Flash News

കര്‍ണാടകക്കാറ്റും ചെങ്ങന്നൂര്‍ ജനവിധിയും : അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

May 27, 2018

689198-oppnകര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ വഴിത്തിരിവാണുണ്ടാക്കിയത്. ഹിന്ദി മേഖലയ്ക്കു പിറകെ ത്രിപുര ഉള്‍പ്പെട്ട ഉത്തരപൂര്‍വ്വ ദേശങ്ങള്‍ കീഴടക്കി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കര്‍ണാടകവഴി ദക്ഷിണേന്ത്യ പിടിക്കാനാണ് വന്നത്. പക്ഷെ, സംഭവിച്ചത് മോദി ഗവണ്മെന്റിനെ പരാജയപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ പോര്‍മുഖത്തിന്റെ കവാടമായി കര്‍ണാടക മാറിയതാണ്.

ജെ.ഡി.യു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് മുന്നണി ഗവണ്മെന്റ് അധികാരമേറ്റതിനെ സാധൂകരിക്കുംവിധം കുമാരസ്വാമി ഗവണ്മെന്റ് വിശ്വാസവോട്ട് നേടി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിച്ച ബി.ജെ.പി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും വിശ്വാസവോട്ടെടുപ്പിലും പങ്കെടുക്കാതെ പരാജയം സ്വയം പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ ഇതിലും പ്രധാനമാണ് ആകസ്മികമായി ജനവിധിയുടെ തുടര്‍ച്ചയായി കര്‍ണാടകയില്‍ രൂപപ്പെട്ട ദേശീയതല സാന്നിധ്യമുള്ള മതനിരപേക്ഷ കക്ഷികളുടെ പുതിയ കൂട്ടായ്മ. കൂടിയാലോചനകളിലൂടെയും കൂട്ടായ സമരങ്ങളിലൂടെയും ഡല്‍ഹി കേന്ദ്രീകരിച്ചുമാത്രം രൂപപ്പെട്ടു പോന്നതായിരുന്നു ദേശീയതലത്തിലെ പ്രതിപക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങള്‍. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഐയ്ക്കും ബി.ജെ.പിക്കുമെതിരെ ഇതിനുമുമ്പുണ്ടായ രാഷ്ട്രീയ മുന്നണികള്‍. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ തെക്കുദേശങ്ങളിലൊന്നിലെ രാഷ്ട്രീയം തിളച്ചുപൊങ്ങി ദേശീയതല പോരാട്ടത്തിനുള്ള രാഷ്ട്രീയ ശക്തിക്ക് ജന്മംനല്‍കുന്ന യജ്ഞമായി മാറിയതാണ് കര്‍ണാടകയില്‍ കണ്ടത്.

രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളിലെ പല മുഖ്യമന്ത്രിമാരും ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കുക മാത്രമല്ല ചെയ്തത്. ആര്‍.എസ്.എസ് – ബി.ജെ.പി നയിക്കുന്ന കേന്ദ്രത്തിലെ നരേന്ദ്രമോദി ഗവണ്മെന്റിനെ എതിര്‍ത്തു തോല്പിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഒന്നിച്ച് ഉണ്ടാകുമെന്ന് വിധാന്‍സൗദയിലെ സത്യപ്രതിജ്ഞാവേദിയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുകൊടുക്കുകയായിരുന്നു.

RAHUL_ICE_CREAMസംസ്ഥാനത്തിനകത്ത് വൈരാഗ്യവും പകയും രാഷ്ട്രീയ കൈമുതലാക്കി പരസ്പരം കടിച്ചുകീറിയും കുതികാല്‍വെട്ടിയും നയപരമായി അസ്പൃശ്യത പുലര്‍ത്തിയുംപോന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ തിരിച്ചറിവിന്റെയും തിരുത്തലിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതിരൂപങ്ങളായി മാറുന്ന അസാധാരണ കാഴ്ചയാണ് അവിടെ കണ്ടത്. ഇതില്‍ വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും ഇനിയും ഉള്‍ക്കൊള്ളുന്നുണ്ട് എന്ന വസ്തുത മറന്നുകൊണ്ടല്ല ഇതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസുമായി ഒന്നിച്ചു വേദി പാടില്ലെന്ന വാശിക്കെതിരെ മൂന്നുവര്‍ഷത്തിലേറെ ഉള്‍പ്പാര്‍ട്ടി പോരാട്ടം നടത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈ ഉയര്‍ത്തിപ്പിടിച്ച് നേതൃവലയത്തിന്റെ മധ്യത്തില്‍ നിലകൊണ്ടത്. തന്നെക്കാള്‍ പൊക്കംകുറഞ്ഞ മായാവതിയുടെ കൈ സോണിയാഗാന്ധി ദൃഢമായി പിടിച്ചുയര്‍ത്തി പരസ്പരം സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞു. സി.പി.എമ്മുമായി കൊടും ശത്രുതയില്‍ കഴിയുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വേദിയില്‍ നിറഞ്ഞുനിന്നു. മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബിഹാറില്‍നിന്നുവന്ന ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശി തേജസ്വി യാദവ്, എന്‍.സി.പി നേതാവ് ശരദ് പവാര്‍, അടുത്തിടവരെ മോദിയുടെ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായിരുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്തിന് നരേന്ദ്രമോദി – ബി.ജെ.പി – ആര്‍.എസ്.എസ് എന്നീ രാഷ്ട്രീയ പ്രതിയോഗികളെക്കാള്‍ അപകടകാരികളായി കോണ്‍ഗ്രസിനെ കാണുന്ന കേരളത്തിലെ സി.പി.എം മുഖ്യമന്ത്രി പിണറായി വിജയന്‍പോലും അവിടെ പ്രത്യക്ഷപ്പെട്ടു.

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ അതിരൂക്ഷമാകുന്ന വിലക്കയറ്റമുള്‍പ്പെട്ട സാമ്പത്തിക നയങ്ങള്‍ക്കെതിരായ യോജിച്ച പോരാട്ടത്തിന് ഈ രാഷ്ട്രീയ സംഗമം വാതില്‍ തുറന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനിന്ന് വര്‍ദ്ധിപ്പിച്ചുതുടങ്ങിയ ഇന്ധന വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ദേശവ്യാപകസമരം നടത്തുമെന്ന മുന്നറിയിപ്പു നല്‍കിയതിന്റെ രാഷ്ട്രീയ ഊര്‍ജ്ജം കര്‍ണാടക സംഭവവികാസങ്ങളുടെ തുടര്‍ച്ചയായിവേണം വിലയിരുത്താന്‍. ജനങ്ങളും രാജ്യതാല്പര്യങ്ങളുമായി ബന്ധപ്പെട്ട മുന്‍ഗണനാ വിഷയങ്ങളില്‍ ഇതുപോലുള്ള കൂട്ടായ പോര്‍മുഖങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലും ദേശവ്യാപകമായും ഉയരാന്‍പോകുന്നു എന്നതിന്റെ സൂചനകൂടിയാണിത്.

ജനാധിപത്യത്തില്‍ ജനങ്ങള്‍തന്നെയാണ് ഏറ്റവും വലിയ ശക്തിയെന്ന് കര്‍ണാടക ജനവിധി തെളിയിച്ചു. സര്‍വ്വാധികാരങ്ങളുമായി പ്രധാനമന്ത്രിയും കള്ളപ്പണക്കാരും ഗവര്‍ണറും അറ്റോര്‍ണി ജനറലും വളഞ്ഞുവയ്ക്കാന്‍ ശ്രമിച്ചിട്ടും സുപ്രിംകോടതി ഇടപെടലിലൂടെ ജനവിധിയെ രക്ഷിക്കാനായി. ഒറ്റക്കക്ഷിയായി എന്നത് എം.എല്‍.എമാരെ വിലക്കെടുത്ത് ഭരിക്കാനുള്ള ലൈസന്‍സല്ല.

karnataka-election-live-yeddyurappa-talks-tickets-with-amit-shah-first-list-expected-soon-1140x570കോണ്‍ഗ്രസിനും ബി.ജെ.പിക്കും ജനതാദളിനും ഒറ്റയ്ക്കു ഭരിക്കാന്‍ ജനവിധി ഉണ്ടായിരുന്നില്ല. കുറേ സ്വതന്ത്രന്മാരെ വിജയിപ്പിച്ച് കുതിരക്കച്ചവടത്തിന് ജനങ്ങള്‍ അനുമതി നല്‍കിയില്ല. ബി.ജെ.പിക്ക് മറ്റാരുമായി ചേര്‍ന്നും ഒറ്റയ്ക്കു ഭരിക്കാനുള്ള അനുമതിയും നിഷേധിച്ചു. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസും ജനതാദളും ചേര്‍ന്ന് തെരഞ്ഞെടുപ്പിനു ശേഷമുള്ള മുന്നണി രൂപീകരിച്ച് ഭരണം കയ്യാളുക എന്നതാണ് തൂക്കുസഭയില്‍ തുറന്നുകിടക്കുന്ന ഏകമാര്‍ഗം.

ഒറ്റപ്പാര്‍ട്ടിയായി മുമ്പ് കോണ്‍ഗ്രസും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിറകെ ഡല്‍ഹിയില്‍ ബി.ജെ.പിയും വഴിമാറി രണ്ടാമത്തെ പാര്‍ട്ടിക്ക് ഭരണം കൈമാറിയിട്ടുണ്ട്. നിയമസഭയാണ് ഭൂരിപക്ഷം തെളിയിക്കേണ്ട ശരിയായ വേദിയെന്ന് വെള്ളിയാഴ്ചത്തെ വിശ്വാസവോട്ടെടുപ്പോടെ കര്‍ണാടകയും തെളിയിച്ചു.

ഒറ്റയ്ക്കു ഭരിക്കാന്‍ കഴിയുമെന്ന അഹന്ത കോണ്‍ഗ്രസിനുണ്ടായിരുന്നതു കൊണ്ടാണ് ബി.ജെ.പിയെ കൂട്ടായി എതിര്‍ക്കാതെ ജനതാദള്‍ എസും കോണ്‍ഗ്രസും ഏറ്റുമുട്ടിയത്. ആ തെറ്റ് അതിവേഗം തിരുത്തി കോണ്‍ഗ്രസ് തന്നെ ശരിയായ വഴിക്കുവന്നു. രണ്ടാമത്തെ പാര്‍ട്ടിയായ ജനതാദള്‍ (യു)വിന്റെ നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ അവര്‍ തയാറായി. കേരളത്തില്‍ ഒന്നാംകക്ഷിയായിട്ടും അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാന്‍ ഇന്ദിരാഗാന്ധി നിര്‍ദ്ദേശിച്ച നിലപാടാണ് സോണിയാഗാന്ധി കുമാരസ്വാമിയുടെ കാര്യത്തില്‍ കര്‍ണാടകയില്‍ സ്വീകരിച്ചത്.

2006ല്‍ അച്ഛന്‍ ദേവഗൗഡയെ ധിക്കരിച്ച് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിലെ തെറ്റ് കുമാരസ്വാമി ഏറ്റുപറഞ്ഞാണ് നിയമസഭയില്‍ വിശ്വാസവോട്ട് അവതരിപ്പിച്ചത്. അച്ഛനെപ്പോലെ എന്നും മതേതരവാദിയായി തുടരുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട്.

ചുരുക്കത്തില്‍ ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പി മുന്നണിയെ പരാജയപ്പെടുത്തുകയാണ് ഏറ്റവും മുഖ്യ പ്രശ്‌നമെന്ന കാര്യത്തില്‍ സ്വയം മാറാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ബന്ധിതമാകുന്ന ഒരു പുതിയ രാഷ്ട്രീയാന്തരീക്ഷം രാജ്യത്ത് രൂപപ്പെട്ടിരിക്കയാണ്. വരും ദിവസങ്ങളില്‍ ഇതിന്റെ സ്വാധീനം ദേശവ്യാപകമായി ഉണ്ടാകും.

അതിന്റെ ആദ്യപ്രകടനം അടുത്തദിവസം ജനവിധി നടക്കുന്ന കേരളത്തിലെ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലുണ്ടാകും. അതാകട്ടെ നിശ്ചയമായും ബി.ജെ.പിയുടെ മോഹത്തിനും എല്‍.ഡി.എഫിന്റെ അവകാശവാദത്തിനും എതിരാകാനേ സാധ്യതയുള്ളൂ.

rahul-gandhi-jds-pti-1522037269ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതിയൊരു ഘട്ടം കുറിച്ച കര്‍ണാടകയിലെ പ്രതിപക്ഷ രാഷ്ട്രീയ ഐക്യത്തിന്റെ കാറ്റിനെതിരാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. പുതിയ രാഷ്ട്രീയത്തിന് കാറ്റുപിടിപ്പിക്കുന്നതിനു പകരം കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്ന അജണ്ടയാണ് സി.പി.എം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. 22-#ാ#ം പാര്‍ട്ടി കോണ്‍ഗ്രസ് ഏല്‍പ്പിച്ച രാഷ്ട്രീയദൗത്യവും ജനറല്‍ സെക്രട്ടറി യെച്ചൂരി കര്‍ണാടകയിലെത്തി കാണിച്ച രാഷ്ട്രീയ വ്യക്തതയും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം പുലര്‍ത്തുന്നില്ല.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സി.പി.എം പിന്താങ്ങണമെന്നല്ല ഇതിനര്‍ത്ഥം. നരേന്ദ്രമോദിയുടെയും ആര്‍.എസ്.എസിന്റെയും പ്രതിനിധിയായ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും തോല്‍പ്പിക്കുന്നത് പ്രധാന ദൗത്യമായി എടുക്കുന്നില്ല. ബി.ജെ.പിയെ തകര്‍ത്ത് എല്‍.ഡി.എഫ് വിജയിക്കുന്നത് മനസിലാക്കാം. യു.ഡി.എഫിനെ തകര്‍ത്ത് ബി.ജെ.പിയെ ജയിപ്പിക്കുന്നത് പക്ഷെ മനസിലാക്കാനാവില്ല.

എതിര്‍പ്പിന്റെ കുന്തമുന ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയിലേക്കു കേന്ദ്രീകരിച്ചുകൊണ്ടുള്ള പോരാട്ടം ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പരമാവധി വോട്ട് നേടാനുള്ള പരോക്ഷ സഹായമായി മാറുന്നു. എങ്കിലും ജെ.ഡി.യുകൂടി ഘടകക്ഷിയായിട്ടുള്ള എല്‍.ഡി.എഫിന് ഇന്ത്യയാകെ വീശാന്‍പോകുന്ന ബി.ജെ.പിക്കെതിരായ കര്‍ണാടകക്കാറ്റ് ചെങ്ങന്നൂരില്‍ പ്രതികൂലമാകും. ബി.ജെ.പിയെ മുഖ്യശത്രുവായി കാണുന്നവരെല്ലാം സി.പി.എമ്മിന്റെ ഈ രാഷ്ട്രീയ അടവിന്റെ അപകടം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന സാഹചര്യം അവസാനദിവസങ്ങളില്‍ ശക്തിപ്പെടും. കെ.എം മാണിയുടെ വരവിനേക്കാളും ബി.ഡി.ജെ.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും ബി.ജെ.പിക്കെതിരായ നിലപാടിനെക്കാളും യു.ഡി.എഫിനുള്ള ഏറ്റവും വലിയ അനുകൂല ഘടകം കര്‍ണാടക മുന്നോട്ടുവെക്കുന്ന ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബി.ജെ.പിയോടും പിണറായി വിജയനും സി.പി.എം സംസ്ഥാന ഘടകവും പുലര്‍ത്തുന്ന മൃദുസമീപനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇതിനകം വിവാദമായി.

രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ സൂക്ഷ്മമായി പുറത്തുകൊണ്ടുവരുന്നതില്‍ വിദഗ്ധനായ എ.കെ ആന്റണിയാണ് പിണറായിയെ തുറന്നുകാട്ടുന്നത്. രാജ്യത്തെ 28 മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന് മാത്രമാണ് മുന്‍കൂട്ടി അറിയിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കടന്നുചെല്ലാന്‍ അനുവാദമുള്ളതെന്ന ആന്റണിയുടെ വെളിപ്പെടുത്തല്‍ പിണറായി നിഷേധിച്ചിട്ടില്ല. പിണറായിയും കോടിയേരിയും യെച്ചൂരിയെ എതിര്‍ക്കുന്നത് നരേന്ദ്രമോദിക്കു വേണ്ടിയാണെന്നും ബി.ജെ.പിയെക്കാള്‍ കോണ്‍ഗ്രസ് വരുന്നത് തടയുകയാണ് ലക്ഷ്യമെന്നും ആന്റണി പറയുന്നു. കേന്ദ്രം കേരളത്തെക്കുറിച്ച് നല്ലതു പറയുമ്പോള്‍ അങ്ങനെയല്ലെന്ന് പറയണോ എന്നാണ് പിണറായിയുടെ ചോദ്യം.

‘എന്നെപ്പറ്റി വര്‍ഗശത്രുക്കള്‍ നല്ലതു പറയുമ്പോള്‍ എനിക്കു കാര്യമായ എന്തോ പിശകുണ്ടെന്ന് മനസിലാക്കിക്കൊള്ളണം’ – ഇ.എം.എസ് പറഞ്ഞിരുന്നത് പിണറായി ഓര്‍ക്കുന്നുണ്ടോ ആവോ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top