Flash News

ദുരൂഹത നിറഞ്ഞ കൊലപാതകം; അഭിമന്യൂവിനെ കോളേജിലെക്കെത്തിക്കാന്‍ നിരന്തരം ഫോണ്‍ ചെയ്തത് ആര്?; എന്‍‌ഐ‌എയുടെ അന്വേഷണം തുടരുന്നു

July 6, 2018

Abhimanyu (1)മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താന്‍ കേരളാ പൊലീസ് നിയമോപദേശം തേടി. കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറുന്നതിനുള്ള ആദ്യപടിയെന്നു സൂചന. ഇതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഹൈക്കോടതിയില്‍ നേരിട്ടെത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിയാലോചന നടത്തി. കേരളത്തില്‍ എന്‍ഐഎ അന്വേഷണം നടത്തിയ കൈവെട്ടുകേസ്, വാഗമണ്‍ ആയുധ പരിശീലന ക്യാംപ് കേസ്, കളമശേരി ബസ് കത്തിക്കല്‍ കേസ് എന്നിവയിലെ പ്രതികളാരെങ്കിലും അഭിമന്യു വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ലോക്‌നാഥ് ബെഹ്‌റ ഡയറക്ടറായിരുന്ന കാലഘട്ടത്തിലാണ് ഈ കേസുകളുടെ അന്വേഷണം എന്‍ഐഎ തുടങ്ങിയത്.

കൊലപാതകം നടന്ന ജൂലൈ ഒന്നിനു സ്വന്തം നാടായ ഇടുക്കി കാന്തല്ലൂരിനു സമീപം വട്ടവടയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ തങ്ങി പുലര്‍ച്ചെ പുറപ്പെടാനായിരുന്നു അഭിമന്യുവിന്റെ ഉദ്ദേശ്യം. എന്നാല്‍, അന്നു പകല്‍ എറണാകുളത്തുനിന്നു തുടര്‍ച്ചയായി അഭിമന്യുവിനെ ഫോണില്‍ വിളിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പൊലീസിനു മൊഴി നല്‍കി. എത്രയും വേഗം കോളജിലെത്താനുള്ള നിര്‍ദേശമാണു ഫോണില്‍ അഭിമന്യുവിനു ലഭിച്ചത്. ഈ സമ്മര്‍ദത്തിലാണു പാര്‍ട്ടി പരിപാടി കഴിഞ്ഞ ഉടന്‍ എറണാകുളത്തേക്കു തിരിച്ചതും പാതിരാത്രിയോടെ കൊലക്കത്തിക്ക് ഇരയായതും. അന്നു രാത്രി ഏതു വിധേനയും അഭിമന്യുവിനെ കോളജിലെത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഈ ഫോണ്‍ വിളിയെന്നാണു പൊലീസ് പരിശോധിക്കുന്നത്. ബന്ധുക്കളുടെ സംശയം ശരിയാണെങ്കില്‍ അഭിമന്യുവിന് അടുപ്പമുള്ള ആരോ ഒരാള്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നു കരുതേണ്ടി വരും.

കേസില്‍ അറസ്റ്റിലായ നാലുപേര്‍ക്കു പുറമെ 16 പേര്‍കൂടി പ്രതികളാവാന്‍ സാധ്യതയുണ്ട്. കൊലയ്ക്കുശേഷം പ്രതികളെ കേരളത്തിനു പുറത്തേക്കു കടക്കാന്‍ സഹായിച്ചവരുടെ വിവരങ്ങളും പൊലീസിനു ലഭിച്ചു. പ്രതികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ അഞ്ചു സംഘങ്ങളായി പിരിഞ്ഞാണ് അന്വേഷകരുടെ നീക്കം. കൊച്ചി സൈബര്‍ സെല്‍, തിരുവനന്തപുരം സൈബര്‍ ഡോം എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തിനു പുറത്ത് അന്വേഷണം പുരോഗമിക്കുന്നത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍നിന്നു കൊലയാളിയെ ഏതാണ്ടു തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാല ദൃശ്യങ്ങളായതിനാല്‍ കൊലയാളി ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം സംബന്ധിച്ച് അവ്യക്തതയുണ്ട്. നീല നിറത്തിലുള്ള ഷര്‍ട്ടോ ടീഷര്‍ട്ടോ ആവാം കൊലയാളി ധരിച്ചിരുന്നതെന്ന നിഗമനത്തിലായിരുന്നു പൊലീസ് ഇതുവരെ.

എന്നാല്‍, കൊലയാളിയുടെ അതേ ദേഹപ്രകൃതിയുള്ള യുവാവിന്റെ മറ്റൊരു ദൃശ്യത്തില്‍ കറുത്ത വസ്ത്രമാണു ധരിച്ചിട്ടുള്ളത്. രണ്ടാമത്തെ ദൃശ്യത്തില്‍ മുഖം കൂടുതല്‍ വ്യക്തമാണ്. അഭിമന്യു പഠിക്കുന്ന മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയുടെ അതേ പേരുള്ള മറ്റൊരു പ്രതിയാണു കൊലയാളി സംഘത്തെ നയിച്ചത്. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഒരേ പേരുള്ള ഇവര്‍ രണ്ടു പേരും കേസില്‍ പ്രതികളാണ്. കുത്തേറ്റശേഷം മരിക്കും മുന്‍പ് അഭിമന്യു ഇവരുടെ പേരു പറഞ്ഞിരുന്നു. പക്ഷേ, രണ്ടു പേരില്‍ ആരെ ഉദ്ദേശിച്ചാണ് പേരു പറഞ്ഞതെന്നു വ്യക്തമല്ല. രണ്ടാമനെ ഉദ്ദേശിച്ചാണു പേരു പറഞ്ഞതെങ്കില്‍ ക്യാംപസിനു പുറത്തുനിന്നുള്ള ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരിക്കണം.

അര്‍ജുന്റെ നില ഗുരുതരമായി തുടരുന്നു

കോളജിലെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥി അര്‍ജുന്‍ കൃഷ്ണയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരളിനു കുത്തേറ്റതാണു നില ഗുരുതരമാവാന്‍ കാരണം. സുഹൃത്ത് അഭിമന്യുവിനെ കൊലയാളികള്‍ കുത്തിവീഴ്ത്തിയതിനു ദൃക്‌സാക്ഷിയായ അര്‍ജുന്റെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. അര്‍ജുന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്താനാണു പൊലീസിന്റെ നീക്കം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top