Flash News

പോപ്പുലര്‍ ഫ്രണ്ടും ഐഎസും

July 7, 2018 , ഡോ. എം എ സിദ്ദിഖ‌്

0pop-732715ജീവിതത്തെയും സമൂഹത്തെയുംകുറിച്ച‌് യാഥാർഥ്യബോധമുള്ള ധാരാളം സങ്കൽപ്പങ്ങളുണ്ടായിരുന്ന അഭിമന്യു എന്ന പ്രതീക്ഷയെ, മഹാരാജാസിന്റെ നിലാമരങ്ങൾക്കു ചോടെയിട്ട‌് കുത്തിവീഴ‌്ത്തിയ ‘ക്യാമ്പസ‌് ഫ്രണ്ട‌്’ പ്രവർത്തകർ അവരുടെ മുഖംമൂടി സ്വയം വലിച്ചുകീറപ്പെട്ട‌് പരിഹാസ്യരായി കേരളമ നസ്സാക്ഷിയുടെ മുന്നിൽ നിൽക്കുകയാണിപ്പോൾ. വിദ്യാർഥികളെ പാഠം പഠിപ്പിക്കാൻ വന്ന, വിദ്യാർഥിക‌ളല്ലാത്ത ആ ഫ്രണ്ടുകാർ ഞങ്ങളുടെ ആരുമല്ലെന്ന‌് എസ‌്ഡിപിഐയുടെ ഉത്തരവാദപ്പെട്ട നേതാക്കളിൽ ചിലർ ആവർത്തിച്ചു പറഞ്ഞപ്പോൾ, രാഷ്ട്രീയ തത്വചിന്തയിലെ ഒരു വാക്ക‌് ഉപയോഗിച്ചു പറഞ്ഞാൽ രാജാവ‌് നഗ‌്നനാവുകമാത്രമല്ല, നഗ‌്നത ഇരട്ടിക്കുകയാണ‌് ചെയ‌്തത‌്. പടം പൊഴിച്ചുകഴിഞ്ഞാൽപ്പിന്നെ പാമ്പിന‌് പടത്തോടെന്തുബന്ധമെന്ന‌് ചോദിക്കുംപോലെ വിഷം അതിന്റെ സഞ്ചിയിൽ ഭദ്രമാണെന്ന‌് അവർ അംഗീകരിക്കുകയും ചെയ‌്തു. പരസ‌്പര ബന്ധമില്ലായ‌്മയാണ‌് ഞങ്ങളുടെ ബന്ധമെന്ന‌് പരോക്ഷമായി അംഗീകരിക്കുന്ന ഈ പ്രയോഗ കൗശലം ഒരിക്കലും ബഹുജന പ്രസ്ഥാനങ്ങളുടെയോ ജനാധിപത്യ ചിന്തയുടെയോ ഭാഗമല്ല. എൻഡിഎഫിന്റെ രൂപീകരണത്തിനു മുമ്പും അതിനുശേഷവും ന്യൂനപക്ഷ ജീവിതത്തെ മുൻനിർത്തി ‘പോപ്പുലർ ഫ്രണ്ട‌്’ നടത്തിക്കൊണ്ടിരിക്കുന്ന ഇമ്മാതിരി ഗിമ്മിക്കുകൾക്ക‌് ഇന്ത്യയിൽ സംഘപരിവാറിനോടും അന്തർദേശീയമായി ഐഎസ‌്ഐഎസിനോടുമാണ‌് സാമ്യമെന്ന‌് കാണാൻ പ്രയാസമില്ല. ഗൗരി ലങ്കേഷ‌് വധത്തിന‌് കാരണക്കാരനായ വ്യക്തിയെയും അയാളുടെ സംഘത്തെയും, ഇവർ ഞങ്ങളുടെ ആരുമല്ല എന്നുപറഞ്ഞ‌് കൈയൊഴിഞ്ഞ പരിവാര വർഗീയത എപ്രകാരമാണോ സംഘർഷങ്ങളുടെ അനുഭൂതികൾ വിജയകരമായി വിക്ഷേപിച്ചു കൊണ്ടിരിക്കുന്നത‌്, അതുമാതിരി തന്ത്രം തന്നെയാണിത‌്. ഭൂരിപക്ഷ സമൂഹത്തിന്റെ വ്യാജപിന്തുണ ആർജിച്ചെടുത്ത‌് ഇന്ത്യയിൽ പരിവാർ തുറന്ന നിലയിൽ അതൊക്കെ ചെയ്യുമ്പോൾ‐ അതിന‌് ബദൽ തങ്ങൾ മാത്രമാണെന്ന അഹന്തയോടെ പോപ്പുലർ ഫ്രണ്ട‌് അത‌് രഹസ്യമായി ചെയ്യുന്നു എന്നേയുള്ളൂ.

ഇന്ത്യയിലെയും വിശേഷിച്ച‌് കേരളത്തിലെയും കുറെയേറെ യുവാക്കളെ ഇത്തരം രാഷ്ട്രീയ ഫിലോസഫിയിലൂടെ ഹൈജാക്ക‌് ചെയ്യാനും അവർക്കായിട്ടുണ്ട‌്. അതിന്റെ ഏറ്റവും അവസാനത്തെ ചിത്രമാണ‌് അഭിമന്യു. ഈ വിഷയത്തെ അഭിമന്യുവിന്റെ മതവുമായി ചേർത്ത‌് മറ്റൊരു മുതലെടുപ്പിന‌് ശ്രമിക്കുന്ന ഭൂരിപക്ഷ വർഗീയവാദികൾ ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത മറ്റൊരു സത്യമാണ‌് ന്യൂനപക്ഷ സ‌്നേഹം പറയുന്ന എൻഡിഎഫിന്റെ ബോംബിനും വടിവാളുകൾക്കും കൊലക്കത്തികൾക്കും ഇരയായി പിടഞ്ഞുവീണ ആദ്യ രക്തസാക്ഷി കൊല്ലം ജില്ലയിലെ അഞ്ചൽ തടിക്കാട‌് അഷ‌്റഫ‌് എന്ന സഖാവാണെന്നത‌്.

കേരളത്തിന്റെ പശ‌്ചാത്തലത്തിൽ നോക്കിക്കാണുമ്പോൾ, 1993ൽ രൂപപ്പെട്ട എൻഡിഎഫ‌് 2006ൽ പോപ്പുലർ ഫ്രണ്ടിൽ ലയിക്കുന്നു. 2009 ജൂണിൽ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എ‌സ‌്ഡിപിഐ നിലവിൽവരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന എൻഡിഎഫ‌് മാതിരിയുള്ള സംഘടനകളെ സംയോജിപ്പിച്ച‌് സംയുക്ത ഫ്രണ്ടായി മാറിയ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥി പ്രസ്ഥാനമാണ‌് ക്യാമ്പസ‌് ഫ്രണ്ട‌്. വനിതകളുടെ നാഷണൽ വിമെൻസ‌് ഫ്രണ്ടും പുരോഹിതരെ സംഘടിപ്പിക്കുന്ന കൗൺസിലുകളുമടക്കം വിദഗ‌്ധമായ പ്രൊഫഷണലിസത്തോടെയാണ‌് പിഎഫ‌്ഐയുടെ കോൺഫെഡറേഷൻ പ്രവർത്തിച്ചു വരുന്നത‌്. ഇന്ത്യൻ സാമൂഹിക ജീവിതത്തിലെ വൈകാരിക വിഷയങ്ങളെ സ‌്ത്രീ, ദളിത‌്, ന്യൂനപക്ഷ, പരിസ്ഥിതി വ്യാഖ്യാനങ്ങൾ നൽകി നിഗൂഢമായ സമരതന്ത്രങ്ങൾ ആവിഷ‌്കരിക്കുന്ന പോപ്പുലർ ഫ്രണ്ട‌്, അതിന്റെ ബഹുജനാടിത്തറ വർധിപ്പിച്ചത‌് ഇസ്ലാമിന്റെ തത്വചിന്തയെ വക്രമായി ഉപയോഗിച്ചുകൊണ്ടാണ‌്. ആരംഭ കാലത്ത‌്, അവരുടെ പ്രവർത്തന ഫണ്ടു പിരിവുപോലും ഇസ്ലാമിലെ സക്കാത്തിന്റെ ഒരു വിഹിതം ഞങ്ങൾക്കുള്ളതാണ‌് എന്ന യാചന അവതരിപ്പിച്ചുകൊണ്ടായിരുന്നു. ഞങ്ങൾ മതത്തിനുവേണ്ടി പോരാടുന്നവരാണെന്നും അതിനാൽ ആ വിഹിതമാണ‌് ഞങ്ങൾ ചോദിക്കുന്നതെന്നുമുള്ള അവരുടെ ആ തന്ത്രത്തെ മതേതര‐പ‌ണ്ഡിത സമൂഹം ചോദ്യംചെയ‌്ത‌് തുടങ്ങിയതോടെ ആ യാചന അവരുപേക്ഷിച്ചു.

‘ദ‌അ‌്പത്ത‌്’ എന്ന പ്രേഷിതവൃത്തിയാണ‌് തങ്ങളുടെ ധർമമെന്ന‌് പ്രഖ്യാപിച്ച‌് 1993ൽ രൂപപ്പെട്ട എൻഡിഎഫിന‌് സിമി (Students Islamic Movement of India) യുമായുള്ള ബന്ധം കുപ്രസിദ്ധമാണ‌്. എൻഡിഎഫിന്റെ സുപ്രീം കൗൺസിൽ മെമ്പറായിരുന്ന പ്രൊഫസർ പി കോയ, സിമിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നല്ലോ! സ്വാതന്ത്ര്യത്തെയും നീതിയെയും സംബന്ധിച്ച വിശാലവും സാർവ ദേശീയവുമായ ഇടതുപക്ഷ മുദ്രാവാക്യങ്ങളാണ‌് തങ്ങളുടേതെന്ന‌് അവകാശപ്പെടുന്ന ഈ സംഘടനകൾ തത്വത്തിലും പ്രവർത്തനത്തിലും തീവ്രവലതുപക്ഷ ചെയ‌്തികളുള്ളവരും ഫാസിസ‌്റ്റുകളുമാണ‌്.

ചെറിയൊരുദാഹരണം പറയാം. എൻഡിഎഫിന്റെ മുഖപത്രമായിരുന്ന തേജസിന്റെ പത്രാധിപസമിതി അംഗമായിരുന്ന ആസിഫ‌് എഴുതിയ ‘താലിബാൻ നേർച്ചിത്രങ്ങളുടെ ആൽബം’ എന്ന പുസ‌്തകം നോക്കുക. അതിന്റെ ‘പ്രഥമവാക്യം’ എന്ന ആമുഖം അവസാനിക്കുന്നത‌് മുല്ലാ ഉമറിനെ, അമീറുൽ മുഅ‌്മിനീൻ മുഹമ്മദ‌് മുല്ല ഉമർ എന്ന‌് അഭിസംബോധന ചെയ‌്തുകൊണ്ടാണ‌്. പിന്നെ ഇങ്ങനെയും തുടരുന്നു: ‘‘21‐ാം നൂറ്റാണ്ടിലെ സൈനിക‐ശാസ‌്ത്രീയ‐സാമ്പത്തിക‐രാഷ്ട്രീയ ശക്തിയായ അമേരിക്കയുടെ മൂക്കിനിടിച്ച‌് ചോരയൊലിപ്പിച്ച ഈ തെമ്മാടികൾ, അല്ലെങ്കിൽ ചുണക്കുട്ടികൾ ആരാണെന്ന നിഷ‌്പക്ഷലോകത്തിന്റെ കൗതുകമാണ‌് ഈ കൃതിക്ക‌് പ്രചോദനം’’. (സർജ‌് ബുക‌്സ‌്, ചാവക്കാട‌്, 2003)

ആരെയാണ‌് ഇസ്ലാമിക ലോകം അമീറുൽ മുഅ‌്മിൻ (സത്യസന്ധൻ) എന്ന‌് അഭിസംബോധന ചെയ്യുന്നതെന്ന‌് എല്ലാവർക്കുമറിയാം. അത‌് പ്രവാചകൻ മുഹമ്മദ‌് നബിയാണ‌്. താൻ പ്രവാചകന്റെ പ്രതിപുരുഷനാണെന്ന ഉസാമയുടെ അവകാശവാദത്തിന്റെ നേർപ്പകർപ്പാണ‌് ആസിഫിന്റെ മുല്ലയെ അഭിസംബോധന ചെയ്യുന്ന വാക്യവും. മറ്റൊന്ന‌് നിഷ‌്പക്ഷലോകം എന്ന മേൽവിലാസമാണ‌്. താലിബാന്റെ തത്വചിന്തയാണ‌് പൊതുസമൂഹത്തിന്റെ തത്വചിന്ത എന്ന മുൻവിധിയിൽനിന്നുവരുന്ന പ്രയോഗമാണത‌്.

താലിബാന്റെ പ്രത്യയ ശാസ‌്ത്രത്തിന‌് ഇസ്ലാമിന്റെ പ്രത്യയ ശാസ‌്ത്രവുമായുള്ള വൈജാത്യത്തെപ്പറ്റിയുള്ള തികഞ്ഞ ബോധം ലോക മുസ്ലിങ്ങളിൽ നല്ല ശതമാനത്തിനുമുണ്ട‌്. മാത്രവുമല്ല, താലിബാനടക്കമുള്ള എല്ലാ നവഭീകര പ്രസ്ഥാനങ്ങളും മുതലാളിത്ത ഉദാരവൽക്കരണത്തിന്റെ ഉൽപ്പന്നങ്ങളാണെന്ന പഠനവും വന്നുകഴിഞ്ഞിട്ടുണ്ട‌്. എന്നിട്ടുപോലും ഇത്രയും പ്രകടമായി താലിബാൻ ചുണക്കുട്ടികളെ പുനരവതരിപ്പിക്കുന്ന ശ്രമങ്ങൾക്കുപിന്നിലെ ലക്ഷ്യവും വ്യക്തമാണ‌്.

1980കളോടെ ഇസ്ലാമിക സമൂഹത്തിന്റെ ആഗോള സ്വഭാവത്തിലുണ്ടായ പ്രകടമായ ചില മാറ്റങ്ങളുടെ പ്രതിഫലനമാണ‌് ഈ ഭീകരവാദപ്രത്യയശാസ‌്ത്രം. പ്രവാചകന്റെ കാലംമുതൽ സഹിഷ‌്ണുതയുടെയും സാർവലൗകികതയുടെയും പ്രചോദനാത്മകമായ സംസ‌്കാരം വച്ചുപുലർത്തുന്ന ഇസ്ലാമിക സമൂഹങ്ങളോടുള്ള മുതലാളിത്ത ശക്തികളുടെ വെറുപ്പിന്റെ ഉപോൽപ്പന്നമാണ‌് താലിബാനിസമടക്കമുള്ള എല്ലാ ഇസ്ലാമിക‌്സ‌്റ്റേറ്റ‌് വിചാരമാതൃകകളും. താലിബാന്റെ രൂപീകരണത്തിൽ അമേരിക്കയുടെ പങ്കാളിത്തം ചരിത്രവുമാണ‌്. അമേരിക്കയോട‌് പിണങ്ങിയതോടെ, തങ്ങളുടെ നിലനിൽപ്പിനുവേണ്ടി ഗതിയില്ലാതെയാണ‌് മതത്തെയും ദൈവത്തെയും അതിന്റെ കർമശാസ‌്ത്രത്തെയും മുൻനിർത്തി അവർ ബഹുജനപിന്തുണ നേടാനാരംഭിച്ചത‌്. അതിനുശേഷമുള്ളതും ഇറാഖിലും സിറിയയിലും വേരുപിടിച്ചുവളർന്നതുമായ ഐഎസ‌്ഐഎസിനെക്കുറിച്ചും ഏറെ പറയേണ്ടതില്ല.

ഐഎസിന്റെ ഏറ്റവും മുഖ്യമായ സ്വഭാവം അതൊരനിഷേധ്യ ഭരണസങ്കൽപ്പ (rebel governance) മാണെന്നതാണ‌്. എവിടെയാണോ തങ്ങൾ പ്രവർത്തിക്കുന്നത‌് ആ പ്രദേശത്തിന്റെ സ്വഭാവത്തിനും കാലഘട്ടത്തിനും അനുസരിച്ച‌് രൂപംമാറാൻ അതിനുകഴിയും. 1999ൽ അബു മുസ‌്അബ‌് സർഖാവിയുടെ ജമാഅത്തുൽ‐തൗഹീദ‌്, തുടർന്ന‌് ഇറാഖിലെ അൽ ഖായ‌്ദ, 2006ലെ മജ‌്‌ലിസ‌് ഷൂറ അൽ മുജാഹിദീൻ, സർഖാവിക്കുശേഷമുള്ള 2006ലെ ഇറാഖിലെ ഇസ്ലാമിക‌് സ‌്റ്റേറ്റ‌് അഥവാ ദഅ‌്‌വത്തുൽ ഇറാഖ‌്, 2013ൽ രൂപംകൊണ്ട ഇറാഖിലെയും അൽഷാമിലെയും ഐഎസ‌്, 2014 മുതൽ പിന്നീടിങ്ങോട്ടുള്ള ഐഎസ‌്ഐഎസ‌്. ഇത്തരം മാറ്റങ്ങൾക്ക‌് എൻഡിഎഫിന്റെ തുടക്കംമുതലുള്ള പടംപൊഴിക്കലുകളുമായി ബന്ധമുണ്ടെന്നുപറഞ്ഞാൽ എങ്ങനെയാണ‌് നിഷേധിക്കാനാവുക?

2006ൽ അബു‐ ഉമർ അൽ ബാഗ‌്ദാദിയുടെ നേതൃത്വത്തിൽ ഐഎസ‌്ഐ രൂപപ്പെടുന്നത‌് ഒരു ഭരണകൂടത്തെ രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ‌്. അതിന്റെ ഭാഗമായാണ‌് 2007ൽ ഐഎസിന്റെ ആദ്യമന്ത്രിസഭയും 2009ൽ അതിന്റെ പരിഷ‌്കരിച്ച രൂപവും അവർ പ്രഖ്യാപിച്ചത‌്. അപ്പോഴേക്കും ഇറാഖിലെ രൂക്ഷമായ ആഭ്യന്തരരാഷ്ട്രീയത്തിൽനിന്ന‌് സിറിയയിലേക്കുമാറാൻ അവർക്ക‌് കഴിഞ്ഞിരുന്നു. നിനവ‐ഹസാഖ ഇടനാഴിയിലൂടെയുള്ള തീവ്രവാദത്തിന്റെ കുടിയേറ്റം അതിന്റെ നേർച്ചിത്രമാണ‌്. ഒരു സാങ്കേതികവിദഗ‌്ധ ഭരണരൂപ (technocratic government) മായിട്ടാണ‌് ഐഎസ‌് ഭരണകൂടത്തെ ഘടനചെയ്യുന്നത‌്. ഇത്തരം രാഷ്ട്രീയ മുഖംമൂടികളിലൂടെ ഐഎസിനുണ്ടായ നേട്ടം ലോകത്ത‌് മുസ്ലിങ്ങൾ എവിടെയുണ്ടോ അവിടെയെല്ലാം തങ്ങൾക്കിടപെടാൻ അവകാശമുണ്ടെന്ന ധാരണ പാകപ്പെടുത്തിയെടുക്കാനായി എന്നതാണ‌്. സിറിയയിലും ഇറാഖിലും യമനിലുമെല്ലാം അവർ രൂപപ്പെടുത്തിയ ജാബത്തുകൾ ഇതിന‌് സാക്ഷ്യമാണ‌്. ഫ്രണ്ട‌് എന്ന ഇത്തരം പ്രയോഗങ്ങൾ ഇസ്ലാമിന്റെ അടിസ്ഥാനശിലയായ സാഹോദര്യം എന്ന ആശയത്തിൽനിന്ന‌് എത്രവിദൂരതയിലാണ‌് നിലകൊള്ളുന്നത‌്!

അത്യന്തം അപകടകരമായ ഇത്തരം പ്രത്യയശാസ‌്ത്രത്തിലേക്കുള്ള റിക്രൂട്ടിങ‌് ഏജൻസിയെപ്പോലെയാണ‌് എൻഡിഎഫും അതിന്റെ സഹോദരസംഘടനകളും തുടക്കംമുതൽ പ്രവർത്തിച്ചുവരുന്നത‌്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ സംഘടിതമായി നടന്നുവരുന്ന മതകോടതി, നിരീക്ഷണ പൊലീസ‌്, കായികപരിശീലനം, രഹസ്യപഠനക്ലാസ‌്, മാധ്യമവിചാരങ്ങൾ, നവമാധ്യമകൂട്ടായ‌്മകൾ, സ‌്ത്രീ സദസ്സുകൾ, പണ്ഡിതസഭകൾ, പരേഡുകൾ എന്നിവയുടെയെല്ലാം ഘടന ഐഎസിന്റെ ഭരണകൂടവിഭാഗങ്ങളിൽനിന്നു പകർത്തിയതാണ‌്. ദിവാനുകൾ എന്ന പ്രത്യേകരൂപത്തിൽ പ്രവർത്തിക്കുന്ന ദിവാൻ അൽ‐ഖ്വദ (കോടതി), ദിവാൻ അൽ‐ജുന്ദ‌് (പ്രതിരോധം), ദിവാൻ‐അൽ‐ആം (പൊതുസുരക്ഷ) പോലെയുള്ള ഇത്തരം സങ്കൽപ്പങ്ങൾ ഇസ്ലാമികസമൂഹത്തിന്റെ സാംസ‌്കാരികവളർച്ചയെ വലിയതോതിൽ പിറകോട്ടടിക്കുന്നവതന്നെയാണ‌്.

എൻഡിഎഫ‌് ആയിരുന്നപ്പോഴും പോപ്പുലർ ഫ്രണ്ട‌്‐ എസ‌്ഡിപിഐ രൂപമാറ്റത്തിനുശേഷവും ഈ ഫ്രണ്ടുകൾ ആവിഷ‌്കരിക്കുന്ന രാഷ്ട്രീയതന്ത്രം ശരിയായ രൂപത്തിൽ അതിന്റെ അണികളിൽ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടില്ല. കരുണാമയനായ അല്ലാഹുവിനെ അറിയുന്നവർ ജീവിതത്തിൽ നിഷ‌്കളങ്കരായിരിക്കും (ഇഖ‌് ലാസ‌് എന്ന പ്രതീകം) എന്ന സങ്കൽപ്പം ഖുർ ആനിലുണ്ട‌്. എന്നാൽ, ഓരോ പോപ്പുലർ ഫ്രണ്ട‌ുകാരും അവരുടെ ആന്തരികബോധത്തെ അടിമപ്പെടുത്തി തന്റെ ശരീരത്തെയും വിശ്വാസത്തെയും ജനാധിപത്യവിരുദ്ധമായി ചിട്ടപ്പെടുത്തുമ്പോൾ തന്നിൽപ്പെടാത്തവരെ മുഴുവൻ ശത്രുവായിട്ടല്ലാതെ കാണുകയേയില്ല‌. അഭിമന്യു നേരിട്ടത‌് ആ ദുരന്തമാണ‌്.

കേരളത്തിലെയും ഇന്ത്യയിലെയും ന്യൂനപക്ഷ‐ദളിത‌് പ്രശ‌്നങ്ങളിൽ നാളിതുവരെ ധാർമികമായി ഇടപെടാൻ കഴിഞ്ഞിട്ടില്ലാത്ത ഇത്തരം കൂട്ടങ്ങൾ കലാപങ്ങൾ, സംഘം ചേർന്നുള്ള മോറൽ പൊലീസിങ‌്, ആരാധനാലയങ്ങൾ പിടിച്ചെടുക്കൽ, മതപരിവർത്തനം ഗൂഢലക്ഷ്യമായ മതസ്വാതന്ത്ര്യ ക്യാമ്പയിൻ, മതേതരവിരുദ്ധ പ്രഭാഷണങ്ങൾ മുതലായ കാര്യങ്ങളിൽ കൈയും മെയ്യും മറന്ന‌് പോരാടുന്നതും കാണാം. നമ്മുടെ നാട്ടിൻപുറങ്ങളിലെ ഏതൊരു സാധാരണ പോപ്പുലർ ഫ്രണ്ടുകാരന്റെയും പൊതുസ്വഭാവം വിനയമില്ലായ‌്മയും വിദ്വേഷവുമാണ‌്. അവർക്ക‌് ആരെയും വിമർശിക്കാം. എന്നാൽ, അവരെ വിമർശിക്കുന്നവരെ അവർ സംഘടിതമായി ഭർത‌്സിക്കുകതന്നെ ചെയ്യും. അഭിമന്യുവിന്റെ രക്തസാക്ഷിത്വം മുന്നോട്ടുവയ‌്ക്കുന്ന മുഖ്യമായ രാഷ്ട്രീയസന്ദേശം‐സാമൂഹികജീവിതം അങ്ങേയറ്റം ദുരിതപൂർണമായിരിക്കുന്ന ഇതുപോലൊരു ഇന്ത്യൻ സാഹചര്യത്തിൽ ഉദാര ജനാധിപത്യത്തിന്റെ ഈ വികൃതരാഷ്ട്രീയം നമുക്കിനിയെന്തിന‌് എന്നതാണ‌്. മുസ്ലിം യുവത ഗൗരവമായി വിശകലനം ചെയ്യേണ്ട കാര്യമാണത‌്.

(കേരള സർവകലാശാല മലയാളം വിഭാഗം അസി. പ്രൊഫസറാണ്‌ ലേഖകൻ)
കടപ്പാട്: ദേശാഭിമാനി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top