Flash News

വേള്‍ഡ് കപ്പ് വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

July 3, 2018

logo-2018-FIFA-World-Cup-Russia-banner-1650x580ബ്രസീല്‍ സൂപ്പര്‍ താരം പുറത്ത് : ബെല്‍ജിയത്തിനെതിരെ കാനറിപ്പടയുടെ ജയം ആശങ്കയില്‍

മെക്‌സിക്കോയെ തകര്‍ത്ത് ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ സ്വന്തമാക്കിയെങ്കിലും അടുത്ത മത്സരം തിരിച്ചടിയാകുമൊ എന്ന ആശങ്കയിലാണ് ആരാധകര്‍. അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തെ നേരിടാനൊരുങ്ങുന്ന ബ്രസീല്‍ ടീമിന് കസമീറോയുടെ അഭാവം കാര്യമായി ബാധിക്കും. ലോകകപ്പില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് ലഭിച്ചതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മത്സരത്തിലും റയല്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു.

BRAZIL13ഇപ്പോള്‍ മധ്യനിര താരം സസ്‌പെന്‍ഷനിലാണ്. ബെല്‍ജിയം പോലൊരു ശക്തമായ ടീമിനെ നേരിടാനൊരുങ്ങുമ്പോള്‍ കസമീറോ എന്ന ശക്തനായ മധ്യനിര താരത്തിന്റെ അഭാവം എങ്ങനെ ബ്രസീല്‍ പരിഹരിക്കുമെന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ലോകം. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കസമീറോയാണ് ബ്രസീലിയന്‍ ടീമിന് കരുത്ത് പകരുന്നത്. നെയ്മറും കുട്ടീന്യോയും ഉള്‍പ്പെടെ പ്രതിരോധ താരം മാഴ്‌സലോ വരെ അറ്റാക്കിങ്ങ് ഏരിയകളില്‍ കളിക്കുന്നത് പ്രതിരോധത്തില്‍ കസമീറോ പകരം നില്‍ക്കുമെന്നതുകൊണ്ടാണ്.

പ്രതിരോധ തന്ത്രങ്ങളില്‍ കളിക്കുന്ന ഉറുഗ്വയും ആക്രമണത്തിലൂന്നി കളിക്കുന്ന ബ്രസീലും ഈ ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രമേ വഴങ്ങിയിട്ടുള്ളുവെന്നത് ബ്രസീലിന്റെ പ്രതിരോധത്തിന്റെ കരുത്ത് കാണിച്ചു തരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ ബ്രസീല്‍ ഗോള്‍ വഴങ്ങിയിട്ടില്ല. ബെല്‍ജിയത്തിനെതിരായ കളിയില്‍ മാഴ്‌സലോക്ക് മുന്നേറ്റത്തില്‍ അധികം സംഭാവന നല്‍കാന്‍ കഴിയാതെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് ബ്രസീലിന്റെ മുന്നേറ്റത്തെ ബാധിച്ചേക്കാം.

കസമീറോക്കു പകരം ഫെര്‍ണാണ്ടിന്യോ ഇറങ്ങിയാലും അതു ബ്രസീലിന് തൃപ്തരാകാന്‍ കഴിയില്ല. കസമീറോയില്‍ നിന്നുള്ള പ്രകടനം ഫെര്‍ണാണ്ടിന്യോയില്‍ നിന്നും പ്രതീക്ഷിച്ച് മാഴ്‌സലോ കളത്തില്‍ ആക്രമണം നടത്തിയാല്‍ ബെല്‍ജിയത്തിന്റെ വിജയത്തിന് വഴിയൊരുക്കി കൊടുക്കുന്നതിന് തുല്ല്യമാകും.

കൊളംബിയയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍

emglandമോസ്‌കോ: പൊരുതിക്കളിച്ച കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

കായികമായി വെല്ലുവിളിച്ച കൊളംബിയയ്‌ക്കെതിരെ ഹാരി കെയ്ന്‍ പെനല്‍റ്റിയില്‍നിന്ന് നേടിയ ഗോളില്‍ ഇംഗ്ലണ്ടാണ് ആദ്യം മുന്നില്‍ക്കയറിയത്. ഇംഗ്ലണ്ടിന് അനുകൂലമായി വിധിച്ച കോര്‍ണര്‍കിക്ക് തടയാനുള്ള കൂട്ടപ്പൊരിച്ചിലിനിടെ ബോക്‌സിനുള്ളില്‍ ഹാരി കെയ്‌നെ കാര്‍ലോസ് സാഞ്ചസ് വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത കെയ്ന്‍ അനായാസം ലക്ഷ്യം കണ്ടു. ഈ ലോകകപ്പിലെ ടോപ് സ്‌കോററായ കെയ്‌നിന്റെ ആറാം ഗോള്‍. അതില്‍ നാലും പെനല്‍റ്റിയില്‍നിന്ന്.

തിരിച്ചടിക്കാനുള്ള കൊളംബിയയുടെ ശ്രമങ്ങള്‍ അതിജീവിച്ച് ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുമെന്ന് കരുതിയിരിക്കെ എക്‌സ്ട്രാ ടൈമില്‍ സമനില ഗോളെത്തി. ഇക്കുറിയും ഗോളിലേക്ക് നയിച്ചത് കോര്‍ണര്‍കിക്ക്. ക്വാഡ്രാഡോ ഉയര്‍ത്തിവിട്ട പന്തില്‍ തലവച്ച യെറി മിനായ്ക്ക് പിഴച്ചില്ല. പന്ത് വലയില്‍. വിജയമുറപ്പിച്ചുനിന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗോള്‍. ഇതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക്.

അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങേണ്ടി വന്നതിന്റെ പകപ്പോടെയായിരുന്നു എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന്റെ കളി. എന്നാല്‍, സാവധാനം സമനില വീണ്ടെടുത്ത അവര്‍ വിജയഗോളിനായി തകര്‍ത്തുകളിച്ചു. എന്നാല്‍ കൊളംബിയന്‍ പ്രതിരോധം ഉറച്ചുനിന്നതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക്്.

ഇതിനു മുന്‍പ് ലോകകപ്പില്‍ ഷൂട്ടൗട്ട് നേരിടേണ്ടി വന്നപ്പോഴെല്ലാം തോറ്റുപുറത്തായിട്ടുണ്ടെന്ന ചരിത്രമായിരുന്നു ഇംഗ്ലണ്ടിന് പ്രധാന വെല്ലുവിളി. മൂന്നാം കിക്ക് പാഴാക്കിയ ഹെന്‍ഡേഴ്‌സന്‍ ആരാധകരുടെ ആധി കൂട്ടുകയും ചെയ്തു. എന്നാല്‍ കൊളംബിയയ്ക്കായി മൂന്നാം കിക്കെടുത്ത ഉറീബേയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതോടെ ഇംഗ്ലണ്ട് ആശ്വാസംകൊണ്ടു. കൊളംബിയയുടെ നാലാം കിക്കെടുത്ത കാര്‍ലോസ് ബാക്കയുടെ കിക്ക് ഗോള്‍കീപ്പര്‍ തടഞ്ഞതോടെ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ചാല്‍ ഇംഗ്ലണ്ടിന് ക്വാര്‍ട്ടര്‍. കിക്കെടുത്ത ഡയര്‍ സമ്മര്‍ദ്ദമേതുമില്ലാതെ പന്തു വലയിലാക്കി. ഷൂട്ടൗട്ടില്‍ 4-3 ജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top