Flash News

ലോക കപ്പ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ – ജൂണ്‍ 28

June 28, 2018

FIFA-World-Cup-2014-Bannerറഷ്യയിലെ കാല്‍പന്ത് തട്ടാന്‍ ആത്മവിശ്വാത്തോടെയാണ് ജര്‍മനി എത്തിയത്. നാല് തവണ ലോകകിരീടം ഉയര്‍ത്തിയ ഫുട്‌ബോള്‍ വമ്പന്മാര്‍,നിലവിലെ ലോക ചാംപ്യന്മാര്‍, യൂറോപ്പിന്റെ ഫുട്‌ബോള്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റിയവര്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടാണ് ജര്‍മനി നേടിയിരുന്നത്. എന്നാല്‍, പ്രതീക്ഷകളെല്ലാം തകര്‍ന്നടിയുകയായിരുന്നു.

Soccer Football - World Cup - Group F - South Korea vs Germany - Kazan Arena, Kazan, Russia - June 27, 2018 Germany's Mesut Ozil looks dejected after the match REUTERS/Michael Dalder

ലോകകിരീടം നിലനിര്‍ത്താനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലിറങ്ങിയ ജര്‍മനിയ്ക്ക് തുടക്കം മുതല്‍ പിഴക്കുകയായിരുന്നു. ആദ്യ റൗണ്ടില്‍ മെക്‌സിക്കോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ടു. സ്വീഡനോടുള്ള പോരാട്ടത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. അവസാനം ദുര്‍ബലരായ ദക്ഷിണ കൊറിയയോട് നാണംകെട്ട തോല്‍വി വഴങ്ങി ടൂര്‍ണമെന്റിന് പുറത്തേക്ക് പോകേണ്ടി വന്നു. ജര്‍മനിയുടെ പുറത്താകലിന്റെ മുഖ്യ കാരണക്കാര്‍ ജര്‍മനിയുടെ മധ്യനിരയാണ്. ടോണി ക്രൂസ് ഒരു പരിധിവരെ മികവിലേക്കുയര്‍ന്നെങ്കിലും മെസ്യൂത് ഓസിലിന്റെ ഫോം നിഴല്‍ മാത്രമായതാണ് ജര്‍മനിക്ക് തിരിച്ചടിയായത്.

ഇത് ടീമിന്റെ കളിയുടെ തന്ത്രങ്ങളെ മൊത്തം ബാധിച്ചു. ഇപ്പോള്‍ ഓസിലിനെതിരെ ആരാധകര്‍ക്കിടയില്‍ നിന്നും ഫുട്‌ബോള്‍ നിരീക്ഷകര്‍ക്കിടയില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മുന്‍ ജര്‍മന്‍ താരമായ മരിയോ ബാസ്‌ലറാണ് ഓസിലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്.’ഞാന്‍ എത്ര തവണ പറഞ്ഞിരിക്കുന്നു ഓവര്‍റേറ്റഡായ കളിക്കാരനാണ് ഓസില്‍. ചത്ത തവളയുടെ ശരീരഭാഷയാണ് അയാള്‍ക്ക് ‘ ബാസ്‌ലര്‍ വിമര്‍ശിച്ചു.

ആദ്യ മത്സരത്തില്‍ ഓസില്‍ പരാജയമായിരുന്നു. അതേസമയം, രണ്ടാമത്തെ സ്വീഡനെതിരായ മത്സരത്തില്‍ ഓസില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ആ മത്സരത്തില്‍ ജര്‍മനി ജയിക്കുകയും ചെയ്തു. ദക്ഷിണകൊറിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാനിറങ്ങിയ ജര്‍മന്‍ നിരയിലേക്ക് ഓസില്‍ വീണ്ടും മടങ്ങിയെത്തി. എന്നാല്‍, മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നാണംക്കെട്ട തോല്‍വി വഴങ്ങേണ്ടി വന്നു. ഇതോടെ 2014ലെ ജര്‍മനിയുടെ ഭാഗ്യതാരമായിരുന്ന ഓസില്‍ 2018ല്‍ ടീമിന്റെ അന്തകനായി മാറിയെന്നാണ് ഉയരുന്ന വിമര്‍ശനം. അതേസമയം, ഓസില്‍ മാത്രമല്ല. ജര്‍മന്‍ നിരയിലെ പലതാരങ്ങളും ഫോമിലേക്കുയരാത്തത് തിരിച്ചടിയായി എന്നാണ് പരിശീലകന്‍ ജോഷീം ലോ പറഞ്ഞത്.

jermany1

ആരാധകരോട് മാപ്പ് പറഞ്ഞ് ജര്‍മനി

ലോകകപ്പില്‍ ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങി ആരാധകരോട് മാപ്പുപറഞ്ഞ് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. തോല്‍വി സമ്മതിക്കുന്നതിനൊപ്പം ജര്‍മനി എതിരാളികളെ പ്രശംസിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് അസോസിയേഷന്റെ പ്രതികരണം.

jermany11‘പ്രിയപ്പെട്ട ആരാധകരേ, നിങ്ങളെ നിരാശപ്പെടുത്തിയതിന് മാപ്പ്. നിങ്ങളോട് നീതി പുലര്‍ത്താന്‍ ഞങ്ങള്‍ക്കായില്ല. നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ലോകകപ്പ് എത്തുന്നത്. അതിനായി ഞങ്ങള്‍ നന്നായി ഒരുങ്ങിയിരുന്നു. പക്ഷേ, ലോകചാംപ്യന്മാരുടെ നിലവാരത്തിനൊത്ത് ഞങ്ങള്‍ കളിച്ചില്ല. അതുകൊണ്ട്, ഈ പുറത്താകല്‍ ഞങ്ങള്‍ അര്‍ഹിക്കുന്നു. ജര്‍മനിയിലും സ്റ്റേഡിയത്തിലും നിങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി. 2014ല്‍ റിയോയില്‍ നമ്മളൊരുമിച്ചാണ് വിജയം ആഘോഷിച്ചത്. എന്നാല്‍ ഫുട്‌ബോളില്‍ തോല്‍വികള്‍ അംഗീകരിച്ചേ മതിയാകൂ, എതിരാളികള്‍ നമ്മളെക്കാള്‍ കേമന്മാരായിരുന്നെന്ന് സമ്മതിച്ചേ മതിയാകൂ.’

മത്സരശേഷം പോസ്റ്റ് ചെയ്ത പല ട്വീറ്റുകളില്‍ അസോസിയേഷന്‍ കുറിച്ചു. ‘സ്വീഡനും മെകിസ്‌ക്കോയ്ക്കും കൊറിയക്കും അഭിനന്ദനങ്ങള്‍. റഷ്യക്ക് നന്ദി.’ജര്‍മനി പുറത്തായതിന്റെ ഞെട്ടലും നിരാശയും കഴിഞ്ഞ ദിവസം തന്നെ അസോസിയേഷന്‍ ട്വിറ്ററിലൂടെ പ്രകടിപ്പിച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ജന്റീനയെ തോല്‍പ്പിച്ച് റിയോയില്‍ കപ്പുയര്‍ത്തിയ ജര്‍മനിയാണ് ഇത്തവണ ആദ്യറൗണ്ടില്‍ പുറത്തായത്.

ലോകചാംപ്യന്മാര്‍ക്കെതിരെ ദക്ഷിണ കൊറിയ അട്ടിമറി ജയം സ്വന്തമാക്കി. 2014 ലോകകപ്പിലെ ചാംപ്യന്മാരായ ജര്‍മനി കൊറിയയോട് രണ്ടു ഗോളിന് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇന്‍ജുറി ടൈമില്‍ കിം യോങ് ഗ്യോനിലൂടെ ആദ്യ ഗോള്‍ നേടിയ ദക്ഷിണ കൊറിയ നാലു മിനിറ്റുകള്‍ക്കു ശേഷം ഹ്യൂങ് മിന്‍ സണ്ണിലൂടെ രണ്ടാമത്തെ ഗോളും നേടി. മൂന്നു മല്‍സരങ്ങളില്‍ രണ്ടും തോറ്റ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായാണ് ജര്‍മനിയുടെ മടക്കം.

ഇതോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റ് വീതം നേടിയ സ്വീഡനും മെക്‌സിക്കോയും പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്വീഡന്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ മെക്‌സിക്കോ രണ്ടാം സ്ഥാനത്തെത്തി. ജര്‍മനിയെ വീഴ്ത്തിയ ദക്ഷിണകൊറിയ മൂന്നാം സ്ഥാനക്കാരായാണ് റഷ്യയില്‍ നിന്ന് മടങ്ങുന്നത്. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി തലതാഴ്ത്തിയാണ് ജര്‍മനിക്ക് മടങ്ങുന്നത്.

ഇത്രയും പ്രായമേറിയ ടീം ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യം; ഈ ടീമാണോ ഫ്രാന്‍സിനെ നേരിടുന്നത്‌ : വിമര്‍ശനവുമായി ബൂട്ടിയ

ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനയുടെ ഗ്രൂപ്പ്ഘട്ട പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈച്ചൂങ് ബൂട്ടിയ. അര്‍ജന്റീന ഒരു ടീമല്ലെന്നും കളിക്കാരുടെ ഒരു കൂട്ടം മാത്രമാണെന്നുമാണ് ബൂട്ടിയയുടെ വിമര്‍ശനം.

argentina-1‘ഗ്രൂപ്പ് ഘട്ടമത്സരങ്ങളിലെ മികച്ച പ്രകടനമാണ് മെസ്സി അവസാനമത്സരത്തില്‍ നൈജീരിയക്കെതിരെ പുറത്തെടുത്തത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ കണ്ട അര്‍ജന്റീനയായിരുന്നില്ല നൈജീരിയക്കെതിരെ. എന്നാല്‍ ഫ്രാന്‍സിനെതിരെ ഇതുപോര’, ബൂട്ടിയ പറയുന്നു.

‘കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒരു കൂട്ടം കളിക്കാരെ മാത്രമാണ് കളത്തില്‍ കണ്ടത്. ഇതുവരെ അര്‍ജന്റീന ഒരു ‘ടീം’ ആയി കളിച്ചിട്ടില്ല. ഇത്രയും പ്രായമേറിയ ടീം അര്‍ജന്റീനയുടെ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ്’ ബൂട്ടിയ കൂട്ടിച്ചേര്‍ത്തു.

‘മനസ്സെത്തുന്നിടത്ത് കാലുകള്‍ എത്താത്തതാണ് മഷറാനോയുടെ പ്രശ്‌നം. ഏയ്ഞ്ചല്‍ ഡി മരിയയും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. സെര്‍ജിയോ അഗ്യൂറോയുടെ സ്ഥാനത്ത് ഗോണ്‍സാലോ ഹിഗ്വെയ്‌നോ ഇറക്കിയതിന്റെ ഔചിത്യം ഇപ്പോഴും മനസ്സിലാകുന്നില്ല. സ്‌കോര്‍ ചെയ്യാമായിരുന്ന ഒരവസരം ഹിഗ്വെയ്ന്‍ പാഴാക്കുകയും ചെയ്തു’.

‘ഇതേ താരങ്ങള്‍ തന്നെയാണ് ഫ്രാന്‍സിനെതിരെയും ഇറങ്ങുകയെങ്കില്‍ കാര്യങ്ങള്‍ അര്‍ജന്റീനക്ക് പ്രതികൂലമാകും. അര്‍ജന്റീനയെക്കാള്‍ എന്തുകൊണ്ടും മികച്ച ടീമാണ് ഫ്രാന്‍സ്. യുവനിരയാണ് ടീമിന്റെ കരുത്ത്.

2014ലെ ബ്രസീല്‍ ടീം പോലെയാണ് ഇത്തവണത്തെ അര്‍ജന്റീന. കാര്യമായ അഴിച്ചുപണികള്‍ ടീമില്‍ കൂടിയേ തീരൂ ബൂട്ടിയ വ്യക്തമാക്കി. ജൂണ്‍ 30ന് വൈകിട്ട് 7.30നാണ് അര്‍ജന്റീന ഫ്രാന്‍സിനെ നേരിടുന്നത്.

അര്‍ജന്റീന-നൈജിരിയ മത്സരത്തില്‍ 14ാം മിനിറ്റിലാണ് മെസ്സി അര്‍ജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 51ാം മിനിറ്റില്‍ പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിക്ടര്‍ മോസസ് സൂപ്പര്‍ ഈഗിള്‍സിനെ ഒപ്പമെത്തിച്ചു. 86ാം മിനിറ്റിലായിരുന്നു റോഹോയുടെ വിജയഗോള്‍.

ആദ്യപകുതിയില്‍ അര്‍ജന്റീനയുടെ സമഗ്രാധിപത്യം. രണ്ടാം പകുതിയില്‍ മിന്നുന്ന പോരാട്ടം. അര്‍ജന്റീനയ്ക്ക് എല്ലാം ഭദ്രമെന്നു തോന്നിച്ച ഘട്ടത്തില്‍ ഹവിയര്‍ മഷരാനോയുടെ വലിയ പിഴവാണ് കളി നാടകീയമാക്കിയത്. കോര്‍ണര്‍ കിക്കിനിടെ അനാവശ്യമായ ഫൗളിലൂടെ മഷരാനോ വഴങ്ങിയ പെനല്‍റ്റി നൈജീരിയയ്ക്കു പിടിവള്ളിയായി. വിക്ടര്‍ മോസസിന്റെ ഗോളില്‍ സ്‌കോര്‍ 1-1.

വിജയികളുടെ ശരീരഭാഷയോടെ ആഞ്ഞടിച്ച അര്‍ജന്റീന, ആദ്യ രണ്ടു മല്‍സരങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒത്തിണക്കത്തോടെ മുന്നേറ്റങ്ങള്‍ കോര്‍ത്തിണക്കി. വലതു വിങ്ങില്‍നിന്ന് ഗബ്രിയേല്‍ മെര്‍ക്കാദോയുടെ ക്രോസില്‍ നിന്നു റോഹോ വിജയഗോള്‍ നേടിയതോടെ ഗാലറിയില്‍ ആരവവും തുടങ്ങി.

സെനഗലിനെ തകര്‍ത്ത് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍

സമാറ: സെനഗലിനെ തകര്‍ത്ത് കൊളംബി പ്രീ ക്വാര്‍ട്ടറില്‍. യെറി മിന നേടിയ ഏക ഗോളില്‍ സെനഗലിനെതിരെ വിജയിച്ച് ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി ചാമ്പ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

ss-1ഈ ഗ്രൂപ്പില്‍ നിന്ന് നാല് പോയിന്റുമായി ജപ്പാനും അവസാന പതിനാറിലെത്തി. സെനഗലിനും ജപ്പാനും നാല് പോയിന്റാണുള്ളതെങ്കിലും മഞ്ഞക്കാര്‍ഡ് വാങ്ങുന്നതില്‍ കുറവ് വരുത്തിയത് ജപ്പാനാണ്. ഇതോടെയാണ് ഏഷ്യന്‍ ടീമിന് പ്രീ ക്വാര്‍ട്ടറിലേക്കുള്ള വഴി തെളിഞ്ഞത്.

74-ാം മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ മിനയുടെ രണ്ടാം ഗോളാണിത്. നേരത്തെ പോളണ്ടിനെതിരേയും മിന ഗോള്‍ നേടിയിരുന്നു.

നാല് പോയിന്റുള്ള സെനഗലിന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ സമനില മാത്രം മതിയായിരുന്നു. കൊളംബിയക്ക് ജയം നിര്‍ബന്ധവുമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ സെനഗലാണ് മികച്ച് നിന്നതെങ്കില്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അവര്‍ക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ജി യിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയക്ക് ഏറ്റമുട്ടേണ്ടി വരിക.

പോളണ്ടിനോടു തോറ്റിട്ടും സെനഗലിനെ മറികടന്ന് ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍

image-1വോള്‍ഗോഗ്രാഡ്: പോളണ്ടിനോടു തോറ്റിട്ടും ജപ്പാന്‍ റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജപ്പാന്റെ തോല്‍വി. 59-ാം മിനിറ്റില്‍ ബെഡ്‌നാരെക്കാണ് പോളണ്ടിന്റെ വിജയഗോള്‍ നേടിയത്.

ആദ്യ മല്‍സരത്തില്‍ കൊളംബിയയെ അട്ടിമറിച്ച ജപ്പാന്‍, സെനഗലിനെ സമനിലയിലും കുരുക്കിയാണ് നോക്കൗട്ട് ഉറപ്പാക്കിയത്. പോളണ്ടിനോടു തോറ്റ ജപ്പാന്, രണ്ടാം മല്‍സരത്തില്‍ സെനഗല്‍ കൊളംബിയയോടും തോറ്റതാണ് ഗുണമായത്. ഇതോടെ ഇരു ടീമുകള്‍ക്കും തുല്യ പോയിന്റായെങ്കിലും, ഫെയര്‍ പ്ലേയിലെ മികവ് ജപ്പാന്റെ തുണയ്‌ക്കെത്തി. റഷ്യയില്‍ ഫെയര്‍പ്ലേ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് നിശ്ചയിക്കുന്നതില്‍ നിര്‍ണായകായത് ഇതാദ്യമാണ്.

സെഗലിനെ തോല്‍പ്പിച്ച കൊളംബിയ ആറു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top