Flash News

മതേതര ഇന്ത്യയുടെ കറുത്ത ക്രിസ്ത്യാനികളും വിവേചനങ്ങളും (ലേഖനം): ജോസഫ് പടന്നമാക്കല്‍

June 2, 2018

a1ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലു വര്‍ണ്ണങ്ങളുള്‍പ്പെടുന്നതാണ് ഹിന്ദുമതം. ഇതുകൂടാതെ ചാതുര്‍വര്‍ണ്ണ്യങ്ങള്‍ക്കു വെളിയിലായി അധഃകൃതരായി കരുതുന്ന അഞ്ചാമതൊരു വര്‍ഗമാണ് ദളിതര്‍ അഥവാ തൊട്ടുകൂടാ ജാതികള്‍. ദളിതര്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ അവരെ ഇന്ത്യയിലെ നിയമം അനുസരിച്ച് അധഃകൃത വിഭാഗമായി കരുതുന്നില്ല. ഹിന്ദു ദളിതരെക്കാളും പീഢിപ്പിക്കപ്പെടുന്ന വലിയ ഒരു സമുദായമാണ്, ‘ക്രിസ്ത്യന്‍ ദളിതര്‍’. ഹൈന്ദവമതത്തിലെ ജാതി വ്യവസ്ഥയില്‍ നിന്നും പീഢനങ്ങളില്‍ നിന്നും രക്ഷപെടാനായിരുന്നു അവര്‍ ക്രിസ്ത്യാനികളായത്. എന്നാല്‍ മതം മാറിയ ശേഷം രണ്ടുതരത്തിലാണ്, ദളിതര്‍ പീഢിപ്പിക്കപ്പെടുന്നത്. ആദ്യം, തീവ്ര ചിന്താഗതിക്കാരായ ഹൈന്ദവരില്‍ നിന്നും ക്രിസ്ത്യാനികളെന്ന നിലയില്‍ പീഢനങ്ങള്‍ ഏറ്റു വാങ്ങണം. രണ്ടാമത് ജാതിവ്യവസ്ഥയുടെ പേരില്‍ സ്വന്തം മതമായ ക്രിസ്ത്യാനികളില്‍നിന്നും അവഗണനകള്‍ സഹിക്കണം.

padannamakal 2സമൂഹത്തില്‍ ഹിന്ദു ദളിതരുടെയും ക്രിസ്ത്യന്‍ ദളിതരുടെയും തമ്മിലുള്ള സാംസ്‌ക്കാരിക ചരിത്രത്തില്‍ വലിയ അന്തരമില്ല. ദളിത ഹിന്ദുവെന്നോ ദളിത ക്രിസ്ത്യാനിയെന്നോ അറിയപ്പെടാത്ത കാലങ്ങളില്‍ അവരുടെ പൂര്‍വിക തലമുറകള്‍ ജാതിവ്യവസ്ഥയുടെ അടിമപ്പാളയത്തില്‍ കഴിഞ്ഞവരായിരുന്നു. ഉന്നത ജാതികളില്‍നിന്നുമുള്ള വിവേചനത്തോടെ മാത്രമേ ഒരു ദളിതനു ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഓരോ ദിവസവും അവര്‍ കടന്നുപോവുന്നത്! മനുഷ്യന്‍ മനുഷ്യനെ വിലകല്പിക്കാത്ത വിവേചനത്തിന്റെ ലോകത്തില്‍ക്കൂടിയാണ്.

ഇന്ത്യയില്‍ ജനസംഖ്യയുടെ രണ്ടു ശതമാനം ക്രിസ്ത്യാനികളുണ്ടെന്നാണ് സ്ഥിതിവിവര കണക്കുകള്‍ പറയുന്നത്. അവരില്‍ 70 ശതമാനത്തോളം ദളിതരാണ്. ദളിതര്‍ക്ക് പ്രത്യേകമായ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യാനികളും മുസ്ലിമുകളുമായ ദളിതര്‍ക്ക് അത്തരം പരിഗണകള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ നിഷേധിച്ചിരിക്കുന്നു. അവരെ അധഃകൃത (ഷെഡ്യൂള്‍ഡ് കാസ്റ്റ്) സമുദായത്തിലുള്‍പ്പെടുത്താതെ പിന്നോക്ക സമുദായമായി കരുതുന്നു. ഇത് ‘ദളിത ക്രിസ്ത്യാനി’ എന്ന പ്രശ്‌നം മാത്രമല്ല തികച്ചും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തുള്ള അനീതികൂടിയാണ്. ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയില്‍നിന്നും ഓടി രക്ഷപ്പെടാനാണ് ദളിതരില്‍ ഭൂരിഭാഗം ക്രിസ്തുമതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്തത്. എന്നാല്‍ ഒരിക്കല്‍ ദളിതര്‍ ക്രിസ്ത്യാനിയായാല്‍ മുമ്പുള്ളതിനേക്കാളും കഠിനമായ യാതനകള്‍ സവര്‍ണ്ണ ക്രിസ്ത്യാനികളില്‍ നിന്നും ദളിത ക്രിസ്ത്യാനികള്‍ അനുഭവിക്കേണ്ടി വരുന്നു.

a1 (1)

തമിഴ് നാട്ടിലെയും ആന്ധ്രയിലെയും തെലുങ്കാനയിലെയും നിയമം അനുസരിച്ച് ക്രിസ്ത്യന്‍ ദളിതരും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം ജില്ലാ കളക്റ്റര്‍മാര്‍ ക്രിസ്ത്യന്‍ ദളിതര്‍ക്ക് ആനുകൂല്യങ്ങള്‍ നിക്ഷേധിക്കുന്നു. അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തിയാലും അധികൃത സ്ഥാനത്തുനിന്ന് യാതൊരു പ്രതികരണവും ലഭിക്കാറില്ല. 1950 മുതല്‍ ക്രിസ്ത്യന്‍ ദളിതര്‍ക്കും ‘ദളിത സ്റ്റാറ്റസ്’ നല്‍കണമെന്ന മുറവിളി നടക്കുന്നു. ഇന്നും ദളിത ക്രിസ്ത്യാനികളുടെ കാര്യത്തില്‍ സുപ്രീം കോടതിയില്‍ തീരുമാനമാകാതെ കേസ് ഫയലില്‍ തന്നെ കിടക്കുന്നു. മതത്തിന്റെ പേരില്‍ പൗരാവകാശം നിക്ഷേധിക്കപ്പെടുന്നത് അനീതിയാണെന്ന് ക്രിസ്ത്യാനി ദളിതരും മുസ്ലിം ദളിതരും ഒരുപോലെ വാദിക്കുന്നു.

ഔദ്യോഗികമായ ഇന്ത്യയുടെ രേഖകളില്‍, ദളിത ക്രിസ്ത്യാനികള്‍ എന്ന ഒരു അസ്തിത്വമില്ല. ഒരുവന് ദളിതനും ക്രിസ്ത്യാനിയും ഒരേസമയത്ത് ആവാന്‍ സാധിക്കില്ലെന്നതാണ് കാരണം. ഒരു ക്രിസ്ത്യാനിയെന്നു പറഞ്ഞാല്‍ ഹിന്ദുവായിരുന്നപ്പോഴുള്ള ജാതി വിവേചനം ഇല്ലാതാക്കി, മനുഷ്യരെല്ലാം തുല്യരാണെന്നുള്ള ക്രിസ്തുവിന്റെ തത്ത്വം ഉള്‍ക്കൊള്ളുകയെന്നതാണ്. ഹൈന്ദവ മതം ഉപേക്ഷിക്കുന്നതോടെ ജാതി വിവേചനവും ഉപേക്ഷിക്കേണ്ടതായുണ്ട്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയില്‍ ക്രിസ്ത്യാനിയായി മതം മാറുന്ന ഒരാളിന്റെ അവസ്ഥ അങ്ങനെയല്ല. ഇന്ത്യന്‍ വ്യവസ്ഥയിലും സംസ്‌കാരത്തിലും ജാതി ചിന്തകള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതില്‍നിന്ന് ദളിതന്‍ ക്രിസ്ത്യാനിയായാലും രക്ഷപെടാന്‍ സാധിക്കില്ല. സമൂഹത്തില്‍ ദളിത ക്രിസ്ത്യാനിയും അടിച്ചമര്‍ത്തപ്പെട്ടവനായി ജീവിക്കണം. മതപരിവര്‍ത്തനം ചെയ്തവര്‍ ക്രിസ്ത്യാനിയായാല്‍ വിവേചനം അവസാനിക്കുമെന്നും ചിന്തിക്കുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി ദളിതന്‍ വീണ്ടും അടിമപ്പാളയത്തില്‍ വീഴുകയാണ് ചെയ്യുന്നത്. ഏതു മതത്തില്‍ പോയാലും ഒപ്പം ജാതി വിവേചനത്തിന്റെ ലേബലും കാണും. പള്ളിയും ജാതി ചിന്ത പോഷിപ്പിക്കുന്നതു കാണാം.

a2തലമുറകളായി ഈ മണ്ണില്‍ത്തന്നെ ജനിച്ചുവളര്‍ന്ന ഒരു ദളിതനെ ഇന്ത്യനെന്നതിനേക്കാള്‍ കൂടുതല്‍ അറിയപ്പെടുന്നത് ദളിതനായിട്ടാണ്. അതേ സമയം ക്രിസ്ത്യനിയായും അറിയപ്പെടുന്നു. കൃസ്തുമതം ഒരു വിദേശമതമായിട്ടാണ് വര്‍ഗീയ വാദികളായ ഹിന്ദുക്കള്‍ കരുതുന്നത്. അതുമൂലം ഒരു ദളിതന് ദളിതനെന്ന നിലയിലും ക്രിസ്ത്യാനിയെന്ന നിലയിലും സ്വന്തം രാജ്യത്തു ജീവിക്കണമെങ്കില്‍ ഉയര്‍ന്ന ജാതികളോടും സവര്‍ണ്ണ ക്രിസ്ത്യാനികളോടും ഒരുപോലെ മല്ലിട്ടു ജീവിക്കണം. ക്രിസ്ത്യാനിയായാലും സവര്‍ണ്ണ ക്രിസ്ത്യാനികളും ഉയര്‍ന്ന ജാതികളിലുള്ള ഹിന്ദുക്കളും അവരെ തൊട്ടു കൂടാ ജാതികളായി മാത്രമേ കരുതുകയുള്ളൂ. ദളിത ക്രിസ്ത്യാനികള്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ സഹായം ആവശ്യപ്പെട്ടാല്‍ അവരെ പുച്ഛിച്ചു അസഭ്യ വാക്കുകള്‍ പറഞ്ഞു അപമാനിക്കുന്നതും നിത്യ സംഭവങ്ങളാണ്. ‘നീ എന്തിനാണ് സഹായം ചോദിച്ചു ഇവിടെ വന്നത്? സഹായത്തിന് നിന്റെ പാതിരിയുടെ അടുത്തു പോവൂ, അല്ലെങ്കില്‍ സഹായം തേടി ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോവുമെന്നെല്ലാം’ ശകാര വാക്കുകള്‍കൊണ്ട് അഭിഷേകം ചെയ്യും. ഹിന്ദു ദളിതര്‍ ക്ലേശം അനുഭവിക്കുന്നതിന്റെ ഇരട്ടി ക്രിസ്ത്യന്‍ ദളിതര്‍ അനുഭവിക്കേണ്ട സാമൂഹിക വ്യവസ്ഥിതിയാണ് ഇന്ത്യയില്‍ നിലവിലുള്ളത്.

ഇന്ത്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ വിവേചനം വന്നതെങ്ങനെയെന്നുള്ളത് വിസ്മയകരമായ ഒരു ചോദ്യമാണ്. മിഷനറിമാരുടെ കാലത്താണ് ഇതിന്റെ ആരംഭം. ആദ്യകാലത്തെ മിഷ്യനറിമാര്‍ ക്രിസ്തുമതത്തിനു തുടക്കമിട്ടെങ്കിലും അവര്‍ക്ക് വര്‍ണ്ണ വിവേചനം അവസാനിപ്പിക്കാന്‍ സാധിച്ചില്ല. കൂടാതെ മതം പ്രചരിപ്പിക്കാന്‍ പാരമ്പര്യ ക്രിസ്ത്യാനികളുടെ സഹായം ആവശ്യമായിരുന്നു. അങ്ങനെ ക്രിസ്ത്യാനികളുടെയിടയില്‍ വലിയവനെന്നുള്ള ചിന്തകള്‍ സൃഷ്ടിച്ചതും മിഷ്യനറിമാരാണ്. അതുകൊണ്ടാണ് അംബേദ്ക്കര്‍ കൂടെക്കൂടെ മിഷ്യനറിമാരെ വിമര്‍ശിച്ചുകൊണ്ടിരുന്നത്. ഹൈന്ദവ ദൈവങ്ങളുടെ ബിംബങ്ങളെ മിഷ്യനറിമാര്‍ എതിര്‍ത്തെങ്കിലും ഉന്നത ക്രിസ്ത്യാനികളുടെ ജാതി വ്യവസ്ഥയെന്ന ബിംബത്തെ തകര്‍ക്കാനായി അവര്‍ ഒന്നും പ്രവൃത്തിച്ചിട്ടില്ല. കാലം കഴിയുംതോറും വിവേചനം വര്‍ദ്ധിച്ചിട്ടേയുള്ളൂ. പോരാഞ്ഞ്, സവര്‍ണ്ണ ക്രിസ്ത്യാനികള്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദളിതരെ താണവരായി കരുതണമെന്നുള്ള ചിന്ത ഭൂരിഭാഗം സവര്‍ണ്ണ ക്രിസ്ത്യാനികളുടെയിടയില്‍ പ്രകടമാണ്. ദളിതരെ പീഢിപ്പിച്ച് അധികാരം മുഴുവന്‍ സവര്‍ണ്ണരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.

a4സവര്‍ണരുമൊത്ത് ദളിതര്‍ക്ക് ആരാധന സ്വാതന്ത്ര്യമില്ല. സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും ഒരു ക്രിസ്തു മാത്രമേയുള്ളൂവെന്ന സത്യം മറക്കുന്നു. അതേ ക്രിസ്തുവിന്റെ ദേവാലയത്തില്‍ സവര്‍ണ്ണ ക്രിസ്ത്യാനികളുടെ ഇരിപ്പടങ്ങളില്‍നിന്നും അകന്ന് ദളിതന്‍ പ്രത്യേകമായ ഒരു സ്ഥലത്തിരിക്കണം. സാധാരണ അവര്‍ പള്ളിയുടെ തറയിലായിരിക്കും ഇരിക്കുന്നത്. ദളിതര്‍ കുര്‍ബാന കൈക്കൊള്ളുന്നുണ്ടെങ്കില്‍ പുരോഹിതന്‍ നല്‍കുന്ന വൈന്‍ കുടിക്കാന്‍ അവര്‍ക്ക് അനുവാദമില്ല. ദളിതന്റെ ചുണ്ടുകള്‍ സ്പര്‍ശിക്കുന്നമൂലം വൈന്‍ നിറച്ചിരിക്കുന്ന കാസാ അശുദ്ധമാകുമെന്നു സവര്‍ണ്ണ ക്രിസ്ത്യാനികള്‍ ചിന്തിക്കുന്നു. പള്ളികളുടെ പെരുന്നാളുദിനങ്ങളിലുള്ള ഘോഷയാത്രകള്‍ ദളിതര്‍ വസിക്കുന്ന തെരുവുകളില്‍ക്കൂടി പോവില്ല. ചില പള്ളിക്കുള്ളില്‍ ദളിതരുടെ മൃതശരീരം പോലും കയറ്റുവാന്‍ അനുവദിക്കില്ല. ദളിതന്റെ ശവ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് പുരോഹിതര്‍ സംബന്ധിക്കാത്ത സാഹചര്യങ്ങളും സൃഷ്ടിക്കുന്നു. പള്ളിക്കുള്ളില്‍ ദളിതര്‍ക്കായി കുര്‍ബാന ചൊല്ലാനും അനുവദിക്കില്ല.

തമിഴ്‌നാട്ടിലുടനീളം ദളിത ക്രിസ്ത്യാനികള്‍ക്കായി പ്രത്യേകമായ സെമിത്തേരികളുണ്ട്. തമിഴ്നാട്ടില്‍ തൃശ്‌നാപ്പള്ളി പട്ടണത്തിന്റെ നടുക്കുതന്നെ കത്തോലിക്കരുടേതായ ഒരു സെമിത്തേരി കാണാം. സെമിത്തേരിയുടെ ഒരു വശം ദളിതരുടെ മൃതദേഹം മറവുചെയ്യാനായി മതിലുകൊണ്ടു മറ ച്ചിരിക്കുന്നു. ഇതില്‍ക്കൂടുതല്‍ ദളിതരോടുള്ള വിവേചനത്തിന് എന്തു തെളിവ് വേണം! മരണത്തില്‍പ്പോലും ദളിതന് പാരതന്ത്ര്യത്തില്‍നിന്നും മുക്തിയില്ലെന്നാണോ? അതേ സമയം ക്രിസ്ത്യന്‍ ദളിതരില്‍ വിവേചനമില്ലെന്ന് കത്തോലിക്ക സഭ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ദളിതര്‍ക്ക് സെമിത്തേരി പ്രത്യേകം വേര്‍തിരിച്ചു പണി കഴിപ്പിച്ചിരിക്കുന്നതില്‍ വത്തിക്കാനില്‍നിന്നു പോലും നാളിതുവരെ പ്രതികരണമുണ്ടായിട്ടില്ല. ആറു പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ സെമിത്തേരി പണി കഴിപ്പിച്ചത്. ഇത് മനുഷ്യത്വപരമല്ലെന്നും മതിലുകള്‍ അവിടെനിന്നു പൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പെരിയാര്‍ സ്ഥാപിച്ച സംഘടനായ ദ്രാവിഡ മുന്നേറ്റം കഴകം പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരം വേര്‍തിരിച്ചുള്ള ദളിതര്‍ക്കുവേണ്ടിയുള്ള ശവസംസ്‌ക്കാരാചാരങ്ങള്‍ ആധുനിക സമൂഹത്തിനു തന്നെ ലജ്ജാവഹമാണ്. വിവേചനം നിറഞ്ഞ ഈ സെമിത്തേരിയില്‍ ശവ സംസ്‌ക്കാരച്ചടങ്ങുകള്‍ക്കായി പുരോഹിതര്‍ എത്തുന്നതും ക്രിസ്തീയതയ്ക്കു തന്നെ കളങ്കവുമാണ്.

a5ഇന്ത്യയില്‍ മൊത്തം ക്രിസ്ത്യാനികളില്‍ എഴുപതു ശതമാനം ദളിതരാണെങ്കിലും സഭയുടെ നേതൃത്വ സ്ഥാനങ്ങളിലുള്ള ദളിതര്‍ നാലു ശതമാനം പോലുമില്ല. സെമിനാരിയില്‍ പുരോഹിതനാകാന്‍ ആഗ്രഹിക്കുന്ന ദളിത കുട്ടികള്‍ക്ക് പ്രവേശനം വളരെ അപൂര്‍വമായേ നല്‍കാറുള്ളൂ. ഇരുന്നൂറില്‍പ്പരം ബിഷപ്പുമാരില്‍ ഒരു ഡസനില്‍ത്താഴെ ദളിത ബിഷപ്പുമാര്‍ മാത്രമേ ഇന്ത്യന്‍ കത്തോലിക്ക സഭയ്ക്കുള്ളൂ. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ കാലാ കാലങ്ങളായി ദളിതര്‍ പ്രതികരിക്കാറുണ്ടെങ്കിലും അടഞ്ഞ ചെവികളില്‍ക്കൂടി മാത്രമേ സഭാധികാരികള്‍ അവരുടെ ശബ്ദം ശ്രവിക്കാറുള്ളൂ. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സി.ബി.സി.ഐ ദളിത വിവേചനത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ദളിതരോടുള്ള വിവേചനത്തിനെതിരെ ഫലപ്രദമായി യാതൊന്നും ചെയ്യുന്നില്ല.

ദളിതര്‍ ഭൂരിപക്ഷമുള്ള രൂപതകളുടെ ബിഷപ്പുമാരും സാധാരണ സവര്‍ണ്ണ ക്രിസ്ത്യാനികളില്‍നിന്നുമുള്ള ഒരാളായിരിക്കും. തമിഴ് നാട്ടിലെ കത്തോലിക്കരുടെ കാര്യം തന്നെ എടുക്കുകയാണെങ്കിലും അവിടെയുള്ള എഴുപതു ശതമാനം ക്രിസ്ത്യാനികളും ഹിന്ദുക്കളില്‍നിന്ന് മത പരിവര്‍ത്തനം ചെയ്തവരാണെന്നു കാണാം. എന്നാല്‍ ഇരുപതില്‍പ്പരം ബിഷപ്പുമാര്‍ തമിഴ്‌നാട്ടിലുള്ളതില്‍ അവരില്‍ ദളിതര്‍ നാലു പേരു മാത്രമാണുള്ളത്. ഭൂരിഭാഗം സ്ഥലങ്ങളിലും സവര്‍ണ്ണ ക്രിസ്ത്യാനികള്‍ അവരുടെ സമുദായത്തില്‍ നിന്നും ബിഷപ്പിനെ വേണമെന്ന് പ്രചരണവും നടത്തുന്നു. ദളിത് ക്രിസ്ത്യനായ ബിഷപ്പുണ്ടെങ്കില്‍ തന്നെയും ദളിതരുടെ പുരോഗതിക്കായി അദ്ദേഹത്തിന് കാര്യമായി ഒന്നും തന്നെ ചെയ്യാനും സാധിക്കില്ല.

a7സഭയുടെ അധികാരസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ദളിതര്‍ക്ക് സ്ഥാന മാനങ്ങള്‍ കൊടുക്കാന്‍ സഭ തയ്യാറല്ല. അതേ സമയം ക്രിസ്ത്യന്‍ സഭാനേതൃത്വം ദളിതരെ പ്രീതിപ്പെടുത്താന്‍ ക്രിസ്ത്യന്‍ ദളിതര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഇന്ത്യന്‍ നിയമത്തില്‍ ക്രിസ്ത്യന്‍ ദളിതരെ അവഗണിച്ച നിയമവ്യവസ്ഥകള്‍ ദളിത ക്രിസ്ത്യാനികളുടെ ദൈനം ദിന ജീവിതത്തെയും അവരുടെ ഭാവിയെയും ബാധിക്കുന്നു. സ്‌കൂളിലും കോളേജിലും ജോലിക്കാര്യങ്ങളിലും ക്രിസ്ത്യന്‍ ദളിതര്‍ക്ക് റിസേര്‍വേഷന്‍ ലഭിക്കില്ല. വിദ്യാഭ്യാസ കാര്യങ്ങളിലും ജോലി കാര്യങ്ങളിലും റിസര്‍വേഷന്‍ ഹിന്ദു ദളിതര്‍ക്ക് മാത്രമാണുള്ളത്. ഇത് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. 1950-ലെ ഇന്ത്യന്‍ പ്രസിഡന്റിന്റെ വിളംബരപ്രകാരം അത്തരം ആനുകൂല്യങ്ങള്‍ മുസ്ലിം ദളിതര്‍ക്കും ക്രിസ്ത്യന്‍ ദളിതര്‍ക്കും നിഷേധിച്ചിരിക്കുന്നു. ഭരണഘടനയുടെ മറ്റൊരു നിയമമനുസരിച്ച് ജാതി വിവേചനം കുറ്റകരമാണ്. ആ സ്ഥിതിക്ക് ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന സഭയും കുറ്റക്കാരാണ്. കൃസ്ത്യന്‍ ദളിതര്‍ക്കും മുസ്ലിം ദളിതര്‍ക്കും റിസര്‍വേഷന്‍ നിഷേധിക്കുന്ന വഴി ജാതി മത ഭേദമെന്യേ സമത്വമെന്ന തത്ത്വത്തെ ഇന്ത്യന്‍ ഭരണഘടന തന്നെ നിഷേധിക്കുന്നു.

a3തമിഴ് നാട്ടില്‍ പള്ളികളുടെ ഭരണസംവിധാനങ്ങളില്‍ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് ദളിതര്‍ സമരങ്ങളും പ്രകടനങ്ങളും നടത്തിയിരുന്നു. അതുമൂലം പള്ളികളുടെ പ്രവര്‍ത്തനം സ്തംബിപ്പിക്കുകയുമുണ്ടായി. ദളിതര്‍ പൊയ്‌ക്കൊണ്ടിരുന്ന പല പള്ളികളും അടച്ചിടേണ്ടിയും വന്നു. ഇതില്‍നിന്നും മനസിലാക്കേണ്ടത് ഇന്ത്യയില്‍ ക്രിസ്തുമതത്തിനും ജാതി വ്യവസ്ഥ തുടച്ചുമാറ്റാന്‍ കഴിയുകയില്ലെന്നാണ്. ഉയര്‍ന്ന ജാതികളില്‍ നിന്ന് ക്രിസ്ത്യാനികളായി മതം മാറുന്നവരും അവരുടെ സങ്കുചിത മനസുമായി മാത്രമേ ജീവിക്കാന്‍ ആഗ്രഹിക്കുകയുള്ളൂ. ദളിത ക്രിസ്ത്യാനികള്‍ സവര്‍ണ്ണ ക്രിസ്ത്യാനികളില്‍ നിന്നു മോചിതരാകാന്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നു. പ്രതീക്ഷകളാണ് അവരെ വിപ്ലവമാര്‍ഗങ്ങളിലേക്ക് നയിക്കുന്നത്. എന്നാല്‍ അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വഴികള്‍ ഇന്നും ബഹുദൂരമാണ്. കാരണം, ക്രിസ്ത്യന്‍ ദളിതര്‍ വിവേചനം നേരിടുന്നത് മൂന്നു സമരമുഖങ്ങളില്‍ക്കൂടിയാണ്. ആദ്യത്തേത് ഇന്ത്യന്‍ സമൂഹത്തില്‍ നിലവിലുള്ള ഉച്ഛനീചത്വങ്ങളില്‍ നിന്നും മോചനം വേണം. രണ്ടാമത് ഇന്ത്യ സര്‍ക്കാരിന്റെ പക്ഷാപാതമായ നയങ്ങളില്‍നിന്നും പരിഹാരം കണ്ടെത്തണം. മൂന്നാമത് സവര്‍ണ്ണ ക്രിസ്ത്യാനികളില്‍നിന്നുള്ള പീഢനങ്ങളില്‍ നിന്നും മുക്തി നേടണം.

ഇന്ത്യയില്‍ ജാതി വ്യവസ്ഥ അവസാനിച്ചുവെന്നു ഇന്ത്യന്‍ ഭരണഘടന പറയുന്നു. എന്നാല്‍ ജാതി വ്യവസ്ഥ ഇന്ത്യ മുഴുവനായുണ്ട്. ഇന്ത്യയിലെ നിയമവ്യവസ്ഥകളും ഭരണഘടനയും ക്രിസ്ത്യന്‍ ദളിതരോട് അങ്ങേയറ്റം വിവേചനം കാണിച്ചിരിക്കുന്നു. തൊട്ടുകൂടായ്മ എന്ന വ്യവസ്ഥ ഹിന്ദു മതത്തില്‍ മാത്രമുള്ള ഒരു സാമൂഹിക തിന്മയായി ഭരണഘടന വ്യക്തമാക്കുന്നു. അതുകൊണ്ടു ഒരു ദളിതന്‍ അധഃകൃത വിഭാഗത്തില്‍ (ഷെഡ്യൂള്‍ഡ് കാസ്റ്റില്‍) ഉള്‍പ്പെടണമെങ്കില്‍ അയാള്‍ ഹിന്ദുവായിരിക്കണം. ബുദ്ധ മതവും സിക്കുമതവും ഹിന്ദുമതത്തിന്റെ ഉപവിഭാഗങ്ങളായി കണക്കാക്കുന്നതുകൊണ്ടു ആ മതങ്ങളിലെ ദളിതരും ഷെഡ്യൂള്‍ഡ് കാസ്റ്റ് നിയമത്തിന്റെ പരിധിയില്‍പ്പെടും. ക്രിസ്തുമതം തൊട്ടുകൂടാ ജാതിയല്ലാത്തതുകൊണ്ടു ക്രിസ്ത്യന്‍ ദളിതര്‍ക്ക് അധഃകൃത സമുദായത്തിനു ലഭിക്കുന്ന സംവരണം ലഭിക്കില്ല. ഇത് തികച്ചും വിവേചനമെന്ന് ക്രിസ്ത്യന്‍ ദളിതര്‍ കരുതുന്നു. ദളിത ക്രിസ്ത്യാനികളെ ഹൈന്ദവ മതത്തിലെപ്പോലെ അധഃകൃതരായി പരിഗണിക്കാത്തതുമൂലം അവര്‍ക്ക് 1979ല്‍ പാസാക്കിയ തൊട്ടുകൂടാ ജാതികള്‍ക്കായുള്ള (Untouchability Offences Act) നിയമ പരിരക്ഷയും ലഭിക്കില്ല. ദളിത ക്രിസ്ത്യാനികളോട് ക്രൂരത ഉന്നത ജാതികള്‍ പ്രവര്‍ത്തിച്ചാലും അവര്‍ക്ക് സാധാരണ പൗരരുടെ അവകാശമേ ലഭിക്കുള്ളൂ. അതേ സമയം ഹിന്ദു ദളിതരെ സംരക്ഷിക്കാന്‍ അനേകം നിയമങ്ങളുണ്ട്. അതും നിയമ വ്യവസ്ഥയിലെ മറ്റൊരു വിവേചനമാണ്.

സഭയില്‍ ജാതി വ്യവസ്ഥയില്ലെന്നു കത്തോലിക്കാ സഭ അവകാശപ്പെടുന്നു. സഭ ഒരിക്കലും വിവേചനം കാണിക്കാറില്ലെന്നു ലോകം മുഴുവന്‍ കൊട്ടി ഘോഷിക്കുന്നുമുണ്ട്. അതിന്റെ പേരില്‍ വിദേശപ്പണം സമാഹരിക്കുകയും ചെയ്യുന്നു. ദളിതരുടെ കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുമ്പോഴും വിവേചനം അനുഭവിക്കണം. വടക്കേ ഇന്ത്യയില്‍ പല ഭാഗങ്ങളിലും സഭയുടെ വകയായി നല്ല നിലയില്‍ നടത്തുന്ന സ്‌കൂളുകളുണ്ട്. അവിടെ ക്രിസ്ത്യാനികള്‍ അല്ലാത്തവരാണ് കൂടുതലും പഠിക്കുന്നത്. ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാത്ത ദളിത ക്രിസ്ത്യാനി കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. ക്രിസ്ത്യന്‍ പുരോഹിതര്‍ നടത്തുന്ന പേരു കേട്ട സ്‌കൂളുകളില്‍ ക്രിസ്ത്യന്‍ ദളിതരുടെ കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കില്ല. അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ ക്രിസ്തു പഠിപ്പിക്കുന്നു. അവിടെ വിശന്നു വലയുന്ന ദളിത കുഞ്ഞുങ്ങളും പള്ളിയോട് സഹകരിക്കുന്നു. ക്രിസ്ത്യന്‍ വിശ്വാസം മുറുകെപ്പിടിക്കുന്നു. ധനികരായവര്‍ ദരിദ്രരെ ചൂഷണം ചെയ്തു ജീവിക്കുന്നു. ധനികര്‍ പ്രസിദ്ധിയേറിയ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ കുട്ടികളെ അയക്കുമ്പോള്‍ അവിടെയൊന്നും പാവപ്പെട്ട ദളിത ക്രിസ്ത്യാനിക്ക് സ്‌കൂളുകളില്‍ പ്രവേശനം കൊടുക്കില്ല.

ക്രിസ്ത്യന്‍ ദളിതരുടെ സ്ത്രീകള്‍ക്കെതിരേയുള്ള വിവേചനമാണ് മഹാ കഷ്ടം. ഇന്ത്യയില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് ദളിത സ്ത്രീകള്‍. സ്ത്രീകളെ ഇരു മടങ്ങായ (ഡബിള്‍) ദളിതരെന്നും വിളിക്കുന്നു. മൃഗങ്ങളെക്കാള്‍ താണ സമീപനമാണ് ദളിത സ്ത്രീകളോട് അനുവര്‍ത്തിച്ചു വരുന്നത്. കാരണം അവര്‍ ദളിതരാണ്. അബലകളായ ദളിത സ്ത്രീകളാണ്. ‘സ്ത്രീ ശക്തി സ്വരൂപിണി’യെന്നൊക്കെ ദളിത സ്ത്രീകളെ സംബന്ധിച്ചടത്തോളം പുരാണങ്ങളിലെ പഴഞ്ചന്‍ വാക്യങ്ങള്‍ മാത്രം. ദളിത സ്ത്രീകളെ ഇന്ത്യയില്‍ ബലാല്‍സംഗം ചെയ്യുന്നത് നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു. ക്രിസ്ത്യന്‍ ദളിത സ്ത്രീകളോടും ഏതാണ്ട് ഇതുപോലെ തന്നെയാണ് സവര്‍ണ്ണ ജാതികള്‍ പെരുമാറുന്നത്.

സമൂഹത്തില്‍ ദളിത സ്ത്രീകളെ നാലാംതരം വര്‍ഗമായിട്ടാണ് കരുതിയിരിക്കുന്നത്. ചില ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരെങ്കിലും ജോലിയുണ്ടെങ്കിലും വീടിനുള്ളിലെ എല്ലാത്തരം നീചമായ ജോലികളും ചെയ്യണം. സ്ഥിരമായ വരുമാനമുണ്ടെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിലും അവര്‍ക്ക് വീടിനുള്ളില്‍ സ്വാതന്ത്ര്യമില്ല. പുരുഷനും സ്ത്രീയും തുല്യ സ്വാതന്ത്ര്യമെന്ന് പുരുഷനറിയാമെങ്കിലും പുരുഷന്‍ എപ്പോഴും അനായാസമായ ഉല്ലാസ ജീവിതമാണ് താല്‍പര്യപ്പെടുന്നത്. പുരുഷന്‍ വലിയ പ്ലാറ്റ്‌ഫോറങ്ങളില്‍ നിന്നുകൊണ്ട് സ്ത്രീ സമത്വം വേണമെന്ന് പ്രസംഗിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ സ്ത്രീക്ക് യാതൊരു സ്വാതന്ത്ര്യവും കൊടുക്കില്ല. അവര്‍ അവിടെ അടിമകളെപ്പോലെ പ്രതിഫലമില്ലാതെ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണം. കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമക്കുന്ന ഒരു ഉപകരണമായി മാത്രമാണ് സ്ത്രീയെ കാണുന്നത്. ഒരു ദളിത സ്ത്രീ ഏതെങ്കിലും കാരണത്താല്‍ കേസുകളില്‍ കുടുങ്ങിയാല്‍ അവരെ ലൈംഗികമായും അപവാദങ്ങള്‍ പറഞ്ഞും അശ്‌ളീല പദങ്ങളിലും പോലീസ് ഓഫീസര്‍മാര്‍ പീഢിപ്പിക്കാന്‍ ശ്രമിക്കും.

a1 (2)ലോകമാകമാനമുള്ള ജനം ചിന്തിക്കുന്നത്, ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജാതി വര്‍ഗ വിവേചനമില്ലെന്നാണ്. ഇന്ത്യയില്‍ ജാതി വിവേചനം നിയമം മൂലം നിരോധിച്ചിരിക്കുന്നു. അതുകൊണ്ടു ഐത്യാചാരം ഇന്ത്യയില്‍ അനുവദനീയമല്ലെന്നുള്ള അനുമാനമാണ് പുറം ലോകത്തിനുള്ളത്. ഇന്ത്യയില്‍ ഒരിടത്തും ദളിത വിവേചനമില്ലെന്നു ഇന്ത്യയുടെ സര്‍ക്കാര്‍ പറയുന്നു, ജാതി വ്യവസ്ഥയെന്നുള്ളത് ചരിത്രമാണെന്നും പ്രചരിപ്പിക്കുന്നു. ദളിതര്‍ക്കെതിരെയുള്ള തൊട്ടുകൂടാ ഐത്യാചാരങ്ങള്‍ക്കു പരിഹാരം ചരിത്രം നിര്‍ദ്ദേശിച്ചിട്ടുമില്ല. ദളിതരുടെ പ്രശ്‌നങ്ങള്‍ പുറം ലോകം ചൂണ്ടി കാണിച്ചാല്‍ ‘അത് ഇന്ത്യയുടെ മാത്രം ആഭ്യന്തര കാര്യമെന്നും നിങ്ങള്‍ അതില്‍ ഇടപെടേണ്ടയെന്നു’ പ്രസ്താവനകളുമിറക്കും. ദളിതര്‍ അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധയും ആവശ്യമാണ്. ഭാവി കാര്യങ്ങള്‍ സുരക്ഷിതമാവാന്‍ ദളിതര്‍ ജാഗ്രതയോടെ മുമ്പോട്ട് പോവേണ്ടതുമുണ്ട്.

സവര്‍ണരുടെ തീന്മേശയില്‍ ദളിതരുമൊത്തു ഭക്ഷണം കഴിക്കുകയും ഇതര ജാതികളില്‍ നിന്നും വിവാഹം കഴിക്കുകയുമെന്നതു ദളിത ജീവിതത്തില്‍ അപൂര്‍വമാണ്. ദളിത ക്രിസ്ത്യാനികള്‍ക്കും അവിടെ വിലക്ക് കല്പിച്ചിരിക്കുന്നു. ഉയര്‍ന്ന ജാതികളുടെയും സവര്‍ണ്ണ ക്രിസ്ത്യാനികളുടെയും വീടിനുള്ളില്‍ പ്രവേശിക്കാന്‍ അവര്‍ണ്ണ ക്രിസ്ത്യാനിക്ക് അനുവാദമില്ല. സുറിയാനി ക്രിസ്ത്യാനികള്‍ സ്വന്തം ജാതിയില്‍ നിന്നും പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നും മാത്രമേ വിവാഹം ആലോചിക്കുള്ളൂ. വിവാഹം ഒരു ദളിതനുമായി നടക്കുകയെന്നത് വളരെ അപൂര്‍വവുമാണ്. സഭയുടെ നേതൃത്വത്തിലുള്ള പത്രങ്ങളിലും മാഗസിനിലും വിവാഹ പരസ്യങ്ങളിലും ജാതിയെപ്പറ്റി പ്രത്യേകമായി പരാമര്‍ശിക്കാറുണ്ട്. പുരാതന കത്തോലിക്കാ കുടുംബവും വെളുത്ത നിറവും സൗന്ദര്യവുമെല്ലാം വധുവിന് അല്ലെങ്കില്‍ വരനുവേണ്ടിയുള്ള വിവാഹ പരസ്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് സാധാരണമാണ്,

പാവം കെവിന്‍, അവനൊരു ദളിതനായിരുന്നു. അവന്റെ മരണം ലോകമാകമാനമുള്ള മലയാളികളെ കരയിപ്പിച്ചു കഴിഞ്ഞു. ഒരു കെവിന്‍ മാത്രമല്ല ഭാരതത്തില്‍ പിറന്നു വീണിട്ടുള്ളത്. ആയിരമായിരം ദളിതരുടെ രക്തകണ്ണുനീര്‍ ഈ നാടിന്റെ പവിത്ര ഭൂമിയില്‍ പതിഞ്ഞിട്ടുണ്ട്. അവനെപ്പോലെ കിടപ്പാടമില്ലാത്തവനും പണമുള്ള പെണ്ണിനെ പ്രേമിച്ചവനും വല്യ വീട്ടിലെ പെണ്ണിനെ സ്വന്തമാക്കിയവനും അടിമപ്പാളയങ്ങളിലെ പാളീച്ചകള്‍ പറ്റിയവനും അക്കൂടെയുണ്ട്. ദളിതനായ അവന്‍ ചെയ്ത തെറ്റ് ഒരു നസ്രാണി പെണ്ണിനെ ജീവനു തുല്യമായി സ്‌നേഹിച്ചതായിരുന്നു. അവന്റെ മരണത്തില്‍, ഈ സമൂഹവും ജാതിയും മതവും ഐത്യവും ഒരുപോലെ കുറ്റക്കാരാണ്. പാരമ്പര്യ വാദികളായ ക്രിസ്ത്യാനികള്‍ അവനെ ദളിതനായി കണ്ടു. പണമുള്ളവര്‍ അവനെ പാമരനായി കണ്ടു. വെറും ഒരു കൂരയില്‍ കഴിഞ്ഞ അവന്‍ നീനുവിനെ സ്‌നേഹിച്ചത് ചതിക്കാനല്ലായിരുന്നു. എങ്കിലും അവനെ ദുരഭിമാനം പേറി നടക്കുന്ന സമൂഹവും സവര്‍ണ്ണ മേധാവിത്വവും മരണത്തിലേക്ക് നയിച്ചു. ഒരു ജീവനെ കൊയ്‌തെടുക്കാന്‍ കാരണവും ദുഷിച്ച ജാതി വ്യവസ്ഥ തന്നെ. അതുമൂലം രണ്ടു കുടുംബങ്ങളാണ് ഗതികേടിലകപ്പെട്ടത്. പാടത്തു പണിയുന്ന ദളിതപ്പെണ്ണിനെ കാണുമ്പോള്‍ ജന്മിക്കു കാമം ഇളകിയാല്‍ ആരും ഗൗനിക്കില്ലായിരുന്നു. എന്നാല്‍ ദളിതന്‍ സവര്‍ണ്ണന്റെ മകളെ പ്രേമിച്ചാല്‍ അവന്റെ ജീവനും അതോടെ അവസാനിക്കും. ഇരുപതാം വയസ്സില്‍ ‘നീനു’ എന്ന പെണ്‍കുട്ടിയെ വിധവയാക്കിയ ഉത്തരവാദിത്തം ആഢ്യ ബ്രാഹ്മണിത്വം വിളമ്പുന്ന കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കുമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top