Flash News

നികുതിരഹിത റബര്‍ ഇറക്കുമതി ആഭ്യന്തരവിപണി തകര്‍ക്കുന്നു: വി.സി.സെബാസ്റ്റ്യന്‍

June 19, 2018 , ഇന്‍ഫാം

Ltrhd 2018കോട്ടയം: അഡ്വാന്‍സ് ലൈസന്‍സ് സ്കീമിന്റെ മറവിലുള്ള നികുതിരഹിതവും അനിയന്ത്രിതവുമായ റബര്‍ ഇറക്കുമതി ആഭ്യന്തരവിപണിയെ തകര്‍ത്തിരിക്കുമ്പോള്‍ പരിഹാരം കാണാതെ റബര്‍ ഇറക്കുമതിയിന്മേല്‍ തുറമുഖനിയന്ത്രണവുംകൂടി എടുത്തുകളഞ്ഞുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ധിക്കാപരവും കര്‍ഷകദ്രോഹവുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും വിലയിടിവുംമൂലം കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഉല്പാദനവും കുറഞ്ഞിരിക്കുന്നു. കര്‍ഷകരുടെ കൈയില്‍ റബര്‍ സ്റ്റോക്കുമില്ല. റബര്‍ വിപണിയില്‍ വ്യാപാരമില്ലാത്തതുമൂലം ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലാണ്. ക്രൂഡോയില്‍ വില ഉയര്‍ന്നിട്ടും രൂപയ്ക്ക് മൂല്യശോഷണമുണ്ടായിട്ടും ആഭ്യന്തരവിപണിയില്‍ റബറിന് വില ഉയരാത്തതിന്റെ പിന്നില്‍ അഡ്വാന്‍സ് ലൈസന്‍സ് സ്കീമിലൂടെയുള്ള നികുതിരഹിത അനിയന്ത്രിത ഇറക്കുമതി വ്യവസായികള്‍ തുടരുന്നതുകൊണ്ടാണ്. മൂന്നുപതിറ്റാണ്ടു മുമ്പുള്ള നിബന്ധനകളുടെ ചുവടുപിടിച്ച് തീരുവയില്ലാത്ത റബര്‍ ഇറക്കുമതി ചെയ്യുന്നതിന് ഒത്താശചെയ്യുന്നത് റബര്‍ ബോര്‍ഡാണെന്നുള്ളതും കര്‍ഷകരില്‍ ഞെട്ടലുളവാക്കുന്നു.

അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം സ്വാഭാവിക റബര്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നത് കയറ്റിഅയക്കുന്ന ഉല്പന്നങ്ങള്‍ക്ക് ആനുപാതികമാണ്. ഈ ഇന്‍പുട്ട്-ഔട്ട്പുട്ട് അനുപാതം അനുസരിച്ച് അസംസ്കൃതവസ്തു ഇറക്കുമതി ചെയ്യാന്‍ കഴിയുന്നത് കമ്പനിയുടെ ഫിനിഷ്ഡ് പ്രോഡക്ട് എത്ര കയറ്റുമതി ചെയ്യുന്നു എന്നതിന് ആനുപാതികമാണ്. 30 വര്‍ഷം മുമ്പ് ടയറിന്റെ 75 ശതമാനം സ്വാഭാവിക റബറായിരുന്നെങ്കില്‍ സാങ്കേതിക വിദ്യയുടെ വികാസംമൂലം ഇപ്പോള്‍ 45 ശതമാനം മാത്രമേയുള്ളൂ. എന്നാല്‍ കയറ്റുമതി ടയറിന്റെ കണക്കില്‍ പഴയ 75 ശതമാനം ഉപയോഗം എന്ന ക്രമത്തില്‍ ഇപ്പോഴും റബര്‍ ഇറക്കുമതി തുടരുന്നു. ഈ 45 ശതമാനമെന്നത് ട്രക്ക്, ബസ് ടയറുകള്‍ക്കാണെങ്കില്‍ കാര്‍ പോലുള്ള മീഡിയം വാഹനങ്ങള്‍ക്ക് വേണ്ട ടയറിന് ഇതിനേക്കാള്‍ കുറവ് സ്വാഭാവിക റബര്‍ മതി. ഇന്‍ഫാം ഉള്‍പ്പെടെയുള്ള കര്‍ഷകസംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ വിഷയം പഠിക്കുവാന്‍ കഴിഞ്ഞ വര്‍ഷം റബര്‍ബോര്‍ഡ് ഒരു ഡയറക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെയും നടപടികളുണ്ടായിട്ടില്ല.

റബര്‍ കര്‍ഷകരെ സംരക്ഷിക്കുവാന്‍ 2001 ജൂണ്‍ 15ന് അഡ്വാന്‍സ് ഓതറൈസേഷന്‍ സ്കീമിലൂടെയുള്ള റബര്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഓപ്പണ്‍ ജനറല്‍ ലൈസന്‍സിലൂടെ മാത്രം നികുതിയടച്ച് വിശാഖപട്ടണം, കല്‍ക്കത്ത തുറമുഖങ്ങളിലൂടെ മാത്രം റബര്‍ ഇറക്കുമതിയെന്ന് വാജ്‌പേയ് സര്‍ക്കാര്‍ ഉത്തരവിറക്കി. തുടര്‍ന്നുവന്ന കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാര്‍ ഈ ഉത്തരവ് മരവിപ്പിച്ച് അട്ടിമറിച്ചു. ഇപ്പോള്‍ പോലും അഡ്വാന്‍സ് ലൈസന്‍സ് സ്കീമിലൂടെയുള്ള ഇറക്കുമതി മരവിപ്പിക്കുവാന്‍ ഒരു ലോകവ്യാപാരക്കരാറും തടസ്സമല്ലന്നിരിക്കെ കേന്ദ്രവാണിജ്യമന്ത്രാലയം കര്‍ഷകനിഷേധനിലപാട് തുടരുന്നത് ദ്രോഹപരമാണ്.

വിലത്തകര്‍ച്ചയിലെ പ്രതിസന്ധി റബര്‍മേഖലയെ തകര്‍ത്തിരിക്കുമ്പോള്‍ തുറമുഖ നിയന്ത്രണങ്ങള്‍കൂടി എടുത്തുകളഞ്ഞ് കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. കര്‍ഷകവിരുദ്ധനയം തുടരുമ്പോഴും കര്‍മ്മസേന അഥവാ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ച് കര്‍ഷകരെ സംരക്ഷിക്കുവാന്‍ വേണ്ടി പുതുക്കിയ റബര്‍നയം പുറത്തിറക്കുവാന്‍ വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കാപഠ്യം ഇനിയെങ്കിലും കര്‍ഷകസമൂഹം തിരിച്ചറിയണമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top