എഴുതുന്നവരുടെയും വായിക്കുന്നവരുടെയും സദസായ സര്‍ഗ്ഗവേദിയില്‍ ഈ വിഷയം അവതരിപ്പിക്കുക എന്നത് ഒരാവശ്യകതയായി തോന്നി. പ്രസിദ്ധികരണ മാധ്യമങ്ങളില്ലെങ്കില്‍ എഴുത്തുകാരന് എന്ത് നിലനില്‍പ്പ്. കാലം മുന്നോട്ടു പോകെ, പോകെ അതിവിടെ പരിമിതപ്പെട്ടു പോകുന്നതായി അനുഭവപ്പെടുന്നു. ഇവിടെ മാധ്യമങ്ങളുടെ നിലനില്‍പ്പ് സാമ്പത്തിക പരിമിതികളാല്‍ ദുരിത പരിവേഷം അണിയുന്നു.
ദൃശ്യ മാധ്യമങ്ങളുടെ ആധിപത്യം ഏറെ ബാധിച്ചത് പത്രങ്ങളെയും മാസികകളെയുമാണ്. ഇന്നറിയുന്ന വാര്‍ത്ത നാളെ വായിച്ചറിയാന്‍ ഒരു തിരക്കാര്‍ന്ന ജീവിതം അനുവദിക്കുന്നില്ല. എത്ര സമയം കുറച്ചു് കാര്യങ്ങള്‍ ഗ്രഹിക്കാം എന്ന അവസ്ഥയിലേക്ക് വ്യക്തി മാറുന്നു. പിന്നെ വായിച്ചു തന്നെ കാര്യങ്ങള്‍ അറിയണം എന്ന് വാശിപിടിച്ചിരുന്ന ഒരു തലമുറ നാടുനീങ്ങുകയാണ്; അല്ലെങ്കില്‍ ശീലങ്ങള്‍ മാറ്റാന്‍ നി ര്ബന്ധിതരാകുകയാണ്. ഇങ്ങനെ ഒരവസ്ഥ നിലനില്ക്കുമ്പോള് സര്‍ഗ്ഗധനനായ എഴുത്തുകാരന്റെ സ്ഥിതി കൂടുതല്‍ നിരാശാ ജനകമാണ് .
തിരക്കിനിടയില്‍ സമയം കണ്ടെത്തി സൃഷ്ടിയുടെ വേദനയുമായി നടന്ന് രൂപപ്പെട്ടുവരുന്ന ഒന്നിനെ വായനക്കാരിലേക്ക് എത്തിക്കുക എന്നത് ശ്രമസാധ്യമായ പരീക്ഷണമായി ഭവിക്കുന്നു. മുഖ്യ ധാരയില്‍ ഇടം നേടുക എന്നത് ഇവിടെ ജീവിക്കുന്ന എഴുത്തുകാരന് ഒരു ബാലികേറാ മലതന്നെയാണ് .കാരണം നാടിന്റെ നിത്യ സ്പന്ദനങ്ങളേറ്റുവാങ്ങി ,സര്‍ഗ്ഗധനരായ ഒരുപാട് എഴുത്തുകാരോട് ഏറ്റുമുട്ടി മുന്നേറാനുള്ള സാധ്യതകള്‍ ഇവിടത്തെ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല .
പത്ര മാധ്യമങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു ഇവിടം ഒരുകാലത്ത്. അപ്പോള്‍ പ്രസിദ്ധികരണ സാധ്യതകള്‍ എഴുത്തുകാരന് ഏറെ ഉണ്ടായിരുന്നു. അക്കാലത്ത് എന്ത് ചവറെഴുതിയാലും ഒരിടം തീര്‍ച്ചയാണ്. ഇന്ന് കാലം മാറി. വിരലിലെണ്ണാവുന്ന പത്രങ്ങളും , മാസികകളും മാത്രമേ ഇപ്പോള്‍ നിലവിലുള്ളു. മാസവരിയും, പരസ്യങ്ങളും കൊണ്ട് മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാനാകാത്ത അവസ്ഥ വന്നു. പിന്നെ പള്ളി, മത വാര്‍ത്തകളാണ് കൂടുതല്‍ താളുകളില്‍ ഇടം നേടിയിരുന്നത്. അത് പോലും ആ ഗ്രുപ്പില്‍ പെട്ടവര്‍ വായിച്ചാലായി. രണ്ടാം തലമുറയും, മൂന്നാം തലമുറയും വരാന്‍ തുടങ്ങിയതോടെ ഏറിയ പങ്കും മലയാളം വായിക്കാന്‍ അറിയാത്തവരാണ്. അഥവാ വായിക്കാന്‍ അറിഞ്ഞാല്‍ത്തന്നെ അവനിഷ്ടമുള്ളത് വിളമ്പാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാകുന്നു .
ഇന്ന് പ്രബലമായി നില്‍ക്കുന്നത് ഇന്റര്‍നെറ്റ് പത്രങ്ങളാണ്. അതില്‍ ഇ മലയാളി, ജോയിച്ചന്‍ പുതുക്കുളം, മൊയ്ദീന് പുത്തന്‍ചിറ എന്നിവ പ്രതിസന്ധികളെ അതിജീവിച്ചു കുറെ ദുരം സഞ്ചരിച്ചു എന്ന് പറയാം. അവരോട് സംവേദിക്കുമ്പോഴാണ് നിലനില്‍പ്പിന്റെ ആകുലതകളെപ്പറ്റിയുള്ള ചിത്രം വ്യക്തമാകുന്നത്.
ചില പരിധികള്‍ തരണം ചെയ്താല്‍ ഇന്റര്‍നെറ്റിലൂടെയും, ബ്ലോഗിലൂടെയും, മുന്നേറാന്‍ എഴുത്തുകാരന് കഴിഞ്ഞെന്നിരിക്കും. പക്ഷെ ! വിമര്‍ശന സാഹിത്യ ശാഖ വളരാത്ത ഈ മണ്ണില്‍ അതിനൊക്കെ താനും അര്‍ഹനാണോ എന്ന് സ്വയം വിചിന്തനം ചെയ്യാന്‍ , അല്ലെങ്കില്‍ സ്വയം വിമര്‍ശകനാകാന്‍ എഴുത്തുകാരന് തയ്യാറാകണം. പലതും വായിക്കാനിടവരുമ്പോള്‍ ആഴമുള്ള വായനക്കാരന്റെ അര്‍ത്ഥപൂര്‍ണ്ണമായ മൗനം അങ്ങിനെ തോന്നിപ്പിക്കുന്നു.
പിന്നെ, കുറെ എഴുതിക്കഴിയുമ്പോള്‍ ഒരു പുസ്തകം പ്രസിദ്ധികരിക്കണം എന്ന് തോന്നും. തികച്ചും ന്യായമായ ഒരാഗ്രഹം. പ്രസിദ്ധികരിക്കുന്ന പുസ്തകം എങ്ങിനെ വായനക്കാരിലെത്തിക്കും ? മുഖ്യധാരയില്‍ അതിന് അതിന്റേതായ വഴികളുണ്ട്. ഇവിടെയോ ?
ഒരു സൃഷ്ടി ഇന്റര്‍നെറ്റ് പത്രത്തില്‍ കയറിവന്നാല്‍ തന്നെ, അത് വായനക്കാരില്‍ എത്തണം എന്ന് നിര്‍ബന്ധമില്ല. കാരണം പുതിയ സൃഷ്ഠികളും, വാര്‍ത്തകളും തുടരെ മാറി വരുമ്പോള്‍ വഴിമാറികൊടുക്കേണ്ടിവരുന്നു. എന്നാല്‍ പത്രമാധ്യമങ്ങളിലാകുമ്പോള്‍ , എറിഞ്ഞു കളയുന്നതുവരെ അത് കൂടെ ഉണ്ടാകും. ജീവിതത്തിന്റെ തിരക്കും, ടെക്കനോളജിയുടെ മാറ്റവും ,കാലവും കൂടി നമുക്ക് സമ്മാനിച്ചതാണ് ഈ മാറ്റം . ഇവിടെ നിസ്സഹായനാകുന്ന എഴുത്തുകാരന്റെ ചിത്രം വ്യക്തം !!

Leave a Reply