Flash News

കോഴിക്കോട് ജില്ലയില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും; നിരവധി വീടുകള്‍ തകര്‍ന്നു

June 14, 2018

urulpottalകോഴിക്കോട്: കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടി. താമരശേരി കട്ടിപ്പാറ, കക്കയം, പുല്ലൂരാംപാറ, കരിഞ്ചോല, ചമല്‍ മേഖലകളിലാണ് ഉരുള്‍പൊട്ടിയത്. നിരവധി വീടുകള്‍ തകര്‍ന്നു.തകര്‍ന്ന വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഈങ്ങാപ്പുഴ, പൂന്നൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു. അതേസമയം ദേശീയ ദുരന്തനിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ കലക്ടറുടെ ആവശ്യപ്രകാരമാണ് സേനയെത്തുന്നത്.

അതിനിടെ, മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുൾപൊട്ടി. ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. ചാത്തല്ലൂരിൽ 6 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. മഴ ശക്തമായാൽ അപകട സാധ്യതയെന്ന് തഹസിൽദാർ അറിയിച്ചു.

കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. കക്കയം ടൗണിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.

തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ – പാൽച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞു വീണു. കൊട്ടിയൂർ – ബോയ്സ് ടൗൺ – മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നു പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മക്കൂട്ടം കർണ്ണാടക പാതയിൽ ഗതാഗതം തടസപ്പെട്ടതിനാൽ കൊട്ടിയൂർ വഴിയാണ് വാഹനങ്ങൾ കർണ്ണാടകത്തിലേക്ക് പോയിരുന്നത്.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കോട്ടയം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.

കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എറണാകുളം ജില്ലാ കലക്ടറും ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടറും അവധി പ്രഖ്യാപിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top