Flash News

വഞ്ചിക്കപ്പെട്ട കോട്ടയം മണ്ഡലത്തിലെ വോട്ടര്‍മാര്‍ (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

June 12, 2018

km-mani-jose-k-mani.jpg.image.784.410രാജ്യസഭാ സീറ്റുവിവാദം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പിടിച്ചുലക്കുന്നതിനിടയില്‍ കോട്ടയം ലോകസഭാ മണ്ഡലം ലോകസഭയില്‍ പ്രാതിനിധ്യമില്ലാതെ അനാഥമായി. ചൊവ്വാഴ്ച മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള ഒഴിവില്‍ എല്‍ഡി.എഫിലെ എളമരം കരീമും ബിനോയ് വിശ്വവും കേരളാ കോണ്‍ഗ്രസ് (എം)ന്റെ ഉപാധ്യക്ഷനായ ജോസ് കെ മാണിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതോടെ രാഷ്ട്രീയചിത്രം വ്യക്തമായി. മത്സരമില്ലാതെ എല്‍.ഡി.എഫും യു.ഡി.എഫും സുരക്ഷിതമായി തെരഞ്ഞെടുക്കപ്പെടുകയാണ്. പാര്‍ലമെന്ററി ചരിത്രത്തില്‍ ലോകസഭാംഗം കാലാവധിക്കുമുമ്പ് രാജ്യസഭയിലേക്ക് ചേക്കേറുന്ന കോട്ടയത്തിന് ലോക്‌സഭയില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് വരുംവരെ സ്ഥാനാര്‍ത്ഥിയില്ലാതെ പോകുന്നു.

നേതാക്കള്‍ യു.ഡി.എഫില്‍ കാണിച്ച വഞ്ചനയെക്കാള്‍ സമാനതയില്ലാത്ത വഞ്ചന തങ്ങള്‍ തെരഞ്ഞെടുത്തയച്ച പ്രതിനിധിയില്‍നിന്ന് കോട്ടയത്തെ ജനങ്ങള്‍ അപ്രതീക്ഷിതമായി ഏറ്റുവാങ്ങുന്നു. മണ്ഡലത്തെ രണ്ടുതവണ പ്രതിനിധീകരിച്ച ജോസ് കെ മാണി മണ്ഡലത്തിലെ 20 ലക്ഷത്തോളംവരുന്ന നിവാസികള്‍ക്ക് ഭരണഘടനാനുസൃതമായ പ്രാതിനിധ്യം നഷ്ടപ്പെടുത്തി. വിശ്വസിച്ചു ജയിപ്പിച്ച നാലേകാല്‍ ലക്ഷം വോട്ടര്‍മാരെ ക്രൂരമായി വഞ്ചിച്ചു. പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷംപോലും ശേഷിക്കാത്ത സ്ഥിതിയില്‍ ഇനിയൊരു ഉപതെരഞ്ഞെടുപ്പിന് അവസരമില്ല.

PHOTOമണ്ഡലത്തിലെ ജനങ്ങളുടെ ദൈനംദിന അടിയന്തരപ്രശ്‌നങ്ങള്‍ തൊട്ട് മണ്ഡലത്തിന്റെ വികസനം വരെയുള്ള കാര്യങ്ങളില്‍ ഇടപെടാനും എം.പി ഫണ്ട് അടക്കമുള്ള ഭരണ-വികസന വിഹിതങ്ങള്‍ അഞ്ചു വര്‍ഷക്കാലം നേടിക്കൊടുക്കാനുമുള്ള രാഷ്ട്രീയ ബാധ്യതയും കരാറും ലംഘിച്ചു. ജനപ്രാതിനിധ്യ നിയമത്തെയും ഭരണഘടന മണ്ഡലത്തിലെ ജനങ്ങള്‍ക്കു നല്‍കിയ അവകാശത്തെയും വ്യക്തി താല്പര്യത്തിനും കുടുംബ താല്പര്യത്തിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് – മുസ്ലിംലീഗ് – കേരളാ കോണ്‍ഗ്രസ് മാണി എന്നിവര്‍ ചേര്‍ന്ന് ചെയ്തത്. എന്നിട്ടും പാര്‍ട്ടിയുടെയും മുന്നണിയുടെയും സുരക്ഷയുടെ പേരില്‍ ജനങ്ങള്‍ക്ക് അവര്‍ തെരഞ്ഞെടുത്തയച്ച പ്രതിനിധി ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തെപ്പറ്റി അവര്‍ നിശബ്ദത പാലിക്കുകയാണ്.

നാലു വര്‍ഷക്കാലം മണ്ഡലത്തില്‍ ചെയ്തുപോന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച വലിച്ചെറിഞ്ഞ് രാഷ്ട്രീയകളം വിട്ട് രാജ്യസഭയില്‍ അഭയം തേടിയതിന്‌ ജനങ്ങളോട് മാപ്പിരക്കേണ്ടതാണ്. ഇതിനു മൗനാനുവാദം നല്‍കി കൂട്ടു നില്‍ക്കുന്ന യു.ഡി.എഫ് വരും തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് കൃത്യമായി കണക്കു പറയേണ്ടിവരും. കേവലം രാഷ്ട്രീയ ബാധ്യത മാത്രമല്ല എം.പി ഫണ്ടിലൂടെ ചെയ്യേണ്ട സാമ്പത്തിക ബാധ്യതയുടെ കണക്കുപോലും ബോധ്യപ്പെടുത്താതെ തട്ടിപ്പുകാരായ ചിട്ടി കമ്പനിക്കാരെപ്പോലെ മുങ്ങുകയാണ് ജോസ് കെ മാണി ചെയ്തത്.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാസീറ്റ് വിട്ടുകൊടുത്ത പാര്‍ട്ടി നേതൃത്വത്തിലെ മൂവര്‍ സംഘത്തിനെതിരെ കോണ്‍ഗ്രസില്‍ അടിമുടി ഉയരുന്ന വഞ്ചനയും രഹസ്യ അജണ്ടയും സംബന്ധിച്ച ആരോപണങ്ങളെക്കാള്‍ കോട്ടയം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കേട്ടുകേള്‍വിപോലുമില്ലാത്ത തരത്തിലുള്ള രാഷ്ട്രീയ വഞ്ചനയാണ് നേരിട്ടിരിക്കുന്നത്. വിശ്വാസവഞ്ചനയ്ക്ക് സമ്മതിദായകര്‍ ജോസ് കെ മാണിയേയും അദ്ദേഹത്തിന്റെ പിതാവ് അധ്യക്ഷനായ പാര്‍ട്ടിയെയും കോടതി കയറ്റേണ്ടതാണ്.

ലോകസഭയുടെ വേനല്‍ക്കാല സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിലേക്കു പോന്ന അവരുടെ എം.പി സ്ഥാനം മൊഴിചൊല്ലി. മഴക്കാല സമ്മേളനം ആരംഭിക്കുമ്പോള്‍ കോട്ടയം പ്രതിനിധിയുടെ സീറ്റ് ലോകസഭയില്‍ അനാഥമാകും. മുതിര്‍ന്നവരുടെ സഭയായ രാജ്യസഭയില്‍ ജോസ് കെ മാണി സത്യപ്രതിജ്ഞ ചെയ്ത് ആറു വര്‍ഷക്കാലത്തേക്ക് എം.പിയായി സുരക്ഷിതനാവുകയും ചെയ്യും. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ സംഭവിക്കാത്ത ലോക സഭയില്‍നിന്നുള്ള കൂടുവിട്ടുളള കൂടുമാറ്റം.

പതിനഞ്ചു മാസങ്ങള്‍ക്കു മുമ്പ് യു.ഡി.എഫ് വിട്ടുപോയ കേരളാ കോണ്‍ഗ്രസ് എമ്മിനാണ് വീണ്ടും യു.ഡി.എഫില്‍ എത്തും മുമ്പ് കോണ്‍ഗ്രസിന്റെ കൈവശമുള്ള രാജ്യസഭാ സീറ്റ് നല്‍കിയത്. മുന്നണിയെ ശക്തിപ്പെടുത്താനെന്ന പേരില്‍ മാധ്യസ്ഥനെന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസിന്റെ ത്രിമൂര്‍ത്തികളായ ഉമ്മന്‍ചാണ്ടിയും എം.എം ഹസനും ചെന്നത്തലയും ചേര്‍ന്നാണ് ഇതു ചെയ്തത്. രാജ്യസഭാ സീറ്റില്‍ വീണ്ടും മത്സരിക്കാനിരുന്ന പി.ജെ കുര്യന്‍ തൊട്ട് യുവനേതാക്കളില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട മുതിര്‍ന്ന നേതാക്കളോടും യുവനേതാക്കളോടും ആലോചിക്കാതെ. യു.ഡി.എഫിന്റെ നിലനില്‍പ്പിന് ഇതനിവാര്യമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്തിയാണ് അനുവാദം വാങ്ങിയത്.

എന്‍.ഡി.എയുടെ ഭാഗമായി ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനംകൂടി നേടിയെടുക്കുക, അഴിമതി ആരോപിച്ച് കേസില്‍ കുരുക്കുകയും വീണ്ടും വിശുദ്ധനാക്കുകയും ചെയ്ത ഉപകാരസ്മരണയ്ക്ക് എല്‍.ഡി.എഫില്‍ ചേക്കേറുക, വരും ലോകസഭാ തെരഞ്ഞടുപ്പില്‍ എന്‍.ഡി.എയുടെയോ എല്‍.ഡി.എഫിന്റെയോ ഭാഗമാകുക – തുടങ്ങിയ സാധ്യതകളാണ് കേരളാ കോണ്‍ഗ്രസ് (എം) അധ്യക്ഷനും സര്‍വ്വാധികാരിയുമായ കെ.എം മാണിയും മകനും പരിഗണിച്ചുകൊണ്ടിരുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ മാധ്യസ്ഥ്യത്തിന്റെയും രഹസ്യ ഉറപ്പിന്റെയും ഭാഗമായാണ് മാണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചത്. ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്പുതന്നെ ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മുമ്പ് കരുണാകരനെയും ആന്റണിയെയും കേരളത്തില്‍ നിന്ന് ഒഴിവാക്കിയ അതേ കുരുക്കുതന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ കഴുത്തിലും വീണത്.

കാക്കയും വന്നു പനമ്പഴവും വീണു എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി അത് ഉപയോഗപ്പെടുത്തി. പി.ജെ കുര്യന്‍ പതിറ്റാണ്ടായി കൈവശം വെച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് മാണിയെക്കൊണ്ടും കുഞ്ഞാലിക്കുട്ടിയെക്കൊണ്ടും ആവശ്യപ്പെടുവിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയാ ഗാന്ധിയുമായി നീണ്ട ബന്ധവും വിശ്വാസവും പുലര്‍ത്തിപ്പോരുന്ന പി.ജെ കുര്യനെ ഡല്‍ഹി രാഷ്ട്രീയത്തില്‍ ഇടമില്ലാതാക്കി. പകരം പി.സി ചാക്കോ തടസമായി വരാവുന്ന സാധ്യത മുന്‍കൂട്ടി ഇല്ലാതാക്കി. ഒരു കല്ലിന് എത്രയോ പക്ഷികളെ വീഴ്ത്താനുള്ള മിടുക്ക് ഉമ്മന്‍ചാണ്ടി പ്രയോഗിച്ചതില്‍ അത്ഭുതപ്പെടാനില്ല.

പി.ജെ കുര്യനും വി.എം സുധീരനും കെ.വി തോമസുമടക്കമുള്ള തലമുതിര്‍ന്ന നേതാക്കളും സ്ഥിരം പാര്‍ട്ടിയെ പ്രതിരോധിച്ചുപോന്ന ഉണ്ണിത്താന്‍ മുതല്‍ മാത്യു കുഴല്‍നാടന്‍വരെയുള്ള വക്താക്കളുമെല്ലാം ഇത് യു.ഡി.എഫിനെ ശക്തിപ്പെടുത്താനല്ല പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടാനാണ് എന്ന് വേദനിച്ചിട്ടും മാറത്തടിച്ചിട്ടും കാര്യമില്ല. പുതിയ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ഗാന്ധി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ ആദ്യമായി ഇടപെട്ട് അനുവാദം നല്‍കിയതാണ്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കെല്പില്ലെന്ന് ബുദ്ധിരാക്ഷസന്മാരായ ചാണ്ടിയും കൂട്ടുനിന്ന ചെന്നിത്തലയും എം.എം ഹസനും കൃത്യമായറിയാം. അതിലേറെ ഇറങ്ങിപ്പോയ മുന്നണിക്ക് പുറത്തു നില്‍ക്കുമ്പോള്‍തന്നെ രാജ്യസഭാ സീറ്റ് മാത്രമല്ല 2019ലെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോള്‍ യു.ഡി.എഫില്‍ നടക്കേണ്ട സീറ്റുചര്‍ച്ചയില്‍ ഘടകകക്ഷികള്‍ തീരുമാനിക്കേണ്ട കോട്ടയം സീറ്റുപോലും കേരളാ കോണ്‍ഗ്രസ് (എം)ന് കാലേക്കൂട്ടി കോണ്‍ഗ്രസിനുവേണ്ടി രാഷ്ട്രീയ ഒസ്യത്തെഴുതി രജിസ്റ്റര്‍ ചെയ്തു കൊടുത്തു. മാണി ഇത് കേരളാ കോണ്‍ഗ്രസിന്റെ അവകാശമാണെന്നും ജോസ് കെ മാണി ഇത് പാര്‍ട്ടിയുടെ നിര്‍ബന്ധംകൊണ്ടാണെന്നും വാദിക്കുമ്പോള്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ലീഗിനും മാണി കേരളയ്ക്കും കീഴിലാണെന്ന രാഷ്ട്രീയ മര്‍മ്മമാണ് ഹൈക്കമാന്റിനെയും അണികളെയും തന്റെ തീരുമാനത്തിനൊപ്പം നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി പ്രയോഗിച്ചത്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 22 മാത്രമാണ്. ലീഗിന് 18ഉം. കുഞ്ഞാലിക്കുട്ടിയുടെ കൈപിടിച്ചുവന്ന മാണിയുടെ പാര്‍ട്ടിക്ക് 6 സീറ്റുണ്ട്. മാണിയും കുഞ്ഞാലിക്കുട്ടിയും സമ്മര്‍ദ്ദം ചെലുത്തിയാല്‍ കോണ്‍ഗ്രസ് എങ്ങനെ വഴങ്ങാതിരിക്കും. സംസ്ഥാന നേതൃത്വത്തിനെതിരെ അലറിയടിക്കുന്ന പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പരിഹസിക്കുന്നതും ഈ സമകാലിക രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിനുനേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തിയാണ്.

ഒരുവശത്ത് എല്‍.ഡി.എഫ് മറുവശത്ത് ബി.ജെ.പി. ഇതിനിടയില്‍ ദുര്‍ബ്ബലമായ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ്. ഏതു സമയവും മാണിയെ പ്രലോഭിപ്പിച്ച് വശത്താക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന സി.പി.എമ്മും ബി.ജെ.പിയും. ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കേന്ദ്രഭരണം ഏതുപക്ഷത്തേക്ക് എന്ന അനിശ്ചിതത്വം. ഒറ്റയ്ക്കു ഭരിക്കാമെന്ന മോഹം വ്യാമോഹമാണെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞ കോണ്‍ഗ്രസ് കര്‍ണാടകയില്‍ തുടങ്ങി കേരളത്തിലും രാജ്യസഭാ സീറ്റിന്റെ കാര്യത്തിലടക്കം എടുത്ത നിലപാട്.

പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്നത് വിട്ടുവീഴ്ചാ നയമാണെന്ന് അറിയുന്ന കുഞ്ഞാലിക്കുട്ടിയും മാണിയും. ഉമ്മന്‍ചാണ്ടിയടക്കം ഈ മൂന്നുപേരും മൂന്നു പാര്‍ട്ടികളിലാണെങ്കിലും എന്നും ഒരുമെയ്യായി രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തുപോന്നവരാണ്. യു.ഡി.എഫില്‍ ഭരണ നേതൃത്വത്തിലിരിക്കുമ്പോള്‍ പ്രതിപക്ഷ നേതൃത്വത്തിലുള്ള ഉന്നതന്മാരുമായി രഹസ്യ ബാന്ധവമുള്ളവര്‍. ഇപ്പോള്‍ മറിച്ചും. ഇവരാകട്ടെ പരസ്പരം ധാര്‍മ്മികതയും വിശ്വാസ്യതയുമായി ബന്ധപ്പെട്ട കേസുകളില്‍ കഴുത്തോളം മുങ്ങി പരസ്പര സഹായത്താല്‍ പൊതു സമൂഹത്തിനുമുമ്പില്‍ പരിശുദ്ധരായി ഇപ്പോള്‍ വിരാജിക്കുന്നവരും. കെ.എം മാണി പാര്‍ട്ടിയുമായി മുന്നണിവിട്ടത് എന്തിനായിരുന്നു എന്ന് ഇനിയും വ്യക്തതയില്ലെന്നു പറയുന്ന സുധീരനെപ്പോലുള്ള നേതാക്കള്‍ കുരുടന്‍ ആനയെ കണ്ടതുപോലെയാണ് മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ഉമ്മന്‍ചാണ്ടിയേയുമൊക്കെ ഇപ്പോഴും കാണുന്നത്.

എല്‍ഡി.എഫിനെ നയിക്കുന്ന സി.പി.എം ആകട്ടെ യു.ഡി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ വിശ്വാസ തകര്‍ച്ചയില്‍ ഇടപെടുന്നില്ല. ആ മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയുടെ തകര്‍ച്ചയിലേക്കു നയിക്കുന്ന യഥാര്‍ത്ഥ വൈരുദ്ധ്യം തുറന്നുകാട്ടാന്‍ തയാറല്ല. കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന ചങ്ങാത്ത രാഷ്ട്രീയത്തിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണത്.

തിങ്കളാഴ്ച നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു തുടങ്ങിയ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം – സി.പി.ഐ സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചാല്‍ 19 വോട്ടുകള്‍ എല്‍.ഡി.എഫിന് മിച്ചമുണ്ട്. മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി യു.ഡി.എഫിലെ ഭിന്നത പുറത്തുകൊണ്ടുവരാന്‍ സി.പി.എം താല്പര്യമെടുത്തില്ല. അത് കോണ്‍ഗ്രസില്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നവരുടെ ബാധ്യതയാണെന്നു വ്യാഖ്യാനിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി. പാര്‍ട്ടി സ്വീകരിച്ചുപോന്ന കീഴ് വഴക്കത്തിന്റെ ലംഘനമാകും മത്സരമെന്നും മറ്റുചിലര്‍ വ്യാഖ്യാനിക്കുന്നു. രാഷ്ട്രീയ എതിരാളികളുടെ വൈരുദ്ധ്യം തുറന്നുകാട്ടുക എന്ന മാര്‍ക്‌സിയന്‍ നിലപാട് ചങ്ങാത്ത രാഷ്ട്രീയത്തിന്റെ വിജയത്തിന് യോജിക്കുന്നതല്ല എന്നതുകൊണ്ടു മാത്രമാണിത്.

യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് (എം)ന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ അവസരവാദ രാഷ്ട്രീയത്തില്‍ ഇടങ്കോലായി നില്‍ക്കുന്ന മറ്റൊരു ഘടകംകൂടിയുണ്ട്. മാണി കേരളയില്‍ ലയിച്ച പി.ജെ ജോസഫ് വിഭാഗം. എന്‍.ഡി.എയിലേക്ക് കയറുപൊട്ടിച്ചുപോകുന്നതിനും എല്‍.ഡി.എഫിലേക്ക് വേലി ചാടുന്നതിനും എതിരെ കണ്ണുരുട്ടി നിന്നത് പി.ജെ ജോസഫാണ്. 85 വയസുള്ള കെ.എം മാണിക്ക് ഇനി മറ്റൊരു പിളര്‍പ്പ് നേരിടുന്നതും പാര്‍ട്ടി ഉപാധ്യക്ഷനായ മകന്‍ ജോസ് കെ മാണിയുടെ രാഷ്ട്രീയ സുരക്ഷിതത്വം അപകടത്തിലാകുന്നതും ഓര്‍ക്കാന്‍പോലും സാധ്യമല്ല. അതുകൊണ്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിയമസഭാ കക്ഷിനേതാവും പാര്‍ട്ടിയുടെ സര്‍വ്വസ്വവുമായ മാണിയോ മകനോ മത്സരിക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി കോര്‍കമ്മറ്റിയില്‍ ആസൂത്രിതമായി ഉയര്‍ത്തിയത്. ജോസ് കെ മാണിയുടെ വായില്‍ ലഡു തിരുകിവെച്ച് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി പി.ജെ ജോസഫ് പ്രഖ്യാപിച്ചത്.

കോട്ടയത്ത് മൂന്നാംവട്ടം മത്സരിച്ച് ബി.ജെ.പിയെയും എല്‍.ഡി.എഫിനെയും നേരിട്ട് പുത്രന് പാര്‍ലമെന്റിലെത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ കൗശലം മാണി പ്രയോഗിച്ചത്. മകനേ എല്ലാം നിനക്കുവേണ്ടി എന്നതായി കേരളാ കോണ്‍ഗ്രസ് (എം)ന്റെ മുദ്രാവാക്യം. മാണിയുടെ ‘അധ്വാനവര്‍ഗം’ അത് ഇനിയെങ്കിലും മനസിലാക്കട്ടെ. യു.ഡി.എഫ് എന്ന ‘ജനാധിപത്യ’ മുന്നണിയുടെയും എല്‍.ഡി.എഫ് എന്ന ‘ഇടതുപക്ഷ’ മുന്നണിയുടെയും പിന്നില്‍ വിശ്വാസികളായി അണിനിരന്നിട്ടുള്ള ജനങ്ങളും യഥാര്‍ത്ഥ സത്യം തിരിച്ചറിയേണ്ടതുണ്ട്. കോട്ടയം മണ്ഡലത്തില്‍ രാഷ്ട്രീയ നാഥനില്ലാതെ കാലവര്‍ഷക്കാറ്റില്‍ കുട്ടനാടന്‍ വെള്ളത്തിലെ ഒഴുക്കില്‍ നനഞ്ഞ് വിറങ്ങലിക്കുന്ന ജനങ്ങള്‍ പ്രത്യേകിച്ചു. കാപട്യത്തിന്റെയും

വഞ്ചനയുടെയും എത്രയെത്ര നാഴികക്കുറ്റികള്‍ കടന്നാണ് കേരളത്തിലെ ബി.ജെ.പിയുടേതടക്കമുള്ള മുന്നണി രാഷ്ട്രീയം ഇപ്പോഴും മുന്നോട്ടുപോകുന്നത് എന്ന്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top