Flash News

ഡൊണാള്‍ഡ് ട്രംപും അനധികൃത കുടിയേറ്റ പ്രശ്‌നങ്ങളും

June 27, 2018 , ജോസഫ് പടന്നമാക്കല്‍

TRUMPUM KUDIYETAVUM Banner-1അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി കടന്നുള്ള കുടിയേറ്റ ലംഘനങ്ങള്‍ രാജ്യത്തിനുള്ളില്‍ എന്നുമുണ്ടായിരുന്ന പ്രശ്‌നങ്ങളായിരുന്നു. ‘അനധികൃത കുടിയേറ്റക്കാര്‍ രാഷ്ട്രത്തിനു യാതൊരു ഭീക്ഷണിയുമില്ലെന്നു സെനറ്റിലെയും കോണ്‍ഗ്രസ്സിലെയും ചില നേതാക്കന്മാര്‍ വിശ്വസിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യരല്ല. ജീവിക്കാന്‍ വേണ്ടിയുള്ള മത്സരയോട്ടത്തില്‍ അവര്‍ ഈ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥിതിയോട് ഒത്തുചേര്‍ന്നു ജീവിതം മെച്ചമാക്കാന്‍ ഇവിടെയെത്തി. കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുമുമ്പ് അവരെപ്പറ്റിയുള്ള മാനുഷിക പരിഗണനകളും കണക്കാക്കേണ്ടതുണ്ട്. നിയമാനുസൃതമല്ലാതെ കുടിയേറിയതിന്റെ പേരില്‍ അവരാരും കുറ്റവാളികളല്ല. എം.എസ് 13- എന്ന ഭീകര ഗ്രുപ്പിലെ അംഗങ്ങളുമല്ല.

padanna3_InPixio

Joseph Padannamakkal

അമേരിക്കന്‍ ഐക്യനാടുകളും മെക്‌സിക്കോയും തമ്മിലുള്ള അതിരുകള്‍ ഏകദേശം 1951 മൈലുകളോളം ഉണ്ട്. കാലിഫോര്‍ണിയാ മുതല്‍ ടെക്സാസ് വരെ അതിരുകള്‍ വ്യാപിച്ചുകിടക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനധികൃതര്‍ കടന്നുകൂടുന്ന അന്തര്‍ ദേശീയ അതിരാണത്. ഓരോ വര്‍ഷവും കുറഞ്ഞത് എട്ടു ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ അതിരുകള്‍ കടക്കാറുണ്ട്. അവരില്‍ മയക്കുമരുന്നു കച്ചവടക്കാര്‍, നീന്തി കടക്കുന്നവര്‍, സുരക്ഷിതാ സേന ഇല്ലാത്ത പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറുന്നവര്‍, തെറ്റായ ഡോക്കുമെന്റുകള്‍ തയാറാക്കിയവര്‍, വിസായുടെ കാലാവധി കഴിഞ്ഞിട്ട് പോവാത്തവര്‍, എന്നിങ്ങനെയുള്ള എല്ലാ ക്യാറ്റഗറിയിലും ഉള്‍പ്പെട്ടവരുണ്ട്.

സ്ത്രീകളെയും കുഞ്ഞുങ്ങളെയും പാതിരാത്രി അറസ്റ്റു ചെയ്യുകയും അവരെ രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്യുന്നത് ദയനീയമാണ്. മനുഷ്യത്വരഹിതവുമാണ്. എന്നാല്‍ അത് രാജ്യത്തെ സംബന്ധിച്ച് ആവശ്യവുമായി വരുന്നു. ചിലപ്പോള്‍ നിയമപരമായി താമസിക്കുന്നവരെയും തെറ്റുപറ്റി അറസ്റ്റ് ചെയ്യാറുണ്ട്. കൂട്ടത്തോടെ അറസ്റ്റ് ചെയ്തു രാജ്യത്തില്‍നിന്നും പുറത്താക്കുന്ന കാരണം ഇവിടെ സാമ്പത്തിക പ്രശ്‌നവും അരാജകത്വവും ഉടലെടുക്കുന്നു.

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ കുടുംബത്തില്‍ നിന്നു വേര്‍പെടുത്തുന്നത് നിന്ദ്യവും ക്രൂരവുമാണെന്നു പ്രഥമ വനിത മെലാനിയായും ബാര്‍ബറാ ബുഷും പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ ശക്തിയേറിയ നയങ്ങളെ ഒരു പ്രഥമ വനിത എതിര്‍ക്കുന്നതും രാജ്യത്തിലെ ചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളില്‍ ഒന്നാണ്. സര്‍ക്കാരിന്റെ നയപരിപാടികളനുസരിച്ച് കുട്ടികളെ വേര്‍പെടുത്തുന്നതു യുദ്ധകാലങ്ങളിലെ കുടുംബമില്ലാതെ ജീവിക്കുന്ന പട്ടാള ക്യാംപിലുള്ളവര്‍ക്കു തുല്യമാണ്. കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് യു.എന്‍. മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രണ്ടായിരത്തില്‍പ്പരം കുട്ടികളെ സുരക്ഷിതാ സേനകള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സാഹചര്യങ്ങളില്‍ക്കൂടിയാണ് നാമിന്ന് കടന്നുപോകുന്നത്. ഏതായാലും കുട്ടികളെ വേര്‍പെടുത്താനുള്ള വിവാദപരമായ നിയമത്തില്‍ നിന്ന് ട്രംപ് പിന്മാറി. അധാര്‍മ്മികമായ ഈ നിയമത്തില്‍ നിന്നു ട്രംപ് പിന്മാറാന്‍ തീരുമാനിച്ചത്, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പുകള്‍കൊണ്ടായിരുന്നു.

a2മാതാപിതാക്കള്‍ അനധികൃത കുടിയേറ്റം മൂലം സുരക്ഷിതാ സേനകളുടെ കസ്റ്റഡിയിലായിരിക്കെ മക്കളെ സംരക്ഷണ കേന്ദ്രത്തില്‍ ആക്കണമെന്നായിരുന്നു ട്രംപിന്റെ നിയമം. അനധികൃതമായി എത്തുന്ന മാതാപിതാക്കള്‍ നിയമ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അവരുടെ കുട്ടികളെ തങ്ങളില്‍നിന്നും മാറ്റി പാര്‍പ്പിക്കുന്ന വ്യവസ്ഥകളായിരുന്നു നിയമത്തിലുണ്ടായിരുന്നത്. നിയമാനുസൃതമല്ലാതെ രാജ്യത്തു പ്രവേശിക്കുന്ന മാതാപിതാക്കളെയും കുട്ടികളെയും ഒന്നിച്ചു നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി. മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അകറ്റുന്ന സ്ഥിതിവിശേഷം ഹൃദയമുള്ള ഒരാള്‍ക്കും കണ്ടുനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. ‘അതിര്‍ത്തിയുടെ സുരക്ഷയോടൊപ്പം കുടിയേറ്റക്കാരുടെ മക്കളെ അവരുടെ വികാരം മാനിച്ച് ഒന്നിച്ചു നില്‍ക്കാനും അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങള്‍ കരയുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി പ്രചരിച്ചിരുന്നു.

അമേരിക്കന്‍ ജനതകളുടെയിടയിലും സെനറ്റിലും കോണ്‍ഗ്രസിലും ട്രംപിന്റെ കുടിയേറ്റ നിയമ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളും ചൂടുപിടിച്ച വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കു പൗരാവകാശം കൊടുക്കുന്നതു മുതല്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുകയും രാജ്യത്തു നിന്ന് അവരെ പുറത്താക്കല്‍വരെയുമുള്ള നടപടിക്രമങ്ങള്‍ വരെയും ചര്‍ച്ചാ വിഷയങ്ങളായിരുന്നു. കൂടാതെ അതിര്‍ത്തിയില്‍ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാനും മാര്‍ഗങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ പൊന്തിവന്ന നിര്‍ദേശങ്ങളൊന്നും പ്രായോഗികമായി നടപ്പാക്കാന്‍ എളുപ്പമായിരുന്നില്ല. അതിര്‍ത്തിയില്‍ കൂടുതലായി സെക്യൂരിറ്റി ഫോഴ്‌സിനെ നിയമിക്കേണ്ടി വന്നാല്‍ രാജ്യത്തിനെ സംബന്ധിച്ച് അത് സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കാനെ ഉപകരിക്കൂ. വിദ്യാഭ്യാസവും തൊഴില്‍ പരിചയവുമുള്ളവര്‍ ഈ രാജ്യത്ത് കടന്നുവന്നാല്‍ രാജ്യത്തിന്റെ വ്യവസായ പുരോഗതിക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും പ്രയോജനപ്പെടും. എന്നാല്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്ന് വന്നു ചേരുന്നവര്‍ ഇവിടെ വന്നാലും ജീവിക്കാന്‍ വേണ്ടി അലയേണ്ടി വരും. കാര്യമായ തൊഴിലുകളൊന്നും നേടാന്‍ സാധിക്കില്ല. അവര്‍ രാജ്യത്തിനു ബാധ്യതയായിരിക്കും. അതുകൊണ്ടാണ് അതിര്‍ത്തികള്‍ ശക്തമായി അടച്ചിടണമെന്നു ട്രംപ് ഭരണകൂടം വാദിക്കുന്നത്.

AP_18175801696330-1529928993-e1529929092407ട്രംപ് പറഞ്ഞു, ‘അമേരിക്കയുടെ തെക്കേഭാഗം സുരക്ഷിതത്വത്തിനുവേണ്ടി അടച്ചിടേണ്ടതായുണ്ട്. ഡെമോക്രാറ്റുകള്‍ അനധികൃത കുടിയേറ്റക്കാരെപ്പറ്റി വ്യാജ കഥകള്‍ പ്രചരിപ്പിക്കുന്നു. അനധികൃത കുടിയേറ്റക്കാരുടെ ദുഃഖങ്ങളേയും കഷ്ടപ്പാടുകളെയും വിവരിച്ചുകൊണ്ട് വിലപിക്കുന്നു. എന്നാല്‍ ഈ രാജ്യം അതിര്‍ത്തി കടന്നു വരുന്ന നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരുടെ അധീനതയില്‍ അകപ്പെടുവാന്‍ അനുവദിക്കില്ല. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി തന്റെ പ്രതിയോഗികള്‍ കുടിയേറ്റ പ്രശ്‌നങ്ങളെ മുതലെടുക്കുന്നു. നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം കോടിക്കണക്കിന് കുടിയേറ്റക്കാര്‍ നിയമം ലംഘിച്ച് ഈ രാജ്യത്തിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും. അത് സംഭവിക്കാന്‍ നാം അനുവദിക്കില്ല.’

AQMERICA-CHILDഒരു രാജ്യത്തിന് അതിരുകളില്ലെങ്കില്‍ ആ രാജ്യത്തെ രാഷ്ട്രമെന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ‘ഭിത്തി’ പണിയണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതിന്റെ ചെലവ് മെക്‌സിക്കോ വഹിക്കണമെന്നും നിര്‍ദേശിക്കുന്നു. മെക്‌സിക്കോയില്‍ നിന്നു വരുന്നവര്‍ക്ക് വിസാ ഫീസും വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. ബോര്‍ഡര്‍ കടക്കുന്നതിന് ഫീസും ഈടാക്കും. അതേ സമയം മെക്‌സിക്കോക്കാര്‍ പണം നല്‍കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അത് പാഴാണെന്ന് മെക്‌സിക്കോ ചിന്തിക്കുന്നു. അങ്ങനെ വരുന്നുവെങ്കില്‍ വാണിജ്യ രംഗത്ത് ഏറ്റവും നഷ്ടം സംഭവിക്കുന്നത് അമേരിക്കക്കായിരിക്കുമെന്നും മെക്‌സിക്കോ കരുതുന്നു.

ട്രംപ് പറഞ്ഞു, ‘യൂണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് നുഴഞ്ഞു കയറുന്നവരെ യാതൊരു കുറ്റ വിസ്താരവും നടത്താതെ അവര്‍ പുറപ്പെട്ട രാജ്യത്തേയ്ക്ക് പറഞ്ഞു വീടും. രാജ്യം ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന അക്രമികളെപ്പോലെ അവരെയും കരുതും. രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ അതിര്‍ത്തി ബന്ധനവും ആവശ്യമാണ്. ഇവിടെ കുടിയേറ്റങ്ങള്‍ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കും ശമനമുണ്ടാക്കണം.’ പ്രസിഡണ്ടിന്റെ അഭിപ്രായങ്ങള്‍ നിയമ വിരുദ്ധമായി പലരും കണക്കാക്കുന്നു. അമേരിക്കന്‍ ഭരണഘടനയുടെ ലംഘനവുമായി കരുതുന്നു. ഭരണഘടന പൗരന്മാര്‍ക്കും പൗരന്മാരല്ലാത്തവര്‍ക്കും ഒരേ നിയമമാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. ‘നൂറു മൈലിനുള്ളില്‍ ഒരു കുടിയേറ്റക്കാരനെ കണ്ടുമുട്ടിയാല്‍, വന്നിട്ട് പതിനാലു ദിവസത്തിനു താഴെയെങ്കില്‍ ഉടന്‍ തന്നെ ഡീപോര്‍ട്ട് ചെയ്യണമെന്നാണ്’ ട്രംപ് പറയുന്നത്’

aഅനധികൃതമായി കുടിയേറിയവര്‍ക്ക് പൗരത്വം കൊടുക്കണമെങ്കിലും പല കടമ്പകളും കടക്കേണ്ടതായുണ്ട്. നിയമം തെറ്റിച്ച് താമസിക്കുന്നവരായ ഇവര്‍ക്ക് പൗരത്വം ലഭിക്കാന്‍ അമേരിക്കന്‍ നിയമം അനുവദിക്കുന്നില്ല. അവര്‍ക്ക് സമാധാനമായി ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ധൈര്യപൂര്‍വം മുമ്പോട്ട് വരേണ്ടതായുണ്ട്. അവരുടെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റി അന്വേഷണം നേരിടണം. നികുതി കൊടുത്തിട്ടില്ലെങ്കില്‍ പിഴ സഹിതം കൊടുക്കേണ്ടി വരുന്നു. ഇംഗ്ലീഷ് ഭാഷയ്ക്ക് പരിജ്ഞാനം ഉണ്ടായിരിക്കണം. അമേരിക്കന്‍ പൗരാവകാശങ്ങളെപ്പറ്റി അറിവുണ്ടായിരിക്കണം. സര്‍ക്കാരിന്റ സഹായം കൂടാതെ അവരുടെ കുടുംബത്തെ പോറ്റാനുള്ള കഴിവുണ്ടായിരിക്കണം. കള്ളന്മാരും മയക്കുമരുന്നുവ്യാപാരികളും ഭീകര ഗ്രുപ്പിലുള്ളവരും ലൈംഗിക കുറ്റവാളികളും പൗരത്വം നേടാന്‍ അര്‍ഹരല്ല. പൗരത്വം ലഭിക്കണമെങ്കില്‍ ഇവര്‍ക്കെല്ലാം വരുമാനമുണ്ടായിരിക്കണം. അതിനുള്ള ടെസ്റ്റുകള്‍ പാസായാല്‍ പൗരത്വം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഏകദേശം പതിനൊന്നു മില്യണിലധികം നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാര്‍ ഈ രാജ്യത്തുണ്ട്. അമേരിക്കയില്‍ കുടുംബമായി താമസിക്കുന്ന ഇവരെ രാജ്യത്തുനിന്നു പുറത്താക്കുന്നത് മനുഷ്യത്വമല്ലെന്നാണ് ഒരു വാദം. ഈ കുടിയേറ്റക്കാരെ നിയമാനുസൃതമാക്കണമെന്നും അവര്‍ക്ക് പൗരത്വം നല്‍കണമെന്നും സെനറ്റിലും കോണ്‍ഗ്രസിലും ശക്തമായ വാദങ്ങളുയരുന്നുണ്ട്. അവരെ നിയമാനുസൃതമാക്കുന്നുവെങ്കില്‍ അത് ദേശീയ സുരക്ഷിതയ്ക്കും സഹായകമാകും. അവരുടെ കഴിവുകള്‍ ഈ രാജ്യത്ത് അര്‍പ്പിക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലകളും അഭിവൃദ്ധി പ്രാപിക്കും. വ്യത്യസ്തമായ സംസ്‌കാരങ്ങളില്‍ മെച്ചമായ ഒരു അമേരിക്കയെയും സൃഷ്ടിക്കാന്‍ സാധിക്കും.

a1കുടിയേറ്റം നിയമാനുസൃതമാക്കിയാല്‍, കുടിയേറ്റക്കാര്‍ക്ക് പൗരത്വം കൊടുത്താല്‍, സമ്പത് വ്യവസ്ഥിതി വര്‍ദ്ധിക്കുമെങ്കിലും ഉത്ഭാദനം വര്‍ദ്ധിക്കുമെങ്കിലും തൊഴില്‍ വേതനം കൂടുവാന്‍ കാരണമാകും. നിലവിലുള്ള അനധികൃതരെ കുടിയേറ്റം അനുവദിച്ചാല്‍ 850 ബില്യന്‍ ഡോളര്‍ പത്തുകൊല്ലം കൊണ്ട് നേടുമെന്നും കണക്കുകള്‍ പറയുന്നു. ഒന്നേകാല്‍ ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സാധിക്കുന്നു. നികുതി വരുമാനം 110 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിക്കുമെന്നാണ് കണക്ക്. പത്തുവര്‍ഷം കൊണ്ട് ഒന്നര ട്രില്ലിയന്‍ ഡോളര്‍ ജി.ഡി.പി യും വര്‍ദ്ധിക്കും.

അനധികൃത കുടിയേറ്റക്കാര്‍ പൊതുവെ തൊഴില്‍ നൈപുണ്യമുള്ളവരല്ലെങ്കിലും അവരില്‍ ധാരാളം വൈദഗ്ദ്ധ്യം നേടിയവരുമുണ്ട്. മാനേജ്മെന്റിലും സാമ്പത്തിക മേഖലകളിലും പ്രൊഫഷണല്‍ തൊഴിലിലും ഏര്‍പ്പെടുന്നവരുമുണ്ട്. അവരെ തൊഴിലില്‍ നിന്നും പിരിച്ചു വിടുമ്പോള്‍ അത് ബാധിക്കുന്നത് തൊഴില്‍ മേഖലകളെയും ബിസിനസുകാരെയുമായിരിക്കും. അമേരിക്കയുടെ തൊഴില്‍ മേഖലകളിലെ മൊത്തം തൊഴില്‍ ചെയ്യുന്നവരുടെ ആറു ശതമാനമടുത്ത് അനധികൃത തൊഴിലാളികളുണ്ട്. ഭൂരിഭാഗവും ശരിയായ രേഖകള്‍ കൈവശമില്ലാത്തവരാണ്. തൊഴിലില്ലായ്മ കുറഞ്ഞ സ്ഥിതിക്ക് പൗരന്മാരില്‍നിന്നും അനുയോജ്യമായ തൊഴിലാളികളെ കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടാണ്. അങ്ങനെയുളള സാഹചര്യങ്ങളില്‍ തൊഴില്‍ മേഖലകളില്‍ നിയമാനുസൃതമല്ലാതെ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരാകുന്നു.

a2 (1)അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തിനു പ്രയോജനപ്രദമെന്നു കാണാന്‍ സാധിക്കുന്നു. സാധാരണ അനധികൃത തൊഴിലാളികളെ തൊഴിലിനേര്‍പ്പെടുത്തിയാല്‍ ഉടമകള്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകും. മിനിമം വേതനത്തെക്കാളും കുറഞ്ഞ നിരക്കില്‍ ഇവരെ ജോലിക്കു നിയോഗിക്കുന്നു. അത് അമേരിക്കന്‍ വ്യവസായത്തിന് സഹായകമാണ്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭിക്കുന്നു. വ്യവസായങ്ങള്‍ വളരുന്നതോടെ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയും വളര്‍ന്നുകൊണ്ടിരിക്കും. അതുമൂലം തൊഴിലവസരങ്ങളും വര്‍ദ്ധിക്കും. നികുതി വര്‍ദ്ധനവുണ്ടായി വരുമാനവും വര്‍ദ്ധിക്കും. ഇരു രാഷ്ട്രങ്ങളും തമ്മില്‍ രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ചാല്‍ അവിടെ സമാധാനാന്തരീക്ഷവും സൃഷ്ടിക്കാന്‍ സാധിക്കുന്നു. മനുഷ്യക്കടത്ത്, മയക്കു മരുന്നു വ്യാപാരം എന്നിവകള്‍ക്കു പരിഹാരമാകും. പലവിധ രോഗങ്ങളും ഇവര്‍ മെക്‌സിക്കോയില്‍ നിന്നും കൊണ്ടുവരുന്നുണ്ട്. അവരെ നിയമപരമായി താമസിക്കാന്‍ അനുവദിക്കുമെങ്കില്‍ രോഗ നിവാരണങ്ങള്‍ക്കും ശ്രമങ്ങളാരംഭിക്കാനും സാധിക്കുന്നു.

നിയമാനുസൃതമായി താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കു അനധികൃത കുടിയേറ്റക്കാര്‍! സാമ്പത്തിക ഭാരം നല്‍കുമെന്നാണ് ഒരു വാദം. കൂടുതല്‍ നിയമ പാലകരെയും പോലീസുകാരെയും അനധികൃത കുടിയേറ്റമൂലം നിയമിക്കേണ്ടി വരുന്നു. അത് സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരം സൃഷ്ടിക്കും. എന്നാല്‍ അത്തരക്കാരായ തൊഴിലാളികള്‍ക്കു കുറഞ്ഞ വേതനം കൊടുക്കുന്നു. പലര്‍ക്കും നിയമാനുസൃതമായ ജോലിക്കുള്ള കൂലിപോലും ലഭിക്കാറില്ല.

a5സാധാരണ കുടിയേറ്റക്കാര്‍ക്ക് വലിയ കുടുംബവുമുണ്ടായിരിക്കും. അത് വിദ്യാഭ്യാസ നിലവാരത്തെയും ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റിനെയും ബാധിക്കും. നികുതി ദായകര്‍ കൂടുതല്‍ നികുതിയും നല്‍കേണ്ടി വരുന്നു. എങ്കിലും അത്തരം വാദഗതികളില്‍ നീതികരണമുണ്ടെന്ന് തോന്നുന്നില്ല. ശരിയായ ഡോക്കുമെന്റുകള്‍ ഇല്ലാത്തവര്‍ക്കും തൊഴില്‍ വേതനത്തില്‍ നിന്ന് നികുതി കൊടുത്തേ മതിയാകൂ. ദേശീയ തലത്തില്‍ സ്റ്റേറ്റുകളുടെ നികുതി വരുമാനത്തില്‍ എട്ടു ശതമാനം ഡോകുമെന്റില്ലാതെ ജോലി ചെയ്യുന്നവരില്‍നിന്നു ലഭിക്കുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

ബോസ്റ്റണ്‍-മാരത്തോണ്‍ ബോംബിങ്ങും അനധികൃത കുടിയേറ്റവുമായും ബന്ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ കര്‍ശനമായ നിയന്ത്രണമില്ലാത്തതുകൊണ്ടും നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കുന്നതുകൊണ്ടും മയക്കു മരുന്നു ലോബികളും അല്‍ക്കാടാ ഭീകരരും രാജ്യത്ത് താമസിക്കുന്നു. ഇത് ഇന്ന് ദേശീയ പ്രശ്‌നവുമായും കണക്കാക്കുന്നു. വാസ്തവത്തില്‍ ഭീകരരുടെ വരവിന് അമേരിക്കയുടെ തെക്കേ അതിര്‍ത്തി കാരണമല്ലെന്നുള്ളതാണ് സത്യം. ഇന്നുവരെ പിടിക്കപ്പെട്ട ഭീകരന്മാര്‍ എല്ലാവരും തന്നെ ഓരോ കാലത്ത് നിയമാനുസൃതമായി ഈ രാജ്യത്ത് കുടിയേറിയവരാണ്. അല്ലെങ്കില്‍ വിദ്യാര്‍ത്ഥി വിസയിലോ ടൂറിസ്റ്റായോ വന്നവരാണ്. വിസാ കാലാവധി കഴിഞ്ഞവരില്‍ ചിലര്‍ നിയമ വിരുദ്ധമായി താമസിക്കുന്നുണ്ടാകാം. അതും അതിര്‍ത്തി കടന്നുവരുന്ന കുടിയേറ്റക്കാരുമായി സാമ്യപ്പെടുത്താന്‍ സാധിക്കില്ല.

a7കുടിയേറ്റം രാജ്യത്തിന്റെ ഇക്കണോമിയെയും ബാധിക്കുമെന്നാണ് വാദം. തൊഴിലാളികളുടെ സപ്ലൈ കൂടുമ്പോള്‍ തൊഴില്‍ വേതനവും കുറയും. അവരെ ജോലിക്കെടുക്കുന്ന മുതലാളിമാര്‍ തൊഴിലാളികളെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യിപ്പിക്കും. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അത് രാജ്യത്തിലെ താണ ജോലിക്കാരെയും വിദഗ്ദ്ധ ജോലിക്കാരെയും ഒന്നുപോലെ ബാധിക്കുന്നുവെന്ന് കരുതുന്നു. അതുമൂലം സഹിക്കേണ്ടി വരുന്നത് കറുത്തവരും ഹിസ്പ്പാനിക്ക് സമൂഹങ്ങളില്‍പ്പെട്ടവരുമായിരിക്കും. അമേരിക്കയിലെ തെക്കുള്ള കമ്പനികളില്‍ ഇമ്മിഗ്രെഷന്‍കാരുടെ റെയ്ഡ് മൂലം 75 ശതമാനം തൊഴിലാളികളെ വരെ നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ പിന്നീട് പത്രത്തില്‍ പരസ്യം ചെയ്തു കൂടുതല്‍ വേതനം കൊടുത്ത് തൊഴിലാളികളെ ജോലിക്കെടുക്കേണ്ടി വരുന്നു.

തൊഴിലാളികളുടെ എണ്ണം അനധികൃത കുടിയേറ്റം മൂലം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും നിയമാനുസൃതമായവരുടെ വരുമാനം കുറയുന്നുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രത്തിന്റെ മറുവശവുംകൂടി ചിന്തിക്കണം. കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ വരുമ്പോള്‍ അവര്‍ അപ്പാര്‍ട്ടുമെന്റുകള്‍ വാടകയ്ക്കെടുക്കും. ഭക്ഷണം കഴിക്കല്‍, തലമുടി വെട്ടല്‍, സെല്‍ ഫോണ്‍ മേടിക്കല്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ കൂടും. അങ്ങനെ വ്യവസായ സാമ്രാജ്യം വലുതാവുകയും രാജ്യം സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും. കുടിയേറ്റക്കാര്‍ ജോലികള്‍ തട്ടിയെടുക്കുമ്പോള്‍ സ്‌കൂളിലും കോളേജില്‍ നിന്നും പാസായി വരുന്ന യുവതി യുവാക്കള്‍ക്ക് ജോലി ലഭിക്കാതെ വരുമെന്നാണ് മറ്റൊരു ചിന്താഗതി. ഇക്കണോമി വളരുന്നതുകൊണ്ടു പുതിയതായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നുവെന്നതും വസ്തുതയാണ്.

a1 (1)ലോസ് ഏഞ്ചല്‍സിലും തെക്കുള്ള ചില സംസ്ഥാനങ്ങളിലും 75 ശതമാനം കുറ്റവാളികള്‍ അനധികൃത കുടിയേറ്റക്കാരെന്നും ആരോപിക്കുന്നു. 1990 മുതല്‍ ശരിയായ കണക്കുകള്‍ എഫ്.ബി.ഐ. രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികളുടെ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിമൂന്നു ശതമാനം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷം കൊണ്ട് അനധികൃതരായവര്‍ മൂന്നിരട്ടി വര്‍ധിച്ചു. മൂന്നര മില്യണ്‍ അനധികൃത കുടിയേറ്റക്കാരില്‍നിന്ന് പതിനൊന്നര മില്യനായി. ഇതേ സമയം കുറ്റവാളികളുടെ എണ്ണം 48 ശതമാനം കുറഞ്ഞുവെന്നാണ് എഫ്.ബി.ഐ. പറയുന്നത്. പിടിച്ചുപറി, ദേഹോപദ്രവം, ഭവന കൊള്ള, ബലാല്‍ സംഗം, കൊലപാതകങ്ങള്‍ മുതലായ കുറ്റകൃത്യങ്ങളെല്ലാം ഗണ്യമായി കുറഞ്ഞു.

നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരില്‍ 57 ശതമാനം മെക്‌സിക്കോക്കാരാണ്. തൊഴില്‍ വേതനം കുറച്ചുകൊടുത്തുകൊണ്ട് മുതലാളിമാര്‍ അവരെക്കൊണ്ടു പണിയെടുപ്പിക്കുന്നു. അങ്ങനെ അമേരിക്കന്‍ വ്യവസായ വളര്‍ച്ചക്ക് അനധികൃത കുടിയേറ്റക്കാരായ തൊഴിലാളികള്‍ സഹായകമാകുന്നു. എങ്കിലും അമേരിക്കന്‍ പട്ടണങ്ങളില്‍ അവര്‍ മൂലം ജനസംഖ്യ വര്‍ദ്ധിക്കുകയും പല പട്ടണങ്ങളിലും അവര്‍ തിങ്ങി പാര്‍ക്കുകയും ചെയ്യുന്നു. കൂടുതലും ദരിദ്രരായതുകൊണ്ട് സാമൂഹിക സേവനത്തിനും തടസങ്ങള്‍ നേരിടുന്നു. അതുമൂലം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രമല്ല മെക്‌സിക്കോയില്‍ നിന്ന് നിയമാനുസൃതമായി വന്നവരും ബുദ്ധിമുട്ടുകളനുഭവിക്കുന്നു.

നിയമ വിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാര്‍ അമേരിക്കയുടെ ഹോസ്പിറ്റലുകളും സ്‌കൂളുകളും സൗജന്യമായി പ്രയോജനപ്പെടുത്താറുണ്ട്. നികുതി കൊടുക്കാതെയാണ് ഈ സൗകര്യങ്ങളൊക്കെ അവര്‍ പ്രയോജനപ്പെടുത്തുന്നത്. നിയമ വിരുദ്ധരായവരെ രാജ്യത്തുനിന്നു പുറത്താക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് പൗരത്വം കൊടുക്കുകയോ ചെയ്താല്‍ അത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നു കരുതുന്നു. അനധികൃത കുടിയേറ്റക്കാര്‍! രാജ്യത്തിനുള്ളിലെ കുറ്റവാളികള്‍ക്കു ബലിയാടായാലും അവര്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. കാരണം അവരെ രാജ്യത്തുനിന്നും പുറത്താക്കുമെന്നു ഭയപ്പെടുന്നു. അതുപോലെ ഡോക്കുമെന്റില്ലാത്ത ക്രിമിനലുകളെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടായിരിക്കും. കുടിയേറ്റക്കാരെ പുറത്താക്കുന്നവഴി പ്രകടനങ്ങള്‍, പ്രതിക്ഷേധ ജാഥകള്‍, മറ്റു സര്‍ക്കാര്‍ പ്രവര്‍ത്തന തടസങ്ങള്‍ സംജാതമാവുന്നു. ഇതുമൂലം സാമൂഹിക അശാന്തിയുമുണ്ടാവുന്നു.

1023440038നിലവിലുള്ള അനധികൃതര്‍ക്ക് പൗരത്വം കൊടുത്തുകൊണ്ട് അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷിത സേനയെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. അവര്‍ക്ക് പൗരാവകാശം കിട്ടുന്നവരെ രാജ്യത്ത് താമസിക്കാനും സാധിക്കും. അങ്ങനെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന ഭയമില്ലാതെ ജോലി ചെയ്തു ജീവിക്കാനും അനധികൃത കുടിയേറ്റക്കാര്‍ക്ക് സാധിക്കുന്നു. താല്‍ക്കാലിക ജോലിക്കാരായി തുടരാനുള്ള ‘അതിഥി വിസ’ (‘ഗസ്റ്റ് വിസാ’) പ്രോഗ്രാമും ആലോചനയിലുണ്ടായിരുന്നു. അത്തരം വിസായുള്ളവര്‍ക്ക് തൊഴില്‍ ചെയ്യുന്നുണ്ടെന്ന് തെളിവുകള്‍ ഉള്ളടത്തോളം കാലം രാജ്യത്ത് താമസിക്കാന്‍ സാധിക്കുമായിരുന്നു.

മെക്‌സിക്കോയുടെ സാമ്പത്തിക മേഖലകളില്‍ (Economy) യുണൈറ്റഡ് സ്റ്റേറ്റ്‌സ് സഹായിച്ചാല്‍ മെക്‌സിക്കോയും സാമ്പത്തികമായി പുരോഗമിക്കും. അവിടെ പണം നിക്ഷേപിക്കുകയും അവരുടെ രാജ്യത്തെ വ്യവസായവല്‍ക്കരിക്കുകയും ചെയ്യുന്നുവെങ്കില്‍ മെക്‌സിക്കോയില്‍ നിന്നും ഇവിടെ അവസരങ്ങള്‍ തേടി വരുന്നവരുടെ എണ്ണം കുറയും. മെക്‌സിക്കന്‍ ഇക്കണോമി മെച്ചമായി കഴിയുമ്പോള്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനു മെക്‌സിക്കോക്കാര്‍ താല്‍പ്പര്യം കാണിക്കില്ല. നിയമപരമല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്നതുകൊണ്ട് സര്‍ക്കാരിന് നികുതിയിനത്തില്‍ വരുമാനവും വര്‍ദ്ധിക്കും. എല്ലാ അനധികൃത മെക്‌സിക്കോകാരെയും പുറത്തു ചാടിച്ചാല്‍ അമേരിക്കന്‍ ജോലികള്‍ അമേരിക്കക്കാര്‍ക്ക് മാത്രമാകും. അതുമൂലം വേതനം വര്‍ദ്ധിക്കുന്നതുകൊണ്ട് വിലപ്പെരുപ്പവുമുണ്ടാകാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top