്വനത്തിന്‍റെ ഊര്‍ജ്ജം ശരിക്കുപയോഗിച്ചു. സമ്പാദ്യം ഉയര്‍ന്നു വന്നു. ഇരുകുടുംബങ്ങളേയും സഹായിച്ചു. കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങള്‍ അഥവാ തൃഷ്ണ, ഭൂഖണ്ഡന്തര മിസൈലുകളായി വന്നുകൊണ്ടിരുന്നു. കുടുംബങ്ങള്‍ തമ്മില്‍ ഒരു ശീതമത്സരത്തിലാണ്. ഒരിടത്ത് ഒരു മകള്‍ നഷ്ടമായതിന്‍റെ ‘നഷ്ടപരിഹാരം’. മറ്റേ കുടുംബം ഒരു മകളെക്കൂടി കണക്കു ബുക്കില്‍ ഉള്‍പ്പെടുത്തി. ഇതൊക്കെ സാധാരണ സംഭവമായതിനാല്‍ എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി. പക്ഷേ അമ്മു സമര്‍ത്ഥയായി അതിനെ പ്രതിരോധിച്ചു, എന്നെ മുമ്പില്‍ നിര്‍ത്തിയായിരുന്നെന്നു മാത്രം. ഏതാനും വര്‍ഷങ്ങള്‍ ചൂടും തണുപ്പും പിന്നിട്ട് കടന്നുപോയി. അമ്മുവിന്‍റെ അച്ഛന്‍ കടുത്ത രോഗശയ്യയിലാണെന്നറിഞ്ഞ്, ഞങ്ങളും കുട്ടികളും നാട്ടിലെത്തി. മരണത്തെ മുഖാമുഖം കാണുന്ന അമ്മായിയച്ഛന് അല്പം വെള്ളം ഇറ്റിച്ചു കൊടുക്കാന്‍ ബന്ധുക്കളുടെ നിര്‍ദ്ദേശം ഉണ്ടായി. അതിന് ശ്രമിച്ച എന്നില്‍ നിന്നും മുഖം തിരിച്ച് അദ്ദേഹം എതിര്‍പ്പു കാട്ടി, സഹോദരീ ഭര്‍ത്താവിന് നേരെ തിരിഞ്ഞ് വെള്ളം വാങ്ങിക്കുടിച്ചു. ആ സംഭവം ആത്മാവിനെ വളരെ പൊള്ളിച്ചു. അന്വേഷണത്തില്‍ അമ്മു വീട്ടുകാര്‍ക്ക് കൊടുത്ത എന്‍റെ രൂപം അപ്രകാരമായിരുന്നു എന്ന് മനസ്സിലായി. സ്വന്ത ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വാര്‍ത്ഥതയ്ക്കും ഒരു മറയായി എന്നെ ഉപയോഗിച്ചിരുന്നു. എങ്കിലും അതെല്ലാം മറക്കാന്‍ ശ്രമിച്ചു. അദ്ദേഹം, പാവം മനുഷ്യന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഞാന്‍ എന്‍റെ സ്വന്തം മനസ്സാക്ഷിയെ മാത്രം തൃപ്തിപ്പെടുത്തി, നിശബ്ദത പാലിച്ചു. തിരികെ അമേരിക്കയിലെത്തിയിട്ടും, അമ്മു ദിവസത്തിനു ദിവസം കൂടുതല്‍ പ്രകോപിതയും അസന്തുഷ്ടയും ആകുകയായിരുന്നു. കുറ്റബോധം മനസ്സിനെ നോവിക്കുന്നുണ്ടാകാം.

ജീവിതത്തിന്‍റെ ഒഴുക്കിനെ പിടിച്ചു നിര്‍ത്താന്‍ ഒരു ദു:ഖത്തിനും സന്തോഷത്തിനും ആവില്ലല്ലോ. മായാപ്രപഞ്ചത്തിന്‍റെ വാസ്തവികത അങ്ങനെയാണല്ലോ. കൂടുതല്‍ കൂടുതല്‍ മായക്ക് അടിമപ്പെടുക. ഉള്ള സുഖം നഷ്ടപ്പെടുത്തിയും കൂടുതല്‍ സമ്പത്തും ധനവും നേടുക. ഇതെല്ലാം എന്‍റേത് എന്ന് അവകാശപ്പെടുക. പിന്നെ വെറും ‘വാടകക്കാരെപ്പോലെ പിരിയുക. മായയുടെ ഒരു പ്രവര്‍ത്തനം! പിന്നെ നമുക്ക് കഴിയാത്തതും കിട്ടാത്തതും മായയില്‍ ആരോപിക്കുക. എല്ലാം നഷ്ടപ്പെടുമ്പോള്‍ നാം തന്നെ മരിച്ചു മായയാകുമ്പോള്‍, പിന്നെ എന്തു മായ?’ അറിഞ്ഞുകൂടാ…..

കുറച്ചു ദിവസങ്ങളായി കുറ്റപ്പെടുത്തലുകളും ഏറി വന്നു. അന്ന് അവള്‍ ദേഷ്യത്തിന്‍റെ മുള്‍മുനയിലായിരുന്നു. പാത്രങ്ങള്‍ എടുത്തേറും, ശാപവാക്കുകളും കൊണ്ട് വീട് ശബ്ദമുഖരിതമാക്കി. ക്ഷമയുടെ നെല്ലിപ്പലക കടന്നപ്പോള്‍ ഞാനും പ്രതികരിച്ചു. എന്നാല്‍ ഭാര്യയുമായി ഒരു ശാരീരിക ഇടപെടല്‍ ഉണ്ടാകാതെ സ്വയം നിയന്ത്രിച്ചു. “എല്ലാം വിട്ട് ഇവിടുന്ന് ഒന്ന് പോയിത്തന്നൂടെ” എന്ന അവളുടെ ആവശ്യം കേട്ടപ്പോള്‍ ക്രിസ്തുഭഗവാന്‍റെ അന്ത്യമൊഴി ഒര്‍ത്തു. “എല്ലാം നിവൃത്തിയായി” എന്നാല്‍ അതനുസരിച്ചാല്‍, എല്ലാം നശിപ്പിക്കലാവും. നിഷ്കളങ്കരായ രണ്ടു കുഞ്ഞുങ്ങളുടെ ഭാവിയും, സുരക്ഷിതത്വവും എല്ലാം. സമൂഹത്തില്‍ അവരെ അഭിമാനമുള്ളവരായി ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. പിറുപിറുക്കുന്ന ഒരു സ്ത്രീയുടെ വാക്കിന് പ്രാധാന്യം കൊടുക്കാന്‍ പാടില്ല. ഞാന്‍ കൂടി കെട്ടിപ്പടുത്തതല്ലേ, ഈ കുടുംബം. എന്‍റെ കൂടി വിയര്‍പ്പിന്‍റെ വില. മഠയനാകാന്‍ തയ്യാറായില്ല. ശക്തമായിത്തന്നെ മറുപടി പറഞ്ഞു. “സാദ്ധ്യമല്ല, അതിന് ആശിക്കേണ്ടാ.” അവള്‍ ശക്തിയായി ചുവടുകള്‍ വെച്ച് മുറിക്കുള്ളില്‍ കയറി, വാതില്‍ കൊട്ടിയടച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം, ഞാനും ആ നരകത്തില്‍ നിന്ന് പുറത്തുകടന്നു, അല്പം ശുദ്ധവായു ശ്വസിക്കാന്‍. ഇതേ പാര്‍ക്കില്‍ എത്തി. പിന്നീട് വീട്ടിലെത്തിയപ്പോള്‍ കണ്ടത്, കല്യാണ ഫോട്ടോ നടുവേ മുറിച്ച്, ഞങ്ങളെ രണ്ടാളേയും രണ്ടാക്കി മാറ്റിയിരിക്കുന്നു. താലിമാലയിലെ “മിന്നും”, വിരലിലെ “വിവാഹമോതിരവും” അപ്രത്യക്ഷമായിരിക്കുന്നു. അവള്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്ക്കുകയാണ്, എന്നതിന് ബലം നല്‍കുന്നതായിരുന്നു, ഈ കാഴ്ച. സോഫായില്‍ ചാരിയിരുന്ന് അടുത്ത നടപടിയെപ്പറ്റി വീണ്ടും ചിന്തിച്ചു. എല്ലാം പിന്നീട് എന്‍റെ കിടപ്പറ സാമഗ്രികള്‍ മുകളിലത്തെ നിലയിലേക്കു മാറ്റി. അന്നു മുതല്‍ സംസാരവും ഇടപെടലുകളും നാമമാത്രമായി. മനസ്സിനെ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അമ്മു പാവമാണ്. നീന്തലറിയാതെ ആഴത്തിലേക്ക് ചാടും, എല്ലാം സ്വന്തമാക്കാന്‍. മറ്റുള്ളവരെ തന്നേക്കാള്‍ കൂടുതല്‍ ദു:ഖിതരാക്കിയാല്‍, തന്‍റെ ദു:ഖത്തിനു കുറവുകിട്ടും എന്നവള്‍ വിശ്വസിക്കുന്നുണ്ടാകാം. ക്രമേണ ഒരു വീട്ടിലെ രണ്ടു താമസക്കാരായി മാറി ഞങ്ങള്‍ രണ്ടുപേരും, കുട്ടികള്‍ ഞങ്ങളുടെ പൊതുമുതലും. ആവശ്യങ്ങളില്‍ അന്യോന്യം സഹകരിച്ചു, സമൂഹത്തില്‍ ഒന്നിച്ചിറങ്ങി, ഒന്നിച്ചഭിനയിച്ചു. ഭക്ഷണത്തിലും വീട്ടുകാര്യങ്ങളിലും നിശബ്ദരായി ധാരണകളോടെ കടമകള്‍ നിര്‍വ്വഹിച്ചു. വെറും ‘കോ ഹാബിറ്റേഷന്‍’ മാത്രം, കണ്ണുകള്‍പോലും ഇടയാതെ, വസ്ത്രങ്ങള്‍ പോലും ഉരസാതെ, മാന്യരായി, ഒരേ വീട്ടില്‍ കഴിയുന്നു. ഇങ്ങനെ നല്ല കുടുംബജീവിതത്തിന്‍റെ മുഖംമൂടിയും അണിഞ്ഞ് സമൂഹത്തില്‍ ജീവിക്കുന്ന എത്ര കുടുംബങ്ങളുണ്ടെന്ന് അന്യോന്യം അറിയുന്നില്ലെന്നു മാത്രം.

പ്രതീക്ഷിക്കാത്ത ഒരു കഥകേട്ട് രാജശേഖര കൈമകളുടേയും മുഖം വാടിയിട്ടുണ്ട്. ഞാന്‍ തുടര്‍ന്നു, “മരണം എത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണം….” എന്ന പാട്ടുകേള്‍ക്കുമ്പോള്‍ ഒരു ദു:ഖമാണു തോന്നുക, അങ്ങനെയുള്ള ആശകള്‍ ഒക്കെ അസ്ഥാനത്താണല്ലോ എന്ന്. എങ്കിലും കൈമളെ! ദു:ഖം ഒളിപ്പിച്ചുവെച്ച സന്തോഷവുമായി ഞാന്‍ മുന്നോട്ടു പോകും. ആര്‍ക്കും ഒരു അനാഥത്വവും അപമാനവും വരുത്തിവെയ്ക്കാതെ. സ്വയം യാഗമായി…. മഴക്കാറ് ആകാശത്തെ മൂടിത്തുടങ്ങി. കൊള്ളിമീനുകള്‍ ആകാശത്തൂടെ ഇടയ്ക്കിടെ ഊളിയിട്ടു പായുന്നു. എന്‍റെ സെല്‍ഫോണ്‍ ശബ്ദിച്ചു തുടങ്ങി. എഴുന്നേറ്റുകൊണ്ട് രാജശേഖരനോടായി പറഞ്ഞു, “അവളാണ്, അമ്മു… ഭയം തുടങ്ങി. ഇനി ഞാന്‍ ചെല്ലട്ടെ, എന്‍റെ വീട്ടിലേക്ക്, അവള്‍ ഭയക്കാതിരിക്കാന്‍…. എന്‍റെ കുട്ടികളുടെ അമ്മ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top