Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

മാധ്യമരംഗത്തെ വലിയ സിന്ദൂരപ്പൊട്ട് (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

June 4, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

leela menon banner1സ്‌നേഹം പരത്തുന്ന ചിരിയുമായി മാധ്യമരംഗത്ത് നിറഞ്ഞുനിന്ന ലീലാമേനോന്‍ ഓര്‍മ്മയായി. മാധ്യമ രംഗത്തേക്ക് കേരളീയ വനിതകള്‍ക്ക് വഴിതുറന്നുകൊടുത്ത പത്രപ്രവര്‍ത്തക. ആ മേഖല പുരുഷന്മാരുടെ കുത്തകയാക്കിയിരുന്ന കാലത്ത് വനിതാ ലേഖികയായി ഇടം നേടിയതു മാത്രമല്ല നിര്‍ഭയ പത്രപ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ സ്‌നേഹവും ആരാധനയും അവര്‍ സ്വന്തമാക്കി. ആ അന്വേഷണ വഴികള്‍ മാതൃകയായി അവശേഷിപ്പിച്ചാണ് ഞായറാഴ്ച രാത്രി 86-ാം വയസില്‍ ലീലാമേനോന്‍ ഒടുവില്‍ മരണത്തിന് കീഴ്‌പ്പെട്ടത്.

Photo1യാഥാസ്ഥിതികത്വത്തിനും അതിന്റെ തിന്മകള്‍ക്കുമെതിരെ പേന പടവാളാക്കിയതുപോലെ മാരകമായ അര്‍ബുദ രോഗത്തോടും സമാന്തരമായി അവര്‍ പൊരുതി ജയിച്ചുപോന്നു. പലരും പറയാന്‍ പേടിക്കുന്ന കാര്യങ്ങള്‍ തുറന്നുകാട്ടുന്ന, ആര്‍ക്കുമുമ്പിലും തലകുനിക്കാത്ത, ധീരയായ പത്രപ്രവര്‍ത്തകയായിരുന്നു ലീലാമേനോന്‍. കുട്ടികളില്ലാത്ത ദാമ്പത്യത്തില്‍ തന്റെ അച്ഛനും ജ്യേഷ്ഠനും സ്‌നേഹിതനും മകനുമെന്നപോലെ അവര്‍ക്ക് ആത്മബലം നല്‍കിയ ഭര്‍ത്താവ് മേജര്‍ ഭാസ്‌ക്കരിന്റെ വേര്‍പാടിന്റെ നിത്യദു:ഖവും പേറി രണ്ടു പതിറ്റാണ്ടിലേറെ തുടര്‍ന്നതായിരുന്നു ആ ഏകാന്തജീവിതം. എന്നിട്ടും ഒറ്റപ്പെടാതെ സ്‌നേഹിച്ചും സ്‌നേഹ-ബഹുമാനങ്ങള്‍ ഏറ്റുവാങ്ങിയും സഹായിച്ചും മറ്റുള്ളവരുടെ ദു:ഖത്തില്‍ സാന്ത്വനമായും അവര്‍ എന്നും ബഹുസ്വരതയുടെ ഭാഗമായിരുന്നു. യുവതലമുറയ്ക്ക് മാതൃകയും പ്രചോദനവും. കേരള സമൂഹത്തിന്റെ മിടിപ്പിനും സൗരഭ്യത്തിനും പാരുഷ്യത്തിനുമിടയില്‍ തനതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ഒരു മുക്കുറ്റിപ്പൂപോലെ എന്നും അവര്‍ വേറിട്ട് ചിരിച്ചുനിന്നു.

1949ല്‍ സ്വതന്ത്ര ഇന്ത്യയിലെ കമ്പിത്തപാല്‍ വകുപ്പിലെ ടെലിഗ്രാഫറായ ഏകവനിത എന്ന നിലയ്ക്കാണ് മാധ്യമത്താളുകളിലൂടെ ലീലാമേനോന്‍ വാര്‍ത്തയായത്. അച്ചടിമഷി പുരണ്ട തന്റെ ആ പ്രതിച്ഛായയില്‍ നിന്നാണ് പത്രപ്രവര്‍ത്തകയാകാനുള്ള ഉള്‍വിളി ഉണ്ടായത്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഉടമ രാംനാഥ് ഗോയങ്ക അവരെ ഡല്‍ഹിയിലെ ഓഫീസിലേക്ക് നിയോഗിച്ചു.

ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചിയില്‍നിന്ന് ആരംഭിക്കവെ ആണ്‍കോയ്മകളുടെ പത്രാധിപ സമിതിയിലേക്കാണ് ഡല്‍ഹിയില്‍നിന്ന് അവരെ അയച്ചത്. തുടര്‍ന്ന് അക്ഷരനഗരിയായ കോട്ടയത്തെ എക്‌സ്പ്രസ് ബ്യൂറോയിലേക്കും വീണ്ടും കൊച്ചിയിലേക്കും അവരുടെ പത്രപ്രവര്‍ത്തന ജീവിതം കേന്ദ്രീകരിച്ചു.

കേരളത്തില്‍നിന്ന് ജര്‍മ്മനിയിലേക്ക് നഴ്‌സിംഗ് റിക്രൂട്ടുകള്‍ നടത്തിയതിന്റെ പിന്നിലെ ഞെട്ടിപ്പിക്കുന്ന, ഹൃദയഭേദകമായ വാര്‍ത്തപോലെ ഒരുപാട് സ്‌ക്കൂപ്പുകളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളും ലീലാമേനോന്‍ പുറത്തുകൊണ്ടുവന്നു. പ്രഭാതത്തില്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ചര്‍ച്ചകളുടെയും രാഷ്ട്രീയ ചലനങ്ങളുടെയും സജീവ കേന്ദ്രബിന്ദുവായി ആ പത്രലേഖികയുടെ പേര്‍.

തീക്കാറ്റു സൃഷ്ടിച്ച അവരുടെ വാര്‍ത്താ കണ്ടെത്തലുകളില്‍ ഒന്നുമാത്രമായിരുന്നു കേരളത്തെ പിടിച്ചുകുലുക്കിയ സൂര്യനെല്ലി പെണ്‍കുട്ടിയുടെ പീഢനക്കേസ്. ഉന്നതനായ രാഷ്ട്രീയനേതാവടക്കം നിരവധി രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും സമൂഹത്തിലെ ഉന്നതരും ഉള്‍പ്പെട്ട സൂര്യനെല്ലി കേസ് പുറത്തുവന്നത് പ്രായപൂര്‍ത്തിയാകാത്ത ആ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലീലാമേനോന്‍ കണ്ട് നടത്തിയ അഭിമുഖത്തിലൂടെയാണ്. ലീലാമേനോന്റെ റിപ്പോര്‍ട്ടിന്റെ വരികള്‍ക്കിടയില്‍നിന്നാണ് കേരള രാഷ്ട്രീയത്തില്‍ നീണ്ടകാലം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച സൂര്യനെല്ലി സംഭവം ദേശാഭിമാനി ഉയര്‍ത്തിക്കൊണ്ടുവന്നത് എന്നുകൂടി രേഖപ്പെടുത്തട്ടെ.

മാധ്യമലോകം ‘ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറി’ എന്നു വിളിക്കുന്ന, മനുഷ്യനും മനുഷ്യത്വവുമായി ബന്ധപ്പെട്ട, സമൂഹത്തെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന നിരവധി വാര്‍ത്തകള്‍ ലീലാമേനോന്റേതായി വന്നിട്ടുണ്ട്. അച്ചടി മാധ്യമ രംഗത്തേക്കും വൈകിവന്ന ദൃശ്യമാധ്യമ രംഗത്തേക്കും ആത്മവിശ്വാസത്തോടെ കടന്നുവരാന്‍ ഇന്നവിടങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് പ്രചോദനവും മാതൃകയുമായത് ലീലാമേനോന്റെ പ്രതിബദ്ധത നിറഞ്ഞ എഴുത്തുജീവിതമാണ്.

‘നിലയ്ക്കാത്ത സിംഫണി’ എന്ന അവരുടെ ആത്മകഥയില്‍നിന്ന് മാധ്യമരംഗത്തെ പുതു തലമുറക്കാരായ യുവതികള്‍ മാത്രമല്ല പത്രപ്രവര്‍ത്തക യുവാക്കള്‍ക്കും ഒരുപാട് പഠിക്കാനുണ്ട്. വനിതകളുടെ ലോകം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സമൂഹത്തിനാകെത്തന്നെ അതില്‍നിന്നു പഠിക്കാനുണ്ട്.

ലീലാമേനോന്‍ ജീവിതത്തില്‍നിന്ന് യാത്രയാകുമ്പോള്‍ ‘ജന്മഭൂമി’ പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. അവരുടെ ജീവിതത്തിന്റെ അവസാനപാദം വ്യക്തിപരമായി തീര്‍ത്തും ഏകാന്തമായിരുന്നു. 86-ാം വയസില്‍ അവര്‍ അന്ത്യശ്വാസം വലിച്ചത് ഒരു വൃദ്ധസദനത്തിലാണ്. ലീലാ മേനോന്റെ ഓര്‍മ്മയോടൊപ്പം സമൂഹത്തിന്റെ ഈ അവസ്ഥയും മരിക്കാത്ത വേദനയായി അവശേഷിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top