Flash News

കത്വയില്‍ എട്ടു വയസ്സുകാരിയോടു കാണിച്ചത് മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത കൊടും ക്രൂരത; ബലാത്സംഗം ചെയ്ത് കൊല്ലുന്നതിനു മുന്‍പ് നല്‍കിയത് നാഡീവ്യൂഹം തളര്‍ത്തുന്ന ലഹരി വസ്തുക്കളും മരുന്നുകളും

June 24, 2018

kathwaകത്വയില്‍ എട്ടു വയസ്സുകാരിയോടു കാണിച്ചത് മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത കൊടും ക്രൂരത. ബലാത്സംഗം ചെയ്ത് കൊല്ലുന്നതിനു മുന്‍പ് കുട്ടിക്ക് നല്‍കിയത് നാഡീവ്യൂഹം തളര്‍ത്തുന്ന ലഹരി വസ്തുക്കളും മരുന്നുകളുമായിരുന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട പെണ്‍കുട്ടി ലഹരി വസ്തുക്കളും മരുന്നുകളും നല്‍കിയതിനെത്തുടര്‍ന്ന് കോമയിലായിരുന്നെന്നാണു ഫൊറന്‍സിക് റിപ്പോര്‍ട്ട്. ചുണ്ടനക്കം പോലും സാധിക്കാത്ത വിധം ആ കുരുന്നിനെ നിശബ്ദയാക്കുകയാണ് ചെയ്തത്. കൊലപ്പെടുത്തും വരെ എട്ടു വയസ്സുകാരിയുടെ ശരീരം നിശ്ചലമായിരുന്നു.

പ്രാദേശികമായ കഞ്ചാവിനു പകരം ഉപയോഗിക്കുന്ന മന്നാര്‍ എന്ന വസ്തുവും മാനസികാരോഗ്യ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എപിട്രില്‍ 0.5 എംജി ടാബ്‌ലറ്റുമാണ് കുട്ടിയെ ബോധം കെടുത്താന്‍ നല്‍കിയിരുന്നത്. ഒഴിഞ്ഞ വയറുള്ള എട്ട് വയസ്സുകാരിക്ക് ഇത്തരം ലഹരി വസ്തുക്കള്‍ നല്‍കിയാല്‍ അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ഇതിനായി പെണ്‍കുട്ടിയുടെ വിസെറ പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇതിന്റെ പരിശോധനയിലാണ് കോമയിലേക്കോ അല്ലെങ്കില്‍ അനങ്ങാന്‍ പോലും സാധിക്കാത്ത വിധം മരവിച്ച അവസ്ഥയിലേക്കോ തള്ളിവിടും വിധം സ്വാധീനമാണ് അത്തരം വസ്തുക്കള്‍ ഒരു കുട്ടിയുടെ ശരീരത്തിലുണ്ടാക്കുകയെന്ന മെഡിക്കല്‍ വിദഗ്ധരുടെ മറുപടി ലഭിച്ചത്. ക്രൂര പീഡനത്തിനിരയായിട്ടും പെണ്‍കുട്ടി കരഞ്ഞു ബഹളമുണ്ടാക്കിയില്ലെന്ന വാദം പ്രതികളും സമൂഹമാധ്യമങ്ങളിലൂടെ മറ്റു ചിലരും ഉന്നയിച്ചിരുന്നു. ഈ ചോദ്യം കോടതിയിലും വരുമെന്നറിയാവുന്ന അന്വേഷണസംഘമാണ് പഴുതടച്ച മെഡിക്കല്‍ പരിശോധനയിലൂടെ ഉത്തരവുമായെത്തിയിരിക്കുന്നത്.

കുട്ടിക്കു നല്‍കിയ എപിട്രില്‍ മരുന്നില്‍ ക്ലോനാസെപാം സോള്‍ട്ട് എന്ന രാസവസ്തു അടങ്ങിയിരുന്നു. ഇത് അതിവിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രം നല്‍കേണ്ടതാണ്. അതും സ്വീകരിക്കുന്നയാളുടെ പ്രായവും ഭാരവും വരെ പരിശോധിച്ചതിനു ശേഷം മാത്രം കൊല്ലപ്പെട്ട കുട്ടിക്ക് 30 കിലോഗ്രാം മാത്രമായിരുന്നു ഭാരം.

കുഞ്ഞിന് ബലപ്രയോഗത്തിലൂടെ നല്‍കിയതാകട്ടെ ക്ലോനാസെപാം അടങ്ങിയ അഞ്ചു ടാബ്‌ലറ്റുകളും. അതും 0.5 മില്ലിഗ്രാം. ഇതിലും ഏറെ താഴെയാണ് അനുവദനീയമായ അളവ്. ജനുവരി 11നാണ് അഞ്ച് ടാബ്‌ലറ്റുകളും നല്‍കിയത്. എട്ടുവയസ്സുകാരിക്ക് യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ലാത്ത അത്രയും ക്ലോനാസെപാം ഗുളികകളില്‍ ഉണ്ടായിരുന്നു .

പിന്നീട് വീണ്ടും ഗുളികകള്‍ നല്‍കി. ഇതോടെ കുട്ടി ആദ്യം മയക്കത്തിലേക്കു വീണു. പിന്നെ ചുറ്റിലുമുള്ളതൊന്നും തിരിച്ചറിയാന്‍ പറ്റാതായി. ചെറുതായി ശരീരം വിറയ്ക്കാനും തുടങ്ങി. ശ്വാസം മന്ദഗതിയിലായി, ഒടുവില്‍ കോമയിലേക്കും കടന്നു. കൊല്ലപ്പെടുത്തും മുന്‍പു തന്നെ കുട്ടിയുടെ ശരീരം മരിച്ചതിനു തുല്യമായിരുന്നെന്നു വ്യക്തം.

ഭക്ഷണം കഴിച്ചിട്ടാണു ഗുളിക അമിതമായി കഴിക്കുന്നതെങ്കിലും പ്രശ്‌നമാണ്, ആ സാഹചര്യത്തില്‍ ഒഴിഞ്ഞ വയറ്റില്‍ ഗുളിക കഴിക്കേണ്ടി വന്ന കുരുന്നിന്റെ ദുരിതം ചിന്തിക്കാവുന്നതിലുമപ്പുറമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ ഗുളികയ്‌ക്കൊപ്പം മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനേ പാടില്ലാത്തതാണ്. കുട്ടിക്കാകട്ടെ കഞ്ചാവിനു സമാനമായ മന്നാറും നല്‍കി. ഇത് നാഡീവ്യൂഹത്തെ തകര്‍ക്കാന്‍ പോന്നതാണ്. ഒരാളെ മണിക്കൂറുകളോളം ‘വിഭ്രാത്മകതയില്‍’ എത്തിക്കാന്‍ പോന്നതാണ് മന്നാര്‍ എന്ന ലഹരിവസ്തു.

കേസ് പരിഗണിക്കുന്ന പഠാന്‍കോട്ടിലെ ജില്ലാ–സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. 2018 ജനുവരി 17നാണു കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്ന മാന്നു തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു.

നാലു ലക്ഷം രൂപ വാങ്ങി തെളിവുകള്‍ നശിപ്പിച്ചതിന്റെ പേരില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിനും എസ്‌ഐ ആനന്ദ് ദത്തയ്ക്കും എതിരെ കേസെടുത്തിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top