Flash News

രണ്ടു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ 80 നഴ്സുമാര്‍ കുവൈറ്റില്‍ യാതനകളനുഭവിക്കുന്നു; നിസ്സംഗതയോടെ കുവൈറ്റ് ആരോഗ്യ മന്ത്രാലയം

June 6, 2018

nurseകുവൈത്ത്: ശമ്പളവും ജോലിയുമില്ലാതെ എണ്‍പതോളം നഴ്‌സുമാര്‍ രണ്ടു വര്‍ഷമായി കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഇവര്‍ക്ക് ജോലി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കേരളത്തില്‍നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിവാദമായ സമയത്ത്, റിക്രൂട്ട്‌മെന്റ് നേടി കുവൈത്തിലെത്തിയ നഴ്‌സുമാരാണ് രണ്ടുവര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയില്‍ കഴിയുന്നത്. 2015ല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഇന്ത്യയിലെത്തി കൊച്ചിയിലും ഡല്‍ഹിയിലുമായി നടത്തിയ അഭിമുഖം വഴിയാണ് ഇവരെ തിരഞ്ഞെടുത്തത്.

എന്നാല്‍ കുവൈത്തിലെത്തി രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡറോ, ഇഖാമയോ ലഭിച്ചില്ല. ഇവരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഫയലുകള്‍ കാണാതായെന്നാണ് അധികൃതര്‍ ആദ്യം നല്‍കിയ വിശദീകരണം. പിന്നീട് ഇവരില്‍ 18 പേര്‍ക്ക് ഇഖാമ നല്‍കിയെങ്കിലും നിയമനം നല്‍കിയില്ല. ഈ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെന്നാണ് ഇതിനു നല്‍കുന്ന ന്യായീകരണം.

നിലവില്‍ ഫര്‍വാനിയയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഹോസ്റ്റലിലാണ് ഇവര്‍ താമസിക്കുന്നത്. താമസവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും ഇഖാമയില്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ ഇവര്‍ക്ക് സാധിക്കില്ല. അനധികൃത താമസക്കാരെന്ന് ആരോപിച്ച് ഏതു നിമിഷവും പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാം. ജോലിയും ശമ്പളവുമില്ലാത്തതിനാല്‍ നാട്ടില്‍നിന്നു പണം വരുത്തിയും സുഹൃത്തുക്കളില്‍നിന്നു കടം വാങ്ങിയുമാണ് ഇവര്‍ അവശ്യചെലവുകള്‍ നടത്തുന്നത്.

അതിനിടെ, 600 കുവൈത്ത് ദിനാര്‍ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്ത ഇവരെ 350 ദിനാര്‍ ശമ്പളത്തില്‍ കരാര്‍ ജീവനക്കാരായി നിയമിച്ച് പ്രശ്‌നം ഒതുക്കാനും ശ്രമം നടക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് പ്രശ്‌നം പരിഹരിച്ച് ജോലി നല്‍കണമെന്ന ആവശ്യവുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് ഈ നഴ്‌സുമാര്‍. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിദേശകാര്യമന്ത്രിക്കുമൊക്കെ പരാതി നല്‍കിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും പരാതികള്‍ നല്‍കി. കുവൈത്തിലെ എംബസി തലത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഇപ്പോള്‍ നഴ്‌സുമാരുടെ പ്രതീക്ഷ.

നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. എംബസി നല്‍കിയ പട്ടികയിലുള്ള 80 നഴ്‌സുമാര്‍ക്ക് ജോലി നല്‍കാമെന്നു കുവൈത്ത് ആരോഗ്യമന്ത്രി വാക്കാല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതെന്ന് നടപ്പിലാകുമെന്നു മാത്രം വ്യക്തമല്ല. നഴ്‌സുമാരെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്ത ഏജന്‍സികളും ഇവരെ കൈവിട്ടു. കുവൈത്തിലെത്തിയ നഴ്‌സുമാരുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നാണ് ഇപ്പോള്‍ ഏജന്‍സികള്‍ പറയുന്നത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top