Flash News

പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും കേസിന് തുമ്പുണ്ടാക്കുന്ന അമേരിക്കന്‍ ഡിറ്റക്ടീവുകള്‍; 32 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിലെ പ്രതിയെ പിടികൂടിയത് കൈ തുടച്ച നാപ്‌കിനില്‍ നിന്ന്

June 23, 2018

napkiവാഷിംഗ്ടണ്‍: ഏത് കൊലപാതകമായാലും, എത്ര നാള്‍ കഴിഞ്ഞതായാലും അതന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്താണ്‍ അമേരിക്കയിലെ ഡിറ്റക്ടീവുകള്‍ക്ക് പ്രത്യേക കഴിവാണ്. തെളിവില്ല, സാക്ഷിയില്ല എന്ന മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കേസ് ക്ലോസ് ചെയ്യുകയല്ല മറിച്ച് തൂണിലും തുരുമ്പിലും അരിച്ചു പെറുക്കി കുറ്റവാളികളെ കണ്ടെത്താനുള്ള അവരുടെ കഴിവ് ഒന്നു വേറെ തന്നെ. ഇപ്പോഴിതാ മുപ്പത്തിരണ്ട് വര്‍ഷം മുന്‍പ് നടന്ന ഒരു കൊലപാതകത്തിലെ പ്രതിയെ കുടുക്കിയത് അത്തരം അന്വേഷണത്തിലൂടെയാണ്. അതും ഹോട്ടലില്‍ കൈതുടച്ചു വലിച്ചെറിഞ്ഞ പേപ്പര്‍ നാപ്കിന്നില്‍ നിന്ന്. 1986-ല്‍ പന്ത്രണ്ടു വയസ്സുകാരിയായ മിഷേലയെ പീഡിപ്പിച്ചു കൊന്ന ഗാരി ചാള്‍സ് ഹാര്‍ട്മാന്‍ (ഇപ്പോള്‍ 66 വയസ്സ്) എന്നയാളെയാണ് മൂന്നു പതിറ്റാണ്ടിലേറെ കഴിഞ്ഞു ശാസ്ത്രീയാന്വേഷണത്തിലൂടെ പൊലീസ് പിടികൂടിയത്.

1986 മാര്‍ച്ച് 26ന് ആണു മിഷേല വെല്‍ഷ് എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടകോമയിലുള്ള പാര്‍ക്കില്‍ അന്നു രാവിലെ രണ്ടു സഹോദരിമാര്‍ക്കൊപ്പം കളിക്കാന്‍ പോയതായിരുന്നു മിഷേല. പതിനൊന്നു മണിയായപ്പോള്‍ ഉച്ചഭക്ഷണം എടുക്കാനായി സൈക്കിളില്‍ അവള്‍ അടുത്തുള്ള വീട്ടിലേക്കു പോയി. ഈ സമയം സഹോദരിമാര്‍ ശുചിമുറിയിലേക്ക് പോയി. അവര്‍ തിരികെ വന്നപ്പോള്‍ ചേച്ചിയെ കണ്ടില്ല. എങ്കിലും കുട്ടികള്‍ കളി തുടര്‍ന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ മിഷേലയുടെ സൈക്കിളും ഉച്ചഭക്ഷണവും അല്‍പം അകലെ കിടക്കുന്നതു കുട്ടികള്‍ കണ്ടു. എന്നാല്‍, മിഷേലയെ കണ്ടതുമില്ല. കുട്ടികള്‍ അവരുടെ ആയയോടു വിവരം പറഞ്ഞു. ആയ അമ്മയോടും. കുട്ടികളിലൊരാളെ കാണാനില്ലെന്നറിഞ്ഞതോടെ വീട്ടുകാര്‍ പൊലീസിനെ വിളിച്ചു. അന്വേഷണത്തില്‍ രാത്രിയോടെ ആളൊഴിഞ്ഞ പാറക്കെട്ടിനടുത്തുനിന്നു മിഷേലയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പീഡിപ്പിച്ചു കൊന്നതാണെന്നു പൊലീസ് സ്ഥിരീകരിച്ചു.

ഏറെ നാളുകള്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ചു വിവരമൊന്നും കിട്ടിയില്ല. ഡിഎന്‍എ രൂപരേഖയടക്കം തയാറാക്കിയെങ്കിലും പൊലീസിന്റെ ശേഖരത്തിലെ ഡിഎന്‍എ സാംപിളുകളുമായി യോജിച്ചില്ല. വര്‍ഷങ്ങള്‍ക്കു ശേഷം 2016ല്‍ ജനിതക വംശാവലി തയാറാക്കുന്ന വിദഗ്ധന്റെ സഹായം പൊലീസ് തേടി. മിഷേലയുടെ ശരീരത്തില്‍നിന്നു കിട്ടിയ കുറ്റവാളിയുടെ ഡിഎന്‍എ ഉപയോഗിച്ച് ആരെന്നറിയാത്ത കുറ്റവാളി ഏതു കുടുംബത്തില്‍പ്പെട്ടയാളാണെന്നു തിരിച്ചറിയാന്‍ കഴിയുമോ എന്ന പഠനമാണ് ഈ വിദഗ്ധന്‍ നടത്തിയത്. അതിനായി ലഭ്യമായ ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചു.

ഈ ഗവേഷണത്തിനൊടുവില്‍ കുറ്റവാളിയാകാന്‍ സാധ്യതയുള്ള രണ്ടുപേരെ പൊലീസ് കണ്ടെത്തി. സഹോദരങ്ങളായിരുന്നു ഇവര്‍. പൊലീസ് ഇവരെ നിരീക്ഷിക്കാന്‍ തുടങ്ങി. ഇവരില്‍ ഒരാള്‍ ഹോട്ടലില്‍ പോയപ്പോള്‍ പൊലീസ് ഡിറ്റക്ടിവ് പിന്നാലെയുണ്ടായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം ഇയാള്‍ കൈതുടച്ച നാപ്കിന്‍ ഈ ഡിറ്റക്ടിവ് കണ്ടെടുത്തു. നാപ്കിനിലെ ഡിഎന്‍എ മിഷേലിന്റെ ശരീരത്തില്‍നിന്നു കണ്ടെടുത്ത ഡിഎന്‍എയുമായി യോജിക്കുന്നുവെന്നു ലാബ് പരിശോധനയില്‍ തെളിഞ്ഞു. പിന്നാലെ, കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top