Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

കത്വയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രായശ്ചിത്തത്തിനായി രാമനുണ്ണിയുടെ ആഹ്വാനം

June 7, 2018

KP-Ramanunni1-copy-830x412കത്വ സംഭവത്തിന് പ്രായശ്ചിത്തമായി ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം ചെയ്യാനെത്തിയ എഴുത്തുകാരന്‍ കെ.പി രാമനുണ്ണിയെ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ ചിറക്കലിലെ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്തെത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിശ്വാസം വ്രണപ്പെടുത്തുന്നതാണ് നടപടി എന്നാരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.

ദൈവത്തിനെ പ്രസാദിപ്പിക്കാനായി ഒരു വ്യക്തി പ്രാര്‍ത്ഥനയോടെ ചെയ്യുന്ന ശയനപ്രദക്ഷിണം പത്രസമ്മേളനം നടത്തി കൊട്ടിഘോഷിച്ച് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യുവമോര്‍ച്ചയുടെ നിലപാട്. രാമനുണ്ണി ജമായത്ത് ഇസ്ലാമിന്റെ സഹയാത്രികനാണെന്നും ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കത്തുവയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബല്‍ത്സംഗം ചെയ്ത് കൊന്നതിനെ അപലപിച്ചുകൊണ്ട് ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തുമെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രാമനുണ്ണി പറഞ്ഞിരുന്നു. ശിവഗിരി മഠത്തിലെ സ്വാമി ധര്‍മ്മ ചൈതന്യക്കൊപ്പം ശയനപ്രദക്ഷിണം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഹിന്ദു വിശ്വാസികളുടെ പ്രാര്‍ത്ഥനാ സ്ഥലത്തുവെച്ച് ഒരു മുസ്ലീം പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടതിനെതിരേ എല്ലാ ഹിന്ദു മത വിശ്വാസികളും രംഗത്തെത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്

ഇതുസംബന്ധിച്ച് രാമനുണ്ണിയുടെ കുറിപ്പ്‌

പ്രായശ്ചിത്തശയനപ്രദക്ഷിണം

പ്രിയപ്പെട്ട ഹിന്ദുമതവിശ്വാസികളേ,

ചില പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു പവിത്രകര്‍മ്മത്തിലേക്ക് നിങ്ങളെ വരവേല്‍ക്കാനുമാണ് ഈ കത്ത്. മതവിശ്വാസം അങ്ങേയറ്റം വികൃതമാക്കപ്പെടുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. കാലുഷ്യവും ശത്രുതയും വളര്‍ത്തുന്ന നീചത്തരങ്ങള്‍ക്കായി വിവിധ മതസ്ഥരുടെ ദേവാലയങ്ങള്‍ ഇന്ത്യാ രാജ്യത്തും ദുരുപയോഗപ്പെടുത്തുന്നുണ്ട്. ദേവസ്ഥാനങ്ങളെ ചിലര്‍ വര്‍ഗ്ഗീയവികിരണ കേന്ദ്രങ്ങളാക്കുന്നു, പോര്‍ക്കളങ്ങളാക്കുന്നു, കൊടും കുറ്റകൃത്യങ്ങളുടെ ഒളിത്താവളങ്ങളാക്കുന്നു.

ഇത്തരം ദുഷ്ടശക്തികൾക്കെതിരെ സ്വന്തം വിശ്വാസത്തട്ടകത്തിൽ നിന്നുകൊണ്ട് പ്രതിരോധമുയർത്തി മാതൃത കാണിക്കേണ്ട കർത്തവ്യം ഹിന്ദുക്കൾക്കുണ്ട്. എന്തെന്നാൽ സമസ്തലോകസൗഖ്യത്തിനുള്ള പ്രാർത്ഥനയുണർത്തി സത്യത്തിന് ജയഗീതം പാടലാണ് അടിസ്ഥാനപരമായി ഹൈന്ദവതയുടെ ധർമ്മം. സർവ്വധർമ്മ സമഭാവനയാണ് അതിന്റെ ആദർശം. മതമൈത്രിയും അപരത്വരാഹിത്യവും ബഹുസ്വരതയുമാണ് ഹൈന്ദവർക്ക് ഭൂരിപക്ഷമുള്ള ഭാരതദേശത്തിന്റെ നിലനിൽപ്പിന് തന്നെ ആധാരം. ഇതര മതരീതികൾ അവലംബിച്ചും ഈശ്വരസാക്ഷാൽക്കാരം തേടിയ ശ്രീരാമകൃഷ്ണ പരമഹംസരും, മറ്റു മതപ്രതിനിധികളെ സഹോദരീസഹോദരന്മാരെയെ് ചിക്കാഗോവിൽ അഭിസംബോധന ചെയ്ത വിവേകാനന്ദനും, ഭഗവത് ഗീതയിലെ കർമ്മതത്വം അനാസക്തിയോഗത്തിലേക്ക് കറന്നെടുത്ത മഹാത്മജിയും, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേനെ വാഴു മാതൃകാസ്ഥാനം സ്വപ്നം കണ്ട ശ്രീനാരായണഗുരുവുമാണ് ഹിന്ദുധർമ്മത്തിന്റെ ശരിയായ ധ്വജവാഹകൾ.

അതുകൊണ്ട് തന്നെ സ്വന്തം വിശ്വാസാദര്‍ശത്തെ വിഷം തീണ്ടാതെ സൂക്ഷിക്കലും ആരാധനാലയങ്ങളെ പരിശുദ്ധമാക്കി സംരക്ഷിക്കലും ഓരോ ഹൈന്ദവന്റെയും ജീവന്മരണപ്രശ്‌നം തന്നെയാണ്. അങ്ങനെ ചിന്തിക്കുമ്പോഴാണ് കഠ്‌വാ ബലാല്‍സംഗക്കൊലയെയും അതു നടത്തിയ ദേവാലയത്തെയും കൊടിയ വേദനയായി ഹിന്ദുക്കള്‍ ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാകുക. കഠ്‌വാ സംഭവത്തെ ഒന്ന് സ്മരിച്ചുനോക്കൂ. എട്ടു വയസ്സായ മുസ്ലീംപെണ്‍കുട്ടിയെ അവിടെ ചില കശ്മലര്‍ ക്ഷേത്രത്തിനകത്തേക്ക് റാഞ്ചിക്കൊണ്ടു പോകുന്നു. ശ്രീകോവിലിനടുത്ത് വെച്ച് അവള്‍ നിരന്തരം ബലാല്‍സംഗം ചെയ്യപ്പെടുന്നു. ആ പാപകൃത്യത്തിന് സമാന്തരമായിത്തന്നെ ഹൈന്ദവതയുടെ ഹന്താക്കള്‍ ക്ഷേത്രത്തില്‍ പൂജാഭാസവും നടത്തുന്നു. ദിവസങ്ങള്‍ക്കകം പെണ്‍കുട്ടി ഇഞ്ചിഞ്ചായി കൊല ചെയ്യപ്പെടുന്നു. എട്ടു വയസ്സുകാരിയുടെ ബലാല്‍സംഘക്കൊലക്കൊപ്പം മറ്റൊരു ബലാല്‍സംഘക്കൊലയും കഠ്‌വായിലെ ദേവസ്ഥാനത്ത് വെച്ച് നടന്നിട്ടുണ്ടെന്ന് ഓര്‍ക്കുക. പ്രിയരെ, ഹിന്ദു മതത്തിന്റെ ബലാല്‍സംഘക്കൊലയായിരുന്നു അത്.

ഈ സാഹചര്യത്തിൽ ഹൈന്ദവർക്കിനി തങ്ങളുടെ വിശ്വാസങ്ങളുടെയും ദേവാലയങ്ങളുടെയും സംരക്ഷണപ്പോരാട്ടം നീട്ടിവെക്കാൻ വെയ്യ. കഠ്‌വാ സംഭവത്തെ നിമിത്തമായിക്കണ്ട് നമുക്കാ ശുദ്ധികലശദൗത്യം സമാരംഭിക്കാം. കണ്ണൂർ കടലായ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് ജൂൺ 7 ന് രാവിലെ 9 മണിക്ക് കേരള സംസ്‌കൃതസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രായശ്ചിത്ത ശയനപ്രദക്ഷണം നിർവ്വഹിക്കപ്പെടുന്നുണ്ട്. എഴുത്തുകാരും കലാകാരന്മാരും ആത്മീയരംഗത്തുള്ളവരും പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തിൽ പങ്കെടുക്കുന്നുണ്ട്. നമുക്കും ആചരണം കൊണ്ടോ സാിദ്ധ്യം കൊണ്ടോ അതിൽ പങ്കാളികളാകാം. സ്ത്രീമാനരക്ഷകനും ധർമ്മസംസ്ഥാപകനുമായ ഭഗവാൻ ശ്രീകൃഷ്ണന് ശരീരം കൊണ്ട് കാണിക്കയർപ്പിക്കാം.

പ്രിയ വിശ്വാസികളെ, സാമുദായികമായ ഗുണം മാത്രമല്ല, വ്യക്തിപരമായ ഗുണവും പ്രായശ്ചിത്ത ശയനപ്രദക്ഷിണം നേടിത്തരുമെന്ന് അറിയുക. ദൈവമാണല്ലോ എല്ലാ മതവിശ്വാസങ്ങളുടെയും മൗലികമായ അവലംബം. പ്രപഞ്ചത്തിന് പിറകിലുള്ള സ്‌നേഹപ്പൊരുളോ, ഊർജ്ജചൈതന്യമോ, ജീവിതാകുലതകൾക്കുള്ള അർത്ഥത്തണലോ, കാരുണ്യക്കടലോ, അനീതികൾക്കെല്ലാം ഉത്തരവാദിത്വം പറയിപ്പിക്കുന്ന രാഷ്ട്രീയശരിയോ, നന്മക്കുള്ള പ്രചോദനമോ ഒക്കെയാണല്ലോ വിശ്വാസികൾക്ക് ദൈവം. സർവ്വ ജീവജാലങ്ങളിലും ഏകത്വത്തിന്റെ നൂലൊട്ടിക്കുന്ന ദൈവത്തിന് ഭേദജന്യമായ ഹിംസകൾക്കും ബീഭത്സതകൾക്കുമെതിരായ പ്രവൃത്തി എപ്പോഴും പ്രീതികരമായിരിക്കും. ഐശ്വര്യപ്രാപ്തിക്കായുള്ള നിങ്ങളുടെ പ്രാർത്ഥനകൾ സഫലീകൃതമാകാൻ ആ പ്രീതി സഹായകരമായിരിക്കും. അതിനാൽ പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തെ പ്രതീകാത്മക സാമൂഹ്യപ്രവർത്തനം മാത്രമായല്ല, ജീവിതശ്രേയസ്സിന് വേണ്ടിയുള്ള അനുഷ്ഠാനസമർപ്പണമായിക്കൂടി കാണുക. അക്രമവും തിന്മയും വർഗ്ഗീയതയും നിലനിൽക്കാത്ത അന്തരീക്ഷത്തിലാണല്ലോ വ്യക്തിജീവിതവും പൂവണിയുന്നത്.

വലുപ്പച്ചെറുപ്പമില്ലാതെ ഏത് ഹിന്ദുമതവിശ്വാസിക്കും ഈ പുണ്യകർമ്മത്തിൽ പങ്കെടുക്കാം. വിശ്വാസിയല്ലെങ്കിലും വിശ്വാസത്തിന്റെ അനുഭൂതിപ്രപഞ്ചത്തെ അംഗീകരിക്കുന്ന ഹിന്ദുക്കൾക്കും പങ്കെടുക്കാം. അങ്ങനെ നാടിന്റെ നാനാ കോണിൽ നിന്നും എണ്ണമറ്റ ഹിന്ദുക്കൾ ജൂൺ 7 ന് കടലായി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഒഴുകിയെത്തട്ടെ. ഹിന്ദുധർമ്മത്തിന്റെ ശരിയായ മഹത്വമെന്തെ് ലോകം അറിയുകയും ചെയ്യട്ടെ.അതുപോലെ മറ്റ് സഹമതസ്ഥരുടെ ധാർമ്മിക പിൻതുണയും ഈ ഉദ്യമത്തിന് നമുക്ക് ഉറപ്പുവരുത്തണം.

പ്രാർത്ഥനകളോടെ,
കെ.പി രാമനുണ്ണി
സ്വാമി ധർമ്മചൈതന്യ (ശിവഗിരി
സതീശന്‍ തില്ലങ്കേരി (കോര്‍ഡിനേറ്റര്‍, കേരള സംസ്കൃതസംഘം, കണ്ണൂര്‍)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top