Flash News

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പിന്നീട് പല വൈദികര്‍ക്കും രഹസ്യം പങ്കുവെച്ച് പീഡിപ്പിക്കാന്‍ അവസരമൊരുക്കി; അഞ്ച് ഓര്‍ത്തഡോക്സ് സഭാ വൈദികരെ സഭാ നേതൃത്വം സസ്പെന്റ് ചെയ്തു

June 23, 2018 , .

priestകോട്ടയം: ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടി. പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം സസ്‌പെന്റ് ചെയ്തു. വീട്ടമ്മയായ യുവതിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപിച്ച് ഭര്‍ത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത് സോഷ്യല്‍ മീഡിയയിലടക്കം വന്‍ ചര്‍ച്ചയായതോടെ നേതൃത്വം ഇടപെടുകയായിരുന്നു.

നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്. രണ്ടു കുട്ടികളുടെ മാതാവായ തിരുവല്ല സ്വദേശിയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഭാര്യയെ ഒരിക്കലും സംശയിച്ചിട്ടില്ലാത്ത ഇദ്ദേഹം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വേണ്ടി ഭാര്യയുടെ ഇമെയില്‍ അക്കൗണ്ട് തുറന്നപ്പോള്‍ കണ്ട ചില ഇമെയില്‍ സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് സംശയത്തിന് ഇടകൊടുത്തത്. വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവര്‍ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.

ഡല്‍ഹി ഭദ്രാസനത്തിലെ വൈദികന്‍ യുവതിയുമായി ഫോണില്‍ സംസാരിച്ചതനുസരിച്ച് നേരിട്ട് കാണാനായി നെടുമ്പാശ്ശേരിയില്‍ എത്തി മരടിലുള്ള ലേ മറീഡിയന്‍ ഹോട്ടലില്‍ മുറിയുമെടുത്തു. താന്‍ എറണാകുളത്തു വരുന്നുണ്ടെന്നും അവിടെവച്ച് കാണണമെന്നും യുവതിയോട് പറഞ്ഞുറപ്പിച്ചാണ് വൈദികന്‍ എത്തിയത്. ഇതനുസരിച്ച് യുവതി തിരുവല്ലയിലെ ബന്ധുക്കളോട് തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് എറണാകുളത്തേക്ക് പോയി. അവിടെ ഒരുമിച്ച് കഴിഞ്ഞ ശേഷം ഹോട്ടല്‍ ബില്‍ അടയ്ക്കാനായി വൈദികന്റെ കൈയ്യിലെ പണം തികയാതെ വന്നപ്പോള്‍ യുവതിയുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പണമടച്ചു. എന്നാല്‍ പണമടച്ചെന്ന കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിച്ചത് യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈലിലെക്കായിരുന്നു. തന്റെ ഭാര്യ കൊച്ചിയില്‍ ലേ മറീഡിയന്‍ ഹോട്ടലില്‍ എന്തിന് പോയി എന്നന്വേഷിച്ചപ്പോഴാണ് വൈദികനുമായുള്ള രഹസ്യബന്ധം പുറത്തായത്. തുടര്‍ന്ന് മെത്രാപ്പൊലീത്തയെ വിവരം അറിയിക്കുകയുമായിരുന്നു.

കുമ്പസാര രഹസ്യം പുറത്തുപറയരുതെന്ന ചട്ടം ലംഘിച്ചാണ് ഈ വീട്ടമ്മയുമായി വൈദികര്‍ ബന്ധം സ്ഥാപിച്ചത്.  വിവാഹത്തിന് മുമ്പ് മുതൽ ഈ യുവതിക്ക് ഇടവകയിലെ വികാരിയുമായി ചില അവിശുദ്ധ ബന്ധങ്ങളുണ്ടായിരുന്നു. വിവാഹത്തിനു ശേഷവും ഈ ബന്ധം അവര്‍ തുടർന്നു. പിന്നീട് കുഞ്ഞിന്റെ മാമോദീസ സമയത്തുണ്ടായ മാനസിക സംഘര്‍ഷങ്ങളെ മറികടക്കാന്‍ തന്റെ പുതിയ ഇടവകയിലെ വികാരിയുമായി കുമ്പസാരിക്കാന്‍ ചെന്ന യുവതി തന്റെ ഇടവകയിലെ വൈദികനുമായുള്ള ശാരീരിക ബന്ധത്തിന്റെ കഥ പറഞ്ഞു. ആ വൈദികനാകട്ടെ ഈ രഹസ്യം ഭര്‍ത്താവിനോട് പറയും എന്നു പറഞ്ഞ് യുവതിയുമായി ബന്ധം ആരംഭിക്കുന്നു. തുടര്‍ന്ന് ആ വൈദികന്റെ സുഹൃത്തായ മറ്റൊരു വൈദികനും മറ്റുള്ളവരും ഈ യുവതിയെ ദുരുപയോഗിക്കുകയുമായിരുന്നു.

ഭര്‍ത്താവിന്റെ നിരന്തരമായ ചോദ്യം ചെയ്യലിലാണ് മറ്റു നാല് വൈദികരുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. അഞ്ച് വൈദികരുടെ പേരുസഹിതം യുവതിയുടെ ഭര്‍ത്താവ് മെത്രാപ്പൊലീത്തയ്ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ സഭയിലെ ചില ഉന്നത നേതാക്കള്‍ ഈ വിഷയം അറിയുകയും കാതോലിക്കാ ബാവയെ നേരിട്ട് വിവരം ധരിപ്പിക്കുകയുമായിരുന്നു. ബാവ ഉടന്‍തന്നെ ഇവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സഭാ നേതൃത്വം തയാറായിട്ടില്ല. എത്ര നാളത്തേക്കാണ് സസ്‌പെന്‍ഷനെന്നോ, ഇവര്‍ക്കെതിരെ മറ്റു നടപടികള്‍ എന്തൊക്കെയാണെന്നോ സഭാ നേതാക്കള്‍ അറിയിച്ചിട്ടില്ല. വൈദികര്‍ക്കെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങുകയാണ് യുവതിയുടെ ഭര്‍ത്താവ്.

സഭാസ്നേഹിയായതുകൊണ്ടാണ് താന്‍ കടുംകൈയൊന്നും ചെയ്യാത്തതെന്നും ഹതഭാഗ്യനായ ഭര്‍ത്താവ് പറയുന്നുണ്ട്. മെത്രാന്മാരോട് ഇക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞിട്ടും തുടക്കത്തില്‍ കൈമലര്‍ത്തുകയായിരുന്നു. പിന്നീട് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാബാവയുടെ മുമ്പില്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോഴാണ് ഇത്രയെങ്കിലും നടപടി ഉണ്ടായത്. ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ വൈദികരുടെ മുഴുവന്‍ പേരുകള്‍ അയാള്‍ ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഭാര്യ ഇപ്പോഴും പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് മുമ്പുതന്നെ സഭയിലെ ഒരു വൈദികനുമായി അവിഹിതമുണ്ടായിരുന്നുവെന്നും, അയാളിപ്പോഴും അവളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട് ചില മാനസിക വിഷമങ്ങള്‍ ഉണ്ടായ സമയത്ത് ഇടവക വികാരിയുടെ അടുത്തുപോയി കുമ്പസാരിച്ചു. കുമ്പസാര രഹസ്യങ്ങള്‍ മനസ്സിലാക്കിയ വൈദികന്‍ പിന്നീട് ഇവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിക്കുമെന്ന് പറഞ്ഞാണ് അയാള്‍ ഇവരെ വശത്താക്കിയത്. ഈ വൈദികന്‍ ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളെടുത്ത് അയാളുടെ പരിചയക്കാരനായ മറ്റൊരു വൈദികന് കൈമാറുകയും അയാള്‍ പിന്നീട് നിരന്തരം തന്റെ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. പിന്നീട് പല വൈദികര്‍ക്കും കൈമാറി കൈമാറി തന്റെ ഭാര്യയെ വട്ടമിട്ടിരിക്കുകയാണെന്ന് അയാള്‍ പറയുന്നുണ്ട്. ഇതില്‍ ആരോപണവിധേയനായ ഒരു വൈദികന്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായും അയാള്‍ പറയുന്നുണ്ട്.

അമേരിക്കയിലെ ഒരു ഭദ്രാസനത്തില്‍ ജോലി ചെയ്തിരുന്ന ഒരു ബിഷപ്പ് ഈ അടുത്ത കാലത്ത് ലൈംഗികാപവാദ കേസില്‍ കുടുങ്ങിയിരുന്നു. അവിടെ കേസ് വരുമെന്നറിഞ്ഞതോടെ രായ്ക്കു രാമാനം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ മധ്യതിരുവിതാംകൂറിലെ ഒരു ഭദ്രാസനത്തിന്റെ ചുമതലയില്‍ നിയമിച്ചിരിക്കുകയാണ്. ഈ വര്‍ഷം തന്നെ കൊട്ടാരക്കരയിലെ ആശ്രമത്തിലുണ്ടായിരുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ രണ്ടു കുട്ടികളുടെ മാതാവുമായി ഒളിച്ചോടിയിരുന്നു. ഇത്തരം ലൈംഗികാപവാദ കേസുകള്‍ വന്നാല്‍ സഭാ നേതൃത്വം പൊതുവെ പൊലീസിനെ അറിയിക്കാനോ നിയമപരമായ നടപടികള്‍ സ്വീകരിക്കാനോ തയാറാകാറില്ല. കൊട്ടാരക്കരയിലെ ഒരു വൈദികനെ സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് മൂന്നുമാസം മുമ്പ് പുറത്താക്കിയിരുന്നു. ഓര്‍ത്തഡോക്‌സ് സഭയില്‍ വൈദികര്‍ക്കെതിരെ ഇത്തരം നിരവധി ലൈംഗിക പീഡന പരാതികള്‍ ഉണ്ടായിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. വിശ്വാസത്തിന്റെ പേരുപറഞ്ഞ് ഇവയെല്ലാം ഒതുക്കിവയ്ക്കുകയാണ് പതിവ്. പൊലീസില്‍ പരാതിപ്പെടാന്‍ വിശ്വാസികള്‍ തയാറാകാത്തതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നത്.

Audio Clip

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top