Flash News

ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മലയാളികളുടെ പ്രിയങ്കരനായ രാജന്‍ ഫിലിപ്പ് മേപ്പുറത്ത് (70) നിര്യാതനായി

July 6, 2018 , പി.പി. ചെറിയാന്‍

IMG_0491സണ്ണിവെയ്ല്‍: മൂന്നര ദശാബ്ദത്തിലേറെയായി ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മലയാളികള്‍ക്കിടയില്‍ നിശബ്ദ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ‘രാജന്‍ മാഷ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന രാജന്‍ ഫിലിപ്പ് മേപ്പുറത്ത് (70) ഹൃദയാഘാതത്തെത്തുടര്‍ന്ന് ജൂലൈ ഒന്നിന് ഡാളസില്‍ നിര്യാതനായി. മരിക്കുന്നതിന് ഒരാഴ്ച മുമ്പു വരെ കര്‍മ്മനിരതനായിരുന്ന രാജന്‍ മാഷിന്റെ അപ്രതീക്ഷിത വിയോഗം ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിലെ മലയാളി സമൂഹത്തിനു മാത്രമല്ല ജാതി-മത-വര്‍ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.

1948 മാര്‍ച്ച് 27 ന് മാരാമണ്‍ മേപ്പുറത്തു ഫിലിപ്പോസ് ഫിലിപ്പോസ് – മറിയാമ്മ ദമ്പതികളുടെ 9 മക്കളില്‍ നാലാമനായി മാരാമണ്ണില്‍ തന്നെയായിരുന്നു രാജന്റെ ജനനം. ധനശാസ്ത്ര ബിരുദധാരിയായിരുന്ന അദ്ദേഹം കേരളത്തില്‍ കെഎസ്ആര്‍ടിസിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1974 ല്‍ വിവാഹിതനായ ശേഷം ഭാര്യ ലില്ലിക്കുട്ടിയുമായി അമേരിക്കയിലെത്തി. ഇവിടെ കംപ്യൂട്ടര്‍ സയന്‍സില്‍ പഠനം പൂര്‍ത്തിയാക്കി കംപ്യൂട്ടര്‍ അനലിസ്റ്റായി ഡൗണ്‍ ടൗണില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2004 ല്‍ വിരമിക്കുകയും ചെയ്തു.

Raഡാളസ് കേരള അസോസിയേഷന്‍ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. കമ്മിറ്റിയുടെ വിവിധ ചുമതലകള്‍ വഹിച്ച രാജന്‍ അവസാന നിമിഷം വരെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഡാളസിലെ ആദ്യകാല മര്‍ത്തോമാ ഇടവകയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും മുന്‍പന്തിയിലായിരുന്നു. മണ്ഡലം മെംബര്‍, സംസ്ഥാന സമിതി അംഗം, ഗായക സംഘാംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സണ്ണിവെയ്ല്‍ സിറ്റി ലൈബ്രററി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന രാജന്‍ സിറ്റി കൗണ്‍സിലിലേക്കും മത്സരിച്ചിരുന്നു.

യഥാര്‍ഥ കോണ്‍ഗ്രസുകാരന്‍ മാത്രമായി അറിയപ്പെടുവാന്‍ ആഗ്രഹിച്ചിരുന്ന രാജന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് യൂണിറ്റ് ഭാരവാഹി, പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഡിഎഫ്ഡബ്ല്യു യൂണിറ്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലും സ്തൂത്യര്‍ഹ സേവനമാണ് അനുഷ്ഠിച്ചിരുന്നത്.

കേരളത്തില്‍ നിന്നും ആദ്യമായി ഡാളസിലെത്തുന്നവര്‍ക്ക് സഹായഹസ്തവുമായി ഓടിയെത്തുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. നോട്ടറി പബ്ലിക്ക് എന്ന നിലയില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ചു പോലും നോട്ടറൈസ് ചെയ്യുന്നതിനും അദ്ദേഹം സന്നദ്ധനായിരുന്നു.

മാതാപിതാക്കളെ ബഹുമാനിക്കുകയും കരുതുകയും ചെയ്യുന്ന മകന്‍, ഭാര്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങല്‍ നല്‍കുന്ന നല്ലൊരു ഭര്‍ത്താവ്, മക്കളെ ജീവനുതുല്യം സ്‌നേഹിക്കുകയും മാതൃകാ ജീവിതം നയിക്കുകയും ചെയ്യുന്ന സ്‌നേഹ നിധിയായ പിതാവും, അശരണര്‍ക്കും ആലംബഹീനര്‍ക്കും ഭാരം ഇറക്കിവയ്ക്കാവുന്ന അത്താണി, മനുഷ്യ സമൂഹത്തിന്റെ ഉദ്ധാരണത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകന്‍ സഭാ പിതാക്കന്മാരേയും പട്ടക്കാരേയും അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കുന്ന സഭാ സ്‌നേഹി, മുഖം മൂടിയില്ലാതെ മനസ്സു തുറന്നു സ്‌നേഹിക്കുന്ന നിഷ്കളങ്കന്‍, ആര് എന്തൊക്കെ പ്രകോപനം ഉണ്ടാക്കിയാലും പുഞ്ചിരിയോടെ നേരിടുന്ന ശാന്ത ശീലന്‍, അനീതിക്കും, അധര്‍മ്മത്തിനും എതിരെ അടരാടുന്ന ധീരയോദ്ധാവ്, സാമ്പത്തിക തകര്‍ച്ച അനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന ദാനശീലന്‍ തുടങ്ങിയ പരിമിത വിശേഷണങ്ങള്‍ കൊണ്ടൊന്നും വര്‍ണ്ണിച്ചാല്‍ മതിവരാത്ത വ്യക്തിത്വത്തിന്റെ ഉടമ എന്നും വിശേഷിപ്പിക്കപ്പെടുന്നു.

ജൂണ്‍ 23 ശനിയാഴ്ച ഡാളസ് കേരള അസോസിയേഷന്റെ കേരള നൈറ്റില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുണ്ടെന്നും ഡ്രൈവ് ചെയ്യുന്നതിനു ബുദ്ധിമുട്ടാണെന്നും റൈഡ് വേണമെന്നും ലേഖകനെ വിളിച്ചു ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുശേഷം ലഭിച്ച ഫോണ്‍ കോളില്‍ നല്ല സുഖമില്ലെന്നും ആശുപത്രിയില്‍ പോകുകയാണെന്നും അറിയിച്ചു. ലേഖകനും ആശുപത്രിയിലെത്തി ഒരു മണിക്കൂറോളം സംസാരിക്കുന്നതിനും പല വിഷയങ്ങളെക്കുറിച്ചും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനും അവസരം ലഭിച്ചു. ഞായറാഴ്ച ഉണ്ടായ മാസ്സീവ് അറ്റാക്കിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രാജന്‍ മാഷ് പിന്നെ ഒരാഴ്ച വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നു. ജൂലൈ 1 ഞായറാഴ്ച രാവിലെ 10 മണിയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

inocജൂലൈ 8 ഞായര്‍ മാതൃ ഇടവകയായ കരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുന്ന സംസ്കാര ശുശ്രൂഷയില്‍ മര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പങ്കെടുക്കുന്നു എന്നുള്ളത് തന്നെ രാജന്‍ മാഷിന്റെ ജീവിതം എത്രമാത്രം ആദരിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു.

രാജന്‍ മാഷിന്റെ കര്‍മ്മ നിരതമായ ഭൗതീക ജീവിതത്തിനു തല്ക്കാലം തിരശ്ശീല വീണെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും ഒരിക്കലെങ്കിലും നേരിട്ട് ഇടപഴകുന്നതിന് അവസരം ലഭിച്ചവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു രാജന്‍ മാഷ്. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്തുക തല്ക്കാലം അസാധ്യം തന്നെ. ഡാലസിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ രാജന്‍ മാഷിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുകയും പല ഔദ്യോഗിക പരിപാടികളും മാറ്റി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

രാജന്‍ ഫിലിപ്പ് മേപ്പുറത്തിന്റെ ആകസ്മിക നിര്യാണം ഉള്‍ക്കൊള്ളാനാകാതെ തീരാദുഃഖത്തില്‍ കഴിയുന്ന പ്രിയതമ ലില്ലിക്കുട്ടി, മക്കള്‍: ലിബി, സിബി, ടിബി, ഷാജി, ജസ്റ്റിന്‍, ആനന്ദ് , കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ആശ്വാസവും സമാധാനവും സര്‍വ്വേശ്വരന്‍ നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം ആ ധന്യ ജീവിതത്തിന്റെ സ്മരണക്കു മുമ്പില്‍ ശിരസ്സ് നമിക്കുകയും ചെയ്യുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top