Flash News

യാത്രക്കാരി – യാത്ര തുടരുന്നു (ഭാഗം രണ്ട്): തോമസ് കളത്തൂർ

May 31, 2018

yathra thudarunnu bannerസായംസന്ധ്യയുടെ നൈസര്‍ഗ്ഗികമായ വെളിച്ചം, വൈദ്യുതിയുടെ കൃത്രിമ വെളിച്ചത്തിനു വഴിമാറി കഴിഞ്ഞു. എന്നാൽ മേഘപാളികൾ ക്കിടയിൽ നിന്ന് ശീത കിരണൻ, ശശാങ്കൻ, പ്രത്യക്ഷപ്പെട്ടതോടെ വൈദ്യുതിയുടെ കൃത്രിമ വെളിച്ചത്തിനു മങ്ങലേറ്റു. ഇരുട്ടിനെ ഇല്ലായ്മ ചെയ്യാൻ കൃത്രിമത്വത്തിനു ആവില്ല. അല്ലെങ്കിൽ കൃത്രിമത്വം വെളിച്ചമായി തീരണം. തമസ്സ് അഥവാ ഇരുട്ട് , വെളിച്ചം തരുന്ന വിളക്കിന് ചുവട്ടിലോ ഉള്ളിലോ പതിയിരിക്കുന്നു. അതുപോലെ വെളിച്ചം പതിക്കുന്നിടത്തിനു പിന്നിൽ, ഒരു നിഴലായി ഇരുട്ട് ഒളിക്കുന്നുണ്ടാവും. ഈ ഇരുട്ടും വെളിച്ചവും എനിക്കിനി ബാധകമല്ല. . സാറ്റിൻ തുണിയിൽ പൂക്കൾ തുന്നിയ മർദ്ദവമേറിയ മെത്തയിൽ സുഖശയനത്തിൽ ആയിരുന്ന എന്റെ സൂക്ഷ്മതന്തുക്കളെ പ്രകമ്പനും കൊള്ളിച്ചുകൊണ്ട് ബോധമണ്ഡലം, “അവൾ, ആ യാത്രക്കാരി, യാത്ര തുടർന്ന് ഇവിടെ എത്തുന്നു” എന്ന് അറിയിച്ചു . എങ്ങനെ, എപ്പോൾ, ഈ ചോദ്യങ്ങൾ ഉയർന്നു വന്നെങ്കിലും ഉത്തരം കണ്ടുപിടിക്കാൻ പാടുപെടേണ്ടി വന്നില്ല. കൂടുതൽ ചിന്തിച്ചു സമയം കളയേണ്ടതില്ല , സ്വീകരിക്കാൻ ഒരുങ്ങുകയേ വേണ്ടു. ഇന്നൊരു ‘വിഷു’വിൻ നാളാണ് . പക്ഷെ ഇവിടെ ആഘോഷങ്ങൾക്ക് സ്ഥാനമില്ല , നഷ്ടങ്ങൾക്കും ഓർമ്മകൾക്കും അതിൻറെ ദുഃഖങ്ങൾക്കും മാത്രം . അല്ലെങ്കിലും അമേരിക്കയിൽ എന്തു വിഷു, പ്രേത്യേകിച്ചും കാലയവനികയ്ക്കുള്ളിൽ… അവൾ ഉടനെ എത്തും , വേഗം ഒരുങ്ങേണ്ടി ഇരിക്കുന്നു. എക്സറേയ് കിരണങ്ങളെ പോലെ , ഞാൻ കോൺക്രീറ്റ് പാലകയിലുടെ കടന്ന്‌ മനോഹരമായ പുൽപ്പുറത്തെത്തി. ഒരു രാജമല്ലി പൂങ്കുല അടർത്തി എടുത്തു സൂക്ഷിച്ചു , അവളെ സ്വാഗതം ചെയ്യാൻ.

പുൽത്തകിടിയിൽ അവിടവിടെ ആയി തണൽ മരങ്ങളും നെടുകെയും കുറുകെയും കോൺക്രീറ്റ് വഴികളും നിർമ്മിച്ചിട്ടുണ്ട്, ശാന്തതക്ക് ഭംഗം വരാതെ, വണ്ടികൾക്കു പതിയെ സഞ്ചരിക്കാനായി. ശ്മശാന മൂകത ഒട്ടും നഷ്ട മാവാതെ തളംകെട്ടി നിൽക്കുന്നു , ഇവിടെ. എന്നാൽ മുന്നിലുള്ള “ടെലിഫോൺ” റോഡിലൂടെ വണ്ടികൾ പാഞ്ഞു പോകുന്നു. “ബെൽറ്റുവേ എട്ട്‌ ” ൽ നിന്നും, ബ്രോഡ്‍വെയിൽ നിന്നും ഇവിടെ വേഗം എത്തിച്ചേരാം. അന്ത്യ വിശ്രമത്തിനായി പെയർലണ്ടിലെ ” സൗത്ത് പാർക്ക് , അനേക മലയാളികളും തെരഞ്ഞെടുത്തിരിക്കുന്നു.

കുരിശ്ശ്കൊത്തിയ വെണ്ണക്കല്ലിലേക്കു ഞാൻ ചാരി ഇരുന്നു. ചിന്തകൾ, അവളെ ചുറ്റിപ്പറ്റി സഞ്ചരിച്ചു. അവൾക്കിവിടെ എത്താൻ, അഡ്രസ്സും “ജി.പി.എസ്സും” ഒന്നും ആവശ്യമില്ല. കേരളത്തിലെ കോട്ടയത്ത് നിന്നും തനിയെ ഇവിടെ എത്താമെങ്കിൽ , എന്റെ അടുത്തെത്താൻ ആഗ്രഹത്തിൽ ഉപരി ആയി ഒന്നും തന്നെ ആവശ്യമില്ല.. രാജമല്ലി പൂക്കൾ ഒരു “വിഷുക്കണി” പോലെ അവൾക്ക് നൽകി സ്വാഗതം ചെയ്യാനുറച്ചു. ഓർമ്മകളും സ്വപ്നങ്ങളും മാത്രം മനസ്സിന്റെ ചെപ്പിലടച്ചു സൂക്ഷിക്കാൻ തുടങ്ങിയിട്ട് അനേക ദശാബ്ദങ്ങൾ തന്നെ കഴിഞ്ഞിരിക്കുന്നു, നേരിൽ കാണാനാവാതെ. അവൾ ഇത്ര നാളും എന്റെ സ്വപ്നങ്ങളിൽ ജീവിച്ചു. സ്വപ്നങ്ങൾക്കും ഉപരിയായി, എന്നോടൊന്നിക്കണമെന്ന അവളുടെ അപ്രതിരോദ്ഥ്യമായ അഭിലാഷമാണ് ഭൂഖണ്ഡങ്ങൾ കടന്നു ഇവിടെ എത്താൻ അവളെ സഹായിച്ചത്. ശുഭ്രവും സുതാര്യവുമായ ഒരു വസ്ത്രം, അന്തരീക്ഷത്തിലൂടെ ഒഴുകി…ഒഴുകി….എന്റെ മുൻപിലെത്തി. മഞ്ഞിൽ തീർത്ത ഒരു സ്തംഭം കണക്കെ എനിക്ക് അഭിമുഖമായി നിന്നു. മറ്റൊരു മഞ്ഞു സ്തംഭമായി ഞാൻ ഉയർന്നു നിന്നു. പതുക്കെ, എനിക്ക് അവളുടെ മുഖവും കൈകാലുകളും ശരീരവുംനനുനനുത്ത വെളുത്ത മഞ്ഞിനുള്ളിൽ ദൃശ്യം ആയിവന്നു. അനേക നാളെത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങൾ ഒന്നിക്കുകയാണ്. നിർന്നിമേഷനായി നിന്ന് പോയി.

“എന്നെ ഓര്‍മ്മ ഉണ്ടോ ? നമ്മൾ മുൻപ് എവിടെ എങ്കിലും വെച്ച്………….. എന്റെപേര്‌ ഓർമ്മയുണ്ടോ ? അവൾ ഒരു ചെറു ചിരിയോടെ കുസൃതി ചോദ്യങ്ങൾ തൊടുത്തു വിട്ടു . ആ നീണ്ട കണ്ണുകളും, കൊഞ്ചലും കുറുമ്പും സമ്മേളിക്കുന്ന ചുണ്ടുകളും, എനിക്ക്ശരിക്കു കാണാമായിരുന്നു. രാജമല്ലി പൂവ് അവൾക്കു നേരെ നീട്ടികൊണ്ടു ഞാൻ മറുചോദ്യം എറിഞ്ഞു. “ഇനിയും പേരും മേൽവിലാസവും ഒക്കെ പറയണോ? ഞാൻ, അന്ന് മുതൽ പിന്നെന്തു സംഭവിച്ചു , എവിടെ പോയി , എന്നൊക്കെ അന്വേഷിക്കുക ആയിരുന്നു. ഇങ്ങോട്ടു വരുന്നു എന്ന് ഞാൻ അറിഞ്ഞു, ഞാൻ ഇവിടെ ഉണ്ടെന്നു നീ അറിഞ്ഞതുപോലെ തന്നെ. ഇന്ന് നമ്മൾ അമാനുഷർ ആണല്ലോ അല്ലെങ്കിൽ അതിമാനുഷർ. ഇന്ന് നമ്മൾ ഭൂമിയിലെ സ്ഥല കാലങ്ങൾക്കു അതീതരാണ്. ഭൂമിയെ ഉൾകൊള്ളുന്ന പ്രപഞ്ചത്തിനു സമാന്തരമായി, മറ്റൊരു പ്രപഞ്ചത്തിലാണ് നാം ഇന്ന്. ഇവിടെ ദ്രവ്യം അഥവാ പദാർത്ഥം ഇല്ല, ഊർജ്ജം അഥവാ ചൈതന്യം മാത്രം. . സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ശക്തമാണെങ്കിൽ, ചൈതന്യവത്താണെങ്കിൽ, നമുക്കിവിടെ ഒന്നിക്കാം. നമ്മുടെ പഴയ പ്രാർത്ഥനകൾ ഈശ്വരൻ സഫലീകരിച്ചു തരുന്നു എന്ന് കരുതിക്കോ”. തുറന്ന കൈകളുമായി ഞാൻ അവളെസമീപിച്ചു കൊണ്ടു പറഞ്ഞു, “അങ്ങനെ നമ്മൾ വീണ്ടും ഒന്നിച്ചിരിക്കുന്നു”. ഇതുവരെ അടക്കി വെച്ചിരുന്ന സന്തോഷം ചിറപൊട്ടി ഒഴുകി. അവളുടെ കയ്കളും മുഖവും എന്റെ തോളിൽ അമർന്നു . ഞങ്ങൾ മുകളിലേക്ക് ഉയർന്നു ഉയർന്നു സഞ്ചരിച്ചു. സമൂഹത്തിന്റ സമ്മര്ദങ്ങളോ, അന്തരീക്ഷ മർദ്ദങ്ങളോ ആനുഭവപ്പെടാതെ ഞങ്ങൾ ഒഴുകി നടന്നു. ഇന്ന് ഞങ്ങൾ സ്വതന്ത്രരാണ് . നഷ്ടപ്പെട്ട സ്വപ്നങ്ങളെ യാഥാർത്തിയ മാക്കുക ആയിരുന്നു. എത്ര സമയം പറന്നും ഒഴുകിയും നടന്നു എന്നറിയില്ല, കാരണം ഇവിടെ സമയവും ബാധകമല്ലല്ലോ. തിരികെ സൗത്ത് പാർക്കിന്റെ പുൽത്തകിടിയിൽ എത്തിയപ്പോൾ, മനുക്ഷ്യരൊക്കെ അവിടം വിട്ടിരുന്നു . രാത്രിയിലെ ശ്മശാനം പ്രേത പിശാചുക്കൾക്കായി ഒഴിഞ്ഞിട്ടിരിക്കുകയാവാം, അവരുടെ ഭയം.

ഞങ്ങൾ സംസാരിച്ചു കൊണ്ട് ശ്മശാനത്തിലൂടെ നടന്നു. “നമ്മൾ വേർപെട്ടിട്ട്……, പിന്നെ എന്തു സംഭവിച്ചു ? എന്റെ ആകാംക്ഷ അള മുട്ടുകയാണ്. അവൾ തുടർന്നു “പിന്നെ ഞാനൊരു കുറ്റവാളിയായി , അച്ചനും അമ്മയും മാറി മാറി വിചാരണ ചെയ്തു. കൂടെ കുറെ മർദ്ദനങ്ങളും സഹിച്ചു. കാരാഗൃഹവാസം നീണ്ടുനിന്നില്ല. വിവാഹം പെട്ടെന്ന് നടത്തി, ആര്ഭാടവമായി തന്നെ. ജീവിതം യാന്ത്രികമായി മുന്നോട്ടു പോയി, ഒരു ഭാര്യ ആയി , ‘അമ്മ ആയി ഒക്കെ. സദാ ഒരു ‘നഷ്ട ബോധം’ കൂട്ടിനുണ്ടായിരുന്നു. ഒരു ദീർഘ നിശ്വാസത്തോടെ അവൾ നിശ്ശബ്ദതയിലേക്കു കടന്നു. അവളുടെ അപ്പോഴത്തെ വൈകാരിക അവസ്ഥയ്ക്ക് മാറ്റം വരുത്താനായി ഫലിത രൂപേണ ഞാൻ അന്വേഷീച്ചു, “എന്താണ് നഷ്ടപ്പെട്ടിരുന്നത്? തിരിഞ്ഞു വയറിനു ഒരു ഇടി സമ്മാനിച്ച് കൊണ്ട് എന്റെ നെറ്റിയിൽ ചൂണ്ടു വിരൽ കുത്തി, അവൾ പറഞ്ഞു ” ഇതിനെ”. രണ്ടു പേരും പൊട്ടി ചിരിച്ചു. വീണ്ടും ഇരുവരും തോളിലൂടെ കൈകൾ ചുറ്റി കൊണ്ട് നടത്തം തുടർന്നു.

അനേകർ വിശ്രമം കൊള്ളുന്ന നിശബ്ദതയുടെ ആ മനോഹര പ്രദേശത്തുകൂടെ ഞങ്ങൾ ഒഴുകി നടന്നു . ഒരു കൽകൂനയുടെ മുകളിൽ കൊടുംകൈയും കുത്തി ഇരിക്കുന്ന ഒരു സ്‌ത്രീ യുടെ മുൻപിൽ എത്തിപ്പെട്ടു . അവർ പുതിയതായി ഇവിടെ താമസം ആരംഭിച്ചതാണ്. കുശല പ്രശ്നങ്ങൾക്ക് ശേഷം ഞാൻ എന്റെ കൂട്ടുകാരിയെ വളെരെ ആവേശത്തോടെ അവർക്കു പരിചയപ്പെടുത്തി . അവൾ ഭൂഖണ്ഡങ്ങൾ താണ്ടി, എന്നെ തിരഞ്ഞു ഇവിടെത്തി എന്ന് പറഞ്ഞപ്പോൾ അവർ അഭിനന്ദനങൾ അറിയിച്ചു. പിന്നീട് അവർ സ്വന്തം ദുഃഖം വിവരിച്ചു. സന്തോഷിക്കാനുള്ള എല്ലാ ആഗ്രഹങ്ങളും ദുഃഖത്തെ കൂടി വഹിച്ചു കൊണ്ടാണ് എത്തുക. “മകന്റെ നിര്ബന്ധ പ്രകാരം അമേരിക്കയിൽ എത്തിയതാണ്. നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ കൊച്ചു മക്കളെ കാണാനും താലോലിക്കാനും ഒക്കെ ഉള്ള മോഹം , പിന്നെ മക്കളോടൊപ്പം അമേരിക്കയിൽ കഴിഞ്ഞു കൂടുന്നതിലുള്ള ആത്മസംതൃപ്തിയും അഭിമാനവും മറ്റൊന്ന്. എന്നാൽ ഏതാനം മാസങ്ങൾക്കകം മക്കൾ തന്നെ ഞങ്ങളെ ചെറിയ ഒരു അപ്പാർട്മെന്റിലേക്കു മാറ്റി താമസിപ്പിച്ചു. ഞങ്ങൾ കാരണം വർദ്ധിക്കുന്ന ചെലവുകൾക്ക് ഞങ്ങളെ കൊണ്ട് തന്നെ ഒരു നീക്കി പോക്കുണ്ടാക്കാനുള്ള ബുദ്ധി ഇത് മാത്രം. ആരോരുമില്ലാത്ത പട്ടിണി പാവങ്ങളായി സർക്കാരിന്റെ മുന്നിൽ അങ്ങനെ ഞങ്ങളെ അവതരിപ്പിച്ചാൽ, ചിലവുള്ള വൈദ്യ സഹായങ്ങളും, മരുന്നുകളും , എന്തിനു , ആഹാര സാധനങ്ങൾ വരെ, സൗജന്യമായ് വാങ്ങാനുള്ള “ചിറ്റുകൾ ” കിട്ടും. സ്വന്ത നാട്ടിലെ അഗതി മന്ദിരം ആണ് ആദ്യം മനസ്സിൽ വന്നത്. ദൂരെ അല്ലാത്തതിനാൽ ആവശ്യാനുസരണം മകനും ഭാര്യയും സന്ദര്‍ശിച്ചു കൊള്ളാമെന്നുള്ള ഉറപ്പുമുണ്ട്. “എന്നാൽ മക്കളെ കാണാൻ കൂടെ കൂടെ വീട്ടിൽ വന്നു ശല്യം ചെയ്യരുത്”, എന്നൊരു മുന്നറിയിപ്പും കൂടെ തന്നിട്ടാണ് മരുമകൾ പോയത്. എന്നാൽനാണം കെട്ടാണെങ്കിലും , ഇടയ്ക്കൊക്കെ കൊച്ചുമക്കളെ കാണാൻ, അവരുടെ അപ്പച്ചാ!..അമ്മച്ചി!…എന്ന നിഷ്കളങ്കവും സ്നേഹമസൃണവും ആയ വിളി കേൾക്കാനായി അവിടെ പോകുമായിരുന്നു. ദുർ മുഖം കണ്ടു മടുത്തു…സന്ദർശനം വിരളമാക്കാൻ ശ്രമിച്ചു . പക്ഷെ …മനസ്സും ഹൃദയവുമായുള്ള ഈ മല്പിടുത്തതിൽ…ഹൃദയം തോറ്റു. അങ്ങനെ ഞാനിവിടെ എത്തി….. എന്നാൽ, ആ മനുഷ്യൻ .. എന്റെ ഭർത്താവു ….ഒറ്റയ്ക്ക് ആ അപ്പാർട്മെന്റിൽ എങ്ങനെ കഴിയും എന്നോർക്കുമ്പോൾ….” മുഴുമിപ്പിക്കാനാവാതെ അവർ മടിയിലൂന്നിയ കൈതടങ്ങളിലേക്കു മുഖം അമർത്തി .

ആ ദുഃഖ കഥ അല്പനേരത്തേക്കു ഞങ്ങളെയും നിശ്ശബ്ദരാക്കി . മുന്നോട്ടു നടന്നുപോകുന്നതിനിടയിൽ , “കഷ്ടമുണ്ട്” എന്ന വാക്ക് മാത്രം അവളിൽ നിന്നു പുറത്തേക്കു വന്നു. അൽപ നേരത്തിനു ശേഷം , “അഭിമാനത്തോടെ നാട്ടിൽ സ്വാതന്ത്രരായി ജീവിച്ച അവരെ ഇവിടെ കൊണ്ടുവന്ന് സൗജന്യമേടിക്കാൻ വിട്ട്, അപമാനിക്കുകയല്ലേ ചെയ്യുന്നത്. ജീവൻ ഉണ്ടായിരുന്നെങ്കിൽ ആ മക്കളോട് രണ്ടെണ്ണം ഞാൻ പറഞ്ഞേനെ. ഞാൻ അവളെ സമാ ധാനിപ്പിച്ചു. ” സാരമില്ലെന്നേ…. ആ മക്കൾക്കും മക്കളുണ്ടല്ലോ. ജീവിതം! കടം ഇട്ടേക്കില്ല. ഇന്നല്ലെങ്കിൽ നാളെ , അടുത്ത തലമുറ തിരിച്ചു കൊടുക്കുകയോ , പിന്നെ വാങ്ങുകയോ ചെയ്യും. നമുക്ക് നഷ്ട പെട്ടത് നമുക്ക് ഇപ്പേൾ കിട്ടി…ഇല്ലേ?” വീണ്ടും സന്തോഷത്തിൽ തിരികെ എത്താനുള്ള ഉദ്യമം ഞാൻ തുടർന്നു.. തമാശകൾ പലതും പൊട്ടിച്ചു…അപ്പോളാണ് സുന്ദരിയായ ഒരു യുവതി ഞങ്ങളെ കടന്നു പോയത്. ഞാൻ നടപ്പു നിറുത്തി …ആ സ്‌ത്രീ പോയ ദിക്കിലേക്ക് തിരിഞ്ഞു നിൽപ്പായി . എന്റെ കൂട്ടുകാരി തിരികെ ഓടി എത്തി. എന്റെ പുറത്തും വയർ ഭാഗത്തും മൃതുവായി ഇടിച്ചു കൊണ്ട് , വന്ന ദിക്കിലേക്ക് തള്ളിവിട്ടു. പിന്നെ കൂടെ നടന്നുകൊണ്ടു, കൈവിരലുകൾ കൂമ്പിയ പുഷ്പാകൃതിയിൽ ചുരുട്ടി എന്റെ പള്ളയിലൂടെ തിരുകി എന്നെ കിക്കിളി ഇട്ടു. എന്നിട്ടൊരു ചോദ്യം ..” കോട്ടയം ബസ്റ്റാൻഡിലെ ആ പഴയ സ്വഭാവം , ഇപ്പോഴും കളഞ്ഞിട്ടില്ലേ? രണ്ടു പേരും പൊട്ടിച്ചിരിച്ചു ബസ്‌സ്റ്റാൻഡും, ബെസ്ററ് ഹോട്ടലും , ഫിലിപ്പൊച്ചെന്റെ വീടും , ഒന്നുകൂടി മിന്നി മറഞ്ഞു. ഞങ്ങൾ ഒഴുകി ഒഴുകി കളിചിരി കളോടെ യാത്ര തുടർന്നു.

തോളിലൂടെ എന്നെ ചുറ്റി പിടിച്ചു മുന്നോട്ടു നീങ്ങുന്നതിനിടയിൽ ഒരു കൊച്ചു കുട്ടിയെ പ്പോലെ അവൾ ചിണുങ്ങി, “എനിക്കിനി ബസ്‌പൃക്കാനായും സ്വർഗ്ഗവും ഒന്നും വേണ്ടാ. എനിക്കെന്റെ സ്വർഗ്ഗം കിട്ടിയിരിക്കുന്നു…”.. ചൂണ്ടു വിരൽ നാക്കിൽ തൊടുവിച്ചിട്ട്, എന്റെ കവിളിൽ തൊട്ടുകൊണ്ട്,.. .” ഇതിനെ,… ഇവിടൊരാളുടെ കൂടെ..” അവൾ മനോഹരമായി മന്ദഹസിച്ചു . ഇളം കാറ്റിൽ ആ ശ്മശാനത്തിലെ മരങ്ങൾ തലയാട്ടി ചിരിച്ചു. ആകാശം സന്തോഷ കണ്ണീർ പൊഴിച്ചു. രണ്ടു ചെറു ഓളങ്ങൾ പോലെ അന്തരീഷത്തിലൂടെ ഞങ്ങൾ തൊട്ടുരുമ്മി ഒഴുകി നടന്നു. മഴ ക്കാറിനെയും കൊള്ളിയാനേയും ഭയപ്പെട്ടില്ല, മഴയത്തു നനഞ്ഞും കുതിർന്നും ഇല്ല. ഞങ്ങളുടെ പുനർ സംഗമത്തിൽ മഴയും കാറ്റും കെട്ടിപ്പിടിച്ചു നൃത്തം ചെയ്യുന്നുണ്ടായിരുന്നു . അവയ്ക്കൊപ്പം ഞങ്ങളും …….ആകാശത്തും ഭൂമിയിലുമായി ഒഴുകി നടന്നു..


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top