Flash News

ഇന്ത്യ തിളങ്ങുകയോ അതോ ഇരുളുകയോ? (ലേഖനം): തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍

June 23, 2018

india thilangukayo banner1പാശ്ചാത്യ ടൂറിസ്റ്റുകളെപ്പോലെ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് കൊണ്ട് സ്വയം സമര്‍ത്ഥനും പ്രസിദ്ധനും ചമഞ്ഞ് നടക്കുന്ന നരേന്ദ്ര മോദി എന്ന കുതന്ത്രനായ ഈ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ബ.ജെ.പി.യെയും 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യയിലെ ജനങ്ങള്‍ അതിദയനീയമായി പരാജയപ്പെടുത്തി പ്രതിപക്ഷത്ത് ഇരുത്തും എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ 160 സീറ്റില്‍ കൂടുതല്‍ ബി.ജെ.പി.ക്ക് കിട്ടുകയില്ലെന്നാണ് എന്റെ പക്ഷം. അതുവരെയുള്ള പരാക്രമവും തിളക്കവുമോ മോദിക്കുള്ളൂ…. ‘മേരാ പ്യാരേ ദേശവാസിയോ’ എന്ന് മധുരഭാഷയില്‍ വിളിച്ചു കൊണ്ടും നിരവധി മോഹന വാഗ്ദാനങ്ങള്‍ ഇന്‍ഡ്യന്‍ ജനതയുടെ മുമ്പില്‍ വിളമ്പിക്കൊണ്ടും ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം ഹൈന്ദവരുടെ മതവര്‍ഗ്ഗീയ വികാരങ്ങളെ ഇളക്കി ചൂഷണം ചെയ്തും 286 സീറ്റുകള്‍ കരസ്തമാക്കി ചെയ്യാവുന്നിടത്തോളം വര്‍ഗ്ഗീയ കൊലപാതകങ്ങളും ഹിന്ദു ജന പ്രീണനങ്ങളും മാത്രം നടത്തി ‘ഇന്ത്യ തിളങ്ങുന്നു, വിളങ്ങുന്നു’ എന്ന് വിളംബരം ചെയ്ത കൊണ്ട് ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ചുറ്റിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇതഃപര്യന്തം ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് ചെയ്തിട്ടുള്ള നന്മകള്‍ എന്ത് എന്നുകൂടി അറിയേണ്ടതല്ലേ?

ജനങ്ങളുടെ ദുരിതങ്ങളും ദുഃഖങ്ങളും ജീവിതപ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഉദ്യമിക്കാതെയും ശ്രദ്ധിക്കാതെയും സൂക്തങ്ങളും സുഭാഷിതങ്ങളും പ്രസംഗിച്ച് നടക്കുന്ന മോദിയെപ്പോലുള്ള ഒരു ഭരണാധികാരിയില്‍ നിന്നും ജനങ്ങള്‍ക്ക് യാതൊരു നന്മയും ഉണ്ടാകാന്‍പ്പോകുന്നില്ലെന്ന് ഇന്‍ഡ്യയിലെ നിരക്ഷര കുക്ഷികള്‍ക്കു പോലും ഇന്നറിയാം. പരസ്യങ്ങള്‍ക്കും, തിരഞ്ഞെടുപ്പ് അഴിമതികള്‍ക്കും അനാവശ്യമായ വിദേശയാത്രകള്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചിലവഴിച്ചുക്കൊണ്ടിരിക്കുന്ന അനേകായിരം കോടികള്‍ ഇന്‍ഡ്യയിലെ ദരിദ്രരായ എത്രയോ ആയിരം കുടുംബങ്ങളുടെ ഇല്ലായ്മകളെയും കഷ്ടതകളെയും ഇല്ലാതാക്കാന്‍ സഹായകമായി തീര്‍ന്നേനേ. പാവങ്ങളെ സഹായിപ്പാന്‍ ബി.ജെ.പി.ക്ക് പണമില്ല. കര്‍ണ്ണാടകയില്‍ ബിജെപിക്ക് പണമില്ല. കര്‍ണ്ണാടകയില്‍ ബി.ജെ.പി. ഗവണ്‍മെന്റ് ഉണ്ടാക്കുവാന്‍ വരെ ബി.ജെ.പി. വാഗ്ദാനം ചെയ്ത ന്യൂസ് പുറത്താക്കുകയും ചെയ്തു. സംശുദ്ധമായ അഴിമതി രഹിത ഭരണം!

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തെ നിഷ്പക്ഷമായും സത്യസന്ധമായും ഒന്ന് വിലയിരുത്തിയാല്‍ ബി.ജെ.പി. ഒരു മതേതര പാര്‍ട്ടിയെന്നോ ഒരു ജനാധിപത്യ പാര്‍ട്ടിയാകുന്നു എന്നോ ധാര്‍മ്മികമൂല്യങ്ങളെ മാനിക്കുന്ന ഒരു പാര്‍ട്ടിയാകുന്നു എന്നോ പറയുവാന്‍ ആര്‍ക്ക് എങ്ങനെ കഴിയും? വെറും ഹിന്ദു മതവര്‍ഗ്ഗീയ വികാരങ്ങളെ ഉണര്‍ത്തി ഭൂരിപക്ഷം സീറ്റുകള്‍ കരസ്തമാക്കി അധികാരത്തിലേറിയ ഇന്‍ഡ്യയിലെയും ലോകത്തിലെയും ഏക രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി. ആകുന്നു എന്ന് പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു സത്യം മാത്രമായിരിക്കും അത്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത വിധത്തില്‍ രാജ്യത്ത് ഇവര്‍ വലിയ വര്‍ഗ്ഗീയ വിദ്വേഷവും ശത്രുതയും വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇന്‍ഡ്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പറയുന്നു. ഇതനുസരിച്ച് ചിന്തിച്ചാല്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമൊക്കെ ജനിക്കുന്ന ഹിന്ദു മാതാപിതാക്കളുടെ മക്കള്‍ ക്രിസ്ത്യാനികളായിരിക്കണമല്ലോ. എന്നാല്‍ ക്രിസ്തീയ നേതാക്കന്മാര്‍ക്കൊന്നും ഈ ദൃശ്യമായ മത ഭ്രാന്ത് ഇല്ലെന്നുള്ള സത്യം മോദി പാര്‍ട്ടിയും ആര്‍ എസ്.എസുകാരും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു പോയിരിക്കുന്നു.

ആര്‍ഷ ഭാരതത്തിന്റെ സംസ്‌ക്കാരവും അതില്‍ ഉല്‍കൃഷ്ടമായ സന്ദേശവും ‘സത്യം വദാ: ധര്‍മ്മം ചരാ’ എന്നുള്ളതു തന്നെയല്ലേ? സീത, ഗാന്ധാരി, ഊര്‍മിള, സത്യവതി തുടങ്ങിയ പുരാണ വനിതാ രത്‌നങ്ങളെ വാനോളം വാഴ്ത്തിക്കൊണ്ടും ഹൈന്ദവ വേദങ്ങളെയും ഉപനിഷ്ത്തുക്കളെയും മനുസ്മൃതിയെയുമൊക്കെ മാനിച്ചു കൊണ്ടും ഈശ്വര ഭക്തരെന്നഭിമാനിച്ചുകൊണ്ടും ഇന്‍ഡ്യയെ ഭരിക്കുന്ന ബി.ജെ.പി.യും പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബി.ജെ.പി.യുടെ മുഖ്യമന്ത്രിമാരും ഇതര ബി.ജെ.പി. നേതാക്കന്മാരും കൂടി രാജ്യത്ത് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന അനീതിയും, അഴിമതിയും അധര്‍മ്മങ്ങളും അക്രമങ്ങളും സ്വജന പക്ഷപാതവും എത്രയോ ഭയാനകമായിരിക്കുന്നു? ആരെയും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള ബലാല്‍ക്കാരക്കൊലകളും സ്ത്രീപീഢനങ്ങളും പശുവിന്റെയും ജാതിയുടെയും പേരിലുള്ള നരഹത്യകള്‍ക്കൊണ്ടും നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യാന്തര പ്രസിദ്ധിയാര്‍ജ്ജിച്ചു കഴിഞ്ഞു. അതിനീചമായ ഈ വര്‍ഗ്ഗീയക്കൊലകള്‍ക്ക് എതിരായി മോദി മൗനം ഭജിക്കുകയും ചെയ്യുന്നു! ന്യൂയോര്‍ക്ക് ടൈംസ് പോലും മനുഷ്യത്വ രഹിതമായ ഇന്‍ഡ്യയിലെ വര്‍ഗ്ഗീയ കൊലകളെ അപലപിക്കുകയുണ്ടായി. ഇതാണോ സനാതന സത്യതത്വങ്ങളും ഹിന്ദുത്വവുമൊക്കെ?

ജാതി മത വര്‍ഗ്ഗീയ വികാരങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കി പൊതുജനങ്ങളെയും മറ്റു പല വിധത്തില്‍ പ്രവാസി ഇന്ത്യാക്കാരെയും ദ്രോഹിച്ച മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയിലുണ്ടായിട്ടില്ലെന്നുള്ള ദുഃഖ സത്യം ചരിത്രം രേഖപ്പെടുത്തുകയും ചെയ്യും. വിദേശ ഇന്ത്യാക്കാര്‍ക്ക് എത്ര നഷ്ടങ്ങളും കഷ്ടങ്ങളും വിവേകഹീനനായ മോദി വരുത്തിയിട്ടുള്ളതെന്ന് അദ്ദേഹം ഇനിയും മനസ്സിലാക്കിയിട്ടുമില്ല. എന്നാല്‍ ഒരു സത്യം നാം പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തില്‍ ചീഫ് ജസ്റ്റീസിനു കീഴിലുള്ള 4 സുപ്രീം കോടതി ജഡ്ജിമാര്‍ ഒരു പത്രസമ്മേളനം നടത്തി ജനാധിപത്യം അപകടത്തിലാണെന്ന് പ്രസ്താവിക്കയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യാ മഹാരാജ്യത്തിന് ഈ പറഞ്ഞത് ഭൂഷണമോ നേട്ടമോ കോട്ടമോ?

ഇന്ത്യന്‍ പ്രധാനമന്ത്രിയായി ശോഭിച്ചിരുന്ന ശ്രീലാല്‍ ബഹുദൂര്‍ ശാസ്ത്രിയും പരിണിത പ്രജ്ഞരും വിവേക ബുദ്ധികളും വിശാലഹൃദയരുമായിരുന്ന മൊറാര്‍ജി ദേശായി, വി.പി.സിംഗ്, വാജ്‌പേയി, രാജീവ് ഗാന്ധി, മന്‍മോഹന്‍സിംഗ് മുതലായവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി ഇരുന്നിട്ടുള്ള കസേരയില്‍ ഇരിക്കാനുള്ള യോഗ്യത ഉണ്ടായിട്ടായിരുന്നോ നരേന്ദ്രമോദി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടാനിടയായത്? അല്ലേ അല്ല. പിന്നെന്തായിരുന്നു മോദിയുടെ കയ്യിലുണ്ടായിരുന്ന ആ തുറപ്പ് ചീട്ട്?

ഇന്‍ഡ്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ലാത്ത വിധത്തിലുള്ള മനോനന്ദനീയമായ മധുര മനോഹര വാഗ്ദാനങ്ങളായിരുന്നു അതികൗശലക്കാരനായ നരേന്ദ്രമോദി ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്. ഇത്ര വലിയ ഒരു തട്ടിപ്പ് വാഗ്ദാനം ഒരു രാഷ്ട്രീയ നേതാവും ഇന്‍ഡ്യയില്‍ നടത്തിയിട്ടില്ലെന്നുള്ളതാണ് സത്യം. വിസ്താര ഭയത്താല്‍ ചുരുക്കമായിട്ട് മോദിജി തന്റെ പ്യാരാ ദേശവാസികള്‍ക്ക് നല്‍കിയ ആ വാഗ്ദാനങ്ങളെപ്പറ്റിയും ജനങ്ങള്‍ക്കുണ്ടായ അനന്തരാനുഭവങ്ങളെക്കുറിച്ചും ഒന്ന് വിചിന്തനം ചെയ്യാം.

2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ അഴിമതി രഹിത ഭരണവും, ബേട്ടി ബച്ചാവോയും ഇന്‍ഡ്യയിലെ പാവങ്ങള്‍ക്ക് 15 ലക്ഷം രൂപാ വെച്ച് കൊടുക്കുമെന്നും, കര്‍ഷകരുടെ കടം എഴുതി തള്ളുമെന്നും അവരുടെ വരുമാനം ഇരട്ടിയാക്കി മാറ്റുമെന്നും, വിലക്കയറ്റം തടയുമെന്നും ഓരോ വര്‍ഷവും ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. അയോദ്ധ്യായില്‍ രാമക്ഷേത്രം പണിയും. എല്ലാവര്‍ക്കും ‘അച്ചാ ദിന്‍’ വരും എന്നിങ്ങനെ വാഗ്ദാനങ്ങള്‍ മോദി തട്ടിവിട്ടു! അങ്ങനെ എല്ലാ ജീവിതരംഗങ്ങളിലും ഇന്‍ഡ്യയിലെ സാധാരണക്കാര്‍ മോദിയുടെ ഈ ‘അച്ചാ ദിന്‍’ അനുഭവിച്ചറിയുകയാണ് ഇന്ന്! 2016 ല്‍ തന്നെ ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ ഇന്‍ഡ്യയില്‍ കടക്കെണിയില്‍പ്പെട്ട് തകര്‍ന്ന് നശിച്ചു പോയി. ജാതിയുടെ പേരില്‍ കാശ്മീരില്‍ ഒരു ചെറിയ ബാലിക ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു. അവിടെ പ്രതിക്ക് പിന്തുണയുമായി സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ എത്തിയതായി വാര്‍ത്ത വായിച്ചു. പശുവിന്റെയും മതത്തിന്റെയും പേരില്‍ നിരവധി മുസ്ലീംങ്ങള്‍ ആക്രമിച്ച് കൊല്ലപ്പെട്ടു! നാം ലോകത്തിന്റെ മുമ്പില്‍ ഉല്‍ഘോഷിക്കുന്നതോ ‘ലോകാ: സമസ്താ സുഖിനോ ഭവന്തു’ എന്നുമാണല്ലോ.

ലോകം വളരെയധികം പുരോഗതി പ്രാപിച്ച ഈ ഇന്റര്‍നെറ്റ് യുഗത്തില്‍, ഇന്‍ഡ്യാ മഹാരാജ്യത്തിലെ അനേകം കോടി ജനങ്ങള്‍ക്ക് കൂടി വെള്ളമോ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനുള്ള സൗകര്യങ്ങളോ അവരുടെ വീടുകളില്‍ ഇല്ല! ലോക നിലവാരം പുലര്‍ത്തുന്ന ഒരു വിമാന സര്‍വീസുപോലും ഇന്ത്യയ്ക്ക് ഇല്ല! എയര്‍ ഇന്ത്യയില്‍ വിശ്വസിച്ച് സമയത്ത് ആര്‍ക്കും യാത്ര ചെയ്യാനും സാധ്യമല്ലെന്ന് വന്നിരിക്കുന്നു. എയര്‍ ഇന്ത്യ ഇന്ന് 50000 കോടി കടത്തിലുമാണെന്നറിയുന്നു. ഇന്ത്യയുടെയും ഇന്ത്യാക്കാരുടെയും യഥാര്‍ത്ഥ അവസ്ഥ ഇതാണെന്നിരിക്കേ, ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനം ധൂര്‍ത്തടിച്ചു കൊണ്ട് മറ്റേതൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാളധികം സമയം പ്ലെയിനില്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിക്കൊണ്ട് സ്വയം മഹാത്മാവ് നടിച്ചു കൊണ്ട് യാതൊരുളുപ്പും ലജ്ഞയും കൂടാതെ നരേന്ദ്രമേദി ലോകത്തെ അറിയിക്കുന്നത് ഇന്ത്യ തിളങ്ങുകയാണെന്നാണ്. ‘തന്റെ പ്യാരാ ദേശവാസി’ കള്‍ക്ക് ആശ്വാസമേകുന്ന എന്തെങ്കിലും രണ്ട് നന്മകള്‍ ചെയ്തിട്ടു വേണ്ടേ അദ്ദേഹം ഇന്ത്യ തിളങ്ങുന്നു, വിളങ്ങുന്നു എന്ന് അട്ടഹസിക്കുവാന്‍.

മോദിയുടെ തട്ടിപ്പ് വാഗ്ദാനങ്ങള്‍ക്കും കാപട്യങ്ങള്‍ക്കുമെതിരായിട്ടുള്ള ഉചിതമായ ഒരു മറുപടി 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യയിലെ ജനങ്ങള്‍ നല്‍കാന്‍ പോകയാണ്! അന്ന് മോദിയുടെ തലയില്‍നിന്നും ആ വലിയ കാവി തലേല്‍ക്കെട്ട് അഴിഞ്ഞു വീഴും! കൂടെ നിന്നവരും സഖ്യകക്ഷികളും ശിവസേന വരെ ഈ മഹാജനസേവകനെ കൈവിട്ടു കഴിഞ്ഞു! ബി.ജെ.പി.ക്കെതിരായിട്ടുള്ള പ്രതിപക്ഷ കക്ഷികളുടെ ഒരു വലിയ ഐക്യനിര ഇന്‍ഡ്യയില്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കയാണിപ്പോള്‍. ജനങ്ങളെ വര്‍ഗ്ഗീയമായി സംഘടിപ്പിച്ച് തമ്മിലടിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രസ്ഥാനവും ഒരിടത്തും വളരുകയില്ല. ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാതിപത്യ പ്രവണതയും ഈശ്വരനു പോലും അനിഷ്ടമാകുന്നു. ‘അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്‍പ്പിക്കയില്ല’ എന്നൊരു പ്രവചന സത്യം ബൈബിളിലുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ നരേന്ദ്രമോദിക്കും 2019 ല്‍ സംഭവിക്കുവാന്‍പ്പോകുന്നതും ഇതുതന്നെയായിരിക്കുമെന്ന് ഞാനിവിടെ പ്രസ്താവിച്ചുകൊള്ളട്ടെ. ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ മനുഷ്യനെ വെറുക്കുകയും കൊല്ലുകയും ചെയ്യുന്ന ഒരു പാര്‍ട്ടി ഭരിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഡ്യ തിളങ്ങുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചാല്‍ സാമാന്യ ബുദ്ധിയും ധര്‍മ്മബോധവുമുള്ള ഇന്‍ഡ്യയിലെ ഒരു ഹിന്ദുപോലും ഒരിക്കലുമത് അംഗീകരിക്കുകയുമില്ല. ഒരു ഇന്‍ഡ്യാക്കാരന്‍ എന്ന നിലയില്‍ എല്ലാ ജീവിതരംഗങ്ങളിലും ഇന്‍ഡ്യ തിളങ്ങിക്കാണാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ നരേന്ദ്രമോദി ഘോഷിക്കുന്നതുപോലെ ഇന്ത്യ തിളങ്ങുകയല്ല, പ്രത്യുത ഇരുളുകയാണ് ഇന്ന്. തന്റെ പ്രിയ മക്കളുടെ ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടങ്ങളും ദുരന്തങ്ങളും രക്തച്ചൊരിച്ചിലുകളും കണ്ട് കണ്ട് ഭാരത മാതാവും കണ്ണീര്‍ പൊഴിക്കയാണിന്ന്! സര്‍വ്വംസഹയായ ഈ നല്ല മാതാവിന് ജാതിയേക്കാളും മതത്തേക്കാളും ഏറ്റവും വലുതായിട്ടുള്ളത് എല്ലാ മക്കലോടുമുള്ള നിര്‍വ്യാജമായ സ്‌നേഹമാകുന്നു!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top