Flash News

കോയിനോണ്യയോ?; ക്രിസ്ത്യാനിക്കും ജാതി തന്നെ കാര്യം (വാല്‍ക്കണ്ണാടി): കോരസണ്‍

June 12, 2018

koinonia banner1അടുത്തയിടെ നാട്ടില്‍ ചെന്നപ്പോഴാണ് പത്രത്തില്‍ നിന്നും ഒരു സുഹൃത്തിന്റെ ‘അമ്മ മരിച്ച വാര്‍ത്ത കണ്ടത്. അടുത്ത ദിവസം രാവിലെ ഒരു വണ്ടി പിടിച്ചു അടക്കത്തിന് പോയി. കോന്നി കഴിഞ്ഞ ഏതോ ഉള്‍ഗ്രാമത്തിലാണ് സംസ്‌കാരം നടക്കുന്ന പള്ളി. വഴി അത്ര പരിചയമില്ലാത്ത സ്ഥലമായതിനാല്‍ പത്രത്തിലുള്ള വിവരങ്ങള്‍ വച്ച് ചോദിച്ചു ചോദിച്ചു പോകയായിരുന്നു. കുറെ കുറേ സ്ഥലങ്ങള്‍ കറങ്ങിയിട്ടും ഒരു അടക്കം നടക്കുന്ന ആള്‍കൂട്ടം കാണാനില്ല. കുറച്ചുകൂടി പോയപ്പോള്‍ ഏതായാലും ഭാഗ്യത്തിന് ഒരു ആള്‍കൂട്ടം! ആരോ ഒരു റീത്തുമായി റോഡ് മുറിച്ചു പോകുന്നു.

വണ്ടി അരികില്‍ നിര്‍ത്തി വഴിയില്‍ കണ്ട ഒരാളോട് മരിച്ച ആളുടെ വിവരം അന്വേഷിച്ചു, ഒക്കെ ഏതാണ്ട് അടുത്ത് വരുന്ന വിവരങ്ങള്‍ തന്നെ. മക്കള്‍ ഗള്‍ഫിലുണ്ട്…ആരൊക്കെയോ വിദേശത്തുണ്ട്…. കൂട്ടത്തില്‍ അയാള്‍ ചോദിച്ചു എങ്ങനെ അറിഞ്ഞു? ഓ, അത് പത്രത്തില്‍ നിന്നാണ് , അവധിക്കു എത്തിയ കൂട്ടത്തില്‍, അവിടെയുള്ള സുഹൃത്തിന്റെ അമ്മയല്ലേ, അതാണ് വന്നത്. പതുക്കെ കാറില്‍ നിന്നും ഇറങ്ങി, അപ്പൊ അറിഞ്ഞില്ലേ, മരിച്ചയാള്‍ ഒരു ആശാരിയായിരുന്നു പിന്നെ .., എന്റമ്മോ എന്ന് അറിയാതെ പറഞ്ഞു തിടുക്കത്തില്‍ വണ്ടിയില്‍ കയറി ഡ്രൈവറോട് വീട് തെറ്റി..ട്ടോ, വിട്ടു പൊക്കോ എന്ന് അലറി.

കുറെ ഏറെനേരം വീണ്ടും ചോദിച്ചു തന്നെ ഒരുവിധം വഴി മനസ്സിലാക്കി വണ്ടി വിട്ടു. പോകുന്ന വഴി തീരെ ഇടുക്കവും കുത്തനെയുള്ള വഴി, കാറുകള്‍ അങ്ങനെ അധികം പോയിട്ടില്ലാത്ത വഴി, പക്ഷേ പണ്ടെങ്ങോ ടാര്‍ ചെയ്തതിന്റെ ലക്ഷണം കാണാനുമുണ്ട്. ഏതായാലും ഇറങ്ങിത്തിരിച്ചു, ഒരു വാശി പോലെ കണ്ടുപിടിക്കുക തന്നെ. അപ്പോള്‍ ഒരാള്‍ ചൂണ്ടിക്കാട്ടിയ കുത്തനെയുള്ള പാറകള്‍ നിറഞ്ഞ വഴിയിലൂടെ കാര്‍ മെല്ലെ മെല്ലെ മുന്നോട്ടു കയറി പോയി. വഴി തീര്‍ന്നു. പിന്നെ റബ്ബര്‍ തോട്ടം മാത്രം. കുറച്ചു താഴോട്ട് ഇറങ്ങിവന്നപ്പോള്‍ ഒരു വീട്ടു മുറ്റത്തു നില്‍ക്കുന്ന ആള്‍ കാട്ടിത്തന്ന ഒരു വീട്, അയാള്‍ പറഞ്ഞു , ആ പള്ളിയുടെ കപ്യാര്‍ അവിടെയാണ് താമസിക്കുന്നത്. അവിടെ ചെന്ന് പള്ളിയെവിടെ എന്ന് തിരക്കിയപ്പോള്‍ ആകെ അവര്‍ക്കൊരു പരിഭ്രമം.

New Testament 3 Production Still Photography

New Testament 3 Production Still Photography

ശവസംസ്‌കാരത്തിനാണ് എത്തിയതെന്ന് പറഞ്ഞപ്പോള്‍, ആ പള്ളിയില്‍ അന്ന് ഒരു സംസ്‌കാരവും ഇല്ലല്ലോ എന്ന് പറഞ്ഞു. പത്രം കാട്ടിയപ്പോള്‍, ഓ ഇത് ഒരു പക്ഷെ ആ പള്ളിയായിരിക്കും എന്ന് പറഞ്ഞു വഴി കാട്ടി തന്നു. എന്തു ലക്ഷണം കണ്ടാണ് അന്ന് ഇറങ്ങിയതെന്നു പരിതപിച്ചു നില്‍ക്കുമ്പോള്‍ വഴിയില്‍ നേരത്തേ അങ്ങോട്ട് പറഞ്ഞുവിട്ട വിദ്വാന്‍ ചെറു ചിരിയോടെ അവിടെ നില്‍പ്പുണ്ട്. ‘എനിക്ക് പിന്നാ സംശയം തോന്നിയിയത്, അത് പുലയന്മാരുടെ പള്ളിയാ ..അവിടെ കാര്‍ ഒന്നും ചെല്ലില്ല’. എന്ത് പറയണമെന്ന് അറിയാതെ അയാളെ ഒരു ദീന ഭാവത്തോടെ നോക്കി പുതിയ പള്ളി അന്വേഷിച്ചു പോയി.

നന്നേ ചെറുപ്പത്തില്‍ നിരണത്തുള്ള അച്ഛന്റെ വീട്ടില്‍ അവധിക്കു പോകുമ്പോള്‍, ലോകം മറ്റൊന്നായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. കുടുംബത്തിന് അടുത്ത് താമസിക്കുന്ന കുടിലുകള്‍, അവിടൊക്കെ പത്രോസ് പുലയന്‍, പൗലോസ് പുലയന്‍ എന്നിങ്ങനെ അപ്പച്ചന്‍ പേരുവിളിക്കുന്ന കേള്‍ക്കാമായിരുന്നു. അവര് മിക്കവാറും വീട്ടിലും കൃഷിയിടങ്ങളിലും സഹായിച്ചു ജീവിച്ചു. ‘കൊച്ചു തമ്പ്രാന്‍’ എന്ന വിളി ഇപ്പോഴും കാതില്‍ മുഴങ്ങുങ്ങുന്നുണ്ട്.

മൂക്കഞ്ചേരിയില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി നിരവധി ഹരിജന്‍ കുടുംബങ്ങളെ ക്രിസ്തീയ സമുദായത്തില്‍ ചേര്‍ത്ത വിപ്ലവകരമായ സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു എന്ന് അച്ഛന്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നു. പള്ളി പെരുന്നാളിനു ഹരിജന്‍ ക്രിസ്ത്യാനികള്‍ ചെണ്ടമേളത്തോടെ അവര്‍ ഘോഷയാത്രയായി പള്ളിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്, പക്ഷെ അതിലൊന്നും സുറിയാനിക്കാര്‍ പങ്കെടുത്തിരുന്നില്ല.

പിതാവിന്റെ ചെറുപ്പകാലത്തു പുതുക്രിസ്താനികള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ യാഥാസ്ഥികര്‍ സമ്മതിക്കാതിരിക്കയും യുവാക്കള്‍ അതിനെതിരെ പ്രതികരിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്. അവരെ പള്ളിയുടെ പടിപ്പുരയില്‍ നിര്‍ത്തുകയും അവര്‍ക്കു പിറകില്‍ സുറിയാനി യുവാക്കള്‍ നിന്നു കുര്‍ബാന കാണുകയും , അതേച്ചൊല്ലി ചില്ലറ സംഘട്ടങ്ങള്‍ അന്ന് നില നിന്നതായും പറഞ്ഞു കേട്ടിരുന്നു. ഏതായാലും അവരുടെ തലമുറ ഒന്നും ക്രിസ്ത്യാനിയായി ജീവിക്കാന്‍ തയ്യാറായില്ല, അല്ലെങ്കില്‍ സമ്മതിച്ചില്ല എന്നു വേണം അനുമാനിക്കാന്‍.

peter-enters-the-home-of-the-gentile-large.jpgAD 849 ഇല്‍ വേണാട് ഭരിച്ചിരുന്ന അയ്യനടികള്‍ തിരുവടികള്‍ രാജാവ് കൊല്ലത്തെ നസ്രാണികള്‍ക്കായി ചെമ്പു പട്ടയങ്ങള്‍ വഴി നിരവധി സാമൂഹ്യ പദവികളും, താണ ജാതിക്കാരുടെമേല്‍ അധികാര അവകാശങ്ങളും നല്‍കി. 1225 ഇല്‍ വീരരാഘവ ചക്രവര്‍ത്തി കൊടുത്ത ഒട്ടനവധി സ്ഥാനമാനങ്ങളും പദവികളും ഇക്കൂട്ടര്‍ക്ക് നല്‍കുക ഉണ്ടായി. ഇതൊക്കെ പഴയ ചരിത്രം ആണെങ്കിലും പരമ്പരാഗതമായി ഒരു ജാതി എന്ന നിലവാരത്തില്‍ അറിയപ്പെടാന്‍ നസ്രാണികള്‍ ശ്രമിച്ചിരുന്നു. അവര്‍ക്കു നേതാവായി ജാതിക്കുകര്‍ത്തവ്യനും, പോരാളികളും ഉണ്ടായിരുന്നു.

ഒരു പരിധിവരെ അര്‍ത്ഥമറിയാതെ ഉരുവിടുന്ന ആരാധന ക്രമങ്ങളെക്കാള്‍, അവരുടെ സത്വബോധം പരിരക്ഷിക്കുക ആയിരുന്നു നസ്രാണി പാരമ്പര്യം. അതുകൊണ്ടു തന്നെ ജാതിദൂരവും ചെറുത്തുനില്‍പ്പുകളും നിരന്തരം ഉണ്ടായിരുന്നു. കാലക്രമത്തില്‍ അറബികളും, പോര്‍ത്തുഗീസുകാരും , ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരുമായി ചങ്ങാത്തം കൂടുവാനും ശ്രമിച്ചത് അവരുടെ ജാതിചേതന കൊണ്ടായിരിക്കാം. അങ്ങനെ കൊടുത്തും വാങ്ങിയും അവരുടെ ജാതിപശ്ചാത്തലത്തെ സൂക്ഷിച്ചു.

ഇംഗ്ലീഷുകാരുമായുള്ള സംസര്‍ഗ്ഗത്തില്‍ നിരവധി പുരോഗമന ആശയങ്ങളും കാല്‍വയ്പുകളും അവരുടെ ഇടയിലും സമൂഹത്തില്‍ പൊതുവെയും ഉണ്ടായി. അങ്ങനെ ബൈബിള്‍ പരിഭാഷയും വിശദീകരണങ്ങളും നവീകരണം കൊണ്ടുവരികയും പുരോഹിത മേധാവിത്വം അതിനെ ശക്തമായി നേരിടുകയും ചെയ്തുകൊണ്ടിരുന്നു. നവീകരണ ആശയങ്ങള്‍ പുത്തന്‍ കാഴചപ്പാടോടുകൂടി മറ്റു ജാതികളില്‍ പരിചയപ്പെടുത്തുവാനും, സാമൂഹികമായി അടിമത്തത്തില്‍ കിടന്ന ഒരു വലിയ സമൂഹത്തിനു പ്രതീക്ഷകള്‍ സമ്മാനിക്കാനും ശ്രമിച്ചു. അങ്ങനെ ഹിന്ദുക്കള്‍ എന്ന് കണക്കുകൂട്ടത്ത അധഃകൃത വര്‍ഗം ഒരു നവ സംസ്‌കൃതിക്ക് തുടക്കമിട്ടു. പാരമ്പര്യക്കാര്‍ക്കു ഇത് തീരെ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്ന സത്യം പിന്നീട് കടുത്ത നിലപാടുകള്‍ക്കും വിഘടങ്ങള്‍ക്കും വഴിവച്ചു.

മിശ്രവിവാഹങ്ങള്‍ അത്ര അംഗീകരിക്കപ്പെടുന്നില്ലെങ്കിലും,ഇന്ന് ഏറെ പ്രശ്ങ്ങള്‍ ഉണ്ടാക്കാതെ കേരളസമൂഹത്തില്‍ ഇടം പിടിച്ചു വരുന്നുണ്ട്. സാമ്പത്തീകമായി കുഴപ്പമില്ലെങ്കിലും തരത്തിനൊത്ത ജാതിയാണെകിലും വലിയ കുഴപ്പമില്ലാതെ പോകുമായിരിക്കും, എന്നാല്‍ ഇതല്ല സ്ഥിതിയെങ്കില്‍ ചിത്രം വല്ലാതെ മാറും. എത്ര വിശാലമായി ചിന്തിക്കുന്ന ആളുകള്‍ ആയാലും സ്വന്തം കുട്ടികളോ സഹോദരങ്ങളോ ജാതിയില്‍ താഴെയുള്ള ബന്ധം സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്നതാണ് വാസ്തവം. നസ്രാണികളുടെ സാമൂഹിക പശ്ചാത്തലം, യഹൂദരുടെ അയിത്തവും ജാതിയും നിറഞ്ഞ സാമൂഹിക ക്രമങ്ങളില്‍ നിന്നും ഒട്ടും വിഭിന്നല്ലായിരുന്നു. ജാതി സ്പര്‍ദ്ധയെപ്പറ്റി വ്യക്തമായ സൂചനകള്‍ ക്രിസ്തു സുവിശേഷ പുസ്തകങ്ങളില്‍ അങ്ങോളം കാണാം.

യഹൂദര്‍ക്ക് തീണ്ടലുണ്ടായിരുന്ന നല്ലശമര്യക്കാരന്‍ ചെയ്ത നന്മകളുടെ കഥ, ശമര്യക്കാരിയായ സ്ത്രീയുടെ കൈയില്‍നിന്നും വെള്ളം വാങ്ങി കുടിച്ച ക്രിസ്തു, സാമുദായിക തീണ്ടലിനെതിരെ പ്രതികരിക്കുകയായിരുന്നു. വിശന്നു അവശനായ പത്രോസിന്റെ മുന്നിലേക്ക് ആകാശത്തുനിന്നും കെട്ടിയിറക്കിയ യഹൂദനു നിഷിദ്ധമായ ജന്തുക്കള്‍, കൊന്നു ഇവയെ കഴിക്കൂ എന്ന് സ്വര്‍ഗത്തില്‍ നിന്നും നിരന്തരമായ ഉത്തരവ്, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ, എന്ന് പത്രോസ് പറയുന്നു. ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു മറുപടി.

1389382_Spelling_Bee_Photo_Galle15-1ബൈബിളിലെ അപ്പോസ്‌തോല പ്രവര്‍ത്തികള്‍ പത്താം അദ്ധ്യായത്തില്‍, കൊര്‍ന്നേല്യൊസ് എന്നു പേരുള്ളോരു പുറജാതിക്കാരനായ ശതാധിപന്‍, ക്രിസ്തീയ സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. യഹൂദ പാരമ്പര്യങ്ങള്‍ നിഷേധിച്ചു ഒരു പുതിയ നീതി, സുവിശേഷം അവിടെ കാട്ടിക്കൊടുക്കുന്നുണ്ട്. പത്രോസ് പറയുന്നു, അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു. ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവനെ അവന്‍ അംഗീകരിക്കുന്നു എന്നും ഞാന്‍ ഇപ്പോള്‍ യാഥാര്‍ത്ഥമായി ഗ്രഹിക്കുന്നു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്‌നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന്‍ ആര്‍ക്കു കഴിയും എന്നു പത്രോസ് പറയുന്നു. ഇതാണ് യഥാര്‍ത്ഥമായ ക്രിസ്തീയ വീക്ഷണം എന്നിരിക്കെ, ക്രിസ്തീയ സഭകള്‍ ഇന്ന് കാട്ടികൂട്ടുന്ന വിവേചനം ദൈവ നിഷിദ്ധം എന്നല്ലാതെ പറയാനൊക്കില്ലല്ലോ.

അംഗീകാരവും സംരക്ഷണവും അഭിവൃദ്ധിയും കുട്ടികളുടെ വിദ്യാഭ്യാസവും മുന്നില്‍ കണ്ടുകൊണ്ടാണ് ക്രിസ്തീയ സുവിശേഷത്തില്‍ ഇന്ത്യയിലെ ദളിതര്‍ താല്പര്യം കാണിച്ചത്. പക്ഷെ സവര്‍ണ്ണ മനസ്ഥിയിലുള്ള ക്രിസ്ത്യാനികള്‍ ഇവരെ പുതുക്രിസ്താനികള്‍ എന്ന് വിളിച്ചു മാറ്റിനിര്‍ത്താന്‍ പരിശ്രമിച്ചു. ഇവരുമായി സംസര്‍ഗത്തിനോ ബന്ധത്തിനോ ഇന്നും സുറിയാനി ക്രിസ്ത്യാനികള്‍ തയ്യാറല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ വരുമ്പോള്‍ വിശാലമായി ചിന്തിക്കുകയും ഈ ലേഖകനെപ്പോലെതന്നെ നന്മക്കുവേണ്ടി വാ തുറക്കുകയും, സ്വന്തം കാര്യം വരുമ്പോള്‍ ഇടുങ്ങി ചിന്തിക്കയുമാണ് ചെയ്യാറുള്ളത്.

2018 ലെ, അമേരിക്കയിലെ ‘നാഷണല്‍ സ്‌പെല്ലിങ്ങിങ് ബീ’ മത്സരത്തില്‍ ഏറ്റവും കഠിനമായ ഇംഗിഷ് പദം കൃത്യമായി പറഞ്ഞു സമ്മാനം നേടിയത് ഇന്ത്യന്‍ വംശജനായ കാര്‍ത്തിക് നെമ്മാനിയായിരുന്നു. കോയിനോണ്യ എന്നതിന്റെഅര്‍ത്ഥം, ക്രിസ്തീയ സഹോദര്യത്തിലുള്ള കൂട്ടായ്മ എന്നതാണ് എന്നാണ് നെമ്മാനി പറഞ്ഞത്. രണ്ടായിരം വര്ഷം സുവിശേഷം ഏറ്റുപറഞ്ഞ വിശ്വാസികള്‍ക്ക് ഏറ്റവും കഠിനമായ പദം തന്നെയാണ് കോയിനോണ്യ, ക്രിസ്തീയ കൂട്ടായ്മ. ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം കാണിച്ചു തന്നിരിക്കുന്നു, പക്ഷെ, കാണാനാവുന്നില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top