Flash News

ഫൊക്കാന തെരഞ്ഞെടുപ്പ് ജനാധിപത്യപരം; തെരഞ്ഞെടുപ്പിന് ശേഷം തോളോട് ചേര്‍ന്ന് നില്‍ക്കും: പോള്‍ കറുകപ്പള്ളില്‍

June 29, 2018 , ഫ്രാന്‍സിസ് തടത്തില്‍

PHOTO-2018-06-15-22-23-34ന്യൂജേഴ്‌സി : ഫൊക്കാനയില്‍ നടക്കാനിരിക്കുന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് മാത്രമാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ജയ-പരാജിതര്‍ തോളോടുതോള്‍ ചേര്‍ന്ന് കൈപിടിച്ച് മുന്നേറുമെന്നും ഫൊക്കാനയുടെ അനിഷേധ്യ നേതാവായ പോള്‍ കറുകപ്പള്ളിൽ . ഫൊക്കാനയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അംഗസംഘടനകളില്‍പെട്ട ആര്‍ക്കും അവകാശമുണ്ടെന്നും ജനാധിപത്യമൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ലോകോത്തരമായ സംഘടനയാണ് ഫൊക്കാനയെന്നും ഫൊക്കാനയുടെ മുൻ പ്രസിഡന്റും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അദ്ദേഹം അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഫ്രാന്‍സിസ് തടത്തിലുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

ഫൊക്കാനയില്‍ ഇനിയൊരു പിളര്‍പ്പ് സാദ്ധ്യമല്ല. പിളര്‍പ്പിനു ശേഷം ഫൊക്കാനയുടെ വളര്‍ച്ചയുടെ കുതിപ്പില്‍ ഒരിക്കല്‍പ്പോലും കിതപ്പറിഞ്ഞിട്ടില്ല. ഇനിയൊട്ട് അതുണ്ടാകുകയുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മത്സരാത്ഥികളും സ്ഥാനാര്‍ത്ഥികളും കടന്നു വരിക സ്വഭാവികമാണ്. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ പരമാവധി ശ്രമിക്കണമെന്നു പറഞ്ഞ അദ്ദേഹം ഇത് വിഭാഗീയത ഒഴിവാക്കാന്‍ സഹായിക്കുമെന്നും വ്യക്തമാക്കി. സമവായത്തിലൂടെ എല്ലാവര്‍ക്കും സുസമ്മതരായ നേതാക്കളെയാണ് നേതൃനിരയിലേക്ക് കൊണ്ടുവരേണ്ടത്. കഴിഞ്ഞതവണയും ഇത് തന്നെയാണ് നടന്നത്. ഇത്തവണ അതുതന്നെ നടക്കുമെന്നു കരുതി. പക്ഷെ വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാകാതെ രണ്ടുപാനലുകള്‍ സജീവമായി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൊക്കാനയില്‍ ഒരുപാട് പ്രവര്‍ത്തകരെ നേതൃത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ പോള്‍ കറുകപ്പള്ളിൽ ഇക്കുറി മാധവൻ നായർ പക്ഷത്താണെന്ന് വ്യക്തമാക്കി. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും മുതിര്‍ന്ന നേതാക്കന്മാര്‍ എടുത്ത ചിലധാരണകളുടെ വെളിച്ചത്തിലും തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് ഫ്രാന്‍സിസ് തടത്തിലുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

ചോ : കാനഡയില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന പതിനേഴാമത് കണ്‍വെന്‍ഷനോടനുബന്ധിച്ച് തെരഞ്ഞെടുപ്പില്‍ എന്താണു നടന്നത്?

ഉ.അന്ന് യഥാർത്ഥത്തിൽ തെരെഞ്ഞെടുപ്പ് നടന്നില്ല. മറ്റു നടപടി ക്രമങ്ങൾ നീണ്ടുപോയതിനാലും കൺവെൻഷന്റെ മറ്റു പരിപാടികളെ അത് ബാധിക്കുമോ എന്നുകരുതി സമയക്കുറവുമൂലം തെരെഞ്ഞെടുപ്പ് മാറ്റി വച്ചു. മൂന്നു മാസം കഴിഞ്ഞു ഫിലഡൽഫിയയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് മാധവൻ പിന്മാറുകയും തമ്പി ചാക്കോ പ്രസിഡന്റ് ആവുകയും ചെയ്‌തത്‌ .

ചോ:എന്തായിരുന്നു ഫിലഡൽഫിയയിൽ വച്ച് മാധവൻ നായർ തെരെഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്?

ഉ : കവിഞ്ഞ തവണയും അവസാന നിമിഷംവരെ രണ്ടു പാനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് സജീവമായിരുന്നു. ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ മാധവന്‍ ബി.നായരുടെ നേതൃത്വത്തിലുള്ള പാനലില്‍ അദ്ദേഹമൊഴികെ മറ്റെല്ലാവരും ജയിച്ചുകയറി. ഈ പാനലില്‍ അംഗമായിരുന്ന ഇപ്പോഴത്തെ മറ്റൊരു പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ട് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും ജയിച്ചുകയറിയപ്പോള്‍ മാധവന്‍നായര്‍ മാത്രം തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറി. ഫൊക്കാനയുടെ സീനിയര്‍ നേതാവും എതിര്‍പാനലിലെ എതിര്‍സ്ഥാനാര്‍ത്ഥിയുമായ തമ്പി ചാക്കോയ്ക്ക് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ഒരു തിരെഞ്ഞെടുപ്പ് ഒഴിവാക്കാൻ മാധവന്‍ നായര്‍സ്വയം പിന്‍മാറുകയാണ് ചെയ്തത്. പ്രസിഡന്റ് ആകണമെന്ന തമ്പി ചാക്കോയുടെ തീവ്രമായ ആഗ്രഹം വികാരഭരിതമായി അണപൊട്ടിയൊഴുകിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രായവും സംഘടനയിലെ പ്രവര്‍ത്തനപാരമ്പര്യവുമെല്ലാം കണക്കിലെടുത്ത് അവസാന നിമിഷം എല്ലാ നേതാക്കളും മാധവന്‍നായരോട് പിന്‍മാറാന്‍ അഭ്യർത്ഥിച്ചു. എതിർപ്പുളകളൊന്നും കൂടാതെ ജയിക്കാമായിരുന്ന മത്സരത്തിൽ നിന്ന് അദ്ദേഹം സ്വയമേ പിൻമാറി. അന്ന് ജനാധിപത്യരീതിയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ അദ്ദേഹമായിരുന്നേനേ ഇപ്പോഴത്തെ പ്രസിഡന്റ്. മാധവൻ നായർ തെരെഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയപ്പോള്‍ അദ്ദേഹമൊഴികെ മറ്റെല്ലാവരും ജയിച്ചുകയറി.ഞാനുൾപ്പെടെ എല്ലാ നേതാക്കൻമാരും തന്നെ ഇത്തവണ മാധവൻ നായർ പ്രസിഡന്റായി നിൽക്കണമെന്ന് അപ്പോൾ തന്നെ നിർദ്ദേശിച്ചിരുന്നതാണ്. അതുകൊണ്ട് ഇക്കുറി അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ താൻ പിന്തു ണക്കുന്നു.

ചോ : തെരഞ്ഞെടുപ്പില്‍ നിന്നു പിന്മാറുന്നതിനു മാധവന് എന്തെങ്കിലും പ്രത്യപകാരം വാഗ്ദാനം ചെയ്തിരുന്നുവോ?

ഉ : അങ്ങനെയൊന്നുമില്ല,തമ്പി ചാക്കോയ്ക്ക് വേണ്ടി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ ഇക്കുറി മാധവനെ വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് അന്ന് അദ്ദേഹത്തോട് പിന്‍മാറാന്‍ ആവശ്യപ്പെട്ട താന്‍ ഉള്‍പ്പെടെ എല്ലാ നേതാക്കളും വാക്കു പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനു മൂന്നു മാസത്തിനുശേഷം ഫിലാഡല്‍ഫിയായില്‍ നടന്ന യോഗത്തില്‍ ഫൊക്കാനയിലെ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും തന്നെ മാധവന്റ സ്ഥാനാര്‍ത്ഥിത്വത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കിയതാണ്. എന്നുവെച്ച് മാധവന് എതിരായി ആരും നിന്നുകൂടാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമോ അങ്ങനെയൊരു ധാരണയോ ഉണ്ടായിട്ടില്ല.

ചോ : അങ്ങനെയെങ്കില്‍ കഴിഞ്ഞതവണ മാധവന്റെ പാനലില്‍ ഉണ്ടായിരുന്ന ലീല മരേട്ട് എന്തിനു പുതിയ പാനല്‍ ഉണ്ടാക്കി? മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ താങ്കള്‍ അവരു മായി സംസാരിച്ചിരുന്നോ?

ഉ : പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ലീലയുടെ തീരുമാനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരും ഒരേ വേദി പങ്കിട്ടിരുന്നവറൂമാണ്.പിന്മാറാന്‍ പലകുറി അഭ്യര്‍ത്ഥിച്ചു. ലീലയ്ക്കു കൂടി അറിയാവുന്ന കാര്യമായിരുന്നു ഞാനുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞതവണ മാധവനു വാക്കുകൊടുത്ത വിവരം. ലീലയുടെ ഓരോ വളര്‍ച്ചയിലും ഒപ്പം നിന്നിട്ടുള്ള വ്യക്തി എന്ന നിലയില്‍ ഇത്തവണയും തന്നെ വിശ്വസിക്കുമെന്നും കൂടെ നില്‍ക്കുമെന്നും കരുതി. കാലാകാലങ്ങളായി ഞങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ് ലീല. ലീല ഇന്നല്ലെങ്കില്‍ നാളെ പ്രസിഡന്റ് ആകേണ്ടവളാണ്. ലീല ഞങ്ങളുടെ കൂടെ നില്‍ക്കണമെന്നാണ് എന്റെ വ്യക്തിപരമായ താല്‍പര്യം. ഇനിയും മാറിവരാന്‍ സമയമുണ്ട്. പ്രതീക്ഷ കൈവെടിയുന്നില്ല. അവസാന നിമിഷമെങ്കിലും അവരില്‍ മനംമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

ചോ : എന്താണ് ലീലയുടെ പ്രശ്‌നം? ഇത്രമേല്‍ അകന്നു നില്‍ക്കുവാന്‍ കാരണമെന്ത്?

ഉ : അതാണ് എനിക്കും മനസ്സിലാകാത്തത്. ലീല മരേട്ട് എന്ന നേതാവിനെ എക്കാലവും നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എല്ലാ കമ്മറ്റികളിലും സുപ്രധാനമായ പദവികള്‍ നല്കി ആദരിച്ചു. ഒരേ സമയം ബോര്‍ഡ് ഓഫ്ട്രസ്റ്റി വൈസ് ചെയര്‍മാന്‍, വിമന്‍സ് ഫോറം ചെയർപേഴ്‌സൺ എന്നീ ഇരട്ടപദവികള്‍ വഹിച്ചു. ഇത്തരത്തില്‍ ഇരട്ടപദവികള്‍ വഹിച്ചിട്ടുള്ള ഒരാളും ഫൊക്കാനയിലില്ല. അങ്ങനെയുള്ള ഒരാള്‍ പെട്ടെന്ന് പ്രസിഡന്റ് ആയെ പറ്റൂ എന്ന് പിടിവാശി പിടിക്കുന്നത് ബാലിശമല്ലേ? അതും മറ്റൊരാള്‍ക്ക് രണ്ടുവര്‍ഷം മുമ്പ് ധാരണാപ്രകാരം ഉറപ്പുനല്‍കിയ പദവി. ലീല ഉള്‍പ്പെട്ട പാനലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന മാധവനെക്കൊണ്ട് പത്രിക പിന്‍വലിപ്പിച്ചിട്ട് അടുത്ത തവണ വീണ്ടും പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയപ്പോഴൊന്നും ഉയരാത്ത ഈ എതിര്‍പ്പിന്റെ ശബ്ദം ഇപ്പോള്‍ ഉയര്‍ന്നുവന്നതെങ്ങനെ?

ചോ : എന്താണ് കാര്യം? വ്യക്തമാക്കാമോ?
ഉ : ഇവിടെ ലീല പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാത്രമാണ്. മറ്റു ചിലര്‍ ലീലയെ കരുവാക്കി കളിക്കുന്നുവെന്നു മാത്രം. അവരുടെ ലക്ഷ്യം എന്താണെന്നു നന്നായിട്ടറിയാം. കാര്യം കഴിയുമ്പോള്‍ അവര്‍ ലീലയെ തഴയും. കാര്യം നടക്കാതെ വന്നാലും തഴയും. അതാണല്ലോ സംഭവിക്കുക. കാത്തിരുന്നു കാണാം.

ചോ : ലീല ജയിക്കുമോ? താങ്കളുടെ വോട്ട് ആര്‍ക്കാണ്?

ഉ : ഫൊക്കാനഫൗണ്ടേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് ഓഫ്ട്രസ്റ്റി അംഗം തുടങ്ങിയ പദവികള്‍ വഹിക്കുന്നതിനാല്‍ ജയപരാജയങ്ങളേക്കുറിച്ച് പ്രവചിക്കുവാനോ പ്രതികരിക്കുവാനോ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. അതുപോലെതന്നെ വോട്ടിന്റെ കാര്യവും ഒരു കാര്യം ഉറപ്പിക്കാം ഫൊക്കാനയില്‍ ഇക്കുറി ശക്തമായ ഒരു നേതൃതിരതന്നെയുണ്ടാകും.

ചോ : ശക്തമായ നേതൃനിര എന്ന് അര്‍ത്ഥമാക്കുന്നതെന്ത്?

ഉ : ഫൊക്കാനയില്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാ ഗവും യുവാക്കളും വനിതകളും പുതുമുഖങ്ങളുമാണ്. അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ദിശാബോധവും നല്‍കാന്‍ നല്ലപരിചയസമ്പന്നരായ നേതാക്കളും മത്സരരംഗത്തുണ്ട്. പതിവിനു വിപരീതമായി പുതുമുഖങ്ങളുടെയും പരിചയസമ്പന്നരുടെയും സന്തുലിതമായ ഒരു ശക്തമായ നേതൃനിരതന്നെയാകും അടുത്ത രണ്ടുവര്‍ഷം ഫൊക്കാന ഭരിക്കുക. അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങളാണ് ഫൊക്കാന പ്രതീക്ഷിക്കുന്നത്. കാലം മാറ്റത്തിന്റെ പാതയിലാണ് അതുപോലെതന്നെ ഫൊക്കാനയും.
ചോ : ഫൊക്കാനയില്‍ യുവതരംഗം കടന്നുവരുന്നതില്‍ മുതിര്‍ന്നവര്‍ തടസ്സമാകില്ലേ?

ഉ : തെറ്റായ സന്ദേശമാണിത്. ഇതു വെറും കെട്ടുകഥ. പണ്ടത്തെപ്പോലെ കസേരയില്‍ കയറിയാല്‍ ഇറങ്ങിപ്പോകാതെ കെട്ടിപ്പിടിച്ചിരിക്കുന്ന നേതാക്കള്‍ ഇപ്പോള്‍ ഫൊക്കാനയില്‍ ഇല്ല. ഇപ്പോള്‍ ഏതു മുതിര്‍ന്ന നേതാക്കന്മാരോടു ചോദിച്ചാലും പറയും യുവാക്കള്‍ കടന്നു വരട്ടെ എന്ന്. ഫൊക്കാനയുടെ അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ അവരുടെ മനസ്സറിയുന്ന യുവനേതാക്കള്‍ ഇപ്പോഴേ നേതൃത്വത്തില്‍ കടന്നു വന്നു അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. ഇതെന്റെ മാത്രം അഭിപ്രായമല്ല എല്ലാ മുതിര്‍ന്നനേതാക്കളുടെയും ഏകസ്വരമാണ്. ഞാന്‍ പരിചയപ്പെടുത്തുകയും ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തിട്ടുള്ള യുവനേതാക്കന്മാരെല്ലാം കഴിവും ബുദ്ധിയുമുള്ള ചെറുപ്പക്കാരാണ്. അവര്‍ ഫൊക്കാനയുടെ വളര്‍ച്ചയ്ക്കുവേണ്ടി വിഭാവനം ചെയ്യുന്ന പല പദ്ധതികളിലും അതി നൂതനമായ ആശയങ്ങളാണുള്ളത്.

ചോ : ഫൊക്കാനയുടെ രണ്ടുതവണത്തെ പ്രസിഡന്റ് പദവി അലങ്കരിച്ച വ്യക്തിയാണ് താങ്കള്‍. അതും സംഘടനയുടെ ഏറ്റവും നിര്‍ണ്ണായകരമായ ഘട്ടത്തില്‍. ഇനിയും മത്സരരംഗത്തേക്ക് കടന്നു വരുമോ?

ഉ : പോള്‍ കറുകപ്പള്ളില്‍ ഒരിക്കലും മത്സരങ്ങളുടെ പിറകേ പോയിട്ടില്ല. ഇനിയൊട്ട് പോവുകയുമില്ല. പ്രസിഡന്റ് പദവി അലങ്കരിച്ച് സംഘടനയെ നയിച്ച രണ്ടുതവണയും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേകിച്ച് പിളര്‍പ്പിനുശേഷം. തമ്പി ചാക്കോയെ വിജയിയായി കോടതി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം പിന്‍മാറിയതിനെത്തുടര്‍ന്ന് ഞാന്‍ സ്വയം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഒന്നര വർഷത്തിനു ശേഷം തമ്പി ചാക്കോയെ വിജയി ആയി പ്രഖ്യാപിച്ചപ്പോൾ ശേഷിച്ച ആറു മാസം കൊണ്ട് ഒരു കൺവെൻഷൻ നടത്താനുള്ള ആൽമവിശ്വാസം നഷ്ട്ടപ്പെട്ട തമ്പി ചാക്കോ താൾ സ്‌ഥാനത്തു നിന്ന് പിയൂന്മാറുകയാണെന്നു അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനം ആരും ഏറ്റെടുക്കാതെ വരുകയും ചുരുങ്ങിയ സാമ്യം കൊണ്ടു കൺവെൻഷൻ നടത്തി വിജയിപ്പിക്കുക എന്ന ശ്രമകരമായ ഥ്വത്യം ഞാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് ഫിലാഡല്‍ഫിയായിലാണ് കണ്‍വെന്‍ഷന്‍ എന്നു നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ ന്യൂയോര്‍ക്കില്‍ ഇരുന്നുകൊണ്ട് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്‍വെന്‍ഷനായ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ വന്‍പ്രൗഢിയോടെ നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

ചോ : ഫൊക്കാനയുമായുള്ള ആത്മബന്ധം?

ഉ : എന്റെ സ്വന്തം മക്കളുടെ വളര്‍ച്ചയ്‌ക്കൊപ്പം എന്നവണ്ണം ഫൊക്കാനയുടെ വളര്‍ച്ച നേര്‍ക്കുനേര്‍ നോക്കിക്കണ്ട വ്യക്തിയാണ്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുപാട് സമയം ചെലവഴിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും കുടുംബത്തിലെ കാര്യങ്ങള്‍ പോലും ഉത്തരവാദിത്വത്തോടെ നടത്താന്‍ കഴിയാതെ വന്നിട്ടുണ്ട്. ഫൊക്കാനയോടുള്ള എന്റെ സ്‌നേഹം അടുത്തറിയുന്ന ഭാര്യ ലതയാണ് കുടുംബത്തിലെ ഒട്ടുമിക്ക ഉത്തരവാദിത്വങ്ങളും നടത്തിവന്നിരുന്നത്. അതിപ്പോഴും തുടരുന്നു. ഒരു വിധത്തില്‍ ഞാന്‍ ഇക്കാര്യത്തില്‍ ലതയോട് കടപ്പെട്ടിരിക്കുന്നു.

ചോ : ഫൊക്കാനയുമുള്ള ബന്ധം തുടങ്ങുന്നത് എന്നു മുതലാണ്?

ഉ : 1980ലാണ് ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. ഫൊക്കാന രൂപീകരിക്കുന്നത് 1983ലാണ്. അന്ന് യുവാവായ ഞാനും എന്റെ കൂട്ടുകാരും പലകമ്മിറ്റികളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു. 1983ലെ പ്രഥമ കണ്‍വെന്‍ഷന്‍ ആയ ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന്‍ മുതല്‍ എല്ലാ കണ്‍വെന്‍ഷനുകളിലും പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. ഇതിലെ 2008 ലെ ഫിലാഡല്‍ഫിയാ കണ്‍വെന്‍ഷന്‍ 2010 ലെ ആല്‍ബെനി കണ്‍വെന്‍ഷന്‍ എന്നിവ നടക്കുമ്പോള്‍ ഫൊക്കാനയുടെ പ്രസിഡന്റുമായിരുന്നു. അതുകൊണ്ടുതന്നെ ഫൊക്കാനയുടെ വളര്‍ച്ചയുടെ ഓരോഘട്ടവും നേര്‍ക്കു നേര്‍കണ്ട വ്യക്തിയാണ് താനെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയാന്‍ കഴിയും. 1983 ല്‍ ഫൊക്കാനയുടെ പ്രഥമപ്രസിഡന്റ് ഡോ. അനിരുദ്ധന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ ആയിരുന്നു പ്രഥമ കണ്‍വെന്‍ഷന്‍. മധുനായര്‍ ആയിരുന്നു സെക്രട്ടറി. (ഇപ്പോള്‍ കേരളത്തില്‍) കാലിഫോര്‍ണ്ണിയായില്‍ നിന്നുള്ള വി.ജെ. മേനോന്‍ ട്രഷററുമായിരുന്നു. അന്ന് ചെറുപ്പമായിരുന്നതിനാല്‍ കണ്‍വെന്‍ഷന്റെ ഒട്ടുമിക്കകമ്മിറ്റികളിലും ഞാൻ അംഗമായിരുന്നു. അന്ന് അമേരിക്കയില്‍ മലയാളം പള്ളികളും ആരാധനാലയങ്ങളും അത്ര സജീവമല്ലാതിരുന്നതിനാല്‍ രാജ്യം മുഴുവനുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍കൊണ്ടുവന്ന് ഒരു കൂട്ടായ്മ സംഘടിപ്പിക്കണമെന്ന ഡോ. അനിരുദ്ധന്റെ തീവ്രമായ അഭിലാഷമാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് വളര്‍ന്ന് ഒരു വടവൃക്ഷമായി പന്തലിച്ചുകിടക്കുന്ന ഫൊക്കാന എന്ന മഹാപ്രസ്ഥാനമായി മാറിയത്. അന്ന് അംബാസിഡര്‍ ആയിരുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ആയിരുന്നു ആദ്യത്തെ കൺവെൻഷൻ ഉദ്ഘടനം ചെയ്‌തത്‌.

ചോ : തെരഞ്ഞെടുപ്പുകളില്‍ എന്നും സജീവമായിരുന്നോ?

ഉ : ആദ്യകാലത്തൊന്നും ഫൊക്കാനയില്‍ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടേ ഇല്ല. രണ്ടാമത്തെ കൺവെൻഷൻ നടന്ന 1985 ൽ പ്രസിഡന്റ് ആയി 1985 ല്‍ രാജന്‍ മരേട്ട് പ്രസിഡന്റും പരേതനായ ജോര്‍ജ്ജ് ജോസഫ് സെക്രട്ടറിയും തോമസ് തോമസ് ട്രഷറുമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1988ല്‍ ഡോ. അനിരുദ്ധന്‍ പ്രസിഡന്റായി വെസ്റ്റ് ചെസ്റ്റില്‍ നിന്നുള്ള പരേതനായ നൈനാന്‍ ചാണ്ടിയായിരുന്നു സെക്രട്ടറി. അന്നാണ് ആദ്യമായി പാനല്‍ തെരഞ്ഞെടുപ്പ് നടന്നത്. 15 അസോസിയേഷനുകളായിരുന്നു അന്നുണ്ടായിരുന്നത്. വിഭജനത്തിന് മുമ്പ് വരെ എല്ലാകണ്‍വെന്‍ഷനുകളിലും 2000 മുകളില്‍ ആളുകള്‍ പങ്കെടുക്കുമായിരുന്നു. റോച്ചെസ്റ്റര്‍ സമ്മേളനത്തില്‍ 4000പേര്‍ പങ്കെടുത്തതാണ് റിക്കോര്‍ഡ്. 2008 ല്‍ ഞാന്‍ പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഫിലാഡല്‍ഫിയായില്‍ വെച്ച് ജൂബിലി കണ്‍വെന്‍ഷന്‍ നടന്നത്.

ചോ : ഫൊക്കാനയുടെ ഫൌണ്ടേഷൻ ചെയര്‍മാന്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താമോ?

ഉ : ഒരുപാട് കാരുണ്യ പ്രവര്‍ത്തികള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫൊക്കാനചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കു വേണ്ടി നേരിട്ടും അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തിയും ഒരുപാട് ഇടപെടലുകള്‍ നടത്താന്‍ ഫൊക്കാനയ്ക്ക് കഴിഞ്ഞു. ഏറണാകുളം ജില്ലയിലെ ആദിവാസി കോളനിയായ കുട്ടമ്പുഴ ആദിവാസി കോളനിയിലെ അന്തേവാസികൾക്ക് പ്രദേശത്തെ കുടുംബശ്രീയുമായി സഹകരിച്ചു സമ്പൂർണ ആരോഗ്യ പരിശോധന ക്ലിനിക്ക് ആരംഭിച്ചു. നേരെത്തെ കുട്ടമ്പുഴ സ്‌കൂളിൽ കംപ്യൂട്ടര്വത്കരണത്തിനും ഫൊക്കാന ധനസഹായം നൽകിയിരുന്നു. സ്‌നേഹവീട് കരുണ്യ പദ്ധതിയായിരുന്നു ശ്രദ്ധേയമായ മറ്റൊരു പദ്ധതി. ഈ പദ്ധതിയിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ൨ വർഷത്തിനിടെ 5 വീടുകളും നിർമിച്ചു നൽകി. കൂടാതെ നിരവധി മേഖലകളിലായി അനവധി കാരുണ്യ പ്രവർത്തങ്ങൾ കാഴ്‌ചവയ്ക്കാൻ കഴിഞ്ഞ കാലഘട്ടമായിരുന്നു ഇക്കഴിഞ്ഞ രണ്ടു വര്ഷം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

4 responses to “ഫൊക്കാന തെരഞ്ഞെടുപ്പ് ജനാധിപത്യപരം; തെരഞ്ഞെടുപ്പിന് ശേഷം തോളോട് ചേര്‍ന്ന് നില്‍ക്കും: പോള്‍ കറുകപ്പള്ളില്‍”

 1. ഫൊക്കാന മുന്‍ പ്രവര്‍ത്തകന്‍ says:

  ഫൊക്കാനയില്‍ യുവജനങ്ങള്‍ക്ക് പ്രാതിനിദ്യമുണ്ടെന്ന് പറയുന്ന അതേ വ്യക്തി ആരംഭകാലം മുതല്‍ അതായത് 1983 മുതല്‍ ഇന്നുവരെ എന്തുകൊണ്ട് കടിച്ചുതൂങ്ങിക്കിടക്കുന്നു? പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായി പുലബന്ധമില്ലല്ലോ. ഫൊക്കാനയുടെ തലതൊട്ട്പ്പനായി എന്നെന്നും വിരാജിക്കാനുള്ള അടവ് നയങ്ങളെല്ലാം പയറ്റാനറിയാവുന്ന താങ്കള്‍ തന്നെയല്ലേ പിളര്‍പ്പിന് വഴിവെച്ചത്? നേരിട്ടല്ലെങ്കിലും തമ്പി ചാക്കോയെക്കൊണ്ട് അത് ചെയ്യിച്ച് അന്ന് പ്രസിഡന്റ് സ്ഥാനം അടിച്ചുമാറ്റിയത് ആര്‍ക്കും അറിയില്ലെന്ന് നടിച്ചോ? തമ്മില്‍ത്തല്ലിച്ച് ശശിധരന്‍ നായരില്‍ നിന്ന് ആ സ്ഥാനം തട്ടിത്തെറിപ്പിച്ചതും താങ്കളല്ലേ… തമ്പി ചാക്കോയെക്കൊണ്ട് അന്ന് പ്രസിഡന്റ് സ്ഥാനം വേണ്ട എന്ന് പറയിപ്പിച്ച് അത് താങ്കള്‍ ഏറ്റെടുത്തോളാം എന്നു പറഞ്ഞതുമൊക്കെ ജനങ്ങള്‍ മറന്നിട്ടില്ല. ‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി’ എന്നു പറഞ്ഞ പോലെയായില്ലേ… എന്നെപ്പോലെയുള്ളവര്‍ ഫോക്കാനയില്‍ നിന്ന് അകന്നുപോയതും ഫോമയില്‍ ചേര്‍ന്നതും അതുകൊണ്ടാണ് ….

 2. John Varughese says:

  കരുകാപ്പിള്ളി പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഫ്രാന്‍സിസ് തടത്തില്‍ നല്ലൊരു മാദ്യമ പ്രവര്‍ത്തകനാണെന്നാണ് വിചാരിച്ചത്. മാദവന്‍ നായരില്‍ നിന്നും അയാളുടെ ശിങ്കിടിയായ കരുകപ്പിള്ളിയില്‍ നിന്നും കാശു വാങ്ങി ചീപ്പ് വാര്‍ത്തകളെഴുതി ജനങ്ങളെ കബളിപ്പിക്കരുത്. എന്തുകൊണ്ടാണ് ഈ മാന്യദേഹം കഴിഞ്ഞ 35 കൊല്ലമായി ഫോക്കാനയില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നതെന്ന് ചോദിച്ചില്ല? ആ ഒരൊറ്റ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ കരുകാപ്പിള്ളിയുടെ മുകമ്മൂടി കീറിപ്പോയേനേം….

 3. Venugopal says:

  ഫൊക്കാനയിലെ പിളര്‍പ്പ് കൃത്രിമമായിരുന്നെന്ന് അന്നേ ജനസംസാരമുണ്ടായിരുന്നത് ഓര്‍ക്കുന്നു. ശശിധരന്‍ നായരാണ് യഥാര്‍ത്ഥത്തില്‍ വിജയിച്ചത്. എന്നാല്‍ തമ്പി ചാക്കോയെ തുറുപ്പു ചീട്ടാക്കി കറുകപ്പിള്ളിയാണ് അന്നത്തെ പ്രശ്നത്തിന് കാരണക്കാരനെന്ന് പലരും പറഞ്ഞിട്ടും വിശ്വസിച്ചില്ല. പക്ഷെ, ഇപ്പോള്‍ ഈ സ്റ്റേറ്റ്മെന്റില്‍ കറുകാപ്പിള്ളി അറിയാതെ പറഞ്ഞുപോയി….. അതിപ്രകാരം…. ” പ്രസിഡന്റ് പദവി അലങ്കരിച്ച് സംഘടനയെ നയിച്ച രണ്ടുതവണയും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേകിച്ച് പിളര്‍പ്പിനുശേഷം. തമ്പി ചാക്കോയെ വിജയിയായി കോടതി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം പിന്‍മാറിയതിനെത്തുടര്‍ന്ന് ഞാന്‍ സ്വയം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഒന്നര വർഷത്തിനു ശേഷം തമ്പി ചാക്കോയെ വിജയി ആയി പ്രഖ്യാപിച്ചപ്പോൾ ശേഷിച്ച ആറു മാസം കൊണ്ട് ഒരു കൺവെൻഷൻ നടത്താനുള്ള ആൽമവിശ്വാസം നഷ്ട്ടപ്പെട്ട തമ്പി ചാക്കോ തല്‍സ്‌ഥാനത്തു നിന്ന് പിന്മാറുകയാണെന്നു അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനം ആരും ഏറ്റെടുക്കാതെ വരുകയും ചുരുങ്ങിയ സാമയം കൊണ്ടു കൺവെൻഷൻ നടത്തി വിജയിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം ഞാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു….” അതെ, അടവ് നയത്തിലൂടെ പ്രസിഡന്റ് സ്ഥാനം കൈക്കലാക്കി….എന്നിട്ട് ഒരു ത്യാഗം ചെയ്തതാണെന്ന് മറ്റുള്ളവരെ ബോധിപ്പിച്ചു. ഇതാണ് അന്ന് എല്ലാവരും പറഞ്ഞതു. ഫോക്കാനയില്‍ നിന്ന് ഒരിക്കലും താങ്കള്‍ ഒഴിഞ്ഞുപോകുകയില്ല…. ആദര്‍ശം പറഞ്ഞാല്‍ പോരാ പ്രവര്‍ത്തിച്ചു കാണിക്കണം…. ആദര്‍ശമില്ലാത്തവരാണ് ഫൊക്കാനയിലുള്ളതെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ ഫോമയില്‍ ചേര്‍ന്നത്…. താങ്കള്‍ ഇപ്പോഴും അവിടെത്തന്നെ…. ‘ഞാനില്ലെങ്കില്‍ ഫൊക്കാന തകരും’ എന്ന ചിന്തയാണിപ്പോഴും അല്ലേ…

 4. P. Antony says:

  ഫ്രാന്‍സിസ് ഒരു കാര്യം മറന്നുപോയി. കേരളത്തില്‍ പോള്‍ ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനെക്കുറിച്ച്. അമേരിക്കന്‍ മലയാളികളുടെ പണം പിരിച്ചെടുത്ത് നാട്ടില്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചത് ആര്‍ക്കും അറിയില്ലെന്നും കരുതിയോ? ഫൊക്കാന കണ്‍‌വന്‍ഷന്റെ പേരില്‍ സ്പോണ്‍സര്‍മാരില്‍ നിന്ന് എത്ര പണം പോള്‍ അടിച്ചുമാറ്റി എന്ന് ഫൊക്കാനയിലുള്ള ഏതാനും പേര്‍ക്ക് അറിയാം. പോളിന്റെ ബിനാമിയല്ലേ ഇപ്പോഴത്തെ ഫൊക്കാന ട്രഷറര്‍. എത്ര പണം കിട്ടി എന്ന് അയാളും പറയില്ല. 2012 മുതല്‍ ഫൊക്കാനയുടെ അക്കൗണ്ടുകള്‍ ഒന്നും തന്നെ സുതാര്യമല്ല. ഓഡിറ്റ് ചെയ്തിട്ടില്ല, പോളിനോട് ചോദിച്ചാല്‍ അതൊക്കെ എനിക്കറിയാം എന്ന ഉത്തരമാ കിട്ടുന്നത്…..

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top