- Malayalam Daily News - http://www.malayalamdailynews.com -

ലോക കപ്പ് വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ – ജൂലൈ 4, 2018

FIFA-World-Cup-2014-Bannerസൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്: ക്വാര്‍ട്ടര്‍ മത്സരത്തില്‍ യുറഗ്വായ്ക്ക് പ്രതിസന്ധി

റഷ്യയില്‍ മത്സരങ്ങള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ ക്വാര്‍ട്ടറില്‍ യുറഗ്വായ്ക്ക് ഭീഷണി. ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന യുറഗ്വായുടെ സൂപ്പര്‍ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുമോ എന്ന ആശങ്കയിലാണ് ടീമും ആരാധകരും.

SUEAREZപോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളം വിട്ട കവാനി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ഇതിന് പിന്നാലെ ലൂയി സുവാരസിനും പരിക്കേറ്റതായാണ് വിവരം. പരിശീലനത്തിനിടെ സുവരാസിന്റെ വലത് കാലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മുടന്തിയാണ് സുവരാസ് സൈഡ് ലൈനിലേക്ക് മാറിയത്. ബാഴ്‌സ താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നാണ് സൂചന.

സുവാരസും കവാനിയുമാണ് യുറഗ്വായുടെ മുന്നേറ്റത്തിലെ തുറുപ്പുചീട്ടുകള്‍. പോര്‍ച്ചുഗലിനെതിരെ കവാനി ഇരട്ടഗോളുമായി കളം നിറഞ്ഞ ശേഷമാണ് പരിക്കേറ്റ് പിന്മാറിയത്. ഇരുവരും ഒരുമിച്ച് കളിക്കാതിരുന്നാല്‍ ഫ്രാന്‍സിനെതിരെ യുറഗ്വായുടെ മുന്നേറ്റത്തെ ഇത് കാര്യമായി ബാധിക്കും.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ തകര്‍ത്താണ് യുറഗ്വായ് ക്വാര്‍ട്ടറില്‍ ചുവടുറപ്പിച്ചത്. എഡിന്‍സണ്‍ കവാനിയുടെ ഇരട്ട ഗോളുകളുടെയും പഴുതില്ലാത്ത പ്രതിരോധത്തിന്റെയും മികവില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് യുറഗ്വായ് ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. അര്‍ജന്റീനയും മെസ്സിയും കീഴടങ്ങിയ അതേ ദിവസം തന്നെ ക്രിസ്റ്റ്യാനോയും ലോകകപ്പില്‍നിന്ന് നടന്നകന്നത് വിധി കാത്തു വച്ച യാദൃച്ഛികതയാണ്. ഏഴ്, 62 മിനിറ്റുകളിലായിരുന്നു, ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ കവാനിയുടെ ഗോളുകള്‍. 55ാം മിനിറ്റില്‍ പെപ്പെ പോര്‍ച്ചുഗലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.

Edinson-Kavani-Urugvajപോര്‍ച്ചുഗല്‍ നിലയുറപ്പിക്കും മുന്‍പ് ലീഡ് നേടിയ യുറഗ്വായ് സുശക്തമായ പ്രതിരോധത്തിലൂടെ എതിരാളികളെ പൂട്ടുകയായിരുന്നു. ആദ്യപകുതിയുടെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോ തൊടുത്ത ശക്തമായ ഷോട്ട് ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേര കയ്യിലൊതുക്കുയും ചെയ്തു. ഏഴാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്ന് സ്വാരെസിന്റെ സുന്ദരന്‍ ക്രോസിലേക്കു കുതിച്ചുയര്‍ന്ന് കവാനി വലകുലുക്കിയപ്പോള്‍ പോര്‍ച്ചുഗല്‍ ക്യാംപ് ഞെട്ടി (1-0).

ഇടവേളയ്ക്കു മുന്‍പ് പന്തടക്കത്തില്‍ മികച്ചു നിന്ന പോര്‍ച്ചുഗലിന് നിര്‍ണായക മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ലീഡ് നേടിയതിനു ശേഷം പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞെങ്കിലും കൗണ്ടര്‍ അറ്റാക്കുകള്‍ക്കുള്ള അവസരങ്ങള്‍ യുറഗ്വായ് പാഴാക്കിയില്ല. ക്രിസ്റ്റ്യാനോയ്ക്ക് പന്തെത്തിക്കുന്നതില്‍ പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതോടെ ആദ്യപകുതിയുടെ ആധിപത്യം അവര്‍ക്കു നഷ്ടമായി.

അതേസമയം, മധ്യനിരയിലെ മേല്‍ക്കോയ്മ എതിരാളികള്‍ക്കു വിട്ടുകൊടുത്ത യുറഗ്വായ് ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താനാണ് ശ്രമിച്ചത്. പല ഘട്ടങ്ങളിലും യുറഗ്വായ് താരങ്ങള്‍ ഒന്നടങ്കം പിന്നോട്ടിറങ്ങി പ്രതിരോധനിരയ്ക്കു പിന്തുണ നല്‍കി. ഇടവേളയ്ക്കു ശേഷവും യുറഗ്വായ് അമിത പ്രതിരോധത്തിനു ശ്രമിച്ചപ്പോഴാണ് 55ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സമനില ഗോള്‍ (1-1). കോര്‍ണറില്‍നിന്ന് പെപ്പെ ഗോള്‍ നേടിയതിനു പിന്നാലെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്ന യുറഗ്വായ് പ്രത്യാക്രമണത്തിലൂടെ തിരിച്ചടിച്ചു.

62ാം മിനിറ്റില്‍ വലതു പാര്‍ശ്വത്തില്‍നിന്ന് റോഡ്രിഗോ ബെന്റാങ്കുറിന്റെ ഡയഗണല്‍ ക്രോസിലേക്ക് ഓടിക്കറിയ കവാനിയുടെ ഉജ്വല ഷോട്ട് ഗോള്‍കീപ്പര്‍ റൂയി പട്രീഷ്യോയെയും കടന്ന് വലയില്‍ (2-1). ക്വാര്‍ട്ടറില്‍ ജൂലൈ ആറിനു രാത്രി 7.30ന് യുറഗ്വായ് ഫ്രാന്‍സിനെ നേരിടും.

ക്വാര്‍ട്ടര്‍ മത്സരത്തിന് എല്ലാ ബ്രസീല്‍ താരങ്ങളും തിരിച്ചെത്തുന്നു

ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ബ്രസീലിന് ആശ്വാസ വാര്‍ത്ത. അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇറങ്ങുമ്പോള്‍ പരിക്കുമാറി എല്ലാ താരങ്ങളും തിരിച്ചെത്തുന്നു. ഫുള്‍ ബാക്ക് മാഴ്‌സലോ , ഡാനിയലോ , അറ്റാക്കിംഗ് താരം കോസ്റ്റ എന്നിവരാണ് പരിക്കില്‍ നിന്നും മുക്തി നേടിയിരിക്കുന്നത്. മൂവരും ബ്രസീല്‍ ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്തു.

brazil1-1ടീമിനൊപ്പം വ്യായാമം ചെയ്യുകയും, ഷൂട്ടിംഗ്, ക്രോസിംഗ് പരിശീലനത്തില്‍ സജീവമായി ഏര്‍പ്പെടുകയും ചെയ്തു. സാച്ചിയില്‍ വന്നിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് ടീമിലെ എല്ലാ കളിക്കാരും പരിക്കില്‍ നിന്ന് വിമുക്തരാകുന്നത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ബ്രസീല്‍ ബെല്‍ജിയത്തെ നേരിടുന്നത്. എന്നാല്‍, കസമീറോയുടെ അഭാവം ബ്രസീലിന് വെല്ലുവിളിയാകും. മെക്‌സിക്കോക്കെതിരെ ലോകകപ്പിലെ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാണ് ബ്രസീലിയന്‍ മധ്യനിര താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ബെല്‍ജിയം പോലൊരു ശക്തമായ ടീമിനെ നേരിടാനൊരുങ്ങുമ്പോള്‍ കസമീറോ എന്ന ശക്തനായ മധ്യനിര താരത്തിന്റെ അഭാവം എങ്ങനെ ബ്രസീല്‍ പരിഹരിക്കുമെന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ലോകം. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കസമീറോയാണ് ബ്രസീലിയന്‍ ടീമിന് കരുത്ത് പകരുന്നത്. നെയ്മറും കുട്ടീന്യോയും ഉള്‍പ്പെടെ പ്രതിരോധ താരം മാഴ്‌സലോ വരെ അറ്റാക്കിങ്ങ് ഏരിയകളില്‍ കളിക്കുന്നത് പ്രതിരോധത്തില്‍ കസമീറോ പകരം നില്‍ക്കുമെന്നതുകൊണ്ടാണ്.

പ്രതിരോധ തന്ത്രങ്ങളില്‍ കളിക്കുന്ന ഉറുഗ്വയും ആക്രമണത്തിലൂന്നി കളിക്കുന്ന ബ്രസീലും ഈ ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രമേ വഴങ്ങിയിട്ടുള്ളുവെന്നത് ബ്രസീലിന്റെ പ്രതിരോധത്തിന്റെ കരുത്ത് കാണിച്ചു തരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ ബ്രസീല്‍ ഗോള്‍ വഴങ്ങിയിട്ടില്ല. ബെല്‍ജിയത്തിനെതിരായ കളിയില്‍ മാഴ്‌സലോക്ക് മുന്നേറ്റത്തില്‍ അധികം സംഭാവന നല്‍കാന്‍ കഴിയാതെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് ബ്രസീലിന്റെ മുന്നേറ്റത്തെ ബാധിച്ചേക്കാം.

കസമീറോക്കു പകരം ഫെര്‍ണാണ്ടിന്യോ ഇറങ്ങിയാലും അതു ബ്രസീലിന് തൃപ്തരാകാന്‍ കഴിയില്ല. കസമീറോയില്‍ നിന്നുള്ള പ്രകടനം ഫെര്‍ണാണ്ടിന്യോയില്‍ നിന്നും പ്രതീക്ഷിച്ച് മാഴ്‌സലോ കളത്തില്‍ ആക്രമണം നടത്തിയാല്‍ ബെല്‍ജിയത്തിന്റെ വിജയത്തിന് വഴിയൊരുക്കി കൊടുക്കുന്നതിന് തുല്ല്യമാകും.

ഫുട്‌ബോള്‍ പ്രണയം വിവാഹ മോചനത്തിലേയ്ക്ക്‌

ലോകകപ്പില്‍ എന്നും താരങ്ങളായി നിലനില്‍ക്കുന്നത് മെസിയും റൊണാള്‍ഡോയുമാണ്. അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും അവരുടെ താരപ്രഭയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യമാണ്. എന്നാല്‍, റഷ്യയില്‍ തര്‍ക്കം അതിരുകടന്നു എന്ന് പറയേണ്ടി വരും. ഫുട്‌ബോള്‍ പ്രണയം റഷ്യയിലെ ദമ്പതികളുടെ ജീവിതത്തെ തന്നെയാണ് ബാധിച്ചിരിക്കുന്നത്.

ME-ROആര്‍സനും ഭാര്യ ല്യുദ്മിലയുമാണ് അതിരു വിട്ട തര്‍ക്കത്തിലേര്‍പ്പെട്ടത്. നൈജീരിയക്കെതിരെ മെസി നേടിയ മനോഹര ഗോളോടെയായിരുന്നു കലഹത്തിന്റെ തുടക്കം. ഗോള്‍ നേടിയതതോടെ ആര്‍സന്‍ മതിമറന്ന് ആഘോഷിക്കാന്‍ തുടങ്ങി. ഇത് കണ്ട് സഹിക്കാനാകാതെ ഭാര്യ പരിഹസിക്കാന്‍ തുടങ്ങി. കളിയാക്കല്‍ ക്രമേണ കലഹത്തിലേക്ക് വഴിമാറി. ഇതോടെ തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഭര്‍ത്താവ് കോടതിയില്‍ വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

ടൂര്‍ണമെന്റ് തുടങ്ങിയപ്പോള്‍ മുതല്‍ തന്റെ ഭാര്യ മെസിയെ പരിഹസിക്കുകയാണെന്നും ഒരു പെനല്‍റ്റി പോലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ലെന്നും ല്യുദ്മില പറഞ്ഞെന്നും ആര്‍സന്‍ വിശദീകരിച്ചു. റൊണാള്‍ഡോയെ എപ്പോഴും പുകഴ്ത്തി സംസാരിക്കുകയും ചെയ്യും. മെസിയേക്കാള്‍ മിടുക്കന്‍ റൊണാള്‍ഡോയാണെന്നും അവര്‍ വാദിച്ചു. ഇതോടെ തനിക്കു നിയന്ത്രണം നഷ്ടമായെന്നും അവളെ പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നെന്നും ആര്‍സന്‍ പറഞ്ഞു.

അതേസമയം, ദമ്പതികളുടെ മാതൃരാജ്യം റഷ്യയാണ് എന്നതാണ് കൗതുകം ജനിപ്പിക്കുന്നത്. 2002 ലോകകപ്പിനിടെ ഒരു ബാറില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതതും വിവാഹിതരായതും. റഷ്യന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.

പരിക്കേറ്റതിനെ തുടര്‍ന്ന് പ്രീ ക്വാര്‍ട്ടര്‍ നഷ്ടമായി; മത്സരശേഷം സൂപ്പര്‍ താരം മടങ്ങിയത് നിറ കണ്ണുകളുമായി

റഷ്യന്‍ മാമാങ്കത്തിലെ അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സത്തില്‍ ഇംഗ്ലണ്ടിനെതിരെ കൊളംബിയന്‍ താരങ്ങള്‍ക്ക് അടിപതറി. ഗ്യാലറിയില്‍ ആരാധകരോടൊപ്പം ആര്‍ത്തുവിളിക്കാന്‍ കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസും ഉണ്ടായി.

പരിക്കേറ്റതിനെ തുടര്‍ന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ താരത്തിന് പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍, മത്സരശേഷം കണ്ണീരോടെയായിരുന്നു താരത്തിന്റെ മടക്കം. സെനഗലിനെതിരായ മത്സരത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടം റോഡ്രിഗസിന് നഷ്ടമായത്.

ഇന്നലെ നടന്ന മത്സരത്തില്‍ ഫല്‍ക്കാവോയ്‌ക്കൊപ്പം മഞ്ഞക്കുപ്പായത്തിലിറങ്ങി ഇംഗ്ലണ്ടിന്റെ ഗോളില്‍ പ്രതിരോധ പ്രകടനം കാഴ്ചവെക്കേണ്ട താരം പതിനായിരക്കണക്കിന് വരുന്ന കാണികളുടെ കൂട്ടത്തില്‍ ഒരുവനായി ഇരുന്ന് കളി കണുന്ന കാഴ്ച ആരാധകരുടെ ഹൃദയം തകര്‍ത്തു.

യെറി മിനയുടെ മിന്നും ഹെഡറില്‍ മത്സരത്തില്‍ സമനില പിടിച്ചപ്പോള്‍ താരം ആരാധകര്‍ക്കൊപ്പമിരുന്ന് ആര്‍ത്തുവിളിച്ചു. മത്സരശേഷം ടീം പരാജയം ഏറ്റുവാങ്ങിയെങ്കിലും ടീമിനൊപ്പം പ്രീ ക്വാര്‍ട്ടറില്‍ കളിക്കാനാകാത്ത വിഷമം താരത്തിന്റെ നിറഞ്ഞ് തുളുമ്പിയ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു.

RODRIGUSഅതേസമയം, പൊരുതിക്കളിച്ച കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

കായികമായി വെല്ലുവിളിച്ച കൊളംബിയയ്‌ക്കെതിരെ ഹാരി കെയ്ന്‍ പെനാല്‍റ്റിയില്‍നിന്ന് നേടിയ ഗോളില്‍ ഇംഗ്ലണ്ടാണ് ആദ്യം മുന്നില്‍ക്കയറിയത്. ഇംഗ്ലണ്ടിന് അനുകൂലമായി വിധിച്ച കോര്‍ണര്‍കിക്ക് തടയാനുള്ള കൂട്ടപ്പൊരിച്ചിലിനിടെ ബോക്‌സിനുള്ളില്‍ ഹാരി കെയ്‌നെ കാര്‍ലോസ് സാഞ്ചസ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത കെയ്ന്‍ അനായാസം ലക്ഷ്യം കണ്ടു. ഈ ലോകകപ്പിലെ ടോപ് സ്‌കോററായ കെയ്‌നിന്റെ ആറാം ഗോള്‍. അതില്‍ നാലും പെനാല്‍റ്റിയില്‍നിന്ന്.

തിരിച്ചടിക്കാനുള്ള കൊളംബിയയുടെ ശ്രമങ്ങള്‍ അതിജീവിച്ച് ഇംഗ്ലണ്ട് വിജയം പിടിച്ചെടുക്കുമെന്ന് കരുതിയിരിക്കെ എക്‌സ്ട്രാ ടൈമില്‍ സമനില ഗോളെത്തി. ഇക്കുറിയും ഗോളിലേക്ക് നയിച്ചത് കോര്‍ണര്‍കിക്ക്. ക്വാഡ്രാഡോ ഉയര്‍ത്തിവിട്ട പന്തില്‍ തലവച്ച യെറി മിനായ്ക്ക് പിഴച്ചില്ല. പന്ത് വലയില്‍. വിജയമുറപ്പിച്ചുനിന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗോള്‍. ഇതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക്.

അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങേണ്ടി വന്നതിന്റെ പകപ്പോടെയായിരുന്നു എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന്റെ കളി. എന്നാല്‍, സാവധാനം സമനില വീണ്ടെടുത്ത അവര്‍ വിജയഗോളിനായി തകര്‍ത്തുകളിച്ചു. എന്നാല്‍ കൊളംബിയന്‍ പ്രതിരോധം ഉറച്ചുനിന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്.

ഇതിനു മുന്‍പ് ലോകകപ്പില്‍ ഷൂട്ടൗട്ട് നേരിടേണ്ടി വന്നപ്പോഴെല്ലാം തോറ്റുപുറത്തായിട്ടുണ്ടെന്ന ചരിത്രമായിരുന്നു ഇംഗ്ലണ്ടിന് പ്രധാന വെല്ലുവിളി. മൂന്നാം കിക്ക് പാഴാക്കിയ ഹെന്‍ഡേഴ്‌സന്‍ ആരാധകരുടെ ആധി കൂട്ടുകയും ചെയ്തു. എന്നാല്‍ കൊളംബിയയ്ക്കായി മൂന്നാം കിക്കെടുത്ത ഉറീബേയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചതോടെ ഇംഗ്ലണ്ട് ആശ്വാസംകൊണ്ടു. കൊളംബിയയുടെ നാലാം കിക്കെടുത്ത കാര്‍ലോസ് ബാക്കയുടെ കിക്ക് ഗോള്‍കീപ്പര്‍ തടഞ്ഞതോടെ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ചാല്‍ ഇംഗ്ലണ്ടിന് ക്വാര്‍ട്ടര്‍. കിക്കെടുത്ത ഡയര്‍ സമ്മര്‍ദ്ദമേതുമില്ലാതെ പന്തു വലയിലാക്കി. ഷൂട്ടൗട്ടില്‍ 4-3 ജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]