Flash News

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു… ഫീനിക്സ് പക്ഷിയെപ്പോലെ; ചിങ്ങം ഒന്നിന് ദുബായില്‍ ഷോറൂം തുറക്കാനൊരുങ്ങുന്നു

June 30, 2018

01-1441089541-mm-ramachandranചിലരുടെ ചതിപ്രയോഗങ്ങളില്‍ വീണുപോയെങ്കിലും തകര്‍ച്ചകളില്‍നിന്നും ഫീനിക്‌സ് പക്ഷിയെപ്പോയെ ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍. സാമ്പത്തിക തട്ടിപ്പു കേസില്‍ ബാങ്കുമായുള്ള ധാരണ പ്രകാരം മൂന്നുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ രാമചന്ദ്രന്‍ അറ്റ്‌ലസ് ജുവലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ചിങ്ങം ഒന്നിനുതന്നെ ദുബായില്‍ തുറക്കുമെന്നാണു വിവരം. ബാങ്കുകളുമായുള്ള കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യു.എ.ഇ. വിടാന്‍ കഴിയില്ലെങ്കിലും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തടസമാകില്ല.

കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യമെല്ലാം കുവൈത്ത് യുദ്ധകാലത്ത് തകര്‍ന്നടിഞ്ഞെങ്കിലും അന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പിന്തുണ നല്‍കിയതു പ്രവാസികളാണ്. ഇവര്‍ക്കുറിയും നിസീമമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും രാമചന്ദ്രനുമായുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ സാധ്യമായത് ചെയ്യും. ഇതു സംബന്ധിച്ച ഉറപ്പ് ജൂലൈ അഞ്ചിനു മുമ്പ് നല്‍കണമെന്ന് യു.എ.ഇ യിലെ സെന്‍ട്രല്‍ ബാങ്കധികൃതര്‍ രാമചന്ദ്രനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ എട്ടിനോ പത്തിനോ ബാങ്കധികൃതരുമായി ചര്‍ച്ച ചെയ്യാമെന്നാണു രാമചന്ദ്രന്‍ നല്‍കിയ മറുപടി.

ഗള്‍ഫിലെ 17 ബാങ്കുകളും ഇന്ത്യയിലെ അഞ്ചു ബാങ്കുകളില്‍ നിന്നുമായി നിരന്തരം വായ്പ എടുക്കാറുള്ള തന്നെ തകര്‍ക്കാന്‍ ചിലര്‍ ചില ബാങ്കുകളുമായി നടത്തിയ ഒത്തുകളിയാണ് ദുബായ് ജയിലിലെ കാരാഗൃഹവാസത്തിനു കാരണമെന്ന് രാമചന്ദ്രന്‍ പറഞ്ഞു. വായ്പ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്ന രണ്ടു ബാങ്കുകള്‍ ആരുടെയോ പ്രേരണയാല്‍ വായ്പ നല്‍കാന്‍ മടിച്ചതാണ് താന്‍ വായ്പ തിരിച്ചടവിനായി നല്‍കിയ ചെക്ക് മടങ്ങാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ബാങ്ക് ഓഫ് ബറോഡ, എക്‌സിം, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, എസ്.ബി.ഐ. എന്നീ ബാങ്കുകളാണ് വായ്പ നല്‍കിയിരുന്നത്. ഇതില്‍ ചില ബാങ്കധികൃതരും പ്രതിസന്ധി ഘട്ടത്തില്‍ പിന്‍വലിഞ്ഞു.

തന്റെ വ്യവസായ സാമ്രാജ്യം തകരുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതും ബാങ്കധികൃതരെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കാം. അതോടൊപ്പം തന്റെ സ്ഥാപനങ്ങളുടെ മുഖ്യ സാരഥികളായിരുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ മറ്റു ബാഹ്യശക്തികളുടെ പ്രേരണയ്ക്കു വശംവദരാകുകയും ചെയ്തു. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ജനറല്‍ മാനേജരായിരുന്ന സലിം ബാവ നിര്‍ണായക ഘട്ടത്തില്‍ സ്ഥാപനത്തില്‍നിന്ന് രാജിവച്ചു. ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ചെന്നൈയിലുണ്ടെന്നാണു കരുതുന്നത്. ഇതര വ്യാപാര ഗ്രൂപ്പുകളുടെ ഡയറക്ടര്‍മാരായിരുന്ന ഫൈസല്‍ കുപ്പത്ത്, സുര്‍ജിത് ശിവന്‍, പത്മാക്ഷന്‍ നായര്‍, ജംഷീര്‍ എന്നിവര്‍ക്കും താന്‍ ചില ഷോറൂമുകളുടെ ചുമതല ഏല്‍പ്പിച്ചിരുന്ന ആലുവാ സ്വദേശി ലുക്കോ സുഗണന്‍, കോവൂര്‍ സ്വദേശി അജിത് മുരളീധരന്‍ എന്നിവര്‍ നിര്‍ണായക സമയത്ത് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്ന് ദുബായ് പോലീസ് അധികൃതര്‍ക്ക് മൊഴി നല്‍കി.

വ്യവസായ ഗ്രൂപ്പുമായുള്ള അവരുടെ ബന്ധം തെളിയിക്കുന്ന എല്ലാ രേഖകളും നശിപ്പിച്ച ശേഷമായിരുന്നു അവരുടെ തള്ളിപ്പറയല്‍. ഏതായാലും ജയില്‍വാസം തന്നെ പലതും പഠിപ്പിച്ചു. പ്രശ്‌നം വരുമ്പോള്‍ ഭാര്യ ഇന്ദു ഒഴിച്ച് ആരുമുണ്ടായിരുന്നില്ല. പ്രശ്‌നത്തില്‍ കാര്യമായി ഇടപെടാമായിരുന്ന ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് അംഗങ്ങളും തിരിഞ്ഞു നോക്കിയില്ല. സ്ഥാപക മെമ്പറാണ് താന്‍ എന്ന പരിഗണനപോലും അവര്‍ നല്‍കിയില്ല.

തന്റെ പേരിലുള്ള വായ്പാ ബാധ്യതകള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയാണെങ്കിലും വീട്ടും. രണ്ടു ആശുപത്രി മുഖവിലയുടെ പകുതി തുകയ്ക്കു വിറ്റാണ് കടുംപിടിത്തം തുടര്‍ന്ന ചില ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ തീര്‍ത്തത്. അറ്റ്‌ലസ് വ്യവസായ ഗ്രൂപ്പിന്റെ അഞ്ചു കോടി ഓഹരി തന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുണ്ട്. 12 രൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോള്‍ 116.35 രൂപ മുഖവിലയുണ്ട്. ഇത് വിറ്റാല്‍ 600 കോടി രൂപ ലഭിക്കും. ആശുപത്രി വിറ്റ് കിട്ടിയ തുകയും ഓഹരി വില്‍ക്കുന്ന തുകയും കൂട്ടിയാല്‍ ബാങ്കുകളുടെ കടബാധ്യതകള്‍ മുഴുവന്‍ തീര്‍ക്കാനാകും. ഇക്കാര്യം സെന്‍ട്രല്‍ ബാങ്ക് അധികൃതരെ ബോധ്യപ്പെടുത്തും. ഇതിനാവശ്യമായ സാവകാശം തേടുകയും ചെയ്യും. നിമിത്തങ്ങളില്‍ വിശ്വസിക്കുന്നവനാണു താന്‍. വൈകാതെ പഴയ പ്രതാപത്തോടെ അറ്റ്‌ലസ് ഗ്രൂപ്പ് തിരിച്ചുവരുമെന്ന് ഉറപ്പു നല്‍കുന്നെന്നും അദ്ദേഹം പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top