Flash News

വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കൂടി ഉതകുന്നതാവണം സംഘടനകള്‍: സി.കെ ജോര്‍ജ്ജ്, ഫ്‌ളോറിഡ

June 5, 2018 , സി.കെ ജോര്‍ജ്ജ്

CK Georgeനീണ്ട 45 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ വിവിധ മലയാളി സംഘടനകളില്‍ പ്രവൃത്തിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പ്രാദേശിക സംഘടനയിലും അത് വഴി ദേശിയ സംഘടനകളിലും ഒരേ പോലെ പ്രവര്‍ത്തിച്ചു. 1982 ഫൊക്കാന കമ്മിറ്റി മെമ്പര്‍ അതിന് ശേഷം ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ആയി. ഫോമ രൂപീകൃതമായ ശേഷം ജുഡീഷ്യല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി, വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോമ ദേശിയ കോണ്‍വെന്‍ഷനോട് അനുബന്ധിച്ചു നടക്കുവാന്‍ പോകുന്ന എലെക്ഷന്റെ ആരവങ്ങള്‍ ആണ് ഇപ്പോള്‍ എവിടെയും. പണ്ടത്തേതിനെ അപേക്ഷിച്ചു ഇപ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ വാശിയേറിയിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ എലെക്ഷനെ നേരിടുന്ന പഴയ രീതി എവിടെയോ കൈമോശം വന്നു എന്ന് തോന്നുന്നു. ഈ അടുത്ത് എലെക്ഷനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ചില വാര്‍ത്തകള്‍ ഈ സമൂഹത്തിനെ തന്നെ അലോസരപ്പെടുത്തുന്നവയാണ്. മലയാളികളുടെ നന്മ എവിടെയാണ് നഷ്ടപ്പെട്ടത് എന്ന ചിന്ത ആണ് ഈ കുറുപ്പ് എഴുതിപ്പിക്ക്കുന്നത്.

ദേശിയ പ്രസ്ഥാനങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും ജീവിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം. അപ്പനും, അമ്മയും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെ കണ്‍വെന്‍ഷന് കൊണ്ട് വരുവാനുള്ള വഴികള്‍ കണ്ടെത്തണം. കുട്ടികളെ നോക്കാന്‍ ആളില്ല എന്ന് പറഞ്ഞു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പറ്റാത്ത കുടുംബങ്ങളെ എനിക്കറിയാം. ഇപ്പോഴത്തെ നിരക്കില്‍ 4 പേര് അടങ്ങുന്ന കുടുംബങ്ങളെ കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കണം. പല സമുദായ സംഘടനകളും അങ്ങനെ ചെയ്യുന്നതായി കാണാം. പിന്നെ എന്ത് കൊണ്ട് ഫോമ പോലെ അമേരിക്കയില്‍ മുഴുവന്‍ വേരോട്ടമുള്ള സംഘടനകള്‍ ചെയ്യാന്‍ സാധിക്കുന്നില്ല? അങ്ങനെ ചെയ്യാന്‍ സാധിക്കുന്ന പട്ടണങ്ങളെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. എല്ലാ പട്ടണങ്ങളിലും കണ്‍വെന്‍ഷന്‍ നടത്തുവാന്‍ സാധിക്കണം. ചെലവ് ചുരുക്കി കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുകയാണ് വേണ്ടത്.

അമേരിക്കയിലെ സംഘടന പ്രവര്‍ത്തനം എന്ന് പറയുന്നത് ഒരു സാമൂഹിക പ്രവര്‍ത്തനം കൂടി ആണെന്ന് ഈ ഉള്ളവന്‍ വിശ്വസിക്കുന്നു. സമയം, പണം, കുടുംബം, കുട്ടികളെ എല്ലാം നഷ്ടപ്പെടുത്തുന്ന സാമൂഹിക പ്രവര്‍ത്തനം. കുടുംബവും ജോലിയില്‍ കഴിഞ്ഞു വേണം സ്ത്രീകള്‍ക്ക് സംഘടനകളില്‍ പ്രവര്‍ത്തിക്കുവാന്‍. അങ്ങനെ മുമ്പോട്ട് വരുന്ന സ്ത്രീകളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. അതാണ് സ്ത്രീ ശാക്തീകരണം. രണ്ടാം തലമുറയില്‍ നിന്നും, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികളെ സംഘടനാ പ്രവര്‍ത്തനത്തിന് കിട്ടുക തന്നെ പ്രയാസം. അങ്ങനെ വരുന്നവരെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പരിചയം പോലും ഇല്ലാതിരുന്ന ഒരു വ്യക്തിക്ക് ഒരു ജീവിതം നല്കുവാന്‍, ആ കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ശരീര ഭാഗം ദാനം ചെയ്യുവാന്‍ മടി കാണിക്കാതിരുന്ന കൊച്ചു മിടുക്കിയെ പരിചയപ്പെടുവാന്‍ സാധിച്ചു, രേഖ നായര്‍. രേഖയെ പോലെ ഉള്ളവര്‍ ഫോമയില്‍ വരുന്നത് ഈ സംഘടനയുടെ ഭാഗ്യമായി കാണുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവരാണ് ഫോമയുടെ ഭാവി വാക്ദാനങ്ങള്‍ !

ഏത് യുദ്ധത്തിനും ഉണ്ട് ഒരു ധര്‍മ്മം. വിജയത്തിന് വേണ്ടി എന്ത് വൃത്തികെട്ട കളിയും കളിക്കാന്‍ സംഘടന ഭാരവാഹികള്‍ തയ്യാറാവരുത്. “യഥോ ധര്‍മ്മ .. തദോ ജയ: ” എന്ന വാക്യം എല്ലാവരും ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. എതിര്‍ പാനല്‍ മത്സരാത്ഥികള്‍ക്കെതിരെ ഉള്ള അപവാദ പ്രചാരണം ആണ് ഇപ്പോള്‍ കണ്ട് വരുന്നത്. സ്ത്രീകളെ പോലും ഈ കൂട്ടര്‍ വിടില്ല എന്നത് ദോഷകരമായ ഒരു പ്രവണത ആണ്. സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ ഇരിക്കുന്നവരെ കുറിച്ച് പറയുന്നവരും ധാരാളം.

വ്യക്തി ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കൂടി ഉതകുന്നതാവണം സംഘടനകള്‍. അല്ലാതെ പരസ്പരം കണ്ടാല്‍ ചിരിക്കാന്‍ പോലും വിമുഖത തോന്നുന്ന ആളുകള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന് അധികം ആരും വരും കാലങ്ങളില്‍ ഉണ്ടാവില്ല. മനുഷ്യരിലെ നന്മ അറിയണം, ആസുരിക ഭാവം സംഘടനയിലേക്ക് കൊണ്ട് വരാതെ ഇരിക്കണം. മത്സരങ്ങള്‍ ആരോഗ്യപരമായിരിക്കണം. തോല്‍ക്കുന്നവര്‍ പൂര്‍ണ്ണ മനസ്സോടെ അത് അംഗീകരിക്കണം. വിജയിക്കുന്നവരുടെ കൂടി നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. അല്ലാതെ സംഘടന തിരഞ്ഞെടുപ്പുകള്‍ തമ്മില്‍ തല്ലിന്റ്‌റെ വേദികള്‍ ആക്കരുത്. വളരും തോറും പിളര്‍ത്താന്‍ ശ്രമിക്കരുത്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി കഴിവുള്ളവരെ അംഗീകരിക്കണം. ഏവരെയും ചിക്കാഗോയില്‍ കാണാം എന്ന പ്രതീക്ഷയില്‍ ഏവര്‍ക്കും ആശംസകള്‍ നേരുന്നു.. നന്ദി !

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top