Flash News

ഇടവപ്പാതി (ചെറുകഥ)

June 2, 2018 , വര്‍ഷിണി വിനോദിനി

Idavapathi banner1

“വാവുറങ്ങ് നീ കണ്ണേ..
അമ്മേടെ മടിത്തട്ടില്‍ മഴപ്പാട്ടും കേട്ട്
മഴത്തോര്‍ച്ചയും കാത്ത്…
കണ്‍പൂട്ടിയുറങ്ങെന് പൈതലേ..”

മുറ്റത്ത് തളം കെട്ടിയിരിയ്ക്കുന്ന മഴവെള്ളത്തില്‍ മകന് തത്തികളിയ്ക്കുവാന്‍ ആവേശം കൂട്ടുമ്പോള്‍ ദേവു അവനെ ബലം പിടിച്ചുറക്കുവാന്‍ ശ്രമിയ്ക്കുന്നു..

“ഈ വെളക്കുവെച്ച നേരത്ത്, രണ്ടുംകെട്ട നേരത്ത് എന്തിനാ ദേവൂ വാശികാട്ടണ കുട്ടീനെ ഇങ്ങനെ നിര്‍ബന്ധിച്ച് ഉറക്കണത്..?? അവനു എന്താ വേണ്ടേയ്ച്ചാലു ചെയ്തുകൊടുത്തൂടെ നെനക്ക്,..?”

അമ്മയാണ്…അവര്‍ക്കത് പറയാം..

മകന്റെ ശ്രദ്ധ മാറിപോകാതിരിയ്ക്കാനായ് അവനെ ഒന്നുകൂടെ മാറോടണച്ച് ദേവു അവന്റെ തൊടയില്‍ തട്ടിക്കൊണ്ടിരുന്നു, ഇടയ്ക്കവന്റെ കണ്ണുകളില്‍ ഉഴിഞ്ഞ് ഉമ്മറത്തേയ്ക്ക് കണ്ണുകള്‍ പായിച്ചു,

“അച്ഛന്‍ അക്ഷമനാകുന്നുണ്ടാകും മോനേ..”

ഇടവപ്പാതിയിലെ വിജനമായ ചരല്‍ റോഡിലേക്ക് കണ്ണും നട്ട് രവി വരണ്ട ചുണ്ടുകളില്‍ പുഞ്ചിരി സൂക്ഷിച്ചു.

“ഇനി ഈ ഇടവപ്പാതി സന്ധ്യ അറിയണമെങ്കില്‍ അടുത്ത അവധി വരണം..

“ മകന്റെ കണ്ണുകള്‍ തോരാന്‍ പോകുന്ന മഴയെ കാതോര്‍ത്ത് കൂമ്പിയടയുമ്പോള്‍, വിവിധ ഭാവങ്ങള്‍ പകരുന്ന മഴയെ നോക്കി രവി നിര്‍വ്വികാരനായി.

കാതുകള്‍ ദേവൂന്റെ വിളിയ്ക്കായി കാതോര്‍ത്തു. പളുങ്കു മണികള്‍ വീണുടയുന്ന പൊട്ടിച്ചിരികള്‍ ഒത്തിരി നേരമായി തന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നു,

ദേവൂന് ചിലപ്പോള്‍ മഴയുടെ ഭാവങ്ങളാണ്. മഴക്കാടുകളുടെ പച്ചപ്പുകളും, അന്യമായികൊണ്ടിരിയ്ക്കുന്ന വേനല്‍മഴകളുടെ വേദനയാര്‍ന്ന കണ്ണുകളുമെല്ലാം പലപ്പോഴായി അവളിലും ദൃശ്യമാണ്.. അതുകൊണ്ടുകൂടിയാകാം തനിയ്ക്ക് മഴ പ്രിയപ്പെട്ടവളായിതീര്‍ന്നത്..

ഏകാന്തതയുടെ മടുപ്പില്‍ ദേവുവിനേയും മഴയേയും താരതമ്യപ്പെടുത്തി നിമിഷങ്ങള്‍ക്ക് വേഗത കല്‍പ്പിച്ചുകൊണ്ട് രവി വീണ്ടും വാതില്‍പാളികളിലേക്ക് എത്തിനോക്കി.

“ഈ വര്‍ഷകാല രാത്രിയില്‍ എന്റെ ദേവുവിനോടൊപ്പം നീയും കൂടെയുണ്ടെന്നത് ഒളിപ്പിച്ചുവെയ്ക്കാനാവാത്ത രഹസ്യമാണ് …
കേട്ടോടീ…പെണ്ണേ.. എനിക്ക് അടക്കിവെയ്ക്കാനാവാത്ത ആഹ്ലാദമാണത്..“

എന്റെ നെഞ്ചകം ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഈ മാറില്‍ മുഖമൊളിപ്പിച്ച് വിഹ്വലതയോടെ കുറുകുന്ന ഓമനപക്ഷിയെയാണ്.. കോരിച്ചൊരിയുന്ന മഴയത്ത്..

മഴയറിയാതെ പ്രണയ പ്രളയത്തില്‍ കുതിര്‍ന്ന് അവളുടെ ഇളംചൂടുള്ള നെറ്റിയില്‍ അമര്‍ത്തി ചുംബിക്കണം. ഇടറുന്ന തേങ്ങലിലൂടെ ഈ ഇടവ രാത്രിയും യാത്രയാകും..

ഇരുണ്ട ആകാശവും നിലക്കാത്ത സാന്ത്വനങ്ങള്‍ക്കുമപ്പുറം ദീര്‍ഘമൌനം തങ്ങള്‍ക്കിടയിൽ തളംകെട്ടും..

ഹൊ…. അനുഭവിക്കാന്‍ ഇഷ്ടപ്പെടാത്ത നിമിഷങ്ങള്‍..!

ദേവു തേങ്ങുകയാണ്.. രവി അവളെ രോമക്കാട്ടിനുള്ളില്‍ ചേർത്തുപിടിച്ചു.

“മരുഭൂമിയുടെ വിങ്ങലുകളില്‍ രാത്രിമഴകള്‍ വിലാപമായി മാത്രം അവശേഷിക്കുന്ന നാളുകളിലേക്കാണു മോളെ എന്റെ യാത്ര.. ആ രാമഴയ്ക്ക് നിന്റെ കണ്ണുനീരിന്റെ താളവും വശ്യതയുമല്ല, പ്രതീക്ഷയുടെ നനവും തിളക്കവും മാത്രമാണുള്ളത്.. ദേവൂട്ടീ..നീ കൂടി അറിയണമത്..”

കടുത്ത ദു:ഖവും തിളക്കുന്ന രക്തവും ഇരുണ്ട രാത്രിയുടെ മുഴക്കങ്ങള്‍ പകുത്തെടുത്തു…!

“ദേവോ..മണി നാലായിരിയ്ക്കുണൂ.. അവന് ആറാകുമ്പോഴേയ്ക്കും ഇറങ്ങേണ്ടതല്ലേ..? അഞ്ച് കഴിഞ്ഞതും വണ്ടിയായിട്ടിറങ്ങാന്ന് സന്ധ്യക്ക് കണ്ടപ്പഴും ശിവന്‍ പറഞ്ഞിരിയ്ക്കുണൂ.. നമ്മളായിട്ട് സമയങ്ങളൊന്നും തെറ്റിക്കണ്ടാ.. നീ വേഗമവനു ചായ കൂട്ടാന്‍ നോക്ക്..പലഹാരത്തിനുള്ള ഒരുക്കങ്ങളും എന്തായ്ച്ചാല്‍ ചെയ്യാന്‍ നോക്ക്..”

അമ്മയാണ്.

“എണീറ്റമ്മേ..മോന്‍ പിടി വിടണില്ലാ..ദാ വന്നൂ..”

മാറില്‍ നിന്ന് മോന്‍റെ കൈകള്‍ എടുത്തുമാറ്റി, മുടി വാരികെട്ടി… ഉറങ്ങി തീരാത്ത മയക്കത്തിന്റെ ആലസ്യത്തില്‍ കട്ടിലിന്റെ തലയ്ക്കാന്‍ഭാഗത്തായി തലയിണ ചാരിവെച്ച് അങ്ങനേ ഇരുന്നു പോയി..

തടിച്ച കണ്ണുകള്‍ക്ക് കനം തോന്നുന്നു,, ശൂന്യതയില്‍ നിന്നുണര്‍ന്ന് ജനലിന്റെ കുറ്റികള്‍ വിടുവിച്ചു..

“ഹൊ…മഴയുടെ നനവ് വിട്ടിട്ടില്ല.. പറമ്പില്‍ നിന്ന് മണ്ണ് പൂത്ത വാസന വരുന്നു.. പൊന്തകള്‍ക്കിടയില്‍ നിന്ന് വെളിച്ചം വഴിമാറി വരുന്നുണ്ട്.. വിങ്ങിയ കണ്‍തടങ്ങളൊ, അരണ്ട വെളിച്ചമൊ…എന്തോ ഒന്ന് കാഴ്ച്ച മറക്കുന്നുണ്ട്.. പതിവില്ലാതെ മഴമണവും ഈര്‍പ്പവും അടിവയറ്റില്‍ കാളിച്ച ഉണ്ടാക്കുന്നു.. നേരം ഒത്തിരിയായി വരുന്നു.. അലസത കാണിച്ചൂടാ… ഏട്ടന്റെ സമയങ്ങള്‍ തെറ്റിച്ചുകൂടാ..”

source

ശബ്ദമില്ലാതെ വാതില്‍പാളികള്‍ ചാരി ദേവു മുറി വിട്ടിറങ്ങി. ചായ കുടിച്ച ചുണ്ടുകള്‍ തുടച്ച് ചായ ഗ്ലാസ്സ് നീട്ടിയ രവിയുടെ നെഞ്ചിലേയ്ക്ക് ദേവു ആഴ്ന്നിറങ്ങി നോക്കി..

“ദേവൂട്ടീ.. നിന്റെ കലങ്ങിയ കണ്ണുകള്‍ എന്റെ സമാധാനം കളയുമെന്ന് നിനക്കറിഞ്ഞുകൂടെ..? എപ്പോഴത്തേയും പോലെ അടുത്ത ഇടവപ്പാതിക്കും നമ്മള്‍ ഇതുപോലെ പരസ്പരം മുട്ടിയുരുമി ഇരിയ്ക്കും.. എന്താ…മതീല്ലേ..?”

ദേവു ചിരിയ്ക്കാന്‍ ശ്രമിച്ചു..ആവുന്നില്ല.. എത്ര പെട്ടെന്നാണ് കാത്തിരുന്ന നാല്പത്തിയഞ്ച് ദിവസങ്ങള്‍ മഴക്കോളുകളും തോരാ മഴകളും കൊണ്ടുപോയത്..

“ദേവൂ..നീ ഇങ്ങനെ മിണ്ടാപൂച്ചയായി ഇരിയ്ക്കല്ലെ…എന്തേലും പറയ്“

നിമിഷങ്ങള്‍ അടുക്കുന്നു…രവിക്കും വേര്‍പ്പാടിന്റെ വേദന നെഞ്ചില്‍ തറച്ചു തുടങ്ങി..

“അവളെന്തു പറയാന്‍..”…അമ്മ ഊറിചിരിക്കുന്നു.. അമ്മയുടെ അര്‍ത്ഥം വെച്ചുള്ള ചിരിയുടെ അര്‍ത്ഥം എന്താണ്..? രവി ദേവൂനെ നോക്കി..

“ഡാ, രവ്യേ.. നീ വേഗം പോയി തിരിച്ചുവരാനുള്ള ദിവസങ്ങള്‍ ഇപ്പൊതന്നെ എണ്ണിക്കൊ.. നിന്റെ അടുത്ത വരവിനു ഒന്നിനെകൂടി മടിയിലിട്ട് കൊഞ്ചിക്കാനുള്ള ദൈവംനിശ്ചയം ഉണ്ടെന്നാ തോന്നണേ,..“

രവിയുടെ കണ്ണുകള്‍ ദേവുവിലേയ്ക്കോടി.. കണ്ടിട്ടും കാണാത്തവളെ പോലെ ലജ്ജയില്‍ പൊതിഞ്ഞ് അവള്‍ വാതില്‍ പാളിയില്‍ മറഞ്ഞു നില്‍ക്കുകയാണ്.. അവളുടെ വരണ്ട ചുണ്ടുകളില്‍ ഇരുണ്ട മേഘങ്ങള്‍ സംശയിച്ചെന്നോണം പടര്‍ന്ന്കേറുന്നുമുണ്ട്.

“ദാ…പ്പൊ ചാറ്റല്‍ തുടങ്ങും.. അതങ്ങട് കനക്കും മുന്നെ ഇറങ്ങാന്‍ നോക്കിക്കോ നീയ്.. മഴ വഴി മുടക്കെണ്ട..“

അമ്മ ധൃതികൂട്ടി തുടങ്ങി. ശിവന്‍ നനഞ്ഞ മണ്ണില്‍ അടയാളങ്ങള്‍ വരുത്തികൊണ്ട് പെട്ടിയും തൂക്കിനടന്നു..

“വിഷമിക്കാതെ..”

രവി കണ്ണുകള്‍ കൊണ്ട് അവളുടെ അടിവയര്‍ തലോടി., മഴപ്രഹരം ഏല്‍ക്കാതിരിയ്ക്കാനായി കൈകള്‍ മറയാക്കി മുറ്റത്തേക്കിറങ്ങി നടന്നു. തലേന്ന് സന്ധ്യക്കു മുതല്‍ ഉമ്മറത്ത് തളം കെട്ടിരിക്കുന്ന മഴവെള്ളത്തില്‍ കളിയ്ക്കാന്‍ വാശികൂട്ടുന്ന കുഞ്ഞിനെ ദേവുവില്‍ നിന്ന് പിടിച്ചുവാങ്ങി അമ്മ പിന്നാമ്പുറത്തേക്കിറങ്ങി..

“ഇടവപ്പാതിക്ക് കുടയില്ലാതെ ഇലഞ്ഞിപ്പൂമര ചോട്ടില്‍ നിന്നില്ലേ.. നാം ഇലഞ്ഞിപ്പൂമര ചോട്ടില്‍നിന്നില്ലേ,…”

രവി അങ്ങാടിയിലേയ്ക്കിറങ്ങും പോലെ രണ്ട് വരികള്‍ മൂളി പടിയിറങ്ങി. മഴയുടെ ആരവത്തില്‍ നേര്‍ത്തലിഞ്ഞു പോകുന്നു വരികള്‍..

ദൂരെ ടാറിട്ട വളവിലേക്ക് വണ്ടി മറയുന്നതും നോക്കി ദേവു നിശ്ശബ്ദയായി കരഞ്ഞു.. അപ്പോഴേക്കും മഴ കനംപിടിച്ച് തുടങ്ങിയിരുന്നു..

ഇടവപ്പാതിയിലെ പെരുമഴ ആര്‍ത്തു ചിരിക്കുന്നു…!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top