Flash News

ജമ്മു-കശ്മീരില്‍നിന്നുയരുന്ന പുതിയ ചോദ്യങ്ങള്‍: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

June 24, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Jammu kashmir banner1ജൂലൈ 19ന് ജമ്മു-കശ്മീര്‍ കൂട്ടുകക്ഷി മന്ത്രിസഭയില്‍നിന്ന് ബി.ജെ.പി പിന്‍വാങ്ങുകയും പി.ഡി.പി മുഖ്യമന്ത്രി മെഹബുബ മുഫ്തി മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയും ചെയ്തതോടെ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന മൂന്നു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്, 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് പറ്റിയതക്കംനോക്കി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുകയാണ്. രണ്ട്, കശ്മീര്‍പ്രശ്‌നം ആഭ്യന്തരമായും സാര്‍വ്വദേശീയമായും കഴിഞ്ഞ 70 വര്‍ഷങ്ങളിലെ ഏറ്റവും സങ്കീര്‍ണ്ണമായ ക്രമസമാധാന രാഷ്ട്രീയപ്രശ്‌നമായി മാറാന്‍പോകുന്നു. മൂന്ന്, വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്തുന്ന തീവ്രഹിന്ദുത്വ അജണ്ടയുടെ പ്രധാന സ്രോതസ് പാക്കിസ്താനും മുസ്ലിം തീവ്രവാദ ഭീകരതയുമായിരിക്കും.

ദേശീയതലത്തില്‍തന്നെ അത്തരമൊരു രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള തയാറെടുപ്പിന് അവസരമൊരുക്കാനാണ് പി.ഡി.പിയുമായുണ്ടാക്കിയ രാഷ്ട്രീയ – ഭരണ ബാന്ധവത്തെ ബി.ജെ.പി മൊഴിചൊല്ലാന്‍ മുന്‍കൈയെടുത്തത്. ഒരുവേള ബന്ധം ഉപേക്ഷിക്കാന്‍ മെഹബൂബയും പി.ഡി.പിയുംതന്നെ ആലോചിക്കുന്നതിനിടയില്‍. കടുത്ത രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍മൂലം അചിന്ത്യവും അപ്രായോഗികവുമായ ഒരു കൂട്ടുകക്ഷിഭരണമാണ് 2015 മാര്‍ച്ചിലെ തൂക്കുനിയമസഭയില്‍ ബി.ജെ.പിയും പി.ഡി.പിയുമായി ഉണ്ടാക്കിയത്. കശ്മീരിന് 370-ാം വകുപ്പനുസരിച്ചുള്ള പ്രത്യേക പദവിയും 345-ാം വകുപ്പനുസരിച്ചുള്ള സവിശേഷാവകാശവും നഖശിഖാന്തമെതിര്‍ക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. കോണ്‍ഗ്രസ് സഖ്യത്തിനു തയാറായിട്ടും ബി.ജെ.പിയെ ഹസ്തദാനംചെയ്ത് ആശ്ലേഷിച്ച മുഫ്തി മുഹമ്മദ് സയിദ് ജമ്മു-കശ്മീരിന്റെ 49-ാം മുഖ്യമന്ത്രിയായി. ഇത് വമ്പിച്ച ജനസമ്മതിയോടെ ബി.ജെ.പി ഗവണ്മെന്റിനെ അധികാരത്തിലെത്തിച്ച നരേന്ദ്രമോദിയെ വിശ്വസിച്ചായിരുന്നു. അവസരവാദപരമായ കൂട്ടുകെട്ടെന്ന് മറ്റുള്ളവര്‍ വിമര്‍ശിച്ചപ്പോഴും കശ്മീര്‍ താഴ് വരയില്‍ സമാധാനം പുന:സ്ഥാപിക്കാനും വേറിട്ടുപോകല്‍ വികാരങ്ങള്‍ നയിക്കുന്ന യുവാക്കളേയും ജനങ്ങളേയും കൂടെനിര്‍ത്താനുമാണ് മുഫ്തി ശ്രമിച്ചത്. ഇതിനുള്ള രാഷ്ട്രീയ പശ്ചാത്തലവും വികസനസഹായവും കേന്ദ്രഗവണ്മെന്റില്‍നിന്ന് ഉണ്ടാകുമെന്ന് മുഫ്തി മുഹമ്മദ് പ്രതീക്ഷപുലര്‍ത്തി.

2014 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ജനപങ്കാളിത്തം രേഖപ്പെടുത്തി 65 ശതമാനം പോളിംഗ് നടന്നു. എന്നിട്ടും 87 അംഗ നിയമസഭ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ തൂക്കുസഭയായി. 22.7 ശതമാനം വോട്ടുനേടിയ പി.ഡി.പിക്കും 23 ശതമാനം വോട്ടുനേടിയ ബി.ജെ.പിക്കും 28ഉം 25ഉം സീറ്റുകള്‍ യഥാക്രമം കിട്ടി. ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് 21ശതമാനം വോട്ടും 15 സീറ്റുമാണ് കിട്ടിയത്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടായിരുന്ന കോണ്‍ഗ്രസിന് 18 ശതമാനം വോട്ടും 12 സീറ്റും കിട്ടി.

പാക്കിസ്താനില്‍നിന്ന് അതിര്‍ത്തികടന്നുള്ള സൈനികാക്രമണവും ഭീകരാക്രമണവും നേരിടുന്ന കശ്മീരില്‍ ഈ സാഹചര്യത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി ചേര്‍ന്നുള്ള അയഥാര്‍ത്ഥമായി കരുതിയ രാഷ്ട്രീയസഖ്യത്തിന് മുഫ്തി മുഹമ്മദ് നേതൃത്വം നല്‍കിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാന ഗവണ്മെന്റിന്റെ രൂപീകരണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ട് പങ്കാളിയായതും ഇതിന്റെ രൂപീകരണത്തിലാണ്. പത്തുമാസത്തിനകം മുഫ്തി മരണപ്പെട്ടു. മകള്‍ മെഹബുബ മുഫ്തി മുഖ്യമന്ത്രിയായി മുന്നണിഭരണം കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ ആടിയുലഞ്ഞിട്ടും രണ്ടുവര്‍ഷത്തിലേറെ മുന്നോട്ടു കൊണ്ടുപോയി.

എട്ടാമത്തെ ഗവര്‍ണര്‍ ഭരണത്തിലേക്ക് ജമ്മു-കശ്മീരിനെ നയിച്ച ബി.ജെ.പി അനുരഞ്ജനത്തിന്റെ രാഷ്ട്രീയ മാതൃകയായാണ് ജമ്മു-കശ്മീര്‍ കൂട്ടുകക്ഷി ഭരണത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മന്ത്രിസഭയുടെ മൂന്നുവാര്‍ഷികങ്ങളും തങ്ങളുടെ അനുരഞ്ജന രാഷ്ട്രീയ നയത്തിന്റെ വിജയമായി ബി.ജെ.പി ആഘോഷിക്കുകയും ചെയ്തു. പിന്തുണ പിന്‍വലിച്ചതിന് സഖ്യത്തിന്റെ അണിയറശില്പിയായിരുന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് നല്‍കിയ വിശദീകരണം ‘സമര്‍ത്ഥിക്കാനാകാത്ത’ സഖ്യമെന്നാണ്. 2014ല്‍ സംസ്ഥാനങ്ങള്‍തോറും അനുരഞ്ജന രാഷ്ട്രീയനയ പരീക്ഷണങ്ങളിലൂടെ വന്‍വിജയംനേടി കേന്ദ്രഭരണം പിടിച്ച നരേന്ദ്രമോദി വരും തെരഞ്ഞെടുപ്പില്‍ പഴയ തീവ്രഹിന്ദുത്വവര്‍ഗീയ അജണ്ടയിലേക്കുതന്നെ മടങ്ങുമെന്ന് വ്യക്തമായി. ജമ്മു-കശ്മീര്‍ മുതല്‍ രാജ്യത്തിന്റെ എല്ലാ ഭൂഭാഗങ്ങളും ഭരിക്കുന്ന പാര്‍ട്ടി എന്ന മോദിയുടെ അവകാശവാദം അവസാനിച്ചെങ്കിലും.

ജമ്മു-കശ്മീര്‍ പഴയപടി ഗവര്‍ണര്‍ഭരണത്തിലേക്കു മടങ്ങി എന്ന് ആശ്വസിക്കാവുന്ന സ്ഥിതിയല്ല പക്ഷെ അവിടെ നിലനില്‍ക്കുന്നത്. ‘റൈസിംഗ് കശ്മീരി’ ന്റെ പത്രാധിപരെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നതും ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാന്‍ അവധിയില്‍ വീട്ടിലേക്കുപോയ സൈനികനെ തട്ടിക്കൊണ്ടുപോയി ഭീകരര്‍ വധിച്ചതും ജമ്മുകശ്മീരിലെ ജനാധിപത്യ സര്‍ക്കാറിന്റെ തകര്‍ച്ചയോടുചേര്‍ന്നുള്ള സംഭവങ്ങളാണ്. ഗവര്‍ണറുടെ ഉപദേശിഭരണവും രാജ്യത്തെ ഏറ്റവും കൂടുതല്‍ സൈനിക സാന്നിധ്യം പോരാഞ്ഞ് സൈനിക കമാന്റോകളെ സംസ്ഥാനത്ത് കൊണ്ടുവന്നിറക്കിയതും കൊണ്ട് അവിടെ സമാധാനം പുലരുകയില്ല. സംസ്ഥാനത്തിന്റെ വരുംദിവസങ്ങള്‍ ആപത്ക്കരമാകുകയാണ് എന്നതിന്റെ സൂചനകള്‍ കൂടുകയാണ്.

നെഹ്‌റു ഗവണ്മെന്റ് കശ്മീര്‍ പ്രശ്‌നത്തില്‍ സ്വീകരിച്ച തെറ്റായ നയം തുടരുകയാണ് കേന്ദ്രം മാറിമാറിഭരിച്ച ഗവണ്മെന്റുകള്‍ ചെയ്തത്. ഇപ്പോള്‍ ബി.ജെ.പിയുടെകൂടി സംഭാവനയോടെ അത് കൂടുതല്‍ അപകടകരമാകും. 1946 ജനുവരിയില്‍ പാക്കിസ്താന്‍ കശ്മീരിനെ ആക്രമിച്ചപ്പോള്‍ തെറ്റായ ഉപദേശം സ്വീകരിച്ചാണ് നെഹ്‌റു ഗവണ്മെന്റ് ഐക്യരാഷ്ട്രസഭയ്ക്ക് പാക്കിസ്താനെതിരെ പരാതി നല്‍കിയത്. യു.എന്നും പാക്കിസ്താനും ഇന്ത്യയും ചേര്‍ന്നുള്ള ഒരു ത്രികോണ സാര്‍വ്വദേശീയ തര്‍ക്കപ്രശ്‌നമായി എഴുപതുവര്‍ഷമായി കശ്മീര്‍പ്രശ്‌നം നിലനില്‍ക്കുകയാണ്. യു.എന്‍ പ്രമേയങ്ങളുടെ സംരക്ഷണ കുടക്കീഴില്‍ പാക്കിസ്താന്‍ കശ്മീരിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ രാഷ്ട്രീയമായും സൈനികമായും നിരന്തരം ഇടപെടുന്നു. സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ആയിരം വര്‍ഷം നീളുന്ന കശ്മീരിനുവേണ്ടി ഇന്ത്യയുമായുള്ള യുദ്ധ പ്രഖ്യാപനവും ‘ഇന്ത്യയെ കീഴടക്കുക’യെന്ന ഹഫീസ് സയിദിന്റെ സ്വപ്നവും ജമ്മു-കശ്മീരിനെ രാഷ്ട്രീയമായി വേട്ടയാടി. തെരഞ്ഞെടുപ്പ് കൃത്രിമത്തിനെതിരായ പ്രതിഷേധങ്ങള്‍ വളര്‍ന്ന് വിഘടന പ്രക്ഷോഭങ്ങളായി. അവയ്ക്ക് മതപരവും രാഷ്ട്രീയവുമായ പുതിയ മുഖങ്ങള്‍ രൂപപ്പെട്ടു. സങ്കീര്‍ണ്ണമായ ഈ അവസ്ഥ നിലനില്‍ക്കെയാണ് ബി.ജെ.പി – പി.ഡി.പി പരീക്ഷണം വഴിക്കുവെച്ച് കേന്ദ്രംഭരിക്കുന്ന ബി.ജെ.പിതന്നെ തകര്‍ത്തത്.

ഇന്ത്യ യു.എന്നിന് നല്‍കിയ പരാതിയുടെ തുടര്‍ച്ചയാണ് യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍നിന്ന് ഇപ്പോള്‍ കിട്ടിയ പ്രഹരം. അവരുടെ ഇന്ത്യാവിരുദ്ധ റിപ്പോര്‍ട്ട് ജമ്മുകശ്മീരിലെ കലക്കവെള്ളത്തില്‍ പുതിയ മുതലെടുപ്പു നടത്തുന്നത്. അതേസമയം ഇന്ത്യന്‍ സൈന്യത്തെ നിയോഗിച്ചുകൊണ്ടുള്ള യഥാര്‍ത്ഥ മൗലികാവകാശ നിഷേധവും മനുഷ്യാവകാശ പ്രശ്‌നങ്ങളും മൂടിവെക്കാനും കഴിയില്ല. ഇന്ത്യന്‍ സൈന്യം വെടിവെച്ചുകൊന്ന ബര്‍ഹാന്‍ വാനിയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ ഷെയ്ഖ് അബ്ദുള്ളയുടെ അന്ത്യയാത്രയിലുണ്ടായതിനേക്കാള്‍ ജനങ്ങള്‍ പങ്കെടുത്തതിന്റെ വൈകാരികതലം സത്യസന്ധമായി വിലയിരുത്തേണ്ടതുണ്ട്.

കശ്മീരിലെ യഥാര്‍ത്ഥപ്രശ്‌നം സാമൂഹിക രാഷ്ട്രീയ പ്രശ്‌നമായിരുന്നു. അതിനെ രാഷ്ട്രീയ-സൈനിക പ്രശ്‌നങ്ങളാക്കി മാറ്റുന്നതില്‍ കേന്ദ്രത്തിലെ ഭരണാധികാരികള്‍ക്കൊപ്പം പാക്കിസ്താനും സ്ഥിരമായ പങ്കുവഹിച്ചു. ഒരുവശത്ത് സ്വതന്ത്ര കശ്മീര്‍വാദവും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള രാഷ്ട്രീയമായും സൈനികമായും അതിനുള്ള പിന്തുണയും വഴി. വികസനവും സാമ്പത്തിക പാക്കേജുകളും നല്‍കി ഹൃദയങ്ങളും തലച്ചോറുകളും പിടിച്ചെടുക്കുക എന്ന സര്‍ക്കാര്‍ നയം പരാജയപ്പെട്ടു. കശ്മീര്‍ ജനത അനിശ്ചിതത്വത്തിലും സുരക്ഷിതത്വ ഭീഷണിയിലുമാണ് കഴിയുന്നത്.

ബി.ജെ.പിയുടെ രാഷ്ട്രീയ പാലംവലിയില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു-കശ്മീരില്‍ അവിശ്വാസത്തിന്റെ മഞ്ഞുവീഴ്ചയാണ്. വലിയ പ്രതീക്ഷയാണ് സ്ത്രീകളുടെ വലിയ മുന്നേറ്റം കാണിച്ച കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കണ്ടത്. അതെല്ലാം തകര്‍ന്നെന്നു മാത്രമല്ല പകരം ഭയത്തിന്റെ വാതാവരണമാണ് ഇന്ന് നിറഞ്ഞുനില്‍ക്കുന്നത്.

അതില്‍നിന്ന് ജമ്മു-കശ്മീര്‍ ജനതയെ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കേണ്ട രാഷ്ട്രീയ ബാധ്യത ആര്‍ നിര്‍വ്വഹിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്നത്. കല്ലെറിഞ്ഞതിന് 11,000 ആളുകളുടെ പേരിലുണ്ടായിരുന്ന കേസുകള്‍ മെഹബൂബയുടെ പി.ഡി.പി ഗവണ്മെന്റ് പിന്‍വലിച്ചത് ബി.ജെ.പിയെ അസ്വസ്ഥമാക്കിയിരുന്നു. ജനവിധി സൃഷ്ടിച്ച ജനാധിപത്യത്തിന്റെ പാലമാണ് ഭരണത്തിലിരുന്നു ബി.ജെ.പി തകര്‍ത്തത്. പട്ടാളത്തെക്കൊണ്ടുമാത്രം ജമ്മു-കശ്മീരില്‍ സമാധാനമുണ്ടാക്കാനാകുമോ? അതോ മൂന്നുവര്‍ഷത്തെ ഭരണപങ്കാളിത്തത്തിന്റെ തണലില്‍ ലഡാക്കിലും ജമ്മുവിലും ബി.ജെ.പി സൃഷ്ടിച്ച തീവ്രമായ വര്‍ഗീയ ധ്രുവീകരണം സംസ്ഥാനത്തെ രക്ഷിക്കുമോ? അത് ജമ്മു- കശ്മീരിനെ രാഷ്ട്രീയമായി മൂന്നായി വെട്ടിമുറിച്ച സ്ഥിതിയില്‍. ഒരു പൊതുതെരഞ്ഞെടുപ്പുകൂടി കഴിഞ്ഞ് അതിന്റെ മുറിവുകളെക്കുറിച്ച് സാവകാശം പര്യാലോചിക്കാം എന്നാവാം പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും ചിന്ത.

പക്ഷെ, ജമ്മു-കശ്മീരിലെ ജനങ്ങള്‍ അതുവരെ ക്ഷമിക്കുമെന്ന് ഇന്ത്യയുടെ ഇതരഭാഗങ്ങളിലെ ജനങ്ങള്‍ക്ക് സമാധാനിക്കുക പ്രയാസമാണ്. ജമ്മു- കശ്മീരിന്റെ കഴിഞ്ഞ 70 വര്‍ഷക്കാലത്തെ രാഷ്ട്രീയചരിത്രം അതല്ല വിളിച്ചുപറയുന്നത്. വിശേഷിച്ച് മോദി ഗവണ്മെന്റ് അധികാരത്തില്‍വന്നശേഷം അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം ഒരു തുടര്‍ പ്രതിഭാസമായി നിലനില്‍ക്കുമ്പോള്‍. പട്ടാളവും നിരോധനാജ്ഞയും നിത്യേന കണികണ്ടുണരുമ്പോള്‍.

ബി.ജെ.പിയില്‍നിന്ന് വികസനത്തിനുള്ള സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് സഖ്യമുണ്ടാക്കിയത്. പക്ഷെ, അതുണ്ടായില്ല എന്ന് ബി.ജെ.പി കൂട്ടുകക്ഷി ഭരണത്തിന്റെ നേതാവായിരുന്ന മെഹബൂബ മുഫ്തിതന്നെ പറയുമ്പോള്‍.

‘കശ്മീരില്‍നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ ദേശീയ പാര്‍ട്ടികളുമായി ഒന്നിച്ചുചേരാന്‍ കഴിയില്ല. ഇന്ത്യന്‍ ഫെഡറല്‍ ഭരണകൂടത്തിന്റെ ആവശ്യങ്ങളോട് യോജിച്ചുപോകാന്‍ കശ്മീര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് സാധ്യമല്ല’ എന്ന് പാക്കിസ്താന്‍ മാധ്യമങ്ങള്‍ ഇവിടേക്ക് വിരല്‍ചൂണ്ടി പറയുമ്പോള്‍.

സാമ്രാജ്യത്വ താല്പര്യങ്ങള്‍ നിയന്ത്രിക്കുന്ന യു.എന്നിന്റെ ഇടപെടല്‍ കൊക്കയില്‍നിന്ന് ജമ്മു-കശ്മീരിനെ മോചിപ്പിക്കുക. കശ്മീര്‍ ജനതയുടെ സ്വത്വവും സംസ്‌ക്കാരവും സ്വാതന്ത്ര്യവും ആത്മാഭിമാനവും ഉറപ്പുനല്‍കുന്ന രാഷ്ട്രീയ – ഭരണപര അജണ്ടയ്ക്ക് അടിയന്തര രൂപംനല്‍കുക. ഇസ്ലാമിക് സ്റ്റേറ്റിന്റെയും ഭീകര തീവ്രവാദികളുടെയും സ്വാധീനത്തില്‍നിന്നും സാന്നിധ്യത്തില്‍നിന്നും ജമ്മു-കശ്മീര്‍ ജനസമൂഹത്തെ രക്ഷിച്ചെടുക്കുക – ഇക്കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആര് മുന്നോട്ടുവരും എന്നതാണ് ജമ്മു-കശ്മീര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യം. അവരുടെ വിശ്വാസത്തിന്റെ ഹൃദയത്തിലേറ്റ മുറിവുകളാണ് തൂക്കു നിയമസഭകളില്‍ ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തുണ്ടായി ലഭിക്കുന്ന ജനവിധിയെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ തിരിച്ചറിയാത്തിടത്തോളം ജമ്മു-കശ്മീര്‍ വെടിയൊച്ചകളുടെയും നിലവിളികളുടെയും നാടായി തുടരേണ്ടിവരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top