Flash News

ചംക്രമണ സംഗീതം (കവിത)

June 25, 2018 , ജയന്‍ വര്‍ഗീസ്

chamkramana banner1സിംഹാസനങ്ങള്‍ ഞാന്‍
വെട്ടിപ്പിടിക്കുമായിരുന്നു ;
എന്നും അതിലിരിക്കാനെന്‍ നട്ടെല്ല്
വളയാതിരുന്നെങ്കില്‍ ?

കൊട്ടാരങ്ങള്‍ ഞാന്‍
കെട്ടിപ്പൊക്കുമായിരുന്നൂ ;
അതില്‍ പാര്‍ക്കുമെന്‍ കാല
മവസ്സാനിക്കാതിരുന്നെങ്കില്‍ ?

ആരുടെയാവകാശവും ഞാ
നപഹരിക്കുമായിരുന്നൂ ;
അതനുഭവിക്കാനെന്നുമെന്‍
സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ?

മിനുത്ത തൊലിയുടെ
കൊഴുത്ത മടക്കുകളില്‍
ഞാനെന്റെ സ്വപ്നം ഇറ്റിക്കുമായിരുന്നൂ ;
എന്നുമതതുപോലെ മിനുത്തിരുന്നെങ്കില്‍ ?

മണ്ണും, ജലവും, വായുവും, അഗ്‌നിയും
എന്റേതെന്നു ഞാന്‍ പറയുമായിരുന്നൂ ;
എന്നെന്നു, മവയോടൊപ്പം
ഞാനുണ്ടായിരുന്നെങ്കില്‍ ?

നിലാവും, നിഴലും, കാറ്റും, കുളിരും
എനിക്ക് വേണ്ടിയെന്നറിയുമായിരുന്നൂ ഞാന്‍ ;
എനിക്ക് ശേഷവുമവക
ളില്ലായിരുന്നെങ്കില്‍ ?

എനിക്ക് വേണ്ടി മാത്ര
മൊന്നുമില്ലെന്നറിയുന്നു ഞാന്‍ !
അവയ്ക്കു വേണ്ടിയുള്ളതാണ്,
ഞാനെന്ന പോലെ ?

എന്റെ ബുദ്ധി, സ്വത്തു, ശക്തി
യെല്ലാം ഞാന്‍ തരാം ;
എന്റെ നരയും, ജരയുമൊന്നു
തിരിച്ചെടുക്കുകില്‍ ?

എന്റേതെന്നു നിങ്ങള്‍ പറയുന്ന
തെന്തും ഞാന്‍ തരാം ;
എന്റെയായുഷ്ക്കാല, മൊരു ചാണ്‍
നീട്ടിത്തരുമെങ്കില്‍ ?

വിതച്ച വിത്തില്‍ നിന്നുമത്രേ
മുളച്ചു വന്നൂ ഞാന്‍ !
വിതയ്ക്കയാണ്, നശിച്ചു വീണ്ടും
മുളച്ചുയര്‍ന്നിടാന്‍ ?

ഉദിക്കയാണ് കാലം നാളെ
യുയര്‍ന്നു പൊങ്ങിടാന്‍ ;
ഇരുട്ടിനെന്തു സ്ഥാനം മണ്ണില്‍
മരിക്കയല്ലാതെ ….??


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top