Flash News

ലോക കപ്പ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ (ജൂണ്‍ 24)

June 24, 2018

vartha1സ്വീഡനെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി

മോസ്‌കോ: അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി റഷ്യന്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കി. 11ന്റെ സമനില കുരുക്കുറപ്പിച്ച ലോകചാമ്പ്യന്മാര്‍ക്ക്, അധിക സമയത്തിന്റെ അവസാന നിമിഷങ്ങളിലൊന്നില്‍ ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടോണി ക്രൂസാണ് അവിശ്വസനീയ വിജയം സമ്മാനിച്ചത്. മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിലേറ്റ അട്ടിമറിയെ അനുസ്മരിപ്പിക്കും വിധം ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയാണ് ജര്‍മനി സോചിയിലും കളി തുടങ്ങിയത്. മത്സരത്തിന്റെ 32ാം മിനിറ്റില്‍ ഓല ടോയ്‌വോനെയാണ് മുള്ളറെയും സംഘത്തെയും ഞെട്ടിച്ച് സ്വീഡിഷ് ആരാധകര്‍ക്ക് ആഘോഷത്തിനവസരം നല്‍കിയത്.

world-cup-group-f-germany-vs-sweden_7695fc16-7720-11e8-ad22-53d0ea2909b4മത്സരം ആരംഭിച്ചതു മുതല്‍ സ്വീഡന്‍ ജര്‍മനിക്ക് അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. തുടക്കം മുതല്‍ കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു സ്വീഡന്‍ കളിച്ചത്. പ്രതിരോധം ശക്തമാക്കി മുന്നേറിയ സ്വീഡിഷ് താരങ്ങള്‍ അവസരത്തിനൊത്ത് ആക്രമണത്തിന്റെ മൂര്‍ച്ചയും കൂട്ടിക്കൊണ്ടിരുന്നു. ഇതിന്റെ ഫലമായിരുന്നു 32ാം മിനിറ്റിലെ ഗോള്‍.

പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജയത്തില്‍ കുറഞ്ഞൊന്നും മതിയാവില്ല എന്ന നിലയായിരുന്നു ജര്‍മനിക്ക്. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങേണ്ടി വന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ജര്‍മനി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. ചാമ്പ്യന്‍മാരുടെ കളി പുറത്തെടുത്ത ജര്‍മനി ഗോളെന്നുറച്ച ഒരുപിടി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഒടുവില്‍ 48ാം മിനിറ്റില്‍ ജര്‍മന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. മധ്യഭാഗത്തു നിന്ന് വെര്‍ണര്‍ നല്‍കിയ പാസ് മാര്‍ക്കോ റിയൂസ് കൃത്യമായി സ്വീഡിഷ് ഗോള്‍വര കടത്തി.

സമനിലയായാല്‍ പോലും നിലയില്ലാക്കയത്തിലാകുമെന്ന തിരിച്ചറിവോടെ ജര്‍മന്‍ നിര ആക്രമണം തുടര്‍ന്നപ്പോള്‍ ഗോളവസരങ്ങള്‍ വന്നുകൊണ്ടേയിരുന്നു. 86ാം മിനിറ്റില്‍ ഗോളെന്നുറച്ച ഒരു ഷോട്ട് സ്വീഡിഷ് ഗോളി അതിവിദഗ്ധമായി തടുത്തു. അധികസമയത്തിന്റെ തുടക്കത്തില്‍ വീണ്ടും വന്നു ഗോളെന്നു തോന്നിച്ച ഷോട്ട്. ജൂലിയന്‍ ബ്രാന്‍ഡെ തൊടുത്ത മിന്നല്‍വേഗത്തിലുള്ള ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോകുമ്പോള്‍ വിജയമുറപ്പിച്ച ഗോള്‍ നഷ്ടമായ നിരാശയോടെ ജര്‍മന്‍ താരങ്ങളും ആരാധകരും തലയില്‍ കൈവച്ചു.

ഒടുവില്‍ അധികസമയം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജിമ്മി ദര്‍മാസ സമ്മാനിച്ച ഫ്രീ കിക്കെടുത്ത ടോണി ക്രൂസ് അത് ഗോളാക്കി മാറ്റുകയായിരുന്നു. ടോണി ക്രൂസിന്റെ കാലില്‍ നിന്നുയര്‍ന്ന പന്ത് പറന്നെത്തവേ, തടയാന്‍ സ്വീഡിഷ് ഗോളി നടത്തിയ മുഴുനീള ഡൈവ് വിഫലമായി. ഈ ലോകകപ്പില്‍ തങ്ങളിനിയുമുണ്ട് എന്ന് ജര്‍മനി വിളിച്ചു പറഞ്ഞ നിമിഷമായിരുന്നു അത്. ഇതിനിടെ, 82ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ജെറോം ബോട്ടെങ് പുറത്തായിരുന്നു. ഇതോടെ 10 പേരുമായാണ് ജര്‍മനി കളിച്ചത്.

എല്ലാ ഗ്രൂപ്പുകളിലും ഇനി മരണക്കളി; നോക്കൗട്ടിലേക്കുള്ള സാധ്യതകള്‍ ഇങ്ങനെ

മോസ്‌കോ: ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുക. പക്ഷേ ഒരു ഗ്രൂപ്പില്‍ ഒന്നിലധികം ടീമുകള്‍ക്ക് ഒരേ പോയന്റ് വന്നാല്‍ എങ്ങനെയാണ് നോക്കൗട്ടിലേക്കെത്തുന്ന ടീമിനെ തീരുമാനിക്കുക.

അപ്പോള്‍ ഗ്രൂപ്പില്‍ രണ്ട് ടീമുകള്‍ക്ക് ഒരേ പോയന്റ് വന്നാല്‍ ആദ്യം ഗോള്‍ ശരാശരി അതായത് അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും തമ്മിലുളള വ്യത്യാസം നോക്കും. ഗോള്‍ ശരാശരിയും തുല്യമായാല്‍ പിന്നെ കൂടുതല്‍ ഗോള്‍ നേടിയ ടീമിനെയാണ് പരിഗണിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആരാണോ കൂടുതല്‍ ഗോളടിച്ചത് അവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് പോകാം. പക്ഷേ ഗോള്‍ നിലയും തുല്യമാകുന്ന സ്ഥിതി വരാന്‍ സാധ്യത ഏറെ യാണ് അങ്ങനെയെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ എന്താണ് മത്സരഫലമെന്നത് നിര്‍ണായകമാവും. ജയിച്ചവര്‍ അടുത്ത റൗണ്ട് കാണും. അവി ടെയും സമനിലയെങ്കില്‍ പിന്നെ ഫെയര്‍പ്ലേ ആണ്. ചുവപ്പു കാര്‍ഡും മഞ്ഞക്കാര്‍ഡും കൂടുതല്‍ വാങ്ങിയവര്‍ക്ക് പുറത്തേക്ക് വഴിതെളിയും. അല്ലാത്തവര്‍ക്ക് നോക്കൗട്ടുറപ്പിക്കാം.

FOOTBALLമഞ്ഞ, ചുവപ്പു കാര്‍ഡുകളുടെ എണ്ണവും തുല്യമാണെങ്കില്‍ പിന്നെ നറുക്കെടുപ്പാണ്. നോക്കൗട്ട് റൗണ്ടില്‍ എത്തിയാല്‍ ഈ ചടങ്ങൊന്നുമില്ല. നിശ്ചിത സമയത്തും എക്‌സ്‌ട്രൈ ടൈമിലും ഒപ്പത്തിനൊപ്പമെങ്കില്‍ ഷൂട്ടൗട്ട് വിജയിയെ തീരുമാനിക്കും.

നോക്കൗട്ടിലേക്കെത്തുന്നത് ഇങ്ങനെ

കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകള്‍ ആണ് പ്രീ ക്വാര്‍ട്ടറിലെത്തുക. അവിടെയും തുല്യമാണെങ്കില്‍ ആദ്യം പരിഗണിക്കുക ഗോള്‍ ശരാശരി. അതും തുല്യമായാല്‍ കൂടുതല്‍ ഗോള്‍ നേടിയ ടീം അടുത്ത റൗണ്ടിലേക്ക് കടക്കും. ഗോളുകളിലും നില തുല്ല്യമെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലെ മേല്‍ക്കൈയാകും പരിഗണിക്കുക. ഒരേ പോയന്റുളള മൂന്ന് ടീമുകളുടെ മത്സരത്തിലെ ഗോള്‍ശരാശരി കണക്കിലെടുക്കും ഇതെല്ലാം തുല്യമായാല്‍ ഫെയര്‍പ്ലേയിലൂടെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കും അവിടെയും തുല്യമാണെങ്കില്‍ നറുക്കെടുപ്പിലൂടെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കും.

നോക്കൗട്ട് റൗണ്ടില്‍ എത്തിയാല്‍ പിന്നെ ഇത്രയും ചടങ്ങുകള്‍ ഒന്നുമില്ല. നിശ്ചിത സമയത്തും അധികസമയത്തും ഒപ്പത്തിനൊപ്പമെത്തിയാല്‍ പിന്നെ വിധി നിര്‍ണയിക്കുന്നത് പെനാല്‍റ്റി ഷൂട്ടൗട്ടാണ്ഷൂ. ഷൂട്ടൗട്ടിലും ഒപ്പമെത്തിയാല്‍ പിന്നെ സഡന്‍ ഡെത്ത് അവിടെ ഗോള്‍ നഷ്ടമാക്കുന്നവര്‍ പുറത്തേക്ക് പോവും.

അര്‍ജന്റീനയെയും ഫുട് ബോള്‍ ലോകത്തെയും പ്രതിസന്ധിയിലാക്കി മെസിയുടെ വിരമിക്കല്‍ വാര്‍ത്ത

messiuലോകകപ്പിന്റെ രണ്ടാം റൗണ്ട് കാണാനായില്ലെങ്കില്‍ കാല്‍പന്തുകളിയുടെ മാന്ത്രികനായ ലയണല്‍ മെസി ബൂട്ടഴിക്കുമെന്നു വാര്‍ത്ത. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിയന്‍ മണ്ണില്‍ കൈവിട്ട കിരീടം സ്വന്തമാക്കാനായി റഷ്യന്‍ മണ്ണിലിറങ്ങിയ അര്‍ജന്റീനയും മെസിയും കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയ്ത് മിശിഹയെയും സംഘത്തെയും തെല്ലൊന്നുമല്ല അലട്ടുന്നത്. നൈജിരിയക്കെതിരായ മത്സരത്തില്‍ ജീവന്‍ കൊടുത്തും ജയിക്കാനുള്ള തത്രപ്പാടിലാണ് മെസിയും കൂട്ടരുമിപ്പോള്‍.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്ക് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ച് മടങ്ങിയതാണ്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടാനാകില്ലെന്ന ഘട്ടത്തിലാണ് മെസി വീണ്ടും നീലപ്പടയുടെ ജെഴ്‌സി അണിഞ്ഞത്. എന്നാല്‍ ഐസ്‌ലന്‍ഡിനെതിരായ സമനിലയും ക്രൊയേഷ്യയോടേറ്റ നാണംകെട്ട തോല്‍വിയും മെസിയെ വീണ്ടും വിരമിക്കല്‍ ചിന്തകളിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലെ പ്രകടനത്തിനനു സരിച്ചായിരിക്കും ദേശീയകുപ്പായത്തിലെ തന്റെ ഭാവിയെന്ന് ലോകകപ്പിന് മുന്‍പേ മെസി പറഞ്ഞിരുന്നു.

ആരാധകരും ഇതിഹാസ താരങ്ങളും രാഷ്ട്രീയ രംഗത്തെ പ്രമുഖരുമെല്ലാം അന്ന് മെസി മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. റഷ്യന്‍ ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും മെസി ലക്ഷ്യമിടുന്നില്ല. കിരീടത്തില്‍ മുത്തമിടാനായില്ലെങ്കില്‍ മെസി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് അര്‍ജന്റീനയിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.

മെസിയുടെ പടിയിറക്കം ഒറ്റയ്ക്കല്ല എന്നും മെസിയടക്കം ഏഴ് താരങ്ങളാകും അര്‍ജന്റീനയുടെ ജെഴ്‌സി ഉപേക്ഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ, മഷെരാനോ, ഹിഗ്വയ്ന്‍, മാര്‍ക്കോസ് റോഹോ, എവര്‍ ബനേഗ എന്നിവരാകും മെസിക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിക്കുകയെന്നാണ് വ്യക്തമാകുന്നത്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top