Flash News

ദുബായില്‍ ഉടന്‍ ജ്വല്ലറി തുറക്കും : അറ്റ്‌ലസ് രാമചന്ദ്രന്‍ മനസ് തുറക്കുന്നു

June 21, 2018 , ബിജു കരുനാഗപ്പള്ളി

atlasദുബായ് : ഒടുവില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ മനസ്സു തുറന്നു. തനിക്ക് ആരോടും പരിഭവമില്ല. തന്നെ മൂന്നു വര്‍ഷമായി ജയിലില്‍ ഇട്ടതിനു പിന്നില്‍ ബിസിനസ്സ് പകയുണ്ടെന്ന് വിശ്വസിക്കുന്നില്ല. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും. ദുബായില്‍ ഡിജിറ്റല്‍ മലയാളി പ്രതിനിധി ബിജു കരുനാഗപ്പള്ളിയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

2015 ഓഗസ്റ്റില്‍ ദുബായ് പോലിസാണ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. 1000 കോടി രൂപയുടെ ബാങ്ക് വായ്പ അടച്ചില്ലെന്നായിരുന്നു കേസ്.

എങ്ങനെ ആയിരുന്നു കേസിന്‍റെ തുടക്കം ?

നല്ല നിലയില്‍ ബിസിനസ്സ് നടന്നുകൊണ്ടിരുന്ന ഒരവസരത്തിലാണ് അത് സംഭവിച്ചത്. ബിസിനസ്സുകാരനാകുമ്പോള്‍ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുക്കുന്നത് സ്വാഭാവികം. പല ഇന്‍സ്റ്റാള്‍മെന്‍റകളായിട്ടാണ് പണം മടക്കി നല്‍കുന്നത്. ഒരു ബാങ്കില്‍ നിന്നും എടുത്ത ലോണിന്‍റെ ഒരു ഇന്‍സ്റ്റാള്‍മെന്‍റ് അടക്കാന്‍ കുറച്ചു താമസം നേരിട്ടു. മറ്റൊന്നും കൊണ്ടല്ല വേറൊരു ബാങ്ക് തനിക്ക് നല്‍കാനുള്ള പണം യഥാ സമയം കിട്ടിയില്ല. എന്നാല്‍ ഒരു ചെക്ക് മുടങ്ങിയപ്പോള്‍ ബാങ്ക് മറ്റു തവണകളും പലിശയും ചേര്‍ത്ത് മുഴുവന്‍ തുകയും നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനായി ബാങ്കില്‍ കൊടുത്ത ചെക്കില്‍ തുക മുഴുവനും എഴുതി.

മറ്റു ബാങ്കുകള്‍ താങ്കള്‍ക്കെതിരെ കേസ് നല്‍കാന്‍ കാരണമായത് എങ്ങനെയാണ് ?

ഈ വലിയ തുക അടയ്ക്കാന്‍ പെട്ടെന്ന് സാധിച്ചില്ല. അതോടെ മറ്റു ബാങ്കുകളില്‍ നിന്നും എടുത്ത തുക അടയ്ക്കാന്‍ സമയത്ത് കഴിഞ്ഞില്ല. 5 ബാങ്കുകളില്‍ അന്ന്‍ ഇടപാടുകള്‍ ഉണ്ടായിരുന്നു. പിന്നീട് തവണ മുടങ്ങിയതോടെ അവരും കേസ് നല്‍കുകയായിരുന്നു.

ചില റൂമറുകള്‍ (കിംവദന്തികള്‍) ആണ് ഇതിന്‍റെ പിന്നിലെന്ന് ആക്ഷേപമുണ്ടല്ലോ ?

അതെ. ചില റൂമറുകളാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. അങ്ങനെയാണ് ബിസിനസ് തകരുന്നതായി പ്രചാരണം വ്യാപകമായത്.

അതിനു പിന്നില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാരുണ്ടോ ?

അതെപ്പറ്റി ഒന്നും പറയുന്നില്ല. അങ്ങനെ ആരും പ്രവര്‍ത്തിച്ചതായി ഞാന്‍ ഇപ്പോള്‍ കരുതുന്നില്ല.

ബാങ്കുകളുമായി എങ്ങനെയാണ് സെറ്റില്‍മെന്റ് നടത്തിയത് ?

ബാങ്കുകളുമായി താല്‍കാലിക കരാര്‍ നടത്തിയതുകൊണ്ടാണ് ജയില്‍ മോചിതനാവാന്‍ കഴിഞ്ഞത്. മസ്ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വിറ്റിട്ടാണ് ബാങ്കുകള്‍ക്ക് ഇടക്കാല കരാറിലൂടെ പണമടച്ചത്.

ഇതിനു പിന്നില്‍ അങ്ങയുടെ ഭാര്യ ഇന്ദിരയുടെ പ്രയത്നമായിരുന്നു വഴിയൊരുക്കിയത് എന്ന് പറയുന്നുണ്ടല്ലോ ? മറ്റാരൊക്കെ സഹായിച്ചു ?

അത് ശരിയാണ്. ഭാര്യ ഇന്ദിരയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പേരെടുത്ത് പറയുന്നില്ല. ബിസിനസ് രംഗത്തുള്ളവരുടെ പേരും പ്രത്യേകിച്ച് പറയാനില്ല.

ഇനി എന്താണ് ഭാവി പരിപാടി ?

ഗള്‍ഫില്‍ തന്നെ 19 സ്വര്‍ണക്കടകള്‍ ഉണ്ടായിരുന്നു. അവയെല്ലാം ഞാന്‍ ജയിലിലായതോടെ പൂട്ടിപ്പോയി. അതെല്ലാം വീണ്ടെടുക്കണമെന്നാണ് ആഗ്രഹം. ദുബായില്‍ ഒരു സ്വര്‍ണക്കട പുതുതായി ആരംഭിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബാങ്കുകളുടെ തുകയെല്ലാം തിരിച്ചു കൊടുത്തതിനു ശേഷം ബാക്കി ഷോറൂമുകള്‍ തുറക്കണം.

സിനിമ, സാമൂഹിക രംഗത്തേക്ക് എപ്പോള്‍ കടന്നുവരും?

ഇപ്പോഴത്തെ എന്‍റെ പ്രധാന ലക്ഷ്യം ബിസിനസ് പുനരുജ്ജീവിപ്പിക്കുക എന്നതാണ്. ജനങ്ങളാണ് എന്‍റെ ശക്തി. അവരുടെ വിശ്വാസ്യത പിടിച്ചുപറ്റി ഞാന്‍ വീണ്ടും ബിസിനസ്സില്‍ സജീവമാവും. അവരുടെ പ്രാര്‍ത്ഥന എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. ബിസിനസ്സില്‍ സജീവമായി കഴിഞ്ഞതിനു ശേഷമേ സിനിമ സാമൂഹിക രംഗങ്ങളെ പറ്റി ചിന്തിക്കുവാന്‍ കഴിയൂ. ഇവ രണ്ടും എന്‍റെ ഇഷ്ട രംഗങ്ങളാണ്.

2015 ഓഗസ്റ്റ് 23 നാണ് ബാങ്ക് ചെക്കുകള്‍ മടങ്ങിയ കേസുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലിസ് അറസ്റ്റ് ചെയ്യുന്നത്. ബാങ്ക് വായ്പ വക മാറി ചിലവഴിച്ചതും 77 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായിരുന്നു കുറ്റം. സെപ്റ്റംബര്‍ 1-ന് രാമചന്ദ്രന്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ ജയിലിലടക്കുകയായിരുന്നു. ഒക്ടോബര്‍ 23 നാണ് ദുബായ് കോടതി മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. വായ്പയും കുടിശികയും അടക്കം 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്. രാമചന്ദ്രന്റെ മോചനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഗള്‍ഫിലെ ചില ബിസിനസ്സുകാരും ഇടപെട്ടിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top