Flash News

റംസാന്‍ – ഉപവാസത്തിലൂടെ ഒരു ആത്മീയ യാത്ര

June 14, 2018 , സുധീര്‍ പണിക്കവീട്ടില്‍

ramzan banner1റംസാന്‍ മാസാരംഭത്തിലെ പ്രഭാതം പൊട്ടിവിടരുമ്പോള്‍ അല്‍-റയാന്‍ എന്ന സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നു. റംസാന്‍ അവസാനിക്കുന്ന വരെ അവ അടയുന്നില്ല.ഈ കാലത്ത് ഇബ്‌ലീസ് ചങ്ങലയില്‍ കിടക്കുന്നു. നരകവാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നു. ശഅ’ബാന്‍ മാസത്തിന്റെ (റംസാന്‍ മാസത്തിനു മുമ്പുള്ള മാസം) അവസാനത്തില്‍ അല്ലാഹുവിന്റെ സന്ദേശവാഹകന്‍ വന്നു പറയുന്നു – ഇനി പിറക്കാന്‍ പോകുന്ന ഒരു മാസം പുണ്യം നിറഞ്ഞതാണു. ഫജ്ര്‍ (പ്രഭാതം) മുതല്‍ മഗ്രിബ് (സൂര്യാസ്തമയം) വരെ ഉപവാസത്തിലൂടെ പൈശാചിക ശക്തികളെ ജയിച്ച്‌ കൊണ്ട് ഓരോ വിശ്വാസിയും ഇമാനോടെയുള്ള (പ്രതീക്ഷയും വിശ്വാസവും) അവരുടെ വ്രതാനുഷ്ഠാനം തുടരണം. റംസാന്‍ രാത്രികളില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടി അല്ലാഹു ആയിരത്തിയഞ്ഞൂറ് പ്രതിഫലങ്ങള്‍ കരുതുന്നു. കൂടാതെ മാണിക്യകല്ല് കൊണ്ട് 60,000 വാതിലുകളുള്ള (ഓരൊ വാതിലും സ്വര്‍ണ്ണത്തില്‍ രത്‌നം പതിച്ച കൊട്ടാരങ്ങളിലേക്ക് തുറക്കുന്നത്) ഒരു കൊട്ടാരം സ്വര്‍ഗ്ഗത്തില്‍ പണിയുന്നു. ‘അവന്‍ (അള്ളാഹു) ഏകനാണു്. (സര്‍വ്വ ചരാചരങ്ങള്‍ക്കും) അഭയം നല്‍കുന്നവനും, ആരുടേയും ആശ്രയം ആവശ്യമില്ലാത്തവനുമായി നില കൊള്ളുന്നവനും അള്ളാഹു മാത്രമാകുന്നു. അവനു സന്താനം ജനിച്ചിട്ടില്ല. അവന്‍ ആരുടേയും സന്താനവുമല്ല. (ചുരുക്കത്തില്‍) അവനു തുല്യമായി ആരും തന്നെ ഇല്ല. (ഖുറാന്‍ 112:1:4)’

റംസാന്‍ -ഇസ്ലാമിക്ക് കലണ്ടറിലെ പന്തണ്ട് മാസങ്ങളില്‍ ഒമ്പതാമത്തെ മാസം. ശഅ’ബാനിന്റേയും ശവ്വാലിന്റേയും ഇടയിലുള്ള പരിശുദ്ധമാസം. ഈ മാസത്തിലാണു ഖുര്‍‌ആന്‍ അവതീര്‍ണ്ണമായത്. പുണ്യങ്ങളും അനുഗ്രഹങ്ങളും നിറച്ച് വച്ച് അല്ലാഹു പവിത്രമാക്കിയ മാസം. ഇത് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതാണ്. (പഞ്ചസ്തംഭങ്ങള്‍: അള്ളാഹുവല്ലാതെ സത്യമായ വേറൊരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ അവസാനത്തെ പ്രവാചകനാണെന്നും വിശ്വസിക്കുക. അഞ്ചു നേരം നിസ്‌കരിക്കുക, ദാനം ചെയ്യുക, റംസാന്‍ വ്രതമനുഷ്ഠിക്കുക, ഹജ്ജിനു പോകുക.). ഇസ്ലാം വിശ്വാസികള്‍ ഖുറാന്‍ അറബ് ഭാഷയില്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റു ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാം, അവ തെറ്റിദ്ധരിക്കപ്പെടാം എന്ന് അവര്‍ പറയുന്നു. ഉദാഹരണത്തിനായി കാഫിര്‍ എന്ന വാക്ക് വളരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാഫിര്‍ എന്ന് വിളിക്കുമ്പോള്‍ മറ്റ് മതക്കാര്‍ അത് അധിക്ഷേപമായി കരുതുന്നു. വാസ്തവത്തില്‍ ഇസ്ലാമില്‍ വിശ്വസിക്കാത്തവന്‍ എന്നര്‍ത്ഥത്തില്‍ ആണു അറബിയില്‍ ആ വാക്കു ഉപയോഗിച്ചിരിക്കുന്നത്.

ഇസ്ലാം മതം വിശ്വാസങ്ങളും ശാസനകളും നിറഞ്ഞതാണു. ഹലാല്‍ (അനുവദനീയ കാര്യങ്ങള്‍) ഏത് ഹറാം (നിഷിദ്ധമായ കാര്യങ്ങള്‍) ഏത് എന്ന് അത് വ്യക്തമാക്കുന്നു. അഞ്ച് നിസ്‌കാരങ്ങളുടെ ആവശ്യത്തെപ്പറ്റി വിവരിച്ച്‌കൊണ്ട് പ്രവാചകന്‍ പറഞ്ഞു ‘ നിങ്ങളുടെ വീട്ടുമുറ്റത്തെ പുഴയില്‍ നിത്യവും അഞ്ച് നേരം നിങ്ങള്‍ കുളിച്ചാല്‍ എങ്ങനെ നിങ്ങളുടെ ശരീരത്തില്‍ മാലിന്യങ്ങള്‍ ഉണ്ടാകും. അതേപ്പോലെ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയിലൂടെ ആത്മീയശുദ്ധി ലഭിക്കുന്നു.

മുഹമ്മദ് നബിക്ക് മുമ്പുള്ള ഓരോ പ്രവാചകന്മാരും പ്രബോധനം ചെയ്ത മതസിദ്ധാന്തങ്ങള്‍ ഒന്ന് തന്നെയായിരുന്നു. മുഹമ്മദ് നബിയെ ഇസ്ലാം മത സ്ഥാപകന്‍ എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം അവസാനത്തെ പ്രവാചകന്‍ മാത്രമായിരുന്നു.

ആത്മീയ ഉന്നതിക്കായുള്ള ഈ വ്രതത്തിലൂടെ ലോകത്തിലെ എല്ലാ ഇസ്ലാം വിശ്വാസികളും ഒന്നാകുന്നു എന്നതാണു ഈ ഉപവാസാനുഷ്ഠാനത്തിന്റെ ശ്രേഷ്ഠത. എന്തിനാണു് ഒരു മാസം വിശ്വാസികള്‍ ഇങ്ങനെ കഠിനമായ ഈ വ്രതം അനുഷ്ഠിക്കുന്നത് എന്ന ചോദ്യം എല്ലാവരിലും ഉണ്ടാകും. മനുഷ്യ വികാരങ്ങളില്‍ വിശപ്പാണു് ഏറ്റവും കഠിനമായിട്ടുള്ളത്. അതിനെ അതിജീവിച്ച്‌കൊണ്ട് ആത്മാവില്‍ പ്രാര്‍ത്ഥന നിറക്കുമ്പോള്‍ ആത്മ വീര്യം കൈവരുന്നു. ചന്ദ്രമാസം കണക്കാക്കിയുള്ള ഇസ്ലാം കലണ്ടര്‍ അനുസരിച്ച് റംസാന്‍ എല്ലാ വര്‍ഷവും ഒരു മാസത്തില്‍ തന്നെ വരുന്നില്ല. ഓരോ ഋതുക്കളിലും അത് വരുന്നു. വളരെ ചൂടുള്ള വേനലിലും വളരെ തണുപ്പുള്ള ശിശരമാസത്തിലും അത് വരുന്നു. വിശപ്പിന്റെ കാഠിന്യം അനുഭവിച്ചറിയുന്ന ഓരോ വിശ്വാസിയും മറ്റുള്ളവരുടെ ദാരിദ്ര്യാവസ്ഥ അറിയാന്‍ കഴിവുള്ളവരാകുന്നു. വൈദ്യശാസ്ത്ര സംബന്ധിയായും ഉപവാസത്തിനു ശരീരത്തെ ബലപ്പെടുത്താന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഒരു മാസം ആത്മീയമായ കാര്യങ്ങളില്‍ മുഴുകി അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ച്കഴിയുന്ന ഒരാള്‍ നന്മയുള്ളവനായി തീരുന്നു. അത് സമൂഹത്തെ നന്മയുള്ളതാക്കുന്നു. തെറ്റുകള്‍ ഏറ്റ് പറഞ്ഞ് ഒരു പുതുജീവിതം ആരംഭിക്കുന്ന ഒരു മനുഷ്യന്റെ ജീവിതം കൂടുതല്‍ തിളക്കമാര്‍ന്നതാകുന്നു. ജാപ്പനീസ് ഭാഷയില്‍ കിന്റ്‌സ്‌കുറോയ് (Kintsukuroi) എന്ന ഒരു വാക്കുണ്ട്. അതിന്റെ അര്‍ത്ഥം സ്വര്‍ണ്ണം കൊണ്ട് കേട്പാട് തീര്‍ക്കുക എന്നാണു്. ഉടഞ്ഞ വസ്തുക്കളിലെ വിള്ളലുകള്‍ സ്വര്‍ണ്ണം കൊണ്ട് നിറച്ച് അവര്‍ അത് ഉയര്‍ത്തികാണിക്കുന്നു. എന്നാല്‍ നമ്മള്‍ വിള്ളലുകള്‍ അല്ല കാണുന്നത്, അതിനെ അലങ്കരിക്കുന്ന സ്വര്‍ണ്ണപണികളാണു്. ക്ഷതം അനുഭവിക്കുന്ന വസ്തു കൂടുതല്‍ ഭംഗിയുള്ളതാകുന്നു എന്ന് അവര്‍ വിശ്വസിക്കുന്നു. ഇതിന്റെ പുറകില്‍ ഒരു കഥയുണ്ട്. പണ്ടൊരിക്കല്‍ വളരെ വളരെ കിഴക്ക്, ഏദനില്‍ നിന്നും കിഴക്ക് ഒരു ചക്രവര്‍ത്തിയുണ്ടായിരുന്നു. വസന്തകാലത്തിന്റെ ആരംഭത്തില്‍, രാജകീയ സന്ദര്‍ശനങ്ങളും, രാജക്കന്മാര്‍ തമ്മില്‍ തമ്മില്‍ സമ്മാനങ്ങള്‍ കൈമാറലും, ഓരോരുത്തരും അവരവരുടെ സ്വത്തും, ആസ്തിയും പ്രദര്‍ശിപ്പിക്കലും ഒക്കെ പതിവായിരുന്നു. ആ അവസരത്തിലായിരുന്നു ചക്രവര്‍ത്തിയുടെ മകന്റെ കിരീടധാരണം. അവനു കൊടുക്കാനായി ആകര്‍ഷണീയമായ ഒരു പിഞ്ഞാണം അദ്ദേഹം ഉണ്ടാക്കിപ്പിച്ച് സൂക്ഷിച്ചിരുന്നു. കിരീടധാരണത്തിന്റെ തലേന്നാള്‍ ആ പിഞ്ഞാണം കഷണം കഷണമായി കിടക്കുന്നത് അദ്ദേഹം കണ്ടു. കേടുപാടുകള്‍ തീര്‍ത്താല്‍ അത് മുഴച്ചിരിക്കും, വേറൊന്നുണ്ടാക്കാന്‍ സമയവുമില്ല. വളരെ ദു:ിതനായ അദ്ദേഹം ആ രാത്രി ഒരു വിധം കഴിച്ച്കൂട്ടി. പിറ്റേന്ന് കൊട്ടാരത്തിലെ വേലക്കാര്‍ അദ്ദേഹത്തെ ഒരു സന്തോഷ വാര്‍ത്തയറിയിച്ചു. പിഞ്ഞാണം പണ്ടെത്തക്കാള്‍ ഭംഗിയിലും മോടിയിലുമിരിക്കുന്നു. അദ്ദേഹം അത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. വിള്ളലുകളിലും, പൊട്ടിപ്പൊയ കഷണങ്ങള്‍ക്കുമിടയില്‍ സര്‍ണ്ണം ഉരുക്കിയൊഴിച്ച് കേടുപാട് തീര്‍ത്തിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ അഞ്ച് തിരുമുറിവുകള്‍ മനുഷ്യരാശിക്ക് വേണ്ടി ഏറ്റ് വാങ്ങി. അവന്റെ ശരീരം അടക്കം ചെയ്‌തെങ്കിലും അവന്‍ ഉയര്‍ത്തെഴുന്നേറ്റു, എന്നാല്‍ അവന്റെ മുറിവുകള്‍ അവശേഷിച്ചു. കൃസ്തീയ വിശ്വാസം അനുസരിച്ച് അവന്റെ മുറിപ്പാടുകള്‍ മനുഷ്യര്‍ക്ക് പുതുജീവിതം നല്‍കി. ദൈവത്തിനു മനുഷരോടുള്ള സ്‌നേഹത്തിന്റെ സുവര്‍ണ്ണ രശ്മികളില്‍ ആ മുറിവുകള്‍ പ്രകാശിക്കുന്നു. മുറിവും, വിള്ളലുകളും ഉണ്ടാകുമ്പോള്‍ അതിനെ വളരെ വില പിടിച്ച സ്വര്‍ണ്ണം (സ്‌നേഹം) കൊണ്ട് അടക്കുക, മറച്ച് കളയുക. പിന്നെ ഒരു പുതിയ ജീവന്‍, മുമ്പത്തേക്കാള്‍ മനോഹരവും ശാശ്വതവുമായത് ആസ്വദിക്കുക. അള്ളാഹു കരുണാമയനും സ്‌നേഹസ്വരൂപനുമാണു്.

പാപിയായ മനുഷ്യന്‍ അവന്റെ പ്രാര്‍ത്ഥനകളിലൂടെ, ഉപവാസത്തിലൂടെ പ്രായ്ശ്ചിത്തം ചെയ്യുമ്പോള്‍ അള്ളാഹു അവന്റെ തെറ്റുകള്‍ പൊറുത്ത് അവിടെ ദൈവസ്‌നേഹം കൊണ്ട് നിറക്കുന്നു. അവന്റെ ജീവിതം കൂടുതല്‍ പ്രകാശമാനമാകുന്നു. റംസാന്‍ വ്രുതം ഒരു ആചാരമായി അനുഷ്ഠിക്കാതെ ഹ്രുദയത്തില്‍ തട്ടി ആചരിക്കുന്നവര്‍ക്ക് അള്ളാഹു പറുദീസ ഒരുക്കുന്നു.

നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരുവന്‍ അവന്റെ നോമ്പ് ദിവസമായാല്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്. അട്ടഹസിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്ന് പറയട്ടെ. നോമ്പ്കാരനു രണ്ട് സന്തോഷമുണ്ട്. ഒന്ന് നോമ്പ് മുറിക്കുമ്പോള്‍, രണ്ട് അവസാന വിധി ദിവസം അവന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോള്‍. ഈ അനുഗ്രഹീത മാസത്തില്‍ അള്ളാവിനെ വിളിച്ച് മാപ്പിരക്കുക. സാലത്ത് (പ്രാര്‍ത്ഥന) സജ്ദ് (കുമ്പിടല്‍) എന്നിവ ചെയ്ത് മുതുകിലെ പാപഭാരം കുറയ്ക്കുക. നോമ്പ് മുറിക്കുന്ന സായാഹ്നത്തില്‍ ‘ ഇഫ്തറില്‍’ പങ്ക് കൊള്ളാന്‍ വിശ്വാസികളെ കൂട്ടുക. ഭക്ഷണം മറ്റുള്ളവരുമായി പങ്കുവക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ നിങ്ങളാല്‍ കഴിയുന്നത് ചെയ്യുക, ഉദാഹരണമായി ഒരു ഈന്തപഴത്തിന്റെ പകുതിയോ ഇത്തിരി വെള്ളമോ കൊടുക്കാന്‍ കഴിഞ്ഞാല്‍ അത് ചെയ്യുക.

ഏദനില്‍ എത്തിയ ഇബ്‌ലീസ് എന്നും മനുഷ്യനെ വഴിതെറ്റിച്ച്‌കൊണ്ടിരിക്കുന്നു. ഖുര്‍‌ആനില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു. (അല്‍-അറാഫ് 7:13-18). അള്ളാഹു ഇബ്‌ലീസ്സിനോട്: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. ഇബ്‌ലീസ്: മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി നല്‍കേണമേ. അല്ലാഹു: തീര്‍ച്ചായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. ഇബ്‌ലീസ്: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലത് ഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടേയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും.അവരില്‍ അധികം പേരേയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. അള്ളാഹു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.

എല്ലാ മതഗ്രന്ഥങ്ങളും തിന്മയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നു മനുഷ്യരെ ഉദ്‌ബോധിപ്പിക്കുന്നു. എല്ലാ മതഗ്രന്ഥങ്ങളും ഒന്നാണെന്ന് കാണാനുള്ള സന്മനസ്സു കൂടി മനുഷ്യന്‍ കാണിച്ചാല്‍ ജന്നത്ത്-അല്‍-ഫിര്‍ദൗസ് എന്ന ഏഴാം സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ സൃഷ്ടിക്കപ്പെടും. ഈ അനുഗ്രഹീത മാസത്തില്‍ മത വ്യത്യാസങ്ങള്‍ മറന്നു മനുഷ്യര്‍ എല്ലാവരും ഒന്നാണെന്ന വിശാല മനസ്സോടെ യഹോവയെ, അള്ളാഹുവിനെ, ഈശോയെ, ഈശ്വരനെ (ഈ ശബ്ദങ്ങള്‍ക്കെല്ലാം ഒരു അര്‍ത്ഥം) വന്ദിക്കാം, അവന്റെ മഹത്വങ്ങള്‍ പാടാം, അവന്റെ കരുണക്കായി കൈകൂപ്പാം.അത് തന്നെ തുടര്‍ന്നും ചെയ്ത്‌കൊണ്ടിരിക്കാം.

അള്ളാഹു അരുതെന്ന് വിലക്കിയ കാര്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്നതത്രെ ഈ പുണ്യമാസത്തില്‍ ഓരോ വിശ്വാസിയും അനുഷ്ഠിക്കേണ്ട കര്‍മ്മം. ഈ മാസത്തില്‍ മാത്രമല്ല ജീവിതാവസാനം വരേയും. അങ്ങനെ ചെയ്യൂുന്നവര്‍ അള്ളാഹുവിനു പ്രിയപ്പെട്ടവര്‍. പ്രവാചകനായ നബി തിരുമേനി പറഞ്ഞുഃ നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹത്തിന്റെ സന്ദേശങ്ങള്‍ കൈമാറുക. വിശന്നിരിക്കുന്നവനു അപ്പം കൊടുക്കുക. അല്ലാഹു ആഗ്രഹിക്കുന്ന പോലെ ഭ്രാത്രുഭാവത്തോടെ കഴിയുക. ഓരോ റംസാന്‍ മാസം വരുമ്പോഴും കൂടുതല്‍ കൂടുതല്‍ വിശ്വാസികള്‍ നബി തിരുമേനിയുടെ വാക്കുകള്‍ മനസ്സിലാക്കി മത വ്യത്യാസങ്ങള്‍ മറന്ന് ഖുര്‍‌ആന്‍ അനുശാസിക്കുന്ന പോലെ ഭൂമിയില്‍ ശാന്തിയും സമാധാനവും പുലര്‍ത്തികൊണ്ടിരിക്കുന്നത് എത്രയോ മഹത്വരമാണു.

ശവ്വാലിന്‍ പിറ കാണാന്‍ ഭക്തിപൂര്‍വ്വം നോയ്മ്പ് നോറ്റിരിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും അനുഗ്രഹീതമായ റംസാന്‍ ആശംസകള്‍.

മുസ്ലിം പള്ളികളില്‍ നിന്നും നാം അഞ്ചു നേരവും കേള്‍ക്കുന്ന ബാങ്കിന്റെ തര്‍ജമ:

1. അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍….. (ദൈവം വലിയവനാകുന്നു, ദൈവം വലിയവനാകുന്നു)
2. അശ്‌ഹതു അന്‍‌ലാഇലാഹ ഇല്ലല്ലാഹ് ….. (നിശ്ചയമായും ദൈവമല്ലാതെ ആരാധനക്ക് (മറ്റൊരു) അര്‍ഹനില്ല
3. അശ്ഹതു അന്ന മുഹമ്മദ് റസൂലുല്ലാഹ് … (നിശ്ചയമായും പ്രവാചകന്‍ മുഹമ്മത് ദൈവത്തിന്റെ സന്ദേശ വാഹകനാകുന്നു)
4. ഹയ്യാല സ്വലാ….. (നമസ്‌കാരത്തിലേക്കു സ്വാഗതം)
5. ഹയ്യാലല്‍ ഫലാഹ് … (നന്മയിലേക്കു സ്വാഗതം)
6. അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍….. (ദൈവം വലിയവനാകുന്നു
7. ലാ ഇലാഹ ഇല്ലല്ലാഹ് …. (ദൈവമല്ലാതെ ആരാധനക്ക് (മറ്റൊരു) അര്‍ഹനില്ല )

ഇത് കൂടാതെ പ്രഭാത നമസ്‌കാരത്തിനുള്ള ബാങ്ക് വിളിയില്‍ ..

‘അസ്സ്വലാത് ഖൈറും മിന, നൗഉം ….’ എന്ന് കൂടി പറയാറുണ്ട്. ‘ഉറക്കത്തെക്കാള്‍ ഉത്തമം നമസ്‌കാരമാണ് ‘ എന്നാണ് അതിന്റെ അര്‍ഥം. (സമ്പാദനം ലേഖകന്‍)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top