Flash News

മനസ്സിലെ ക്ലോക്കില്‍ ഇരുപത്തഞ്ചാം മണിക്കൂര്‍

May 27, 2018

nettikattന്യൂയോര്‍ക്ക്: ദിവസത്തിന് എത്ര മണിക്കൂര്‍ എന്നു ചോദിച്ചില്‍ ജോബ് നെറ്റിക്കാട്ടിലിന്റെ ഉത്തരം ഇരുപത്തഞ്ച് എന്നായിരിക്കും. എന്തെന്നാല്‍ കാര്യങ്ങള്‍ അടുക്കിയെടുക്കാന്‍ അദ്ദേഹത്തിന് ഇരുത്തിയഞ്ചു മണിക്കൂര്‍ ഉണ്ടായേ പറ്റൂ.

മെയില്‍ നേഴ്‌സായ ജോബ് നെറ്റിക്കാട്ടേല്‍ 12 മണിക്കൂര്‍ കണക്കില്‍ ദിവസം രണ്ടു ജോലികള്‍ ചെയ്യുമ്പോഴാണ് 24 മണിക്കൂര്‍ എന്ന ഭൂമിശാസ്ത്ര പാഠപുസ്തകത്തില്‍ ഒതുങ്ങാതെ വരുന്നത്. ബ്രൂക്‌ലിനിലെ ബ്രൂക്‌ഡെയ്ല്‍ ഹോസ്പിറ്റലില്‍ രാവിലെ ഏഴിന് ജോലി തുടങ്ങും. അറ്റ്‌ലാന്റിക് അവന്യൂവിലുളള ഇന്റര്‍ഫെയ്ത് ഹോസ്പിറ്റലില്‍ രണ്ടാം ജോലിക്ക് കയറേണ്ടത് വൈകുന്നേരം ഏഴിന്. അര മണിക്കൂര്‍ വേണം ബ്രൂക്‌ഡെയ്‌ലില്‍ നിന്നും ഇന്റര്‍ഫെയ്തിലെത്താന്‍. ജനനിബിഡമായ ന്യൂയോര്‍ക്കിലെ ട്രാഫിക് പ്രശ്‌നങ്ങളില്ലെങ്കിലാണ് അര മണിക്കൂര്‍. പിറ്റേന്നും ഇതു തന്നെ അവസ്ഥ. ഇന്റര്‍ഫെയ്തില്‍ നിന്നും ബ്രൂക്‌ഡെയ്‌ലിലേക്ക് യാത്രക്ക് അരമണിക്കൂര്‍. 12 മണിക്കൂര്‍ വീതം രണ്ടു ജോലിയും രണ്ടു യാത്രക്കായി അരമണിക്കൂര്‍ വച്ച് ഒരു മണിക്കൂറും. മൊത്തം കൂട്ടുമ്പോള്‍ 25.

പ്രഹേളികയെന്നോ, പ്രതിഭാസമെന്നോ, പ്രതിഭാധനനെന്നോ ഇഴപിരിച്ചെടുക്കാനാവാത്ത മായയാം മാരീചനാണ് ജോബ് നെറ്റിക്കാട്ടേല്‍. ഈ നിമിഷം അദ്ദേഹം സുരപാന സദസുകളിലെ നായകനായിരിക്കും, അടുത്ത സെക്കന്‍ഡില്‍ യൂണിഫോം അണിഞ്ഞുളള മെയില്‍ നേഴ്‌സ്, തൊട്ടടുത്ത നിമിഷം ജീവിത നൗകയുടെ അമരത്തിരിക്കുന്ന കുടുംബസ്ഥന്‍. അവിടുന്നങ്ങോട്ട് എത്ര മിനുക്കിയെടുത്താലും ഉത്തരത്തിന് പിടികൊടുക്കാത്ത സുഹൃത്ത്, സഹോദരന്‍…അങ്ങനങ്ങനെ…

Job Nettickattel 1ഉറങ്ങാതെ 24 മണിക്കൂര്‍ ജോലി തുടങ്ങുന്നത് വല്ലപ്പോഴും ലക്ഷ്വറിയായി കിട്ടുന്ന ഉറക്കം ഉപേക്ഷിക്കാന്‍ തലയില്‍ ഘടിപ്പിച്ച അലാറം ബെല്ലടിക്കുമ്പോളായിരിക്കും. 24 മണിക്കൂര്‍ പിന്നെ 32 ആവും, 48 ഉും, 72 ഉം ആവും. ജോലിയെന്ന തുളുനാടന്‍ കളരിയില്‍ ഒതേനച്ചുവടുകള്‍ പയറ്റി ജോബ് മണിക്കൂറുകള്‍ തികയ്ക്കുമ്പോള്‍ സൂര്യനും ഭൂമിയും പുറത്ത് പല തവണ കിളിത്തട്ട് കളി നടത്തി ദിവസങ്ങള്‍ മറിച്ചിടുകയാണ് പതിവ്.

ഇരുപത്തഞ്ചാം മണിക്കൂര്‍ മോര്‍ട്ട്‌ഗേജെടുത്ത് ജോബ് ഈ സമര്‍പ്പണം തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. എന്നുവച്ചാല്‍ ഇരുപത്തഞ്ചു വര്‍ഷം. രജത ജൂബിലി നമ്പറായ 25 അവിടെയും അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്.

കടുത്തുരിത്തിക്കടുത്ത് കോതനെല്ലൂര്‍ നെറ്റിക്കാട്ടേല്‍ ജോസഫിന്റെയും മേരിയുടെയും മകനായ ജോബ് നേഴ്‌സിംഗ് പ്രൊഫഷണിലേക്ക് വഴിതെറ്റി വന്നതൊന്നുമല്ല. അതൊരു ജീവിത നിയോഗത്തിന്റെ ചീട്ടെടുക്കലായിരുന്നു. ആണുങ്ങള്‍ കടന്നുവരാന്‍ മടിച്ചിരുന്ന കാലത്ത് നേഴ്‌സിംഗിലെത്തുകയും ആ ജോലിയെ എങ്ങനെ ഇസ്തിരിയിട്ട ശൈലിയിലൂടെ പ്രൊഫഷണലിസത്തിന്റെ പൊന്നമ്പലമേട്ടില്‍ എത്തിക്കുകയും ചെയ്യാമെന്ന കഠിനാധ്വാനത്തിന്റെ സാക്ഷ്യ പത്രം..ഒരു റഫറന്‍സ് ഗ്രന്ഥം പോലെ…

ഇരുപത്തഞ്ചാം മണിക്കൂര്‍ മെയ് 31 ന് ജോബിന് മുന്നില്‍ സുല്ലിടുകയാണ്. ഇത്രനാള്‍ അത്‌ലറ്റിക് മനസോടെ ചെയ്തു തീര്‍ത്ത ജോലിക്ക് അന്നാണ് ഷുള്‍സ്‌റ്റോപ്പ്. ഇനിയങ്ങോട്ട് ജോലിയില്ല. വിരമിക്കുക എന്ന് കാലവും പ്രായവും കല്‍പ്പിച്ച ചരിത്ര നിയോഗവുമായി അദ്ദേഹം ഹോസ്പിറ്റലുകളുടെ പടിയിറങ്ങുന്നുന്നു. മുന്‍കാല നേഴ്‌സ് എന്ന കളഭച്ചാര്‍ത്താണ് ഇനി.. എന്നോ കൈവിട്ടു പോയ 24 മണിക്കൂര്‍ സാധാരണ ജീവിതം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തോടെ. മനസിലെ ക്ലോക്കിലും ജൂണ്‍ ഒന്നുമുതല്‍ 24 മണിക്കൂര്‍ മാത്രമേയുളളൂ..

കത്തോലിക്കാ സഭയുടെ അച്ചടി നാവായ ദീപിക ദിനപത്രത്തിലെ രണ്ടുകോളം പരസ്യത്തില്‍ ചാച്ചന്റെ കണ്ണുടക്കിയതാണ് എന്റെ ജീവതയാത്രയുടെ സഡണ്‍ ടേണ്‍ എന്ന് ജോബ് നെറ്റിക്കാട്ടേല്‍ അനുസ്മരിക്കുന്നു. എണ്‍പതുകള്‍ മിഴിതുറക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആണുങ്ങള്‍ക്കും നേഴ്‌സിംഗ് പഠിക്കാന്‍ അവസരമെന്നും അത് വിദേശത്ത് ജോലി ഉറപ്പിക്കുമെന്നതായിരുന്നു പരസ്യത്തിന്റെ കാതല്‍. കുറവിലങ്ങാട് ദേവമാതാ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് ജോബ്. പിതാവിന്റെ താല്‍പ്പര്യവും തന്നിലര്‍പ്പിച്ച വിശ്വാസവും കണക്കിലെടുത്ത് കോട്ടയം ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെ നേഴ്‌സിംഗ് സ്കൂളില്‍ വെടിയേറ്റു വീണതു പോലെ ജോബ് വിദ്യാര്‍ത്ഥിയായി.

അക്കാലത്തെ കോട്ടയം കേരളത്തിന്റെ ചിക്കാഗോയാണ്. ആഘോഷവും ആഹ്‌ളാദവും ആരവമാക്കുന്ന യുവത്വത്തിന്റെ നാട്. അക്ഷരവും അച്ചുകൂടവും ആരാധിക്കുന്നവരുടെ സൂര്യകാലടി മന… ലാന്‍ഡ് ഓഫ് ലെറ്റേഴ്‌സ്, ലാറ്റക്‌സ് ആന്‍ഡ് ലെയ്ക്‌സ് എന്ന വിശേഷണവുമുണ്ട് അന്നും എന്നും മീനച്ചിലാറിന്റെ കാമുകിയായ കോട്ടയത്തിന്.

ജീവിതം ഉല്ലാസമായി കാണുന്ന ജോബ് ഊഷ്മളതയോടെ നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കേരള ഗവണ്‍മെന്റ്‌ സര്‍വീസില്‍ തിരുവനന്തപുരത്ത് ജോലി ചെയ്യവേയാണ് വിവാഹിതനായി അമേരിക്കയില്‍ എത്തുന്നത്.

തൊണ്ണൂറുകളുടെ ആദ്യം അമേരിക്കയിലെത്തിയ ഞാന്‍ ആദ്യ നാലുവര്‍ഷം ഒരു ജോലി മാത്രമാണ് ചെയ്തിരുന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. എന്നാല്‍ ജീവിതത്തിന്റെ കൂട്ടിയാല്‍ കൂടാത്ത ഉത്തരവാദിത്വങ്ങള്‍ എഞ്ചുവടി പട്ടിക പോലെ പെരുകുകയും അതൊക്കെ കൂട്ടിക്കിഴിച്ചെടുക്കുകും ചെയ്തപ്പോള്‍ രണ്ടു ജോലിയിലേക്ക് അറിയാതെ എത്തുകയായിരുന്നു. കാലക്രമേണ രണ്ടു ജോലി ദിനചര്യയായി.

ആര്‍.എന്‍ പരീക്ഷ പാസായ ഞാന്‍ ഒരു ജോലി ചെയ്ത് ആര്‍.എന്‍ ആയിത്തന്നെ കുറച്ചുകാലം ജീവിച്ചു. രണ്ടു ജോലി ചെയ്തപ്പോള്‍ മുതല്‍ 12 എന്‍ ആയി. എന്നുവച്ചാല്‍ രണ്ട് ആര്‍.എന്‍ കൂടുമ്പോള്‍ പന്ത്രണ്ടെന്‍. പേരു തന്നെ പര്യായമായി മാറിയതും രണ്ടു ജോലി മുതല്‍ക്കാണ്. സദാസമയവും ജോലി. ജോബ് എന്നാല്‍ ജോലി തന്നെ.

പടനിലങ്ങളായിരുന്നു രണ്ടു ജോലി സ്ഥലങ്ങളും. ഒരിടത്ത് ഓപ്പറേഷന്‍ റൂമില്‍. മറ്റിടത്ത് എമര്‍ജന്‍സി റൂമില്‍. ശ്വാസം വിടാന്‍ പോലും സമയം കിട്ടാതെയുളള തിരിക്കാണ് രണ്ടിടത്തും. അലസതയുളളവര്‍ക്ക് ഇവിടെ പിടിച്ചു നില്‍ക്കാനാവില്ല. ആസ്വദിച്ച് അധ്വാനിക്കുന്ന ജോബ് അവിടെയും നിര്‍ണായകമായി. മൂക്കിന്റെ തുമ്പത്ത് കോപമുളള വാസ്കുലാര്‍ സര്‍ജന്‍ ഫ്‌ളോറസും ഓര്‍ത്തോപീഡിക് സര്‍ജന്‍ സ്ട്രാക്കറും സര്‍ജറി ചെയ്യുന്നതുപോലും ജോബിന്റെ സാന്നിധ്യം ഉറപ്പുളള ദിവസങ്ങള്‍ നോക്കിയായിരുന്നു.

കണ്ണിറുക്കാതെ എങ്ങനെ ഈ ജോലി എന്നു ചോദിച്ചാലും അദ്ദേഹത്തിന്റെ വാലറ്റില്‍ ഇന്‍സ്റ്റന്റ് ഉത്തരമുണ്ട്. കണക്കില്ലാതെ വെളളമൊഴിച്ച് നന്നായി കുളിക്കുക. ഒരു മണിക്കൂര്‍ ഇടവേളയില്‍ ചെറുതായെങ്കിലും ഭക്ഷണം കഴിക്കുക. എല്ലാറ്റിനുമുപരി നമുക്ക് ജീവിതം തരുന്നത് ജോലിയാണെന്ന് അറിയുക. അതില്‍ ആസ്വദിക്കുക…

ആസ്വദിച്ചുകൊണ്ടാണ് ഇത്രനാള്‍ ഞാന്‍ ജോലി ചെയ്തിരുന്നതെന്ന് ഗാംഭീര്യ ശബ്ദമുളള ജോബ് നെറ്റിക്കാട്ടേല്‍. ആസ്വദിക്കുമ്പോഴാണ് ജോലി ജോലി അല്ലാതായി മാറുന്നത്. ആസ്വദിക്കുന്ന ജോലിയുടെ മഹത്വം മലയാളത്തിന്റെ പുലിതാരം മോഹന്‍ലാലും ഒരിക്കല്‍ ന്യൂയോര്‍ക്കില്‍ വിവരിച്ചിട്ടുണ്ട്. സിനിമാ പ്രവേശനത്തിന്റെ മുപ്പതാം വാര്‍ഷികം കോള്‍ഡന്‍ സെന്ററില്‍ ആഘോഷിക്കവേയാണ് അഭിനയം ആസ്വദിച്ചുകൊണ്ട് ചെയ്യുന്നതിനാല്‍ അതെനിക്കൊരു ജോലി അല്ലാതാവുന്നതെന്ന് അദ്ദേഹം പറഞ്ഞത്.

Job Netticattel with wife Beena and daughters Jothi and Sruthiഈ ആശയവുമായി മോഹന്‍ലാലിനോടു യോജിക്കുമെങ്കിലും അദ്ദേഹത്തിന്റെ ആരാധകനൊന്നുമല്ല ജോബ് നെറ്റിക്കാട്ടേല്‍. പൗരുഷത്തിന്റെ ആള്‍രൂപമായ മമ്മൂട്ടിയാണ് ജോബിന്റെ മനസിലെ ഹീറോ. ഇടവേളകള്‍ ഉല്ലാസമാക്കി മാറ്റുന്നത് മമ്മൂട്ടി ചിത്രങ്ങളുടെ യൂ ട്യൂബ് ക്ലിപ്പുകള്‍ കണ്ടുകൊണ്ടാണ്. നൂറുപേര്‍ ഒരുമിച്ച് എതിര്‍ത്താലും മമ്മൂട്ടിക്കു വേണ്ടി ഒറ്റയാള്‍ പട്ടാളമായി പൊരുതുന്ന കട്ട ഫാനാണ് അദ്ദേഹം. ഭരത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് അമേരിക്കയില്‍ രൂപം കൊടുത്താല്‍ അതിന്റെ ലൈഫ് ടൈം ചെയര്‍മാനായി ജോബിനെ രണ്ടാം ചോദ്യമില്ലാതെ നിയമിക്കാം.

രണ്ടു ജോലിയും രണ്ടു ശമ്പളവും രണ്ടു പെന്‍ഷനും ഉറപ്പാക്കി ജീവിക്കുമ്പോഴും അതെല്ലാം എന്റെ കീശയില്‍ തന്നെയാവണം എന്നു കരുതുന്ന പ്രകൃതക്കാരനല്ല ജോബ് നെറ്റിക്കാട്ടേല്‍. ആവശ്യക്കാരെ ആവശ്യവും നോക്കിയും നോക്കാതെയും കണക്കെടുത്തും എടുക്കാതെയും അദ്ദേഹം സഹായിക്കും. സഹായം പറ്റുന്നവരുടെ പിന്നാമ്പുറ കഥകളും അന്വേഷിക്കാറില്ല. ആവശ്യത്തിനായാലും ആഘോഷത്തിനായാലും സുഹൃത്തുക്കള്‍ക്ക് മുന്നില്‍ സഹായവുമായി ജോബ് അവതരിച്ചിരിക്കും. അമേരിക്കയില്‍ നിന്നും നാട്ടില്‍ വിഹിതം കിട്ടുന്ന പലര്‍ക്കും ലിവര്‍ സിറോസിസ് വരുന്നതായി അറിഞ്ഞിട്ടുണ്ടെന്ന് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.

രണ്ടു ജോലിയുമായി മണിക്കൂറുകളോട് പോരടിക്കുന്ന ജോബ് വീട്ടില്‍ ദുര്‍ലഭമാണെന്ന് ഹോം മേക്കറായ ഭാര്യ ബീന കണക്കുകള്‍ നിരത്തി വിശകലനം ചെയ്യുന്നു. ഗാര്‍ഹിക ഇടപാടുകള്‍ക്ക് ഭര്‍ത്താവ് ലഭ്യമല്ലാത്തതിനാല്‍ കാര്യങ്ങള്‍ നടത്തിയെടുത്ത ബീനക്ക് ഫലത്തില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററുടെ മുഖഛായ കിട്ടിയിട്ടുണ്ട്. നീറിക്കാട് വലിയമറ്റത്തില്‍ പരേതരായ പി.സി ചാക്കോയുടെയും ചിന്നമ്മയുടെയും മകളാണ് ഏതു നിലവാരത്തിലു ളളവരോടും അവരുടേതായ നിലവാരത്തില്‍ ഇടപെടാന്‍ ചാതുര്യമുളള ബീന. രണ്ടു മക്കളാണ് ഇവര്‍ക്ക്. പിതാവിന്റെ പാത പിന്തുടര്‍ന്ന മൂത്തമകള്‍ ജ്യോതി ഹൂസ്റ്റണിലെ എം. ഡി ആന്‍ഡേഴ്‌സണ്‍ മെഡിക്കല്‍ സെന്ററില്‍ രജിസ്‌റ്റേര്‍ഡ് നേഴ്‌സ്. ഫിസിക്കല്‍ തെറപ്പിസ്റ്റായ ശ്രുതിയാണ് ഇളയ മകള്‍.

ഇരുപത്തേഴു വര്‍ഷക്കാലവും ബ്രൂക്‌നിലില്‍ ജീവിച്ച ജോബ് അടുത്തയിടെയാണ് ഹൂസ്റ്റണില്‍ വീടു വാങ്ങിയത്. ഒന്നാം ജോലിയുളള ബ്രൂക്‌ഡെയ്ല്‍ ഹോസ്പിറ്റലിനടുത്തുളള അപ്പാര്‍ട്ട്‌മെന്റ്‌സമുച്ചയത്തിലായിരുന്നു കഴിഞ്ഞ നാളുകത്രയും താമസം. ഒരു യാത്ര ഒഴിവാക്കാനിയിരുന്നു ഈ അപ്പാര്‍ട്ട്‌മെന്റ് അഡ്ജസ്റ്റ്‌മെന്റ്. ന്യൂയോര്‍ക്കിന്റെ അഞ്ചു ബോറോകളില്‍ ഒന്നായ ഇവിടുത്തെ മുക്കിനും മൂലയ്ക്കും സുപരിചിതനായ ജോബ് ബ്രൂക്‌ലിനില്‍ അലിഞ്ഞു ചേര്‍ന്നതാണോ ബ്രൂക്‌ലിന്‍ ജോബില്‍ ലയിച്ചതാണോ എന്നത് ഇന്നും തര്‍ക്കവിഷയമാണ്.

ജൂണ്‍ രണ്ടാം വാരത്തില്‍ ഹൂസ്റ്റണിലെ മിസോറി സിറ്റിയിലെ സ്വന്തം വീട്ടിലേക്ക് ജീവിതം പറിച്ചു നടുന്ന ജോബിന് ഇനിയെന്താണ് ചെയ്യാനാവുക. അതിനുത്തരം ഇതായിരിക്കും. രാവും പകലുമറിയാതെ ഇത്രനാള്‍ യാന്ത്രികമായി ജീവിച്ച ഞാന്‍ പ്രഭാത സൂര്യനെ കണികണ്ടുണരും. മങ്ങിയ വെളിച്ചത്തില്‍ അസ്തമയ സുര്യന് താല്‍ക്കാലിക ശുഭ രാത്രി നേരും. പിന്നെയുമുണ്ട് കാര്യങ്ങള്‍. പൂര്‍ണമായും കുടുംബത്തില്‍ അലിഞ്ഞു ചേരുക. വിശാലമായി ചിന്തിക്കുക. ലളിതമായി ജീവിക്കുക. കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ആഹ്‌ളാദിക്കുക. അതിനുമപ്പുറം കുറെ നിസ്വാര്‍ത്ഥ സേവനങ്ങളും. ഇത്രയും നാള്‍ ഇല്ലാത്ത ഇരുപത്തഞ്ചാം മണിക്കൂര്‍ പിടിച്ചെടുത്തു ജീവിച്ച എനിക്ക് പ്രപഞ്ച സൃഷ്ടാവിന് അത് തിരിച്ചു നല്‍കിയേ പറ്റൂ…തിരിച്ചടച്ചേ പറ്റൂ…റിവേഴ്‌സ് മോര്‍ട്‌ഗേജ് പോലെ….

തയ്യാറാക്കിയത്: ടാജ് മാത്യു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top