Flash News

മതപീഡനത്തിന്റെ മറുവശങ്ങളില്‍? (ലേഖനം)‌

July 5, 2018 , ജയന്‍ വര്‍ഗീസ്

matha peedanam banner1ക്രിസ്തുവിന്റെ പേര് പറഞ്ഞു ബിസ്സിനസ്സ് നടത്തുന്ന രണ്ടു ക്രിസ്തീയ സഭാ വിഭാഗങ്ങളിലെ കേരളത്തിലുള്ള കുറെ പുരോഹിതന്മാര്‍ ജുഗുപ്‌സാ വഹമായ ലൈംഗിക ബലാത്സംഗ കേസുകളില്‍ കുടുങ്ങി മുഖത്തു മുണ്ടിട്ടു നടക്കുകയാണിപ്പോള്‍. തങ്ങളുടെ പെണ്‍ കുഞ്ഞാടുകളുടെ ഇടയന്മാരും ആത്മീയ പിതാക്കന്മാരും ആയി വിലസിയിരുന്ന ഇക്കൂട്ടര്‍, കുന്പസാരം എന്ന് വിളിക്കപ്പെടുന്ന ആത്മീയ ഊരാക്കുടുക്കില്‍ അകപ്പെടുത്തിയിട്ടാണ് തങ്ങളുടെ പെണ്ണാടുകളുടെ അടിവസ്ത്രമഴിച്ചു കൂദാശ നടത്തിയത്. ശുദ്ധമാന കത്തോലിക്കാ സഭയിലെ മറ്റൊരു പരമ പിതാവ്, തന്റെ ആശ്രിതയായ കന്യാസ്ത്രീ പെണ്ണാടിലാണ് പരാക്രമം കാട്ടിയത് എന്നാണാക്ഷേപം.)

“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചൂ,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ,
മനുഷ്യനും, മതങ്ങളും, ദൈവങ്ങളും കൂടി
മണ്ണ് പങ്കു വച്ചൂ, മനസ്സു പങ്കു വച്ചൂ……..!”

യശഃ ശരീരനായ ശ്രീ വയലാര്‍ രാമവര്‍മ്മയെ പ്രവാചകന്റെ തലത്തിലേക്കുയര്‍ത്തി നിര്‍ത്തിയ ഈ കവിതാ ശകലം ആധുനിക കാല ഘട്ടത്തിന്റെ മുഖ മുദ്രയായി മാറുകയാണ്.

മനുഷ്യ പുരോഗതിയുടെ മഹത്തായ കാലഘട്ടമെന്ന് കൊട്ടിഘോഷിച്, ആഗോളവല്‍ക്കരണത്തിന്റെ അന്തിച്ചന്തയില്‍ അരുതാത്തതുകള്‍ നേടിയെടുക്കാനുള്ള മാരത്തണ്‍ ഓട്ടത്തിന്റെ മദ്ധ്യവഴിയില്‍ എത്തി നില്‍ക്കുന്ന ആധുനിക മനുഷ്യന്‍ മത രാഷ്ട്രീയ മന്തുകാലുകളുടെ ഭാരവും പേറി ഇഴയുന്‌പോള്‍, ആഗോളവല്‍ക്കരണവും, വിശ്വസാഹോദര്യവുമെല്ലാം അകന്നു പോകുന്ന അയഥാര്‍ഥ്യങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്.

അറിയപ്പെടുന്ന പ്രപഞ്ചത്തിലെ അത്യുകൃഷ്ട ജീവിയാണ് മനുഷ്യന്‍. പ്രപഞ്ച ചേതന കടഞ്ഞെടുത്ത അമൃത ബിന്ദുവാണവന്‍. ജന്തു ജീവി വര്‍ഗ്ഗങ്ങളിലെ കേവലമൊന്നു മാത്രമായ അവസ്ഥയില്‍ നിന്ന്, ചിന്തിക്കുവാനും, പ്രവര്‍ത്തിക്കുവാനും, സ്വപ്നങ്ങളുടെ നേരിയ വല ഭാവിയുടെ ആഴങ്ങളിലേക്ക് വീശിയെറിയുവാനും സാധിക്കുക വഴിയാണ്, ഭൂമിയിലെ മാത്രമല്ല, ഒരു വേള പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ഉല്‍കൃഷ്ട ജീവിയായി അവന്‍ ആയിത്തീരുന്നത്.

പുതിയ വഴികളിലൂടെ നടന്നു പോകുവാനും, താന്‍ നടന്ന വഴികളില്‍ പിന്‍ തലമുറകള്‍ക്കു വേണ്ടി ഏതാനും കാല്‍പ്പാടുകളെങ്കിലും അവശേഷിപ്പിക്കുവാനും സാധിക്കുക വഴിയാണ്, മറ്റു ജീവി വര്‍ഗ്ഗങ്ങള്‍ക്കൊന്നും സാധിക്കാതെ പോയ (മനുഷ്യ) വംശ സംസ്ക്കാരത്തിന്റെ മഹത്തായ കൊടിക്കൂറകള്‍ ഇവിടെ പാറിക്കളിക്കുന്നത്.

ഇന്നലെകളുടെ തെറ്റുകളില്‍ നിന്ന്, ഇന്നുകളിലേക്കുള്ള തിരുത്തലുകളും, നാളെകളിലേക്കുള്ള സ്വപ്നങ്ങളുമാണ് സംസ്കാരം. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും ഈ സംസ്കാരത്തിന്റെ പതാകാ വാഹകരാണ് ആയിരിക്കണം. ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെയെ സ്വപ്നം കാണലും, അതിലേക്ക് ധീരമായി നടന്നടുക്കലും എന്നതായിരിക്കണം ഇന്നിന്റെ കര്‍മ്മ പരിപാടി.

സ്വാതന്ത്ര്യമാണ് ഏതു സംസ്കാരത്തിന്റെയും പ്രഖ്യാപിത മുദ്രാവാക്യം. സര്‍വ തന്ത്ര സ്വതന്ത്രനായ മനുഷ്യന്‍ എന്ന മാന്യതക്കെതിരേ, തടസ്സങ്ങളുടെ വന്‍ മതിലുകള്‍ പണിതുയര്‍ത്തുക എന്നതായിരുന്നു എക്കാലത്തെയും മത അധികാര വ്യവസ്ഥിതിയുടെ സംഭാവന.

സാമൂഹ്യ ജീവിയായ മനുഷ്യനിലെ സ്വാര്‍ത്ഥതയുടെ അധികപ്പറ്റുകളെ അസഹ്യമായി വളരാതെ നിയന്ത്രിക്കുന്നതില്‍ ഈ സംവിധാനം കുറച്ചൊക്കെ സഹായിച്ചിട്ടുണ്ട് എന്നു സമ്മതിക്കാമെങ്കിലും, സ്വന്തം വര്‍ഗ്ഗത്തിന്റെ വളര്‍ച്ചക്കും, ഉന്നമനത്തിനും വേണ്ടി വളര്‍ന്നു വരേണ്ട അതുല്യ പ്രതിഭകളെ വരിയുടച്ച കാളകളെപ്പോലെ നിര്‍വീര്യരാക്കി നല്ല ഉഴവുകാരാക്കി നില നിര്‍ത്തിയ ചരിത്രമാണ് എവിടെയും, എക്കാലത്തും നില നിന്ന മതങ്ങള്‍ അനുവര്‍ത്തിച്ചു പോന്നിട്ടുള്ള നയ സംവിധാനങ്ങള്‍.

സമീപ കാല മാധ്യമങ്ങളുടെ മുഖ്യ ചര്‍ച്ചാ വിഷയമായി നില നില്‍ക്കുന്നത് മതങ്ങളില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്ന മനുഷ്യന്റെയും, മനുഷ്യനില്‍ നിന്ന് പീഠനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്ന മതങ്ങളുടെയും കഥകളാണ്. മതാധിപത്യ രാഷ്ട്രീയത്തിന്റെ മുഖ മുദ്ര പേറുന്ന ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന ഭാരതത്തില്‍, പശുവിനെ സംരക്ഷിക്കാന്‍ മനുഷ്യനെ തല്ലിക്കൊല്ലുന്ന കാടത്തം നിലനില്‍ക്കുന്‌പോള്‍, ഭൂരിപക്ഷ മതങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ ന്യൂനപക്ഷ മതങ്ങളുടെ ചാവേറുകള്‍ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കുകയാണെന്നും കാലം കണ്ടു കഴിഞ്ഞിരിക്കുന്നു?

മല മടക്കുകളില്‍ പോലും കുരിശുകള്‍ സ്ഥാപിച്ചു വനം കൈയേറുന്ന െ്രെകസ്തവ സുവിശേഷകര്‍ ലക്ഷ്യം വയ്ക്കുന്നത് സുവിശേഷത്തിന്റെ പോഷണമോ, അതോ മലമടക്കുകളിലെ വളക്കൂറുള്ള കന്നിമണ്ണോ എന്ന് അവര്‍ തന്നെ പൊതു ജനങ്ങള്‍ക്ക് വിശദീകരിച്ചു തരേണ്ടതുണ്ട്.

സുവിശേഷം എന്ന വാക്കിന്റെ അര്‍ഥം സദ് വര്‍ത്തമാനം എന്നാണെങ്കില്‍, ‘ അസതോമാ സദ് ഗമയ: ‘ എന്ന് പാടിയ ഭാരതീയ പാരന്പര്യത്തിന്റെ തനിയാവര്‍ത്തനം മാത്രമാകുന്നു അതെങ്കില്‍, തിന്മയില്‍ നിന്ന് നന്മയിലേക്ക് മനുഷ്യനെ നയിക്കേണ്ടുന്ന മഹത്തായ കടമയാണ് ഓരോ സുവിശേഷകനും ഉള്‍ക്കൊള്ളേണ്ടത്.

തിന്മയില്‍ നിന്ന് നന്മയിലേക്ക് മനുഷ്യനെ നയിക്കേണ്ടവര്‍ സ്വന്തം ജീവിതത്തിലെ ചപ്പും, ചവറും പിന്നില്‍ ഉപേക്ഷിച്ചു കൊണ്ട്, പുതിയ മനുഷ്യനായി പുനര്‍ജനിച്ചു കൊണ്ട്, തനിക്കു ചുറ്റും വെളിച്ചം പ്രസരിപ്പിക്കുന്ന വിളക്ക് മരങ്ങളായി സ്വയം മാറ്റപ്പെട്ടവരായിരിക്കണം.

കല്‍ക്കട്ടയിലെ അഴുക്കു ചേരികളില്‍ നിന്ന് പൊട്ടിയൊലിക്കുന്ന കുഷ്ഠ രോഗികളെ വാരിപ്പുണരുന്‌പോള്‍, മനുഷ്യ സ്‌നേഹിയായ മദര്‍ തെരേസ ഈ മാറ്റം ഉള്‍ക്കൊള്ളുകയായിരുന്നു.

ലോഭ ഭോഗ ഇച്ഛകളുടെ ഉന്തും, മുഴകളും സ്വന്തം ജീവിതത്തില്‍ നിന്ന് ചെത്തുകയും ഛേദിക്കുകയും ചെയ്തു കൊണ്ട്, ‘ അസതോമ ‘യുടെ വരണ്ട നിലങ്ങളില്‍ ‘ സദ്ഗമയ ‘ യുടെ വിത്തിറക്കാനൊരുങ്ങുന്നവര്‍ ആത്യന്തികമായി സംന്യാസത്തിന്റെ പ്രായോഗികതയിലാണ് എത്തിച്ചേരുക എത്തിച്ചേരേണ്ടത് ?

ഇതിനു സാധിക്കുന്നില്ലെങ്കില്‍, സ്വന്തം കൃഷിയിടങ്ങളില്‍ കപ്പയും, കാച്ചിലും നട്ട് വീട്ടിലിരിക്കുകയോ, അപ്പന്റെ കച്ചവടപ്പീടികയില്‍ കള്ളക്കണക്കും, കള്ളത്തൂക്കവുമായി പത്തു കാശുണ്ടാക്കുകയോ ആവും കൂടുതല്‍ ഭംഗി ?

പുരോഹിതന്റെയും, സുവിശേഷകന്റെയും കുപ്പായങ്ങള്‍ക്കുള്ളില്‍, മനുഷ്യത്വത്തിന്റെയും, സാഹോദര്യത്ത്വത്തിന്റെയും നറും തിരികളായി എരിഞ്ഞു തീര്‍ന്ന താപസേശ്വരന്മാരുടെ ജീവിത മാതൃകകള്‍ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് തന്നെ പറയട്ടെ, ഇന്ന് ബഹു ഭൂരിപക്ഷവും അനായാസം അണിഞ്ഞിരിക്കുന്ന ഇതേ കുപ്പായങ്ങള്‍ വിയര്‍ക്കാതെ അപ്പം ഭക്ഷിക്കുന്നതിന് മാത്രമല്ലാ, അനായാസം ധന സന്പാദനത്തിനുള്ള കുറുക്കു വഴിയായി കൂടി തരം താണിരിക്കുകയാണ്.

സമൂഹ സാഹചര്യങ്ങളുടെ ആഴങ്ങളില്‍ വേരിറക്കി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മത വടവൃക്ഷങ്ങളില്‍ ഞാന്നു കിടന്നു കൊണ്ട് ഈ നരിച്ചീറുകള്‍ നമ്മെ പഠിപ്പിക്കുകയാണ് : മുകളില്‍ ഭൂമിയും, താഴെ ആകാശവുമാണെന്ന് ? തങ്ങള്‍ ചവിട്ടി നില്‍ക്കുന്നിടത്താണ് ഭൂമി എന്നാണവരുടെ വാദം. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ അവര്‍ ഉപദ്രവിക്കും : കടിക്കും , മാന്തും. ?

സാമൂഹ്യാവസ്ഥയുടെ ചിറകിന്‍ കീഴില്‍ സുരക്ഷിതത്വത്തിന്റെ ഇളം ചൂടിന്റെ സുഖമറിയുന്ന സാധാരണ ജനം, കടിയുടെ വേദനയും, മാന്തലിന്റെ നീറ്റലും ഭയന്ന് കണ്ണുകള്‍ ഇറുക്കിയടച്, ” ശരിയാ, മുകളിലാ ഭൂമി ” എന്നും പറഞ് മതങ്ങളുടെ ചിറകിന്‍ കീഴിലേക്ക് ഒന്ന് കൂടി പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു ?

വരിയുടച്ച കാളകളെപ്പോലെ പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇക്കൂട്ടരാണ്, മതങ്ങളെ കച്ചവട സ്ഥാപനങ്ങളാക്കുവാനും, വിശ്വാസത്തെ വില്പനച്ചരക്കാക്കുവാനും ഏറെ സഹായിക്കുന്നവര്‍ ?

ശ്രീ ജയന്‍ കെ.സി. യുടെ വാക്കുകളില്‍, ‘ ഇവരുടെ ഭൗതിക സന്പത്തിന്റെ ഇളം നാന്പുകള്‍ കടിച്ചെടുത്തു കൊണ്ട് മതത്തിന്റെ കാളകള്‍ കൊഴുത്തു തടിക്കുകയാണ് ‘.

സന്പത്തിന്റെ വികേന്ദ്രീകരണത്തിലൂടെ സാമൂഹ്യ സമത്വം സാധിക്കാമെന്ന സോഷ്യലിസ്റ്റു സിദ്ധാന്തം തന്നെയാണ് മിക്ക മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളുടെ ആണിക്കല്ല് എന്ന് ബോധപൂര്‍വം ചിന്തിച്ചാല്‍ മനസിലാക്കാവുന്നതാണ്. അത് നടപ്പിലാക്കുന്നതില്‍ അന്‌പേ പരാജയപ്പെട്ട മതങ്ങളുടെ വികൃത ചിത്രങ്ങളാണ് ഇന്ന് അവര്‍ തന്നെ നമ്മളുടെ മുന്നില്‍ നിര്‍ലജ്ജം പ്രദര്‍ശിപ്പിക്കുന്നത് ?

മനുഷ്യനെ ദൈവമാക്കാന്‍ വേണ്ടി മതങ്ങള്‍ മുന്നോട്ടു വച്ച ചിന്താ പദ്ധതിയായിരുന്നു പൗരോഹിത്യം? നിസ്സാരനും, നിസ്സഹായനായ മനുഷ്യന്‍ തന്റെ വേദനകളുടെ കടും ചുമടുമായി അലയുന്നതിനിടയില്‍, വഴിയോരങ്ങളില്‍ കാവല്‍ നിന്ന മതങ്ങളുടെ അത്താണിക്കല്ലുകളില്‍ ഒരു നിമിഷമെങ്കിലും ഈ ചുമടിറക്കാമെന്ന് വ്യാമോഹിച്ചതില്‍ അത്ഭുതമില്ല. പക്ഷെ, അതിനവര്‍ കൊടുക്കേണ്ടി വന്ന വലിയ വില അവിശ്വസനീയമായിരുന്നു. ബന്ധു വീട്ടില്‍ നിന്ന് ദാനം കിട്ടിയ ചക്കയുമായി ബസ്സില്‍ വന്നിറങ്ങിയ സാധു വനിതയോട് ചക്കയിറക്കിയതിനു കൂലിയായി പകുതിച്ചക്ക മുറിച്ചു വാങ്ങിയ കേരളത്തിലെ ഒരട്ടിമറിക്കാരന്റേത് പോലെ ക്രൂരവുമായിരുന്നു !

ധനം കുന്നു കൂടിയ മത സ്ഥാപനങ്ങള്‍ ദേവസ്വങ്ങളും, ഭദ്രാസനങ്ങളുമായി വളര്‍ന്നു. ആസനങ്ങളില്‍ വടിയും, മുടിയുമായി ആരൂഢന്മാരായ ഭരണാധികാരികള്‍ അവരോധിക്കപ്പെട്ടു. സംഘടനകളും, സമാജങ്ങളുമായും, ബോര്‍ഡുകളും, കമ്മറ്റികളുമായും അവര്‍ വളര്‍ന്നു. ഇവകളുടെയൊക്കെ തലപ്പത്ത് തങ്ങളുടെ ആശ്രിതന്മാരായ വരിയുടച്ച കാളകളെത്തന്നെ പ്രതിഷ്ഠിച്ചു. എന്തിനധികം, മത്സര ബുദ്ധിയോടെ തന്നെ ഓരോ മതങ്ങളും വലിയ വലിയ എസ്‌റാബ്‌ളിഷ്‌മെന്റുകളായി വളര്‍ന്നു പടരുകയായിരുന്നു ?

ഇന്നീ മേഖലയില്‍ പൊരിഞ്ഞ ബിസ്സിനസ്സ് ആണ് നടക്കുന്നത്. ആശുപത്രികളും, പള്ളിക്കൂടങ്ങളും പോരാഞ്, റബ്ബര്‍ തോട്ടങ്ങളും, ചിട്ടിപ്പിരിവും നടത്തിയ ക്രിസ്തീയ സഭകള്‍ ഇന്ന് പണം പലിശക്ക് കൊടുക്കുന്ന ബ്ലേഡ് കന്പനികള്‍ വരെ നടത്തി സന്പാദിക്കുന്‌പോള്‍ അപമാനിക്കപ്പെടുന്ന ക്രിസ്തുവും ശിഷ്യന്മാരും പഴയ ഒറ്റ വാചകത്തില്‍ തന്നെയാവും ഇന്നും പ്രതികരിക്കുക : ” ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ ” എന്ന്.

എസ്റ്റാബഌഷ് മെന്റുകള്‍ക്ക് സഹായികളായി ശിപ്പായികളെ വേണമായിരുന്നു. ത്യാഗി വര്യന്മാരായ പഴയകാല സുവിശേഷകര്‍ക്ക് ദൈവ വിളി സ്വന്തം ഉള്‍വിളിയായിരുന്നെങ്കില്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ആ വിളി വരുന്നത് മതങ്ങളുടെ മഞ്ഞപ്പത്രങ്ങളിലൂടെ ആയിരിക്കുന്നു.

“ഇണ്ടിക്കണ്ടന്‍ രൂപതയുടെ അണ്ടിക്കണ്ടന്‍ മേഖലയില്‍ ദൈവവേല ചെയ്യുവാനായി എസ്.എസ്.എല്‍.സി.യെങ്കിലും പാസായ കുഞ്ഞനുജന്മാരെയും, കുഞ്ഞനുജത്തിമാരെയും ഉടന്‍ ആവശ്യമുണ്ട്.”

220 മാര്‍ക്കില്‍ കഷ്ടിച്ച് കടമ്പ കടന്നു കൂടിയ കുഞ്ഞനുജനും, കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന മൂന്നോ, നാലോ ചേച്ചിമാര്‍ക്കിടയില്‍ തല്‍ക്കാലം തന്റെ കാര്യം നടക്കില്ലെന്ന് സ്വയമറിയുന്ന കുഞ്ഞനുജത്തിയും അങ്ങിനെ ദൈവ വേലക്കിറങ്ങുകയായി. ശ്രീ പി. അയ്യനേത്തിനെപ്പോലുള്ള നോവലിസ്റ്റുകള്‍ വിവരിക്കുന്ന ക്രൂരമായ സെമിനാരി കോണ്‍വെന്റ് ജീവിതാനുഭവങ്ങള്‍ കടിച്ചു പിടിച്ചനുഭവിച്ചു സഹിച്ചു കഴിയുന്ന ഈ കൗമാരക്കാരുടെ മനസ്സില്‍ എങ്ങിനെയും മറ്റുള്ളവരോടൊപ്പം തലയുയര്‍ത്തി ജീവിക്കണം എന്ന ഒറ്റ ലക്ഷ്യത്തിന്റെ കേടാക്കാനല്‍ ആയിരിക്കും എരിഞ്ഞു നില്‍ക്കുക ?

സൗജന്യമായി ലഭിക്കുന്ന പ്രോഫാഷനല്‍ വിദ്യാഭ്യാസത്തിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി പലരും തങ്ങളുടെ ഇണകളോടൊപ്പം മതിലുകള്‍ ചാടി രക്ഷപ്പെടുന്നു? അവശേഷിക്കുന്നവര്‍ അടങ്ങാത്ത ജീവിത കാമനകളുടെ അഭിനിവേശവുമായി അന്യ നാടുകളിലെ അറിയപ്പെടാത്ത താവളങ്ങളില്‍ എത്തിപ്പെടുന്നു.?

അപ്പോഴേക്കും ഇവരുടെ സാമൂഹ്യ പദവി വളരെവളരെ ഉയരുന്നു. എങ്ങിനെയും ഭാരതത്തെ ക്രിസ്തീവല്‍ക്കരിച്ചിട്ടേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന യൂറോ അമേരിക്കന്‍ മത മേധാവികളുടെ ‘ പാല്‍പ്പൊടി’ യന്‍ ബോധവല്‍ക്കരണത്തിലൂടെ ഇവര്‍ വലിയ സുവിശേഷകരും, സാമൂഹ്യ പ്രവര്‍ത്തകരും, ജീനിയസ്സുകളും ആയി മാറുന്നു.

ഗ്രാമ ഗലികളിലെ ചാളകള്‍ക്കിടയില്‍ ഇവരുടെ കമനീയ താവളങ്ങള്‍ ഉയരുന്നു. സൈലന്‍സര്‍ ഊരിമാറ്റിയ മോട്ടോര്‍ സൈക്കിളിന്റെ പടപടപ്പന്‍ ഹുങ്കാരവം ഗ്രാമ ഹൃദയങ്ങളെ നടുക്കുന്നു. മലഞ്ചെരിവുകളിലെ നാട്ടു വഴികളിലൂടെ അലറിപ്പായുന്ന ഇവരുടെ മോട്ടോര്‍ സൈക്കിളിന്റെ പിന്‍ സീറ്റില്‍ അച്ചന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്, ഹൃദയത്തിന്റെ പിന്‍ ഭാഗത്തു മുലകള്‍ അമര്‍ത്തി വച്ച് യാത്ര ചെയ്യുന്ന തക്കാളിപ്പഴം പോലൊരു കന്യാസ്ത്രീയെ കണ്ടാല്‍ ആരും അത്ഭുതപ്പെടരുത്. എന്ത് കൊണ്ടെന്നാല്‍ അതാണല്ലോ അവരുടെ പണി? ദൈവ വിളി കേട്ട് വേലക്കിറങ്ങിയ ദാസനും, ദാസിയുമാണല്ലോ അവര്‍ ?

ഓര്‍ത്തഡോക്‌സ് സഭകളിലെ കത്തനാരന്മാരുടെ അവസ്ഥ ഇതില്‍ നിന്നും കുറേക്കൂടി വ്യത്യസ്തമാണ്. നാട്ടു പ്രമാണിയായ അപ്പന്റെ മകനായിട്ടായിരിക്കും മിക്കവരുടെയും വരവ്. അച്ചനാവുന്നതിനു മുന്‍പ് തന്നെ കാശുള്ള തന്തയുടെ മകളെ കല്യാണം കഴിച്ചിരിക്കും. പിന്നെയങ്ങോട്ട് ഇടവക ഭരണത്തിന്റെ കീറാമുട്ടിയാണ്. തന്റെ ആണാടുകളുടെ ഇടയനായും, പെണ്ണാടുകളുടെ മുട്ടനായും ഒക്കെ ഭാവിക്കുമെങ്കിലും കാര്യം നടക്കാന്‍ വലിയ വിഷമമാണ്. കഴുത്തില്‍ തൂങ്ങിയ കുരിശു പോലെ ഇപ്പോഴും എപ്പോഴും ഭാര്യ കൂടെയുണ്ടാവും എന്നതാണ് പ്രധാന പ്രശ്‌നം. പിന്നെ പള്ളി പ്രമാണിമാരായ അപ്പനെയും, അമ്മായി അപ്പനെയും ഒളിക്കണമല്ലോ ?കയ്ച്ചിട്ടു ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും മേലാത്ത ഈ അവസ്ഥയിലാണ് കുന്പസാരപ്പെണ്ണിന്റെ കിളിനാദം ജീവിത രഹസ്യങ്ങളുടെ നിലവറ തുറക്കുന്നത്. നിധികളുടെ നിലവറയില്‍ കടന്ന കള്ളനെപ്പോലെ ആകുന്നു കത്തനാരുടെ നില. ഏതെടുക്കണം, ഏതു വാരണം എന്ന അവസ്ഥ. എല്ലാം വാരിവലിച്ചു സ്വന്തമാക്കാനുള്ള വെപ്രാളത്തിനിടയില്‍ ഏതു പൂട്ടും തുറക്കാനുതകുന്ന ബ്‌ളാക്ക് മെയിലിങ് താക്കോലുകളുടെ ഒരു പ്രയോഗ പരന്പര. ചക്കപ്പഴം കണ്ട കാക്ക കാ, കാ, എന്ന് വിളിച്ചു മറ്റു കാക്കകളെ കൂട്ടി വരുത്തും പോലെ മറ്റു കത്തനാരന്മാരെയും വിളിച്ചു കൂട്ടുന്നു. കുറേക്കാലത്തേക്ക് എല്ലാവര്‍ക്കും കുശാല്‍. കുന്പസാരത്തിലൂടെ പാപമോചനത്തിന് പോയ പെണ്ണ് പാപ ബന്ധനത്തിലാണ് അകപ്പെട്ടതെന്ന് തിരിച്ചറിയുന്‌പോള്‍, നിവൃത്തിയില്ലാതെ ഒരു നാള്‍ വായ തുറക്കുന്നു. സമകാലീന മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പാതിരീ പരിണയ മെഗാ സീരിയലിന്റെ ഒരു എപ്പിസോഡിന്റെ തിരക്കഥ ഇപ്രകാരം സംഭവിച്ചിരിക്കണം.

ഇനി മറ്റൊരു കൂട്ടരുണ്ട്. വെളുത്ത വസ്ത്രങ്ങളും, കറുത്ത വേദപുസ്തകവും, തോളത്തു തൂങ്ങുന്ന തംപേറുകളുമായി വേലക്കിറങ്ങുന്നവര്‍. ചുരുങ്ങിയത് പത്തു പേരെയെങ്കിലും സംഘടിപ്പിച്ചു വേലയിറക്കുകയും , അവരില്‍ നിന്ന് ദശാംശം സ്വീകരിച്ചു വിയര്‍പ്പൊഴുക്കാതെ തിന്നും, കുടിച്ചും മേലനക്കാതെ 40 കഴിയുന്നതോടെ പ്രമേഹവും, പ്രഷറും പിടിപെട്ട് 55 ന് അപ്പുറം പോകാതെ കര്‍ത്താവില്‍ നിദ്ര പ്രാപിക്കുന്ന ദൈവ ദാസന്മാര്‍. സ്വര്‍ഗ്ഗം മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍. കര്‍ത്താവിന്റെ വരവ് അടുത്തു എന്നും പറഞ് കരയുന്നവര്‍.

വീട്ടിലെ കമനീയമായ ശൗചാലയം നൂറ് വര്ഷത്തിനും മേല്‍ പഴക്കം നില്‍ക്കുന്ന ഇറ്റാലിയന്‍ മാര്‍ബിളില്‍ പൊതിഞ്ഞു കമനീയമാക്കാന്‍ വന്ന സ്പാനിഷ് പണിക്കാരനോട് ” ഇന്നല്ലെങ്കില്‍ നാളെ കര്‍ത്താവ് വരുമെന്നും, അതിനാല്‍ മാനസാന്തരപ്പെട്ട്, രക്ഷിക്കപ്പെട്ട്, സ്‌നാനമേറ്റ് ഒരുങ്ങിയിരിപ്പീന്‍ എന്ന് ചുമ്മാ സുവിശേഷിക്കുന്നവര്‍. പണി നിറുത്തി പുറത്തിറങ്ങുന്ന സ്പാനിഷ്കാരന്‍, ബഡ്‌വൈസര്‍ ബിയറിന്റെ ലഹരിയില്‍ മുങ്ങുന്‌പോള്‍ ” നാളെ കര്‍ത്താവിന്റെ കൂടെ പോകാനിരുന്ന ഇവനെന്തിനാ നൂറു വര്‍ഷത്തേക്ക് നില്‍ക്കുന്ന ബാത്ത്‌റൂം പണിയുന്നത് ” എന്ന് ചോദിച്ചു പരിഹസിക്കുന്നത് അവരറിയുന്നില്ല ?

ആസാമിലും,ആഫ്രിക്കയിലും ഒക്കെ പോയി ഇവര്‍ സുവിശേഷിക്കുന്നു. കെട്ടുകണക്കിനു ബൈബിളുകളും ലഖു ലേഖകളും ഇവര്‍ വിതരണം ചെയ്യുന്നു. ദൈവം സ്‌നേഹമാണെന്ന് ഇവര്‍ പഠിപ്പിക്കുന്നു. ഇവര്‍ പഠിപ്പിക്കുന്നത് പ്രയോഗിക്കുന്നവരാണെങ്കില്‍, ടണ്‍ കണക്കിനുള്ള ലഖുലേഖകള്‍ക്ക് പകരം രണ്ടു കേട്ട് മരച്ചീനിത്തണ്ട് കൂടെ കൊണ്ടുപോയി, അതെങ്ങനെ നട്ടു വളര്‍ത്തി പറിച്ചു തിന്നാമെന്ന് ആഫ്രിക്കന്‍ ദരിദ്ര വാസികളെ പഠിപ്പിച്ചിരുന്നെങ്കില്‍, എങ്ങിനെയാണ് ദൈവം സ്‌നേഹമായി തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് തംപേറടിച്ചു തൊണ്ട കീറാതെ കുറേക്കൂടി ലളിതമായി അവര്‍ക്ക് മനസ്സിലാകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

നമുക്ക് ഇന്ത്യയിലേക്ക് മടങ്ങാം. ഗ്രാമീണരിലെ ബഹു ഭൂരിപക്ഷവും ഇവരെ സംശയത്തോടെ നോക്കുന്നു. വിശപ്പിന്റെ വിഹ്വലതയില്‍ പാല്‍പ്പൊടിക്ക് പാത്രം നീട്ടി നില്‍ക്കുന്ന ഇവരുടെ കൈകളില്‍ ഒരു വെന്തിങ്ങ കൂടി ഇവര്‍ കനിഞ്ഞു നല്‍കുന്നു. പല കാലം കൊണ്ട് പാല്‍പ്പൊടി വാങ്ങുന്ന പരംജിത്തിനെ ഇവര്‍ പിന്നെ പൗലോസാക്കുന്നു. അറവു മാടുകള്‍ക്ക് അടിക്കുന്ന അടയാളചാപ്പ പോലെ കഴുത്തില്‍ ഒരു വെന്തിങ്ങ തൂക്കുന്നു.

പരംജിത്തിനെ പൗലോസായും, മദന്‍ സിംഗിനെ മത്തായിയായും മാറ്റിക്കഴിയുന്‌പോളേക്കും തങ്ങളുടെ അണികളില്‍ നിന്നും അടര്‍ന്നു പോകുന്ന വാനര സേനയെ ഓര്‍ത്ത് രാമരാജ്യത്തിന്റെ വാക്താക്കളായ ഹിന്ദുമത മൗലിക വാദികള്‍ സംഘടിക്കുന്നു. പൗലോസിനെ പരംജിത്തായും, മത്തായിയെ മദന്‍സിങ്ങായും അവര്‍ പഴയ ഉറകള്‍ വീണ്ടും അണിയിക്കുന്നു. !

മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ പിന്നെന്തു വേണം ? തലപ്പട്ടണിഞ്ഞ തന്പുരാക്കന്മാര്‍ പ്രസ്സ് ക്ലബ്ബിലെത്തി അലറുന്നു. അവരുടെ വരിയുടച്ച കാളകള്‍ തെരുവുകളില്‍ അമറുന്നു. ശൂലമെന്ന പുരാതന ആയുധം ചുഴറ്റി കോമരങ്ങള്‍ തുള്ളി ഉറയുന്നു !

മനുഷ്യനും, മനുഷ്യനും തമ്മില്‍ മതങ്ങളുടെ പേരില്‍ ഉരസ്സുന്നു. ദൈവ തേജസ്സിന്റെ പരിച്ഛേദങ്ങളായ മനുഷ്യന്‍ എന്ന മഹത്തായ മാന്യതയുടെ തിരു നെറ്റിയില്‍ 666 ന്റെ ലേബലുകള്‍ ഒട്ടിക്കപ്പെടുന്നു. വെളുപ്പും, ചുവപ്പും, മഞ്ഞയും,പച്ചയുമായി അവര്‍ വേര്‍ പിരിയുന്നു. ജാതി, ജാതികളായും, വര്‍ഗ്ഗ, വര്‍ഗ്ഗങ്ങളായും അവര്‍ ചിതറുന്നു. സഹോദരന് നേരെ വാള്‍ ഓങ്ങുന്നു. കബന്ധങ്ങളുടെ കാലുകള്‍ ഉന്മാദ നൃത്തം ചവിട്ടി മരിക്കുന്നു. ചോരപ്പുഴകള്‍ ചാല് വച്ചൊഴുകുന്നു. അവയുടെ തീരങ്ങളില്‍ അധികാരികള്‍ സംസ്കാരത്തിന്റെ വിത്തുകള്‍ നടുന്നു ?

വിഭജനക്കാലത്ത് സിന്ധ് പ്രവിശ്യയിലൂടെ ഒഴുകിപ്പോയ ചോരപ്പുഴകളില്‍ നിന്നും, ഹൈന്ദവ രക്തത്തിന്റെ കാവി നിറവും, മുസ്ലിം രക്തത്തിന്റെ പച്ച നിറവും തേടിപ്പോയ ചരിത്രകാരന്മാര്‍ക്കു തെറ്റി. അവര്‍ കണ്ടെത്തിയത് മനുഷ്യ രക്തത്തിന്റെ കടും ചുവപ്പ് നിറം മാത്രമായിരുന്നുവത്രെ?

സത്യത്തിന്റെയും, സക്കാത്തിന്റെയും തലപ്പാവണിഞ്ഞ മുസ്ലിം സിദ്ധാന്തങ്ങളെ കാറ്റില്പറത്തിക്കൊണ്ട്, എണ്ണക്കറന്‍സിയില്‍ പൊതിഞ്ഞു കെട്ടിയ സ്‌പോടക വസ്തുക്കളുമായി മുസ്ലിം തീവ്ര വാദികള്‍ ഇന്ന് ലോകം മുഴുവന്‍ ഓടുകയാണ്. തകര്‍ക്കാന്‍ തകര്‍ത്ത് തരിപ്പണമാക്കാന്‍. കാഫറിനെ കൊല്ലുന്‌പോള്‍ കരഗതമാകുന്ന സുബര്‍ക്കത്തിലെ ലാവണ്യവതികളായ ഹൂറിമാരുടെ അടിമടിയഴിച്ചു സുഖിക്കാന്‍ ?

ചേരയുടെയും, തവളയുടെയും കഥയില്‍ ഞാന്‍ തവളയുടെ ഭാഗത്താകുന്നു. ചേരക്കു നൂറു ന്യായങ്ങളുണ്ടാവാം. തവളയെ രക്ഷപ്പെടാന്‍ അനുവദിച്ചാല്‍ വിശപ്പുകൊണ്ട് താന്‍ മരിക്കും എന്ന് ചേര വാദിച്ചേക്കാം. എങ്കിലും, ചേരയുടെ വായിലിരുന്ന് ‘ ക്യോമ് ‘ എന്ന് കരയുന്ന തവളയുടെ പേരില്‍ എനിക്ക് വേദനയുണ്ട്. ആ നിലയില്‍ ചിന്തിക്കുന്‌പോള്‍, തന്റെ അരുമക്കുട്ടികളോടൊപ്പം വാനില്‍ വെന്തു മരിച്ച ആസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റൈനിനെയും, മഹാ ഭാരതത്തിലെ ഭീഷ്മരെപ്പോലെ ശര ശയ്യയില്‍ പിടഞ്ഞു മരിച്ച ഫാദര്‍ അരുള്‍ ദാസിനെയും ഇവിടെ സ്മരിക്കുന്നു.

അരുള്‍ ദാസിന്റെ വധത്തിന് ഇടയാക്കിയ സാഹചര്യം എന്തായിരുന്നുവെന്ന് എനിക്കറിയില്ല. തങ്ങള്‍ കഴിക്കാത്ത ഭക്ഷണം കൈവശം വച്ചു എന്ന ഒറ്റക്കാരണത്താല്‍ മനുഷ്യനെ തല്ലിക്കൊല്ലുന്ന ഒരു നാട്ടില്‍ എത്ര നിസ്സാരമായ കാരണം പോലും ഒരാളുടെ ജീവനെടുത്തേക്കാം. ഗ്രഹാം സ്‌റ്റെയിനാകട്ടെ, തന്റെ പ്രവര്‍ത്തനത്തില്‍ നടപ്പിലാക്കിയ അപക്വമായ ഒരു നടപടിയാണ് അദ്ദേഹത്തിന്‍റെ വധത്തില്‍ കലാശിച്ചത് എന്നാണ് ( ശരിയാണെങ്കില്‍ ) എന്റെ അറിവ്.

ഒറീസയിലെ ഒരു ജന വിഭാഗത്തിന്റെ വിശ്വാസപരമായ ഒരാചാരത്തെ ഒറ്റയടിക്ക് തിരുത്താന്‍ അദ്ദേഹം ശ്രമിക്കരുതായിരുന്നു. ഏതോ ഒരു പ്രത്യേക ദിവസത്തില്‍ ഭൂമിദേവി പുഷ്പ്പിണി ( ഋതുമതി ) ആകുമെന്നും, അന്നേ ദിവസം ഭൂമിയെ ഉഴുതോ, കിളച്ചോ മുറിവേല്‍പ്പിക്കരുതെന്നും തലമുറ, തലമുറയായി അവര്‍ വിശ്വസിച്ചിരുന്നു. ഇത് അന്ധ വിശ്വാസമാണെന്ന് നമുക്കും അറിയാം. ഇത് അന്ധ വിശ്വാസമാണെന്ന് തെളിയിക്കാനായി ഗ്രഹാം സ്‌റ്റൈന്‍ അന്നേ ദിവസം ഭൂമി ഉഴവുകയാണുണ്ടായത്. തങ്ങളുടെ പരന്പരാഗത വിശ്വാസത്തിന്റെ കടക്കല്‍ കത്തി വച്ച ഗ്രഹാം സ്‌റ്റൈനിന്റെ ഉദ്ദേശ ശുദ്ധിയെ മനസ്സിലാക്കാന്‍ മാത്രം അപരിഷ്കൃതരായ അവര്‍ വളര്‍ന്നിരുന്നില്ല. അങ്ങിനെയാണ് ആ ദുരന്ത നാടകം അരങ്ങേറുകയുണ്ടായത് ?

മത മൗലിക വാദികളായ വിശ്വാസികള്‍ക്ക് തങ്ങളുടെ ചര്‍ച്ചില്‍ തുടരുവാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അത് നിരാകരിക്കാനുള്ള അപരന്റെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് ഉള്‍ക്കൊള്ളുവാനും, തങ്ങളെ ഉള്‍ക്കൊള്ളുവാനും കഴിയുന്ന ഒരിടം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ ക്‌ളബ് മാത്രമാണ് ഇന്ന് ചര്‍ച്ചുകള്‍ അഥവാ ക്ഷേത്രങ്ങള്‍. ദൈവത്തെ അനേഷിച്ചാണ് നിങ്ങളുടെ യാത്രയെങ്കില്‍, ചോക്കുമലയില്‍ ഒരു കഷ്ണം ചോക്ക് അന്വേഷിച്ചു നടക്കുന്ന ഒരാളെപ്പോലെ നിങ്ങളുടെ യാത്ര എന്നും അനന്തം തന്നെ ആയിരിക്കാനേ വഴിയുള്ളു ?

നിങ്ങളുടെ വിശ്വാസം മറ്റൊരാളെ അടിച്ചേല്‍പ്പിക്കുവാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നല്ല സുഹൃത്തുക്കള്‍ ആയിരുന്നുകൊണ്ട് തന്നെ നിങ്ങളുടെ വിശ്വാസം നിങ്ങള്‍ക്ക് നില നിര്‍ത്താമല്ലോ ? നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തികളിലൂടെയാണ് ഞങ്ങള്‍ തിരിച്ചറിയേണ്ടത്. അത് ഞങ്ങളുടേതിനേക്കാള്‍ ഉന്നതമാണെന്ന് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുവോ അന്ന് ഞങ്ങളും വരും നിങ്ങളുടെ കൂടെ. ഏതൊരു വിശ്വാസവും മനുഷ്യ വര്‍ഗ്ഗത്തിന്റെ പരമമായ നന്മയില്‍ പ്രായോഗികമാവുന്‌പോള്‍ മാത്രമേ കാലം അതിനെ അംഗീകരിക്കുകയുള്ളു. പ്രവര്‍ത്തി നോക്കണ്ട, വിശ്വാസം നോക്കിയാല്‍ മതി എന്ന മുടന്തന്‍ ന്യായം ഇനി വിലപ്പോവില്ല.

അല്ലാതെ, പള്ളികളിലും, കവലകളിലും ആഴ്ചകള്‍ ടീബോറും ഉച്ചഭാഷിണിയിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന ശബ്ദങ്ങള്‍ക്ക് ചിലവഴിക്കപ്പെടുന്ന ശാരീകോര്‍ജ്ജം അപരന്റെ സ്വാന്തനത്തിനുള്ള സമര്‍പ്പണമായി ഭവിച്ചിരുന്നെങ്കില്‍ ദൈവരാജ്യം നമ്മുടെ ഇടയില്‍ത്തന്നെ എന്ന യേശുവിന്റെ സ്വപ്നം എന്നേ സാക്ഷാല്‍ക്കരിക്കപ്പെടുമായിരുന്നില്ല ?

ക്ഷേത്രങ്ങളിലെ കല്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തപ്പെടുന്ന ടണ്‍ കണക്കായ പൂക്കള്‍ ഇറുക്കാതിരുന്നെങ്കില്‍ നമ്മുടെ പിഞ്ചോമനകളുടെ ചൊരിവായില്‍ നിവേദിക്കാനുള്ള ഔഷധ വീര്യമുള്ള പ്രകൃതി ദത്തമായ നറും തേന്‍ എന്നേ സുലഭമായേനെ ?

പ്രാര്‍ത്ഥന ശബ്ദം കൊണ്ടുള്ള കസര്‍ത്തല്ല. ആത്മാവിന്റെ ആഴങ്ങളില്‍ നിന്ന് അനിര്‍വചനീയമായ അനുഭൂതികളോടെ അര്‍പ്പിക്കപ്പെടുന്ന ആത്മ തേങ്ങലുകളുടെ സംഗീതമാണ്. അപ്പോള്‍ നിങ്ങളും, നിങ്ങളുടെ ദൈവവും മാത്രം ഉണ്ടായിരിക്കുന്നതാവും ഏറ്റവും നല്ലത്.

ദൈവം സ്‌നേഹമാകുന്നു. പ്രപഞ്ചാത്മാവാകുന്നു. സര്‍വ നന്മകളുടെയും മൂര്‍ത്തിമദ് ഭാവമാകുന്നു. നന്മകളുടെ സാക്ഷാല്‍ക്കാരത്തിലൂടെ ഉരുത്തിരിയുന്ന ഒരു ദൈവരാജ്യം ഈ ഭൂമിയിലെ പാഴ് മണ്ണില്‍ പണിതുയര്‍ത്തുകയാണ് പരമമായ ദൈവീക സ്വപ്നം. ആസക്തിയുടെ അധികപ്പറ്റുകള്‍ നമ്മില്‍ നിന്ന് ചെത്തിയും, ഛേദിച്ചും നാം ചതുരമാവുന്‌പോള്‍ നമ്മെ വച്ച് ദൈവം പണിയും അവന്റെ രാജ്യം. സ്വര്‍ഗ്ഗ സങ്കല്പം ഭൂമിയില്‍ നമ്മുടെ ഇടയിലേക്കിറങ്ങി വരും.

ദൈവം ഒരു ജാതിയെയും, മതത്തെയും സൃഷ്ടിച്ചിട്ടില്ല. മനുഷ്യനെ മാത്രം. ഒരു വികാരമേ അവനില്‍ സന്നിവേശിപ്പിച്ചിട്ടുള്ളു : മനുഷ്യത്വം. അപരനെതിരെ ഓങ്ങി നില്‍ക്കുന്ന നമ്മുടെ വാളുകള്‍ വലിച്ചെറിഞ്ഞു കൊണ്ട്, മതങ്ങളും, ജാതികളും നമ്മുടെ നെറ്റികളില്‍ ഒട്ടിച്ചു വച്ച വര്‍ഗ്ഗീകരണത്തിന്റെ ലേബലുകള്‍ പറിച്ചെറിഞ്ഞു കൊണ്ട്, നാം പച്ച മനുഷ്യരാകുന്‌പോള്‍ സൃഷ്ടിയിലെ ഉദ്ദേശ ശുദ്ധി നടപ്പിലാവുകയും, നമ്മുടെ നിയോഗം സഫലമാവുകയും ചെയ്യും !

തമസോമാ ജ്യോതിര്‍ഗമയ എന്ന് പാടിയ മഹാഭാരതത്തിന്റെ വര്‍ത്തമാനാവസ്ഥയില്‍ മതങ്ങളും, മത മേധാവികളും മനുഷ്യനെ പീഡിപ്പിക്കുന്ന പുത്തന്‍ സാഹചര്യങ്ങളില്‍ എന്തിനീ മത ലേബലുകള്‍ നിങ്ങളുടെ നെറ്റികളില്‍ നിങ്ങള്‍ ഏറ്റു വാങ്ങണം ?അത് പറിച്ചെറിഞ്ഞു തിരിച്ചു വരിക. നിന്റെ നീലാകാശത്തിനടിയില്‍ അതിരുകളില്ലാത്ത ഈ ലോകത്തിലേക്ക് …..മനുഷ്യത്വം മുഖ മുദ്രയാക്കിയ ലേബലുകളില്ലാത്ത മനുഷ്യനിലേക്ക് ….!!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top