Flash News

വളപ്പൊട്ടു പറഞ്ഞ കഥ (കഥ): സന്തുഗോപാല്‍

June 23, 2018

valappottu banner1കത്തുന്ന വേനലാണ്. മഴമേഘങ്ങളുടെ നേര്‍ത്ത ഒരു തുണ്ടുകൂടി മാനത്തു കാണാനില്ല.

പറമ്പിലാകെ കരിയിലകള്‍ വീണുകിടക്കുന്നു. വീടിന്റെ പിന്നാമ്പുറത്തുനിന്നു തട്ടുകളായി കിടക്കുന്ന പറമ്പാണ്. താഴേക്കിറങ്ങാന്‍ പടികളുണ്ട്. മൂന്നാമത്തെ കെട്ടുകളിറങ്ങുന്നതു പാടത്തേക്കാണ്.

പടവുകളില്‍ മരച്ചില്ലകളുടെ തണല്‍ പതിഞ്ഞുകിടപ്പുണ്ട്.

പാടത്തിന്റെ ഓരത്തു കുളഞ്ഞിയും ഒട്ടലും വളര്‍ന്നു നില്‍പ്പുണ്ട്. കൃഷി നിലച്ചിട്ട് വര്‍ഷങ്ങളായി. അല്ലെങ്കില്‍ കൊയ്ത്തിന്റെ ആരവങ്ങള്‍ കേള്‍ക്കേണ്ട സമയമാണിത്. നിറയെ പോതപ്പുല്ലുകള്‍ തഴച്ചുനില്‍ക്കുകയാണ് ഇപ്പോള്‍. അവക്കിടയിലൂടെ കന്നുകാലികള്‍ മേഞ്ഞുമറയുന്നതു കാണാം.

“ഇവിടെ ഉണ്ടായിരുന്നോ. മുറീലെങ്ങും നോക്കിയിട്ടു കണ്ടില്ല.” വേണിയാണ്. തന്റെ ഭാര്യ. അവളുടെ കയ്യിത്തൂങ്ങി മകള്‍ അനഘയുമുണ്ട്. വല്യമ്മയേയുംകൂട്ടി പുഴയില്‍ കുളിക്കുവാന്‍ പോകാന്‍ അമ്മയെ ശട്ടം കെട്ടി കൂടെ നടക്കുകയാണ് അവള്‍.

അനഘ തന്റെ അടുത്തുവന്നു ചിണുങ്ങി. “അച്ഛാ.. കുളിക്കാന്‍ പോകാം.”

“ഞാന്‍ വരുന്നില്ല, മോള് വലിയമ്മേടേം അമ്മേടേം കൂടെപ്പോയിട്ടു വാ”.

വേണി മുടിയഴിച്ചു കോതിനിന്നു.

“എന്ത് രസാ ഇവിടെ കാണാന്‍.” പാടത്തേക്കു നോക്കികൊണ്ട് അവള്‍ പറഞ്ഞു.

മുറ്റത്തിനരികില്‍ ഒരു മഞ്ചാടിമരം വളര്‍ന്നു നില്‍പ്പുണ്ട്. കീഴെ വീണുകിടക്കുന്ന മഞ്ചാടിക്കുരുകണ്ടു അനഘ കൗതുകത്തോടെ അവിടേക്കു നടന്നു.

പടിഞ്ഞാറേപ്പുറത്തെ വേലിക്കപ്പുറത്തെ നിരന്ന പറമ്പ് ചൂണ്ടിക്കാണിച്ചു വേണി അനഘയോട് പറഞ്ഞു. “മോളെ ആ പറമ്പു കണ്ടോ, അത് പണ്ട് അച്ഛന്റെയൊക്കെയായിരുന്നു.”

അവള്‍ മുഖമൊന്നുയര്‍ത്തി അവിടേക്കു നോക്കി. എന്നിട്ടു വീണ്ടും മഞ്ചാടിക്കുരു പെറുക്കിക്കൂട്ടുവാന്‍ തുടങ്ങി.

അമ്മയും വലിയമ്മയുമായി രണ്ടുപേരാണ് ഉണ്ടായിരുന്നത്. അതില്‍ അമ്മയുടെ ഓഹരിയായിരുന്നു അത്. പിന്നീട് അമ്മയുടെ ഓഹരി വിറ്റു ഞങ്ങള്‍ അച്ഛന്റെ തറവാട്ടിലേക്ക് പോയി. ഹൈസ്കൂള്‍ വരെ താന്‍ ഇവിടെയാണ് പഠിച്ചത്. വല്യമ്മയുടെ മൂന്നു പെണ്‍മക്കളും എനിക്ക് മൂത്തതാണ്. ഞാന്‍ അമ്മക്ക് ഒറ്റ മകനും. തറവാട്ടില്‍ ഇപ്പോള്‍ വലിയമ്മയും വലിയച്ഛനും മാത്രമേയുള്ളൂ.

അച്ഛന് കല്‍ക്കട്ടയിലായിരുന്നു ജോലി. പഠനമെല്ലാം കഴിഞ്ഞു അച്ഛനോടൊപ്പം കല്‍ക്കട്ടയിലേക്കുപോയി. പിന്നെ അവിടെ സെറ്റിലായി. അവിടെവച്ചുതന്നെയായിരുന്നു വിവാഹവും. വേണി അവിടെ ജനിച്ചു വളര്‍ന്ന ആളാണ്. വിവാഹം കഴിഞ്ഞു ആദ്യമായാണ് വേണിയെയും മകളെയും കൂട്ടി നാട്ടിലേക്കു വരുന്നത്.

വേണി മുടിവാരിക്കെട്ടി. “മോളെ വാ പോവേണ്ടേ?”

തിരച്ചില്‍ മതിയാക്കി അനഘ എഴുന്നേറ്റു. പെറുക്കികൂട്ടിയ മഞ്ചാടിക്കുരു തന്റെ കുഞ്ഞുപാവാടയില്‍ ചുരുട്ടിപ്പിടിച്ചിരിക്കുകയാണ് അവള്‍.

അമ്മയുടെ പിന്നാലെ പോകുന്നതിനിടയില്‍ അവള്‍ പറഞ്ഞു, “അച്ഛാ ദേ ഇതുനോക്കിക്കേ.”

അവള്‍ നീട്ടിയ സാധനം ഞാന്‍ കയ്യില്‍ വാങ്ങിനോക്കി. ഒരു വളപ്പൊട്ടാണ്. സ്വര്‍ണ നിറമുള്ള കുപ്പിവളയുടെ ഉടഞ്ഞ ഒരു തുണ്ട്.

വേണിയും മകളും വീടിനുള്ളിലേക്ക് കയറി.

വളപ്പൊട്ടിന്റെ കൗതുകങ്ങളിലേക്കു വെറുതെ കണ്ണോടിച്ചു.

മനസ്സ് സ്‌മൃതിപഥങ്ങളിലൂടെ കാലങ്ങള്‍ക്കു പിന്നിലേക്ക് പോയി. പെട്ടെന്ന് ആ വളപ്പൊട്ടുകാരനെ ഓര്‍മ വന്നു. ഏടുകള്‍ അടുക്കിയ കാലത്തിന്റെ അഗാധതകളില്‍ അയാളുടെ രൂപം തെളിഞ്ഞുകണ്ടു.

പറമ്പിന്റെ തട്ടുകളിറങ്ങി താഴേക്കു നടന്നു.

പാടത്തുനിന്നും വീശിയ കാറ്റില്‍ ഒട്ടല്‍ ചില്ലികള്‍ ചിലമ്പി. മുകളിലെ മരച്ചില്ലകള്‍ക്ക് ഇളക്കം വച്ചു.

ഓര്‍മകള്‍ക്ക് സ്വര്‍ണ്ണത്തിളക്കം.

പണ്ടാണ്. പണ്ടെന്നു വച്ചാല്‍ വളെരെ പണ്ട്. ദേശത്തനിമകള്‍ ഓര്‍മ്മചിത്രങ്ങളാകുന്നതിനും മുന്‍പ്.

അത് ഒരു കാലഘട്ടത്തിന്റെ കഥയാണ്.

ചുണ്ടില്‍ നീളന്‍ സിഗരറ്റും കഴുത്തില്‍ തടിച്ച സ്വര്‍ണമാലയും തൂക്കി ഗള്‍ഫുകാര്‍ നാട്ടില്‍ തിരിച്ചെത്തിതുടങ്ങിയ കാലം.

അന്ന് റോഡ് ടാര്‍ ചെയ്തിട്ടില്ല.

കടവിലേക്ക് തിരിയുന്ന കവലയില്‍ അന്ന് പാപ്പി മുതലാളിക്ക് ഒരു ചായപ്പീടികയുണ്ടായിരുന്നു. പീടികയുടെ മുറ്റത്തു വലിയ ഒരു ഇലഞ്ഞിമരം വേരുകള്‍ പുളച്ചു തണല്‍ പരത്തി നിന്നിരുന്നു. പീടികയുടെ ബഞ്ചിലും ഇലഞ്ഞിയുടെ പുളഞ്ഞുപൊങ്ങിയ വേരിലും ഒക്കെയായി നാട്ടുകാര്‍ എപ്പോഴും വെടിവട്ടം പറഞ്ഞിരിക്കുന്നത് കാണാമായിരുന്നു. അതിനും മുന്‍പ് പാപ്പി മുതലാളിയുടെ അപ്പന്റെ കാലത്തു ഈ പീടിക ഒരു സംഭവമായിരിരുന്നുവത്രെ. അന്ന് ചരക്കു കയറ്റിയ കെട്ടുവള്ളങ്ങള്‍ കടവില്‍ അടുത്തിരുന്നു. കച്ചവടം കഴിഞ്ഞു മുതലാളിമാര്‍ ചായകുടിക്കുവാന്‍ എത്തിയിരുന്നത് ഈ പീടികയിലായിരുന്നു. പരദേശത്തെ വിശേഷങ്ങള്‍ അറിയുവാന്‍ അന്ന് നാട്ടുകാര്‍ ചായപ്പീടികയില്‍ കാതുകൂര്‍പ്പിച്ചിരുന്നു.

പീടികയുടെ പിന്‍വശത്തെ ചായ്പ്പില്‍ സാധുവായ ഒരു പാണ്ടിക്കാരനും അയാളുടെ രണ്ടു ഭാര്യമാരും താമസിച്ചിരുന്നതു അക്കാലത്താണ്. പിന്നീട് എന്നാണ് അവര്‍ നാടുവിട്ടു പോയതെന്നു ഒരറിവുമില്ല..

അക്കാലത്തു കുട്ടികളായിരുന്ന ഞാനും മൂന്ന് ചേച്ചിമാരും അയാളെയും പ്രതീക്ഷിച്ചു കാത്തിരിക്കുമായിരുന്നു, ആ വളപ്പൊട്ടുകാരനെ. വളയും മാലയും കമ്മലും റിബണും വാച്ചുംമൊക്കെ കുത്തിനിറച്ച, ഇളം പച്ചനിറത്തില്‍ കറുത്ത പുള്ളിക്കുത്തുള്ള ട്രങ്കുപെട്ടിയും തലയിലേറ്റി നടന്നുവരാറുള്ള ആ വളപ്പൊട്ടുകാരനെ. മാസത്തില്‍ ഒരിക്കലാണ് അയാള്‍ എത്തുന്നത്. കയ്യിലുള്ള ചില്ലറത്തുട്ടുകള്‍ കൂട്ടിവച്ചു ഞങ്ങള്‍ കാത്തിരിക്കും. ചേച്ചിമാര്‍ക്കു കൃത്യമായറിയാം അയാളെത്തുന്ന ദിവസം. അന്ന് ഞങ്ങള്‍ റോഡരികിലെ കയ്യാലക്കരികില്‍ പോയി കാത്തു നില്‍ക്കും.

ഏറെനേരം നില്‍ക്കേണ്ടിവരും. എപ്പോഴാണ് വരുന്നതെന്നറിയില്ല. പറമ്പിലെ പൊട്ടക്കിണറ്റിനരികില്‍ ഒരു മള്‍ബറി നില്‍പ്പുണ്ട്. നിറയെ മല്‍ബറിക്ക ഉണ്ടതില്‍. ഏറ്റവും മൂത്ത വിദ്യേച്ചിക്കാണ് എന്നോട് സ്നേഹക്കൂടുതല്‍. പഴുത്തകായ് കിട്ടിയാല്‍ പറിച്ചു തന്റെ പോക്കറ്റിലേക്ക് ഇട്ടുതരും. മറ്റതു രണ്ടും കിട്ടിയ പാടെ അകത്താക്കും. എന്നാലും പഴിതീര്‍ക്കാനിയിട്ടു അവര്‍ ഇടയ്ക്കു വച്ചുനീട്ടും. “ഉണ്ണിക്കുട്ടാ ഇന്നാ. ഇനി തന്നില്ലെന്നു പറയരുത്.”

വീണ്ടുമുണ്ട് സമയം പോക്കാനുള്ള ഉപാധികള്‍. വലിയ ഒരു പേരമരമുണ്ട് പറമ്പില്‍. ചേച്ചിമാര്‍ തന്നെ ഉശ്ശിരുകേറ്റും. അതുകേട്ടു താന്‍ പേരമരത്തിലേക്കു വലിഞ്ഞുകയറും. പേരക്കായ പറിച്ചു താഴേക്ക് ഇട്ടുകൊടുക്കും. ഒരിക്കലെങ്ങനെ പേരക്കായ പറിക്കുന്നതിനിടയിലാണ് എനിക്ക് സര്‍വ്വാംഗം ദേഷ്യം വന്ന ഒരു സംഭവം നടന്നത്. മുകളിലത്തെ കൊമ്പില്‍ എത്തിപ്പിടിച്ചു പേരക്കായ പറിക്കുന്നതിനിടയില്‍, ബട്ടന്‍സില്ലാതെ പിടിച്ചുകുത്തിയിരുന്ന ട്രൗസര്‍ ഊര്‍ന്നു താഴേക്കുപോയി. കൈയ്യൊട്ടു വിടാനും പറ്റില്ല. താഴെനിന്ന് ചേച്ചിമാര്‍ ആര്‍ത്തു ചിരിച്ചു. ദേഷ്യവും സങ്കടവും വന്നിട്ട് ഞാന്‍ അലറി, “നിര്‍ത്തിനെടീ അഹങ്കാരികളെ”. അതുകണ്ടു അവര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു. ഒരു പ്രകാരത്തില്‍ ഊര്‍ന്നിറങ്ങുന്നതിനിടയില്‍ ട്രൗസര്‍ കാലില്‍നിന്നു ഊറി താഴേക്ക് പതിച്ചു. താഴെയിറങ്ങി മൂന്നെണ്ണത്തിനെയും തല്ലിയോടിച്ചു. എന്നിട്ടു ട്രൗസര്‍ കേറ്റി വലിച്ചുകുത്തി ഭൂമി ചവിട്ടിക്കുലുക്കി വീട്ടിലേക്കു നടന്നു. പോകുംവഴി തിരിഞ്ഞുനിന്നു അവരെ വെല്ലുവിളിക്കാനും മറന്നില്ല, “നീയൊക്കെ വീട്ടിലോട്ടു വാടീ കാണിച്ചുതരാം”. വീട്ടില്‍ച്ചെന്നു വലിയമ്മയെ ശട്ടം കെട്ടി അവര്‍ക്കുള്ള അടി ഉറപ്പിച്ചു വച്ചതാണ്. അന്ന് വിദ്യേച്ചി വാങ്ങിത്തന്ന മഞ്ഞക്കണ്ണട കണ്ടു തന്റെ കോപം മഞ്ഞളിച്ചുപോയി.

മറ്റു ചിലപ്പോള്‍ ചേച്ചിമാര്‍ കൊത്തു കല്ലുകളിച്ചു സമയം പോക്കും. ഏഴു മണിക്കല്ലുകള്‍ നിലത്ത് ചിതറി ഇടും. അതില്‍ ഒന്നെടുത്ത് മേലോട്ട് എറിയും. നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളില്‍ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചു വീഴും മുമ്പ് അതു പിടിക്കുകയും വേണം. ചേച്ചിമാര്‍ക്ക് അത് കളിയ്ക്കാന്‍ നല്ല വിരുതാണ്. ഞാന്‍ കളിച്ചാല്‍ ശരിയാവില്ല. എന്നാലും ഞാനും കളിയ്ക്കാനിരിക്കും. ചേച്ചിമാര്‍ പറയും “ഈ പൊട്ടനെന്തിനാ ഇരിക്കുന്നത്” എന്നാലും അവര്‍ കളിയ്ക്കാന്‍ സമ്മതിക്കും. ഇല്ലെങ്കില്‍ ഞാന്‍ കല്ലുവാരിക്കളയുമെന്നു അവര്‍ക്കറിയാം. എന്റെ ഊഴമെത്തും. ഞാന്‍ കല്ലെടുത്തു മുകളിലേക്കെറിയും എന്നിട്ടു താഴെയുള്ള കല്ലെടുക്കാന്‍ തുടങ്ങുമ്പോഴേക്കും മുകളിയ്ക്കെറിഞ്ഞ കല്ല് അതിന്റെ വഴിക്കു പോയിട്ടുണ്ടാവും. ചേച്ചിമാര്‍ കൈപൊത്തിച്ചിരിക്കും “മരപ്പൊട്ടന്‍.” ഞാന്‍ സങ്കടപ്പെടും. അപ്പോള്‍ വിദ്യേച്ചി പറയും “ഉണ്ണിക്കുട്ടന്‍ സങ്കടപ്പെടേണ്ട.” പിന്നെ വിദ്യേച്ചി തനിക്കുവേണ്ടി കളിച്ചു ജയിപ്പിക്കും. അതുകഴിഞ്ഞാല്‍ കളിയില്ല. പിന്നെ ഞാന്‍ കല്ലുവാരിക്കളയും.

നേരം കടന്നുപോകും. കാത്തിരുന്ന് ക്ഷമയുടെ നെല്ലിപ്പലക കാണും. എല്ലാവര്‍ക്കും ആകാംക്ഷയാണ്. എത്രയും പെട്ടെന്ന് അയാളൊന്നു വന്നിരുന്നെങ്കില്‍.

അങ്ങനെ നിൽക്കുമ്പോള്‍ ദൂരെനിന്നും വളപ്പൊട്ടുകാരന്റെ വിളി കേള്‍ക്കാം. പെട്ടെന്ന് എല്ലാവരിലും ഉത്സാഹം ജനിക്കും. വാലേവാലേ എല്ലാവരും കയ്യാലക്കരികിലേക്കു ഓടും. എന്നിട്ടു നിരന്നുനില്‍ക്കും. ഒടുവില്‍ അയാളെത്തും നീണ്ടുമെലിഞ്ഞ കാലുകള്‍ വലിച്ചുവച്ചു. ഞങ്ങളുടെ അടുത്തെത്തുമ്പോള്‍, പുകയിലക്കറ പിടിച്ച പല്ലുകള്‍ കാട്ടി അയാള്‍ വെളുക്കെ ചിരിച്ചു വിശേഷങ്ങള്‍ ചോദിക്കും. വേഗം അയാളെയും കൂട്ടി വീട്ടിലേക്കു നടക്കും. ഏറ്റവും മുന്നില്‍ വെകളിപിടിച്ചു ഞാനുണ്ടാകും. മോഹിപ്പിക്കുന്ന പലതുമുണ്ട് അയാളുടെ പെട്ടിയില്‍. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണവിസ്മയങ്ങള്‍. എത്രയും വേഗം ഒന്ന് തുറന്നു കണ്ടിരുന്നെങ്കില്‍. അയാളുടെ നീണ്ട കാലുകള്‍ക്കൊപ്പം എത്തണമെങ്കില്‍ ഇത്തിരി മുറുകി നടക്കണം.

പ്രവര്‍ത്തിയാരുടെ പറമ്പു വഴിയാണ് അയാളെയും കൂട്ടി വീട്ടിലേക്കു നടക്കുക. വിശാലമായ പറമ്പിലൂടെ ചെറിയ ഒരു നടവഴിയുണ്ട്.. അതുവഴിപോയാല്‍ വേഗം വീട്ടിലെത്താം.

പ്രവര്‍ത്തിയാരുടെ പറമ്പ് വര്‍ഷങ്ങളിയിട്ടു കേസ്സില്‍പ്പെട്ടുകിടക്കുകയാണ്. അതിന്റെയുള്ളില്‍ കാടുകയറിക്കിടക്കുന്ന ഒരു പഴയ വീടു കാണാം. പ്രവര്‍ത്തിയാര്‍ താമസിച്ചിരുന്ന വീടാണ്. പായലുകള്‍ കറുത്ത പാടുകള്‍ തീര്‍ത്ത ഇരുനിലവീടിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ പ്രവര്‍ത്തിയാരെ കണ്ടിട്ടില്ല. അമ്മൂമ്മ പറഞ്ഞുകേട്ടതാണ് പ്രവര്‍ത്തിയാർക്കു ഭ്രാന്തായിരുന്നുവെന്നു. ഭ്രാന്ത് കലശലായപ്പോള്‍ ഭാര്യയും മക്കളും അയാളെ ഉപേക്ഷിച്ചു പോയി. തിരിഞ്ഞുനോക്കുവാന്‍ ആരുമില്ലാതെ അവിടെക്കിടന്നു നരകിച്ചാണ് അയാള്‍ മരിച്ചത്. പകല്‍ക്കൂടി ഒറ്റയ്ക്ക് അതുവഴി നടക്കാന്‍ ഭയമാണ്. മാത്രമല്ല രാത്രികാലങ്ങളില്‍ പലരും പ്രവര്‍ത്തിയാരുടെ പ്രേതത്തെ അവിടെ കണ്ടിട്ടുണ്ടത്രേ. നിലാവുള്ള രാത്രിയില്‍ കാലില്‍ ചങ്ങലയും വലിച്ചു വീടിനു ചുറ്റും ഉലാത്തുന്ന പ്രവര്‍ത്തിയാരെ ചിലര്‍ കണ്ടിട്ടുണ്ടെന്നു നാട്ടില്‍ സംസാരമാണ്. അക്കാലത്തു ഞങ്ങള്‍ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു പ്രവര്‍ത്തിയാരുടെ പ്രേതം. ചേച്ചിമാരുടെ കൂടെയല്ലാതെ ഞാനാ വഴിക്കു പോയിട്ടില്ല. പ്രവര്‍ത്തിയാരുടെ കഥ പറഞ്ഞു പേടിക്കുന്ന രാത്രികളില്‍ താന്‍ ചേച്ചിമ്മാരുടെ നടുവിലാകും കിടക്കുക.

വളപ്പൊട്ടുകാരനുമായി വീട്ടിലെത്തുമ്പോള്‍ അമ്മൂമ്മയും ഇറങ്ങിവരും. വിശേഷങ്ങള്‍ അറിയാമല്ലോ. പല നാടുകള്‍ സഞ്ചരിച്ചു വരുന്നവനല്ലേ? നാട്ടുവിശേഷങ്ങള്‍ ഏറെയുണ്ടാവും കേള്‍ക്കാന്‍. കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ചു കേള്‍പ്പിക്കുവാന്‍ തലേക്കെട്ടഴിച്ചുവച്ചു ഉമ്മറപ്പടിയില്‍ അയാളും ചടഞ്ഞിരിക്കും. അന്യദേശത്തുനിന്നും വാങ്ങിയ വിശേഷപ്പെട്ട വെറ്റിലയോ പുകയിലയോ ഉണ്ടെങ്കില്‍ അതുംകൂട്ടി മുറുക്കിക്കൊയിരിക്കും രണ്ടുപേരുടെയും വിശേഷം പറച്ചില്‍.

അവരുടെ വിശേഷങ്ങള്‍ ഒന്നും കേള്‍ക്കാന്‍ സമയമില്ല ഞങ്ങള്‍ക്ക്. അയാളുടെ പെട്ടിക്കുള്ളിലെ വിസ്മയങ്ങളിലാണ് ഞങ്ങളുടെ ശ്രദ്ധ. പിന്നീട് അന്നേ ദിവസം മുഴുവന്‍ ചേച്ചിമാര്‍ നിലക്കണ്ണാടിയുടെ മുന്നിലായിരിക്കും. വാങ്ങിയ സാധനങ്ങള്‍ വച്ച് അണിഞ്ഞൊരുങ്ങും. നിറമുള്ള കണ്ണട മുഖത്തുവച്ചു ഒരു പുതിയ ലോകത്തെ കാണുന്ന തിരക്കിലായിരിക്കും ഞാന്‍ അപ്പോള്‍.

കാലം കടന്നുപോയി. അതിനിടയില്‍ എപ്പോഴോ കുപ്പിവളകള്‍ ഉടഞ്ഞുപോയി. വളപ്പൊട്ടുകാരന്‍ നടന്ന നിരത്തില്‍ ജ്യുവലറികള്‍ നിരന്നിരിക്കുന്നു. കുപ്പിവളകള്‍ കിലുങ്ങിയ വീടുകളില്‍ ഗള്‍ഫുമണികള്‍ കിലുങ്ങി. പാപ്പി മുതലാളിയുടെ ചായപ്പീടികയുടെ സ്ഥാനത്തു മക്കള്‍ വര്‍ണമാളികകള്‍ തീര്‍ത്തു. പാണ്ടിക്കാരന്‍ ഉപയോഗിച്ചിരുന്ന അമ്മിക്കല്ലു പറമ്പിന്റെ കോണില്‍ ചെളിപിടിച്ചു മൂലകുത്തിക്കിടക്കുന്നതു കണ്ടു. പ്രവര്‍ത്തിയാരുടെ പറമ്പിന്റെ കേസ് തീര്‍ന്നു. റിയലെസ്റ്റേറ്റുകാര്‍ പറമ്പുവാങ്ങി വെട്ടിത്തെളിച്ചു. പ്രവര്‍ത്തിയാരുടെ പ്രേതം കലാവിഗതികള്‍ക്കുള്ളില്‍ എവിടെയോ മറഞ്ഞു.

കൈക്കുള്ളില്‍ അമര്‍ത്തിപ്പിടിച്ച വളപ്പൊട്ടിലേക്കു നോക്കി. സ്വര്‍ണ്ണത്തിളക്കത്തില്‍ തെളിയുന്ന നിറങ്ങള്‍. കാലത്തിന്റെ വഴിയില്‍ ദൂരെയായി മറഞ്ഞ ബാല്യത്തിന്റെ നിറചാര്‍ത്തുകള്‍. ഓര്‍മകള്‍ നിശബ്ദ കാവ്യങ്ങളാണ്.

കുപ്പ തിരഞ്ഞു നോക്കിയാല്‍ കാലത്തിന്റെ തിരുശേഷിപ്പുകള്‍ വീണ്ടും കണ്ടെന്നിരിക്കും. അവയ്ക്കും പറയാനുണ്ടാകും വേറേയും കഥകള്‍. വേണ്ട, ഈ ഓര്‍മകളത്രയും തന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അവ മണ്ണിന്റെയടിയില്‍ത്തന്നെ സമാധികൊള്ളട്ടെ.

തിരികെ പടവുകള്‍ കയറി വീട്ടിലേക്കു നടന്നു.

മുന്നിലത്തെ പൂജാമുറിയോടു ചേര്‍ന്നുള്ള ഷോക്കേസില്‍ വിദ്യേച്ചിയുടെ ഒരു ഫോട്ടോ വച്ചിട്ടുണ്ട്. കുറെ നാള്‍ മുന്‍പ് ഒരു ആക്സിഡന്റിലാണ് വിദ്യേച്ചി മരിച്ചത്. ചേച്ചിമാര്‍ പണ്ട് ഉപയോഗിച്ചിരുന്ന കുങ്കുമച്ചെപ്പ് അവിടെ അടുത്തുതന്നെ ഇരിപ്പുണ്ട്. അതിലേക്കു വളത്തുണ്ട് ഇട്ടുവച്ചു. മറ്റു രണ്ടു ചേച്ചിമാര്‍ വരുമ്പോള്‍ കാണട്ടെ. അവരും കേള്‍ക്കട്ടെ ഒരു കാലഘട്ടത്തിന്റെ കഥ.

വിദ്യേച്ചിയുടെ പുഞ്ചിരി തൂകുന്ന ഒരു ഫോട്ടോയാണ്. അതെടുത്തു ഞാന്‍ മുഖത്തോടു ചേര്‍ത്തു പിടിച്ചു കണ്ണുകള്‍ ഇറുക്കിയടച്ചുനിന്നു. അപ്പോള്‍ കാതില്‍ ആരോ ചോദിച്ചു “അയ്യേ..മരപ്പൊട്ടാ, കരയുന്നോ?” അത് വിദ്യേച്ചിയുടെ ശബ്ദമായിരുന്നു. അതു നേരാണ്‌, തന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “വളപ്പൊട്ടു പറഞ്ഞ കഥ (കഥ): സന്തുഗോപാല്‍”

  1. KRISH says:

    SUPER BROOOO

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top