Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം   ****    ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു   ****    അഞ്ചല്‍ ഉത്രയുടെ കൊലപാതകം; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകാന്‍ സാധ്യത   ****    ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണം: അമേരിക്കയില്‍ പരക്കെ അക്രമം, 40 നഗരങ്ങളില്‍ കര്‍ഫ്യൂ, ആയിരങ്ങള്‍ അറസ്റ്റില്‍   ****    ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണം; കലാപകാരികളെ അടിച്ചമര്‍ത്തേണ്ടത് ഗവര്‍ണ്ണര്‍മാരുടെ ഉത്തരവാദിത്വം: ട്രം‌പ്   ****   

സാന്ത്വനം (കഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

May 23, 2018 , മൊയ്തീന്‍ പുത്തന്‍‌ചിറ

Santhwanam banner reducedഭാരമില്ലാത്ത പൊങ്ങുതടി പോലെ തന്‍റെ ശരീരം..ആശ്രയത്തിനായുള്ള ആഗ്രഹത്തില്‍ തളര്‍ന്ന കൈകാലുകള്‍…. തണുപ്പിലൂടെ അനസ്യൂതം താഴോട്ട് പതിക്കുമ്പോഴാണ്, ശ്വാസകോശം കൈയ്യടക്കിയ ഉച്ഛാസ വായു ജീവന്‍ ഊറ്റിയെടുക്കും എന്ന ബോധം മനസ്സിനെ ആക്രമിച്ചത്. അലറിക്കരഞ്ഞപ്പോള്‍ ചുണ്ടിനപ്പുറം സഞ്ചരിക്കാന്‍ സ്വതന്ത്രമല്ലാത്ത ശബ്ദം തുടക്കത്തില്‍ തന്നെ ഒടുങ്ങി.

പായല്‍ പടര്‍ന്ന കറുത്ത ചെളിയില്‍ കാലുകള്‍ തട്ടിയപ്പോള്‍, ഇളകുന്ന ജലത്തിനും ഉരുകുന്ന സൂര്യനും ഇടയിലെ ജീവവായുവിനായി, മരണവെപ്രാളത്തിന്‍റെ പിന്‍ബലത്തോടെ ശരീരം ഉയരാന്‍ തുടങ്ങി. വെള്ളത്തിന് മുകളില്‍ പരന്ന വെളിച്ചം കണ്ണിലും ശുദ്ധവായു നെഞ്ചിലുമെത്തി. പക്ഷെ കാലുറയ്ക്കാന്‍ പ്രതലം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ജലത്തിന്‍റെ ആലിംഗനത്തിലേക്ക്. ജീവനാഡിയിലെ മരണത്തിന്‍റെ തണുത്ത കൈകള്‍ മുറുകാന്‍ തുടങ്ങി.

കണ്ണു തുറക്കുമ്പോള്‍ വിഷാദച്ചിരിയുമായി ഡോക്ടര്‍ ഡയാന തൊട്ടടുത്ത് തന്നെയുണ്ട്. കൈയ്യില്‍ നനഞ്ഞ പഞ്ഞി. ചുറ്റുവട്ടവും കൂടി നില്‍ക്കുന്ന നഴ്സുമാര്‍. ഡോക്ടറുടെ വിരലുകള്‍ നെറ്റിയില്‍ സാന്ത്വനത്തിന്‍റെ ചൂടുമായെത്തി.

“എന്താ സൂസന്‍, ക്ഷീണമുണ്ടോ..?”

“അതേ” എന്ന് തലകുലുക്കി..

“വിശ്രമിക്കൂ…”

ഒന്നുകൂടി തലകുലുക്കി. എന്തിനോ കണ്ണ് വീണ്ടും നിറഞ്ഞു.

“സൂസന്‍…ഇങ്ങനെയായാലോ….ടോമി എത്തിയിട്ടുണ്ട്..”

ആ നിമിഷം ശരീരത്തിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി. ടോമിച്ചന്‍റെ പരുപരുത്ത വിരലുകള്‍ക്കേ എന്നെ സാന്ത്വനിപ്പിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് മാത്രം ശേഷിച്ചു. നെറ്റിയിലെ നഷ്ടമായ തണുപ്പിനായി കണ്ണുയര്‍ത്തിയത് ഒഴുകാന്‍ പാകത്തിന് കണ്ണുനീര്‍ തളം കെട്ടിയ ഡോക്ടറുടെ കണ്ണുകളിലേക്കായിരുന്നു. തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്ന അവരെ നോക്കിയപ്പോള്‍ മനസ്സ് വീണ്ടും ഓര്‍മ്മിപ്പിച്ചു….

“പഴയ സൂസന്‍ മരിച്ചിരിക്കുന്നു”

രണ്ടു ദിവസമായി ഈ മുറിയില്‍ തന്നെയായിരുന്നു. മരുന്നുകളുടെ ഗന്ധം പേറുന്ന അന്തരീക്ഷത്തില്‍ ഭൂതകാലത്തിന്‍റെ ഓര്‍മ്മ പോലെ നരച്ച കര്‍ട്ടണുകളില്‍ പരതിയ കണ്ണ്, പതുക്കെ കറങ്ങുന്ന ഫാനിന്‍റെ മധ്യത്തിലെ സ്വര്‍ണ്ണ വര്‍ണ്ണത്തിലെത്തി നിന്നു.

അടഞ്ഞു കിടക്കുന്ന ചില്ലുവാതിലിനപ്പുറത്തൂടെ ഇടക്കിടെ നീങ്ങുന്ന പാദപതനങ്ങളില്‍ നിന്ന് ടോമിച്ചന്‍റെ കാലൊച്ച വേര്‍തിരിക്കാന്‍ ശ്രമിച്ചു. ആ ശ്രമം വിഫലമായപ്പോള്‍ ‘ടോമിച്ചന് നീ ആരുമല്ലെന്ന് മനസ്സിലാക്കുന്നതിലാണ് നിന്‍റെ ശമനതാളം’ എന്ന് ഹൃദയം ശഠിക്കാന്‍ തുടങ്ങി. മനസ്സ് പ്രണയത്തിന്‍റെ പ്രതിരോധം തീര്‍ത്തു.

ഹൃദയത്തിന്‍റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം എന്‍റെ ടോമിച്ചന് ഒരു മനസ്സുണ്ടെന്നും അതിന് ഈയുള്ളവളില്‍ കളങ്കം കാണാനാവില്ലെന്നും മനസ്സ് ആശ്വസിപ്പിക്കുമ്പോഴും പലരും കവര്‍ന്ന ഞാനെന്ന ഭാര്യയെ മനസ്സിലാക്കാന്‍ അദ്ദേഹത്തിനാവില്ലെന്ന് തന്നെ ഹൃദയം വിധി പ്രഖ്യാപിച്ചിരുന്നു.

‘സ്നേഹത്തിന്‍റെ അടിസ്ഥാനമായ പരസ്പര വിശ്വാസത്തിനേറ്റ കനത്ത പ്രഹരത്തെ അതിജീവിക്കാന്‍ മാത്രം നിന്‍റെ ചാരിത്ര്യം വളര്‍ന്നിട്ടില്ലെന്ന’ കര്‍ക്കശമായ കണക്കുകൂട്ടല്‍ ഹൃദയം അവതരിപ്പിച്ചപ്പോഴും, ടോമിയെന്ന പേരില്‍ ഒളിഞ്ഞിരിക്കുന്ന എന്‍റെ ജീവന്‍ തേടി മനസ്സ് അലയുന്നുണ്ടായിരുന്നു. കാത്തുസൂക്ഷിച്ച ആ സ്നേഹവുമായി സംവദിക്കവേ ഹൃദയം അത് വെറും വ്യാമോഹമാക്കി. വിധി കാത്തിരുന്ന പുള്ളിയായ ഞാന്‍ ആ ഏറ്റുമുട്ടലില്‍ ഹൃദയപക്ഷം ചേര്‍ന്നു.

ഇന്നലെ ഡോക്ടര്‍ ചോദിച്ചിരുന്നു “എങ്ങനെ നിങ്ങളുടെ കുടുംബ ജീവിതം”

ശാരീരികമായി അകന്നാണ് താമസമെങ്കിലും ഒരിക്കലും ഞങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ ഒരു വിടവ് സൃഷ്ടിക്കാന്‍ ദൂരത്തിനും കാലത്തിനും കഴിഞ്ഞിട്ടില്ലായിരുന്നു. ഒരേ സമയം ഒരുപോലെ ചിന്തിക്കാനും പരസ്പരം സംസാരിക്കാനും കഴിയുന്ന ഒരു അപൂര്‍വ്വ ബന്ധം. ഒരിക്കല്‍ വിളിച്ചപ്പോള്‍ ടോമിച്ചന്‍ പറഞ്ഞു “സൂസന്‍… നമുക്കിടയില്‍ ഒരു ടെലിപ്പതി നിലനില്‍ക്കുന്നു എന്നാണ് ബെന്നി പറയുന്നത്” എന്നു പറഞ്ഞ് ചിരിച്ചു.

കൂടുതല്‍ അറിയാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് മനസ്സുകളുടെ ആശയവിനിമയത്തിന് തീവ്രമായ വ്യക്തിബന്ധത്തിന്‍റെ തിരിച്ചറിവ് മതി എന്നും അതിനെയാണ് ടെലിപ്പതികൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും ടോമിച്ചന്‍ സൂചിപ്പിച്ചത്.

ഡോക്ടറുടെ കാരുണ്യം നിറഞ്ഞ മുഖത്തുനോക്കി ഞാനല്ല സംസാരിച്ചത്, എന്‍റെ കണ്ണുകളായിരുന്നു. കത്തുന്ന മനസ്സ് ഒഴുകിയൊലിച്ചു. തോരാത്ത ഒഴുക്കിനിടയില്‍ എങ്ങനെയോ പറഞ്ഞു …

“എനിക്ക് ടോമിച്ചനില്ലാതെ ജീവിക്കാനാവില്ല.”

നിറഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ഡയാന ഡോക്ടറുടെ വിളര്‍ത്ത മുഖം കാണുന്നുണ്ടായിരുന്നു. മുള കീറുമ്പോലെ തേങ്ങിക്കരഞ്ഞപ്പോള്‍ അവര്‍ ചേര്‍ത്തുപിടിച്ചു. ചുട്ടുപൊള്ളുന്ന മേനിക്ക് അതു സുഖമുള്ള കുളിരായി.

തൊട്ടടുത്തു നില്‍ക്കുന്ന ഡോക്ടര്‍ എന്തോ ആംഗ്യം കാണിച്ചപ്പോഴാണ് അവര്‍ മുഖത്തേക്ക് നോക്കാതെ സംസാരം തുടര്‍ന്നത്. കൂനിക്കൂടിയിരിക്കുന്ന എന്‍റെ കൈകള്‍ അവരുടെ തണുത്ത വിലലുകള്‍ക്കകത്ത് ഭദ്രമായിരുന്നു.

“സൂസന്‍… ഒരു പ്രധാന കാര്യം പറയാനുണ്ട്. നിങ്ങളെ അറിയിക്കാതിരുന്നത് ശരിയല്ല. മാത്രവുമല്ല അത് ടോമിയെ അറിയിക്കണോ എന്ന് തീരുമാനിക്കേണ്ടത് സൂസനാ.”

അവര്‍ എന്‍റെ ഉത്തരം പ്രതീക്ഷിച്ചിട്ടില്ലെങ്കിലും മൂളി.

“സൂസനെ ദ്രോഹിച്ചവരെ അറസ്റ്റു ചെയ്തു. അതില്‍ ഒരാളുടെ മെഡിക്കല്‍ ടെസ്റ്റില്‍ ഒരു രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. അത് നിങ്ങളിലേക്ക് പകരാതിരിക്കാന്‍ നമുക്ക് പരമാവധി ശ്രമിക്കാം. അതിനുവേണ്ടി എന്തെല്ലാം ചെയ്യാം എന്നും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഈ വിവരം ഭര്‍ത്താവിനെ അറിയിക്കണോ..?”

എനിക്ക് കൂടുതല്‍ ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു.

“അറിയിക്കണം…പ്ലീസ്. അല്ലാതെ എനിക്ക് അദ്ദേഹത്തെ ഇനി നേരിടാനാവില്ല. എന്നെ ഉപേക്ഷിക്കാന്‍ കൂടെ നിര്‍ബ്ബന്ധിക്കാന്‍ നിങ്ങള്‍ക്കാവുമോ..? ഡോക്ടര്‍ക്ക് പറയാമോ അദ്ദേഹത്തിന്‍റെ സൂസന്‍ മരിച്ചെന്ന്. ഇത് ആരോ ചവച്ച് അശുദ്ധമാക്കിയ ശരീരം മാത്രമാണ് ഇവിടെ ബാക്കിയുള്ളതെന്ന്? എനിക്ക് ടോമിച്ചനെ കാണണ്ട. എനിക്കതിന് കഴിയില്ല.”

അത്രയും പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ശബ്ദം പതറിയിരുന്നു. തലയിണയില്‍ മുഖം അമര്‍ത്തി കരഞ്ഞു.

ഒന്നും പറയാതെ അവര്‍ തിരിഞ്ഞു നടന്നപ്പോള്‍ ആഗ്രഹിച്ചത് ഒരു സാന്ത്വനമാണ്…..ആരെങ്കിലും ഒന്ന് അടുത്തിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി.

ഇപ്പോള്‍ അവര്‍ ടോമിച്ചനുമായി സംസാരിക്കുകയാവും. ഡോക്ടറുടെ മുമ്പില്‍ ശിരസ്സ് കുനിച്ച് എല്ലാം സഹിച്ച് കേള്‍ക്കുന്ന ആ തകര്‍ന്ന മുഖം ഇവിടെ കിടന്നുതന്നെ കാണാനാവുന്നുണ്ട്.

ദുര്‍ബ്ബലമായ മനസ്സ് ശരീരത്തേയും തളര്‍ത്തിയിരുന്നു. കണ്ണുകള്‍ താനേ അടഞ്ഞുപോയി. ആരോ അടുത്തു വന്നു നില്‍ക്കുന്നതുപോലെ തോന്നി. ക്ഷീണിച്ച കണ്ണുകള്‍ വലിച്ചു തുറന്ന് ആഗതനെ നോക്കി. ഇടവക വികാരിയാണ്. ആ മുഖത്തേക്ക് നോക്കാനുള്ള കെല്പില്ലാതെ മുഖം തിരിച്ചെങ്കിലും അച്ചനെ അവഗണിക്കാന്‍ കഴിഞ്ഞില്ല. ആ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നിമറയുന്നത് കണ്ണീരിനിടയിലും അവ്യക്തമായി ഞാന്‍ കാണുന്നുണ്ടായിരുന്നു. അദ്ദേഹം അടുത്തു വന്നു നിന്ന് എന്തൊക്കെയോ ചോദിച്ചു. കലുഷിതമായ മനസ്സ് ആ ആശ്വാസവചനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടി.

“സൂസന്‍……” അദ്ദേഹം വാത്സല്യത്തോടെ വിളിച്ചു.

വിതുമ്പലടക്കാന്‍ കഴിയാതെ ഞാന്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചു…..

“ഇത് ദൈവത്തിന്‍റെ പരീക്ഷണമാണ്. ദുര്‍ബ്ബല ഹൃദയമുള്ള വിശ്വാസികളെ സംബന്ധിച്ച് അപവാദം ഒരു നശീകരണമാണ്. ഇവിടെ സൂസനല്ല കുറ്റക്കാരിയെന്ന് അറിയാമല്ലോ. ആര് എന്തൊക്കെ പറഞ്ഞാലും എല്ലാം കാണുന്നവനും അറിയുന്നവനുമായ ദൈവത്തെ മനസ്സില്‍ ധ്യാനിക്കുക. ഈ പ്രതിസന്ധിക്ക് അതുമാത്രമേ ഒരു പരിഹാരമുള്ളൂ. സൂസന്‍ തികഞ്ഞ ഒരു ദൈവ വിശ്വാസിയല്ലേ. ദൈവ വിശ്വാസത്തില്‍ സുരക്ഷ കണ്ടെത്തുന്നവര്‍ ചിന്താശൂന്യരായി പെരുമാറുകയോ ഉത്ക്കണ്ട്ഠപ്പെടുകയോ ചെയ്യുകയില്ല. അവരുടെ സുദൃഢ വിശ്വാസവും, ദൈവിക നിയതിക്കു വഴങ്ങാനുള്ള കഴിവുമാണ് ഇത്തരം അവസരങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത്.”

അച്ചന്‍റെ ഉപദേശം തന്‍റെ മനസ്സില്‍ വികാരവിചാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന പ്രതീതിയാണ് ഉളവാക്കിയത്. തെറ്റുകാരിയല്ലാത്ത തന്നെ തെറ്റിലേക്ക് വലിച്ചിഴച്ച് അപവാദങ്ങളുടെ തീച്ചൂളയിലിട്ട് ചുട്ടെടുക്കാനാണ് സാമൂഹ്യ ദ്രോഹികള്‍ ശ്രമിച്ചത്. അത് അനുവദിച്ചുകൂടാ. തന്‍റെ ആത്മനിയന്ത്രണം മനസ്സിലാക്കിയിട്ടെന്ന പോലെ അച്ചന്‍ തുടര്‍ന്നു..

“കുഞ്ഞേ, നീ ദൈവ വിശ്വാസിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ ഞാന്‍ പറയുകയാണ് ദൈവത്തിന്‍റെ അറിവോടും നിയന്ത്രണത്തോടും കൂടിയാണ് എന്തും സംഭവിക്കുന്നതെന്നും, വിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിച്ചു ജീവിക്കുന്നവര്‍ എത്ര വഷളായ ആരോപണങ്ങള്‍ക്ക് വിധേയരായാല്‍ പോലും ഗുണപരമായ എന്തോ അതില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നും അവര്‍ മനസ്സിലാക്കുന്നു. അപവാദങ്ങളുടെ അനന്തര ഫലമായുള്ള വിഷമങ്ങളാല്‍ പലപ്പോഴും വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടേക്കും. പക്ഷെ അതെല്ലാം ദൈവിക പരീക്ഷണമാണെന്നും, ഓരോ പ്രശ്നത്തിനും പരിഹാരമുണ്ടെന്നും, ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണെന്നും വിശ്വാസി മനസ്സിലാക്കുന്നു. അതിനാല്‍ ദുഃഖത്തിനോ നൈരാശ്യത്തിനോ അവര്‍ കീഴ്പ്പെടുകയില്ല.”

തന്‍റെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച അച്ചന്‍റെ മുഖം മന്ദഹസിച്ചു.

“ഞാന്‍ പറയുന്നത് കുഞ്ഞിന് മനസ്സിലാകുന്നുണ്ടോ?”

അച്ചന്‍ പറഞ്ഞത് പൂര്‍ണ്ണമായും എനിക്ക് മനസ്സിലായി എന്ന അര്‍ത്ഥത്തില്‍ അച്ചന്‍ തലകുലുക്കി.

“അതുപോരാ. ആത്മവിശ്വാസത്തോടെ വേണം എല്ലാം നോക്കിക്കാണാന്‍. ജീവിത വിജയത്തിന് ഏറെ ആവശ്യമുള്ള ഗുണങ്ങളിലൊന്നാണത്. ചിലര്‍ക്ക് ചില സമയങ്ങളില്‍ ഈ ഗുണം അവരില്‍ നിന്ന് അകന്നു പോകുന്നു എന്നതാണ് സത്യം. ആവശ്യത്തിനു മാത്രമുള്ള ആത്മവിശ്വാസമില്ലാത്തതുകൊണ്ട് നമ്മള്‍ വിജയിക്കേണ്ട പലയിടത്തും പരാജയപ്പെട്ടുപോകുന്നു. അതു പാടില്ല. കുഞ്ഞിന് ആത്മവിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടാണ് ആവശ്യമില്ലാത്ത വേവലാതികള്‍ മനസ്സിനെ കീഴടക്കുന്നത്.”

അച്ചന്‍ നിര്‍ത്തി.

“ഇല്ല അച്ചോ… അച്ചന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്.”

ക്ഷീണിതയാണെങ്കിലും തളര്‍ന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.

“ങാ, അങ്ങനെ വേണം. ആത്മവിശ്വാസം ഉണ്ടാകുന്നതിന് നമുക്ക് ആദ്യം വേണ്ടത് നമ്മുടെ സ്നേഹപിതാവായ ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ്. അത് കുഞ്ഞിന് വേണ്ടുവോളമുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാന്‍ പറയുന്നത്. തളരരുത്.”

തന്‍റെ അടുത്തുനിന്ന് പ്രാര്‍ത്ഥിച്ച അച്ചന്‍ എല്ലാം ശരിയാകുമെന്ന ആശ്വാസവചനവും ചൊരിഞ്ഞ് യാത്രയായി.

വീണ്ടും മനസ്സ് ഏകാഗ്രതയില്‍ നിന്ന് വ്യതിചലിച്ചു. സത്യത്തെ വികൃതമാക്കുന്നതിന്‍റെ നേര്‍ക്കാഴ്ചകള്‍ നമ്മളെ ആകുലപ്പെടുത്തുന്നു. നുണകള്‍ കെട്ടിച്ചമയ്ക്കുന്നതും, നുണകളെ സത്യം പോലെ അവതരിപ്പിക്കുന്നതും പലര്‍ക്കും ഒരു രസമാണ്. നുണ പറയാനും പറയിപ്പിക്കാനും മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ മത്സരിക്കുന്നു. അധികാരത്തിനായുള്ള വടം വലിക്കിടയില്‍ കൊടികളുടെ വര്‍ണ്ണങ്ങള്‍ക്കനുസരിച്ച് കൊന്നും കൊലവിളിച്ചും നാടിളകിയപ്പോള്‍ മനസ്സ് നൊന്തു പ്രാര്‍ത്ഥിച്ചിരുന്നു. “ഈ മനുഷ്യര്‍ക്ക് നല്ല മനസ്സ് വരുത്തണേ ദൈവമേ….” എന്ന്.

ഒരു ദിവസം വൈകുന്നേരം ഏതാനും കൂട്ടുകാരോടൊപ്പം വന്ന അയല്‍വാസിയായ മീശ മുളയ്ക്കാത്ത കൊച്ചു പയ്യന്‍ കൈയ്യില്‍ കയറിപ്പിടിച്ചത് മുതല്‍ മര്‍ദ്ദിതര്‍ മര്‍ദ്ദകരോട് ചോദിക്കുന്ന ചോദ്യം ഞാനും ചോദിച്ചുകൊണ്ടിരുന്നു.

“എന്തിനാവും ഇവരെന്നെ ദ്രോഹിക്കുന്നത്…”

നാളെ പാര്‍ട്ടിക്കാര്‍ക്ക് കൊന്നവന്‍ നേതാവും കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയും ആവുമായിരിക്കും. പക്ഷെ അതിനൊഴുകിയ രക്തത്തിന്, തകര്‍ത്തെറിഞ്ഞ മാനത്തിന്, നഷ്ടമായ ആയുഷ്ക്കാല സമ്പാദ്യങ്ങള്‍ക്ക് ആരാവും മറുപടി പറയേണ്ടത്. ഇതിനായി എല്ലാം കവര്‍ന്ന് ചവച്ചു തുപ്പിയ എന്‍റെ കണ്ണീര് ഇവര്‍ക്ക് ഏത് ഗണത്തില്‍ പെടുത്താനാവും.

നല്ല അയല്‍വാസിയായി രണ്ടു ദിവസം മുമ്പ് ഫോണ്‍ ചെയ്യാന്‍ വീട്ടില്‍ വന്നവന്‍ ഒരു മൃഗത്തിന്‍റെ ക്രൗര്യവുമായിട്ടായിരുന്നു എത്തിയത്. കട്ടിലിനരികില്‍ കൈകളും ശബ്ദവും ബന്ധിച്ച് ഓരോരുത്തരായി വേട്ടയാടുമ്പോള്‍ ബാക്കിയുള്ളവര്‍ പൂട്ടി വെച്ച അലമാരയില്‍ ധനത്തിനായി ആര്‍ത്തി കാണിച്ചു. അത് പങ്കു വെക്കുന്നതിലെ കാര്‍ക്കശ്യം കണ്ടപ്പോള്‍ പകല്‍ക്കൊള്ളയ്ക്കെത്തിയ അവര്‍ക്കുള്ള ബോണസ്സായിരുന്നു എന്‍റെ ശരീരവും കണ്ണീരും എന്ന് ബോധ്യമായി.

ബോധം തെളിയുമ്പോള്‍ ഡയാന ഡോക്ടറുടെ മുഖമാണ് മുമ്പില്‍. പുറത്തുള്ള സന്ദര്‍ശകരെക്കുറിച്ച് അവര്‍ സൂചിപ്പിച്ചു. ആര്‍ക്കും മുഖം കൊടുക്കുന്നില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. വന്നവരില്‍ പലരും അവര്‍ക്ക് തടയാനാവാത്ത അധികാരികളായിരുന്നുവത്രേ. ആരോടും പരാതി പറഞ്ഞില്ല…. എന്നിട്ടും ഒരു വനിതാ നേതാവ് വന്നപ്പോള്‍, അവരില്‍ ഒരു സ്തീയെ കണ്ടപ്പോള്‍, എത്ര ശ്രമിച്ചിട്ടും മനസ്സ് തുറക്കാതിരിക്കാനായില്ല. നെഞ്ചുരുകി കരഞ്ഞപ്പോള്‍ അവര്‍ നിറകണ്ണുകളോടെ ആശ്വസിപ്പിച്ചു.

ആശുപത്രിയില്‍ ആദ്യമായി പരിചയപ്പെട്ട മോളി സിസ്റ്ററാണ് ഇന്ന് പത്രത്തില്‍ നിറഞ്ഞ അവരുടെ പുഞ്ചിരിക്കുന്ന മുഖവും നീണ്ട പ്രസ്താവനയും കാണിച്ചുതന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ അവഹേളിക്കാന്‍ പത്രക്കാര്‍ കെട്ടിച്ചമച്ചതാണ് ഈ സൂസന്‍ കേസ് എന്നും, അവര്‍ എന്നോട് വിശദമായി സംസാരിച്ചെന്നും തുടങ്ങുന്ന നീണ്ട പ്രസ്താവന.

“ഇവരൊക്കെയാണ് ചേച്ചീ സ്ത്രീകളുടെ പുരോഗമനത്തിനായി വേഷം കെട്ടുന്ന മൃഗങ്ങള്‍….” മോളി അമര്‍ഷം പ്രകടിപ്പിച്ചു.

വെറുതെ കറുത്ത അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു. വേട്ട മൃഗത്തെ വീണ്ടും വീണ്ടും വേട്ടയാടുന്ന മഷിക്കറുപ്പ്. എന്‍റെ ഭൂതകാലത്തെവിടെയെങ്കിലും ഒരു ഇമ്മോറല്‍ ട്രാഫിക് കേസ് കാണാത്തതില്‍ വിഷമം തോന്നിയ ലേഖകര്‍. നേരിട്ടെന്നെ വേട്ടയാടിയവരേക്കാള്‍ കൂടുതല്‍ മീഡിയകളിലൂടെ, മാധ്യമങ്ങളിലൂടെ ഞാന്‍ വീണ്ടും വേട്ടയാടപ്പെടുന്നു എന്നറിഞ്ഞപ്പോള്‍ ഒരുതരം നിസ്സംഗത മനസ്സില്‍ നിറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിന് മൈലേജ് കിട്ടാന്‍ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് വ്യാജ സാക്ഷികളെ നിരത്തുന്നവരും ക്രിസ്തുവിന്‍റെ മേല്‍ വ്യാജ ആരോപണമുന്നയിച്ച് കുരിശിലേറ്റിയവരുടെ പിന്‍തലമുറക്കാരാണ്.

“ഒരു ചിത്രം കൂടി ഒട്ടിച്ച് ഈ മൃഗങ്ങള്‍ക്ക് ആര്‍ത്തി തീര്‍ക്കാമായിരുന്നു” എന്ന് മോളി പിറുപിറുത്തപ്പോള്‍ എന്‍റെ വിധി എന്ന് സമാധാനിച്ച് പതുക്കെ കണ്ണടച്ചു. ആരോടും പരാതി പറയാനില്ലാത്ത മനസ്സില്‍, ഉള്ളുരുകുന്ന ടോമിച്ചനായിരുന്നു.

ഇനിയെന്ത്…. രണ്ടു ദിവസമായി ഞാന്‍ എന്നോടു ചോദിക്കുന്ന ചോദ്യം ആവര്‍ത്തിക്കുമ്പോഴാണ് കര്‍ട്ടനിട്ട ചില്ലുവാതില്‍ തുറന്നടഞ്ഞത്. അതിന് സമീപം ടോമിച്ചന്‍…!! ഷേവ് ചെയ്യാത്ത മുഖം കരുവാളിച്ചിരിക്കുന്നു..! ഒന്നുകൂടെ നോക്കാന്‍ ശക്തിയില്ലാതെ പതുക്കെ മുഖം തിരിച്ച നിമിഷം മനസ്സ് തീരുമാനിച്ചു. ഇല്ല, ഞാനെന്ന അശുദ്ധിയെ സ്വീകരിക്കാന്‍ ഈ വിശുദ്ധിയെ അനുവദിക്കരുത്.

തന്‍റെ തലയില്‍ തലോടിയ ആ കൈകള്‍ കവര്‍ന്നപ്പോള്‍ അറിയാതെയാണെങ്കിലും അമര്‍ത്തിവെച്ചിരുന്ന സങ്കടം അണപൊട്ടിയൊഴുകി.

“ഇതെന്താ മോളെ, നീ ഇങ്ങനെ ദുഃഖിക്കുന്നതെന്തിന്? അച്ചന്‍ നിന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞില്ലേ. എന്നോടും പറഞ്ഞു.”

ഗദ്ഗദകണ്ഠനായി ടോമിച്ചന്‍ തന്‍റെ കൈകള്‍ കവര്‍ന്നു. ആ കൈകളിലെ ഇളം ചൂടിനോട് ചേര്‍ന്നപ്പോള്‍ പ്രതിഷേധിച്ചു കൊണ്ടിരുന്ന തനിക്ക് ആ സ്നേഹത്തിന്‍റെ ഉള്ളുരുക്കത്തോട് അധികസമയം എതിര്‍ത്തു നില്‍ക്കാനായില്ല. മരണക്കയത്തിലെ കച്ചിത്തുരുമ്പായി ആ കൈകള്‍ നെഞ്ചോടു ചേര്‍ത്തു….സ്നേഹത്തിന്‍റെ അധികാരത്തോടെ……..കൂടുതല്‍ ശക്തിയോടെ……!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top