Flash News

ഖത്തര്‍ ഭരണാധികാരിയുടെ സഹോദരിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശമയച്ച് അഞ്ച് കോടിയോളം രൂപ തട്ടിയെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയെ എറണാകുളത്തുനിന്ന് പിടികൂടി

June 23, 2018

malayani-keniyil-qatar-thiesഖത്തര്‍ ഭരണാധികാരിയുടെ സഹോദരിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശമയച്ച് അഞ്ച് കോടി 20 ലക്ഷം രൂപയോളം തട്ടിയെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി സുനില്‍ മേനോനെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. ശ്രീനാരായണപുരം ശാന്തിപുരത്ത് താമസിക്കുന്ന പറവൂര്‍ പെരുവാരം മുളക്കല്‍ സുനില്‍ മേനോനെ യാണ്(47) പിടികൂടിയത്. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ പ്രത്യേക അന്വേഷണ സംഘം എറണാകുളത്തുനിന്നു പിടികൂടുകയായിരുന്നു. ഖത്തര്‍ ഭരണാധികാരി ഷെയ്ക്ക് തമീം ബിന്‍ അല്‍ത്താനിയുടെ സഹോദരിയും മ്യൂസിയം ചെയര്‍പേഴ്സനുമായ വ്യക്തിയുടെ ഇമെയിലില്‍ നിന്ന് ആര്‍ക്കിയോളജി അതോറിറ്റി സിഇഒക്കാണ് വ്യാജ സന്ദേശം അയച്ചത്.

രാജാവിന്റെ പത്ത് പൂര്‍ണകായ ചിത്രങ്ങള്‍ വിഖ്യാത ചിത്രകാരന്‍മാരെക്കൊണ്ട് തുകല്‍മാറ്റില്‍ വരപ്പിച്ച് സ്വര്‍ണഫ്രെയിം ചെയ്ത് മ്യൂസിയത്തില്‍ സ്ഥാപിക്കുന്നതിന് അമേരിക്കന്‍ പൗരനായ ജെറോം നെപ്പോളിയനുമായി കരാര്‍ ഉറപ്പിച്ചിട്ടുണ്ടെന്നും ഇതിനായി 10.10 കോടിയോളം നല്‍കണമെന്നുമായിരുന്നു ആര്‍ക്കിയോളജി അതോറിറ്റി സിഇഒക്ക് ലഭിച്ച സന്ദേശം. സന്ദേശമനുസരിച്ച് ജെറോം നെപ്പോളിയനുമായി ഇമെയില്‍ വഴി സിഇഒ ബന്ധപ്പെടുകയും ജെറോമിന്റെ നിര്‍ദേശാനുസരണം കൊടുങ്ങല്ലൂരിലുള്ള സുനില്‍മേനോന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനിലൂടെ അഡ്വാന്‍സായി 5.05 കോടി രൂപ അയക്കുകയും ചെയ്തു. പണമെത്തിയശേഷം ഇയാള്‍ മ്യൂസിയം അതോറിറ്റിയുമായി ബന്ധപ്പെട്ടിരുന്നില്ല.

സ്ഥലത്തില്ലാതിരുന്ന ചെയര്‍പേഴ്സണ്‍ തിരിച്ചെത്തിയപ്പോള്‍ താന്‍ ഇത്തരത്തിലൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. അപ്പോഴാണിത് വ്യാജ സന്ദേശമായിരുന്നുവെന്ന് മ്യൂസിയം അധികൃതര്‍ അറിയുന്നത്. അന്വേഷണത്തില്‍ അമേരിക്കന്‍ സ്വദേശി ജെറോം നെപ്പോളിയന്‍ സാങ്കല്പിക കഥാപാത്രം മാത്രമാണെന്നും ഇതിനു പിന്നില്‍ സുനില്‍ മേനോന്‍ ആണെന്നും വ്യക്തമായി. വന്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ മ്യൂസിയം അധികൃതര്‍ ഇമെയിലിലൂടെ കേരള പോലീസിന് പരാതി നല്‍കി. പിന്നീട് ഇവരുടെ പ്രതിനിധിയായി കോഴിക്കോട് സ്വദേശി നേരിട്ടെത്തിയും പരാതി നല്‍കി.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ ചന്തപ്പുര വടക്കുവശമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ഇയാളുടെ പേരിലുള്ള അക്കൗണ്ടില്‍ പണം എത്തിയെന്ന് വ്യക്തമായത്. ആദ്യം ഖത്തറില്‍നിന്നും പണം എത്തിയത് തൃശ്ശൂര്‍ എച്ച്ഡിഎഫ്സി ബാങ്കിലായിരുന്നു. രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ പണം അക്കൗണ്ടില്‍ വരവുവെക്കാതെ തിരിച്ചയച്ചു. പിന്നീടാണ് എസ്ബിഐ യില്‍ എത്തുന്നത്.

സുനില്‍ മേനോന് വിവിധ ബാങ്കുകളിലായുള്ള ഒമ്ബത് അക്കൗണ്ടുകള്‍ അന്വേഷണസംഘം പരിശോധിച്ചു. പണം അക്കൗണ്ടിലെത്തിയ ശേഷം ഇയാളും കുടുംബവും ബാങ്കോക്കിലും പട്ടായയിലും വിനോദസഞ്ചാരത്തിന് പോവുകയും 23 ലക്ഷം രൂപയുടെ ആഡംബര ജീപ്പ് വാങ്ങുകയും ചെയ്തിരുന്നു. ബന്ധുക്കള്‍ക്കായി പതിനഞ്ചു ലക്ഷം രൂപയോളം നല്‍കിയിട്ടുണ്ട്. ഒരു കോടി രൂപ വീതം നാല് ബാങ്കുകളില്‍ സ്ഥിര നിക്ഷേപവും ചെയ്തിട്ടുണ്ട്.

ദീര്‍ഘകാലം ഖത്തറില്‍ ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ ഇയാള്‍ വിവിധ ബിസിനസ്സുകള്‍ നടത്തിയിരുന്നു. എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സുനില്‍ വ്യാജ മെയില്‍ ഐ.ഡിയുണ്ടാക്കുന്ന ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്.

സിഐ പിസി ബിജുകുമാര്‍, എസ്ഐ എസ് വിനോദ്കുമാര്‍, എഎസ്ഐ ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജയന്‍, സുനില്‍, കെഎ മുഹമ്മദ് അഷറഫ്, എംകെ ഗോപി, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top