Flash News

അടരാതെ കൊഴിയുന്നവര്‍ (കഥ)

June 9, 2018 , എച്മുക്കുട്ടി

adarathe1എനിക്ക് അതൊരു വലിയ വാര്‍ത്തയായിരുന്നു. അല്‍പം പോലും വിശ്വസിക്കാന്‍ കഴിഞ്ഞതുമില്ല. അത്ര ഇഴപിരിയാത്ത പ്രണയമായിരുന്നു അവര്‍ തമ്മില്‍. മനോജും ജാനിയും തമ്മില്‍.. ആരേയും കുറ്റപ്പെടുത്താന്‍ എനിക്ക് തോന്നുന്നുമില്ല.

ഡോ മനോജ് വക്കീലായ ജാനിയെ എന്തുമാത്രം തീക്ഷ്ണമായി പ്രേമിച്ചിരുന്നുവെന്ന് എനിക്ക് അറിയാം. മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങി മനോജ് പറക്കുമായിരുന്നു ലോകോളേജിന്‍റെ വാതുക്കലേക്ക് … അവരുടെ സ്നേഹം കണ്ട് അതിശയിക്കാത്ത ആരുമുണ്ടായിരുന്നില്ല രണ്ട് കോളേജുകളിലും.

Echmu 2017 (2)ഞാന്‍ പഠിത്തം ഉഴപ്പി. മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നത് നിസ്സാര കാര്യമല്ല. നല്ലോണം പഠിക്കണം. അതു ഞാന്‍ ചെയ്തില്ല. വീട്ടിലെ വഴക്കുകളും പ്രശ്നങ്ങളും ഓര്‍ത്ത് സങ്കടപ്പെട്ട എന്നോട് സ്നേഹമാണെന്ന് പറഞ്ഞ ഒരു ഓട്ടോ ഡ്രൈവര്‍ക്കൊപ്പം നാടു വിട്ടു. എന്‍റെ സഹോദരങ്ങളെ വേദനിപ്പിച്ചു.. എകാകിനികളാക്കി. അവരുടെ വിലയും നിലയും ഒന്നും അറിയാത്ത രണ്ട് തരം താണ മനുഷ്യരുടേ ഭാര്യമാരാവാന്‍ വിധിയ്ക്കപ്പെട്ട അവര്‍ ജീവിതകാലമത്രയും എന്നെ പ്രാകിക്കൊണ്ടിരുന്നു.

വാശിക്കാരനും വഴക്കുകാരനും കള്ളുകുടിയനും ഭാര്യയെ തല്ലുന്നവനും ഒക്കെ ആയിരുന്നെങ്കിലും എന്‍റെ ഇറങ്ങിപ്പോക്ക് അപ്പനെ ശരിക്കും തളര്‍ ത്തീ രുന്നു. അപ്പനുമമ്മയും വീടും കടയും വിറ്റ് മറ്റൊരു നാട്ടിലേക്ക് തന്നെ ചേക്കേറിയത് അതുകൊണ്ടാണ്.

ഞാനിതൊന്നും അറിഞ്ഞില്ല. എല്ലാം അറിഞ്ഞപ്പോഴേക്കും വല്ലാതെ വൈകിപ്പോയി. തിരിച്ചു പിടിക്കാന്‍ പറ്റാത്തവിധം ജീവിതം കുത്തിയൊലിച്ചു പോയി.

അനീഷിനു ആദ്യമൊക്കെ എന്നെ വലിയ കാര്യമായിരുന്നു. മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന പെണ്ണ് എന്ന് ഗമയുണ്ടായിരുന്നു. പിന്നെപ്പിന്നെ മെഡിക്കല്‍ കോളേജില്‍ പഠിക്കുക ഒട്ടും വലിയ കാര്യമല്ല എന്നയാള്‍ക്ക് തോന്നിത്തുടങ്ങി.

അപ്പോള്‍ ഞാന്‍ ഓടിപ്പോന്ന ഒരു പെണ്ണ് മാത്രമായി അധ:പതിച്ചു.

അങ്ങനത്തെ പെണ്ണുങ്ങള്‍ക്ക് ഒരു അവകാശവുമില്ല നമ്മുടെ നല്ലവരുടേതായ സമൂഹത്തില്‍. വേലി ചാടുന്ന പയ്യിനു കോലുകൊണ്ട് മരണം. അത് അന്വര്‍ഥമായി…

അയാള്‍ എന്നെ വിറ്റ് ഒഴിവാക്കി.

പിന്നെ കോലുകൊണ്ട് മരിക്കലായി എന്നും.

അങ്ങനെ കഴിഞ്ഞാഴ്ച ഒരു രാത്രി കുപ്പികൊണ്ടാണ് മരിക്കേണ്ടി വന്നത്, എല്ലാം കഴിഞ്ഞ് എണീറ്റ് പോവാന്‍ നേരം ആ നായിന്‍റെ മോന്‍ കാശിനു പകരം കുപ്പിയാണ് തിരുകി വെച്ചത്, അത് ഊരിയെടുത്തെങ്കിലും ചോര നിലച്ചില്ല. അപ്പോഴേക്കും ബോധവും പോയി.

പോലീസുകാര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ കൊണ്ടുവന്നാക്കി. അനാഥരെയും അവിശുദ്ധരേയും ഗതികെട്ടവരേയും ഒക്കെ ചികില്‍സിക്കേണ്ട ജോലി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കുണ്ടല്ലോ. കാറില്ല, കാണാന്‍ ഭംഗിയില്ല എന്നൊന്നും പറഞ്ഞ് അവര്‍ക്ക് രോഗികളെ ഒഴിവാക്കാന്‍ പാടില്ലല്ലോ.

അങ്ങനെയാണ് ആഴം കൂടിയ മുറിവുമായി ഞാന്‍ ആശുപത്രിയില്‍ എത്തിയത്. അതും പോലീസ് കേസുമായി..

ബോധം വന്നപ്പോള്‍ ഞാന്‍ കണ്ടത് മനോജിന്‍റെ മുഖമായിരുന്നു. ആ കിടപ്പിലും ഞാന്‍ ചൂളി…എനിക്ക് ലജ്ജയും അപമാനവും കൊണ്ട് മരിക്കണമെന്ന് തോന്നി.

ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണ്…. ഇപ്പോള്‍ മനോജ് ഡോക്ടറുടെ വേഷത്തില്‍ ഞാന്‍ … ഏതു വേഷത്തിലാണ്?

ഓപ്പറേഷന്‍ കഴിഞ്ഞ് എന്നെ നല്ല സൌകര്യമുള്ള മുറിയിലേക്കാണ് മാറ്റിയത്. മനോജിന്‍റെ കരുണയാണതെന്ന് എനിക്ക് മനസ്സിലായി, പോലീസ് മൊഴിയെടുക്കാന്‍ വന്നപ്പോഴും മനോജ് ഒരു രക്ഷാകര്‍ത്താവിന്‍റെ റോള്‍ വഹിക്കുക തന്നെ ചെയ്തു. അവര്‍ എന്നോട് സംസാരിക്കുന്ന ഭാഷയും മനോജിനോട് സംസാരിക്കുന്ന ഭാഷയും വിഭിന്നമാണെന്ന് ഞാന്‍ കേട്ട് മനസ്സിലാക്കി. അതങ്ങനെയാവാനല്ലേ തരമുള്ളൂ. ഞങ്ങളുടെ നിലവാരങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടല്ലോ.

എനിക്ക് ദൈവത്തിനോടായിരുന്നു അപ്പോള്‍ കോപം തോന്നിയത്. എന്നെ ഈ അവസ്ഥയില്‍ പഴയ സഹപാഠിയുടെ കാരുണ്യത്തില്‍ കൊണ്ടുവന്നാക്കേണ്ട കാര്യമില്ലായിരുന്നു. ഞാന്‍ വഴി മാറി, ഭൂമി മാറി സഞ്ചരിച്ചു കഴിഞ്ഞു…എത്രയോ കാതം. പിന്നിപ്പോള്‍ ഇങ്ങനെ ഒരു കണ്ടുമുട്ടലിന്‍റെ ആവശ്യമെന്ത് ?

എനിക്ക് ഭേദമായിത്തുടങ്ങിയപ്പോഴാണ് ഞാന്‍ ജാനിയെ അന്വേഷിച്ചത്, മനോജിന്‍റെ മുഖത്ത് എത്ര നിയന്ത്രിച്ചിട്ടും ഭാവവ്യത്യാസമുണ്ടായി.എനിക്കത് മനസ്സിലാവുകയും ചെയ്തു. അനേകം പുരുഷന്മാര്‍ക്കൊപ്പം കിടപ്പറയില്‍ സമയം ചെലവാക്കിയാല്‍ അവരുടെ പുരികം അനങ്ങുന്നതു കൂടി എന്തിനാണെന്ന് നമുക്ക് മനസ്സിലാകും.

‘അത്… ഷീന.. ഷീന’ എന്ന് മനോജ് വിക്കി… എന്നിട്ട് ഒറ്റശ്വാസത്തില്‍ മുഴുമിച്ചു. ‘ഞങ്ങള്‍ പിരിഞ്ഞു. ‘

ഇപ്പോള്‍ ഞെട്ടിയത് ഞാനാണ്.

അന്ന് പിന്നെ ഞാന്‍ ഒന്നും സംസാരിച്ചില്ല. ആരോടും… തൂപ്പുകാരിയോടും അറ്റന്‍ഡറോടും ഒന്നും…അവര്‍ക്കൊക്കെ വിഷമമുണ്ടായിരുന്നു. സാറിനു ഈ സ്ത്രീയെ എങ്ങനെ പരിചയം എന്നോര്‍ത്ത്…അവര്‍ കഥകള്‍ ഉണ്ടാക്കാതിരിക്കട്ടെ എന്ന് കരുതി ഞാന്‍ അവരൊടൊക്കെ അല്‍പാല്‍പം സംസാരിച്ചു പോന്നു. ലേഡീ ഡോക്ട്രര്‍മാര്‍ക്കായിരുന്നു അക്കാര്യമോര്‍ത്ത് ഏറ്റവും ബുദ്ധിമുട്ട്. അവരോട് ഞാന്‍ ഒന്നും സംസാരിച്ചതേയില്ല. അവര്‍ വരുമ്പോഴൊക്കെ ഞാന്‍ കണ്ണുമടച്ച് ശവം പോലെ കിടന്നു കൊടുത്തു. അവരില്‍ ചിലരൊക്കെ പഴയ സഹപാഠിനികളായിരുന്നു. എങ്കിലും ഞങ്ങള്‍ പരസ്പരം അപരിചിതരായി അഭിനയിച്ചു ഫലിപ്പിച്ചു.

എത്ര ആലോചിച്ചിട്ടും മനോജും ജാനിയും വേര്‍പിരിയുന്നെതെങ്ങനെയെന്ന് എനിക്ക് മനസ്സിലായില്ല. ലോകത്തിന്‍റെ തകരാറാവണം. അല്ലാതെ അവരുടെ കുറ്റമാവാന്‍ വഴിയില്ല.

എന്തൊരു സ്നേഹമായിരുന്നു അവര്‍ തമ്മില്‍…

ആണുങ്ങളുടെ പൊതുവായ സ്വാര്‍ഥതയും കള്ളത്തരങ്ങളും കൈയിലുള്ള ഒരാളായി മനോജിനെ സങ്കല്‍പ്പിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. സഹപാഠിയായതിന്‍റെ ഗുണം അല്ലെങ്കില്‍ ദോഷം. ഒപ്പം നിന്ന് സംസാരിക്കാന്‍ പറ്റാത്ത അത്രയും അധ:പതനം എനിക്കുണ്ടായല്ലോ എന്നോര്‍ത്ത് ഞാന്‍ ഉള്ളില്‍ കേണു.

മുറിവ് പൊറുത്തുവെങ്കിലും അതുണ്ടാക്കിയ ആഘാതം ഭയങ്കരമായിരുന്നു, ഇനി ഒരു വേശ്യയുടെ ജോലിക്ക് പോകരുതെന്ന് ഞാന്‍ ഉറപ്പിച്ചു. ഈ നാട് വിട്ട് പോകണം. എവിടെങ്കിലും കുട്ടികളെ നോക്കുന്ന ആയയോ മറ്റോ ആയി ജോലി ചെയ്യണം. ആരും അറിയാത്ത നാട്ടില്‍.. വണ്ടിക്കൂലിക്ക് തന്നെ ഇരക്കേണ്ടി വരും. എന്നാലും… ഇത്രേം ക്രൂരത ഇനി താങ്ങാന്‍ വയ്യ. ഇപ്പോള്‍ മനോജിന്‍റെ ദയ ഇവിടെ ലഭ്യമായി എന്നുവെച്ച് എല്ലായിടത്തും അത് കിട്ടുകയില്ലല്ലോ .

പേവാര്‍ഡിലെ താമസവും വിശ്രമവും കൃത്യസമയത്തുള്ള ആഹാരവും പരിചരണവുമെല്ലാം എന്നെ അതിവേഗം രോഗവിമുക്തയാക്കി. അനേകകാലങ്ങളായി ഇത്തരം പരിചരണങ്ങള്‍ ഒന്നും എനിക്ക് കിട്ടിയിരുന്നില്ല. അതാവാം ശരീരം അതിവേഗം അങ്ങനെ പ്രതികരിച്ചത്.

ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ദിവസം മനോജ് എന്നെ യാതൊരു മടിയുമില്ലാതെ സ്വന്തം ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ടുപോയി. ഒത്തിരി മടിച്ചാണ് പൂമരങ്ങള്‍ കാവല്‍ നിന്നിരുന്ന ആ നല്ല വീട്ടിലേക്ക് ഞാന്‍ കാലെടുത്ത് കുത്തിയത്. ജാനിയില്ലാത്ത ആ വീട്ടില്‍ എന്‍റെ സാന്നിധ്യമെന്തിനെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

എന്‍റെ മടിയും അകല്‍ച്ചയും മനോജിനെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു.

ഞാന്‍ മുഖത്തടിച്ചതു പോലെ പറഞ്ഞു. ‘ഒരു വേശ്യയ്ക്ക് ഇമ്മാതിരി ജീവിതമൊന്നും രുചിക്കുകയില്ല. ഞാന്‍ സ്വതന്ത്രയായ പക്ഷിയാണ്. ഒരു വീട്ടുവേലക്കാരിയായി ഞാന്‍ ഒതുങ്ങുകയില്ല. ‘

മനോജ് ഞെട്ടി

‘ഷീന യൂ ആര്‍ മൈ ക്ലാസ്മേറ്റ് …..മറ്റൊന്നും എനിക്ക് കേള്‍ക്കണ്ട. മറ്റൊരു വാക്കും ദയവ് ചെയ്ത് പറയുകയും വേണ്ട. ‘

ഞാന്‍ വീണ്ടൂം ചൂളി. അത്തരം വാക്കുകള്‍ ഞാന്‍ എന്നെ പരിചയപ്പെടുത്താന്‍ ഇവിടെയെങ്കിലും ഉപയോഗിച്ചു കൂടാ.

പതുക്കെപ്പതുക്കെ ഞാന്‍ പൊരുത്തപ്പെടാന്‍ ശീലിച്ചു. എനിക്ക് ആയ ജോലിയോ ഹോം നഴ്സ് ജോലിയോ അറ്റന്‍ ഡര്‍ ജോലിയോ ശരിയാകും വരെ ഞാന്‍ അവിടെ താമസിച്ചാല്‍ മതിയെന്ന് മനോജ് ശാഠ്യം പിടിച്ചു.

ഞാന്‍ വഴങ്ങി… എനിക്ക് പോകാന്‍ ഇടവുമില്ലായിരുന്നല്ലോ.

ജാനിയുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ഒന്നും ആ വീട്ടിലില്ലെന്ന് എനിക്ക് വേഗം മനസ്സിലായി. മനോജിന്‍റെയും മകന്‍റെയും വലിയൊരു ചിത്രമുണ്ട്. ഒരെണ്ണമേയുള്ളൂ. മറ്റൊന്നുമില്ല.

മകന്‍ ജാനിക്കൊപ്പമാണ്. എന്നും വിളിക്കും മനോജിനെ. അല്ലെങ്കില്‍ മനോജ് വിളിക്കും. ഒരുപാട് സമയം സംസാരിക്കും. അമ്മ എന്തെടുക്കുന്നുവെന്ന് എന്നും ചോദിക്കാതിരിക്കില്ല മനോജ്.

എനിക്ക് അതിശയം തോന്നി. ഒരു ദിവസം ഞാന്‍ ചോദിക്കുക തന്നെ ചെയ്തു. വീട്ടില്‍ ജാനിയെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും ഇല്ലെങ്കിലും എന്നും അവളെ അന്വേഷിക്കുന്ന വിചിത്രമായ വിവാഹമോചനത്തെപ്പറ്റി..

അല്‍പം പരുങ്ങലോടേ മനോജിന്‍റെ മറുപടി കിട്ടി…

‘മറക്കാന്‍ എളുപ്പമല്ല ഷീന.. ഒരു കൊല്ലം ക്ലിനിക്കല്‍ ഡിപ്രഷനു മരുന്നു കഴിച്ചു . എന്നിട്ടാണ് ഞാന്‍ നോര്‍മലായത്. അതുകൊണ്ട് എല്ലാം ഒഴിവാക്കി…..ഒട്ടുപൊട്ടും കുപ്പിവളയുമടക്കം എല്ലാം.. എനിക്ക് പിടിച്ചു നില്‍ക്കാന്‍…’

ഇപ്പോള്‍ എനിക്ക് പാവം തോന്നി.

എന്നാലും… എന്നാലും… എന്തിനായിരിക്കും? എന്തായിരിക്കും ?

മനോജ് ഒന്നും വിട്ടു പറയില്ലെന്ന് അധികം വൈകാതെ എനിക്ക് മനസ്സിലായി. അത് ഒരു ചര്‍ച്ചയാക്കേണ്ട വിഷയമല്ല. സ്വകാര്യമായ ഒരു മുറിവാണ്… അതും ആഴത്തിലേറ്റ മുറിവ്.

പിന്നെ ഞാന്‍ അത് കാര്യമാക്കാതെയായി…

അങ്ങനെ ഒരു ദിവസമാണ് രാത്രിയില്‍ ജാനി വിളിച്ചത്. ഞാന്‍ തന്നെയാണ് ഫോണെടുത്തതും. ‘ഷീന, പ്ലീസ് മനോജെവിടേ?’ എന്നായിരുന്നു പരിഭ്രമത്തിലുള്ള ജാനിയുടെ ചോദ്യം.

ഞാന്‍ ഞെട്ടിപ്പോയി.

ഞാനിവിടെ ഉണ്ടെന്നു വരെ ജാനിക്കറിയാം.

മനോജ് കുളിക്കുകയാണെന്നും ഉടന്‍ തിരിച്ചു വിളിക്കാന്‍ പറയാമെന്നും ഞാന്‍ വിക്കലോടേ ജാനിയെ അറിയിച്ചു. മനോജ് തിരിച്ചു വിളിക്കും മുമ്പേ ജാനി വീണ്ടൂം വിളിച്ചു. തല തോര്‍ത്തിക്കൊണ്ടാണ് മനോജ് ഫോണില്‍ സംസാരിച്ചത്..

ഞാന്‍ അമ്പരന്നു പോയി.

“നീ പേടിക്കാതെ… ഒരു പനിയല്ലേ? ഞാനീ ഫോണീനറ്റത്തില്ലേ? അവന് ഞാന്‍ പറഞ്ഞ മരുന്നൊക്കെ കൊടുക്ക്. എടീ ഞാനില്ലേ.. ചുമ്മാ വിഷമിക്കല്ലേ.. എന്തുണ്ടേലും എപ്പോ വേണേലും വിളിച്ചോ. അവനൊന്നും വരില്ല”

അഗാധമായ സ്നേഹം കൊണ്ട് മനുഷ്യര്‍ വേര്‍പിരിയുകയും ചെയ്യുമെന്ന് എനിക്കാ നിമിഷം വെളിവായി.

പൊരുത്തപ്പെടാത്ത ശീലങ്ങള്‍ പരസ്പരം വേദനിപ്പിക്കുന്ന നിമിഷത്തില്‍ അഗാധമായ സ്നേഹമുള്ളവര്‍ പിരിയുന്നു. എല്ലാം വിരോധം കൊണ്ടു മാത്രമുള്ള വിവാഹമോചനങ്ങളല്ല. അത് സാധാരണ മനുഷ്യര്‍ തെറ്റിദ്ധരിച്ചു പോവുന്ന കാര്യം മാത്രമാണ്.

പിന്നീടൊരിക്കലും മനോജിനോട് ഞാന്‍ ഒന്നും ചോദിച്ചില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top