Flash News

പോപ്പുലര്‍ ഫ്രണ്ട് മുസ്ലീങ്ങളുടെ ശത്രു: എളമരം കരിം

July 9, 2018

dc52fa1cdc90e86a0742a9c58043e3d6പോപ്പുലര്‍ ഫ്രണ്ട് മുസ്ലീങ്ങളുടെ ശത്രുവാണെന്ന് സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ എളമരം കരീം. മാതൃഭൂമിയലെഴുതിയ ലേഖനത്തിലാണ് എളമരം കരീം പോപ്പുലര്‍ ഫ്രണ്ടിനെതിരെ തുറന്നടിച്ചത്.

എളമരം കരീമിന്റെ ലേഖനത്തില്‍ നിന്ന്:

elamaram-kareem‘കാമ്പസ് ഫ്രണ്ട്’ എന്ന മുസ്‌ലിം തീവ്രവാദ സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു, കോളേജ് വളപ്പില്‍ കൊല്ലപ്പെട്ട സംഭവം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അഖിലേന്ത്യാ സംഘടനയായി മാറിയ ‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ’യുടെ (പി.എഫ്.ഐ.) ആശയത്തണലില്‍, കേരളത്തിലെ ഏതാനും വിദ്യാലയങ്ങളില്‍ സാന്നിധ്യമുള്ള ‘കാമ്പസ് ഫ്രണ്ടി’ന്റെ തനിനിറം എന്താണെന്ന് പലര്‍ക്കും മനസ്സിലായിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയപ്രസ്ഥാനമായ എസ്.ഡി.പി. ഐ.യും മുസ്‌ലിങ്ങളില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ച് തീവ്രവാദസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന കൃത്യമാണ് നടത്തുന്നത്. ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും അനുകൂലിക്കാനാവാത്ത ഹീനമാര്‍ഗത്തിലൂടെയാണ് ഇക്കൂട്ടര്‍ സഞ്ചരിക്കുന്നത്.

2013 ഏപ്രിലില്‍ കണ്ണൂരിലെ നാറാത്ത് എന്ന സ്ഥലത്ത്, പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അവരുടെ തീവ്രവാദബന്ധം തെളിയിക്കുന്ന ഒട്ടേറെ രേഖകള്‍ കണ്ടെടുത്തു. 21 പ്രവര്‍ത്തകരെ അന്ന് പോലീസ് അറസ്റ്റുചെയ്തു. ‘തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റി’ന്റെ ഓഫീസ് കെട്ടിടത്തിലാണ് പോലീസ് റെയ്ഡ് നടന്നത്. ഈ സംഭവം സംബന്ധിച്ച് പിന്നീട് എന്‍.ഐ.എ. അന്വേഷണം നടത്തിയിരുന്നു.2012ല്‍ കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സി.പി.എം., ആര്‍.എസ്.എസ്. സംഘടനകളില്‍പ്പെട്ട 27 പേരെ, പോപ്പുലര്‍ ഫ്രണ്ട് സംഘം കൊലപ്പെടുത്തിയതായി പറയുകയുണ്ടായി. ഇതിനു പുറമേ വര്‍ഗീയകൊലപാതകങ്ങള്‍, 86 വധശ്രമങ്ങള്‍, 106 വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവയിലും പോപ്പുലര്‍ ഫ്രണ്ട്എന്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് 2014ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ ‘തേജസി’ന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നില്ലെന്ന് ആക്ഷേപിച്ച് പത്ര മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് മറുപടിയായിട്ടാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്. 2003ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘമായിരുന്നു. കേരളത്തില്‍ ഒരു സംഘടന നടത്തിയ ഏറ്റവും വലിയ ഈ കൂട്ടക്കൊലയില്‍ എട്ട് ആര്‍.എസ്.എസുകാരാണ് കൊല്ലപ്പെട്ടത്. പ്രതികളുടെ കേസ് നടത്തിയതും അവര്‍ക്ക് സംരക്ഷണം നല്‍കിയതും പോപ്പുലര്‍ ഫ്രണ്ടായിരുന്നു.

2005ല്‍ ബേപ്പൂര്‍ പോര്‍ട്ടിലെ ബോട്ടില്‍ നടന്ന ബോംബ് സ്‌ഫോടനവും 2006ല്‍ കോഴിക്കോട് ബസ്സ്റ്റാന്‍ഡിലെ സ്‌ഫോടനവും പോപ്പുലര്‍ ഫ്രണ്ട് നടത്തിയതായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തേക്കും തീവ്രവാദികളെ റിക്രൂട്ട് ചെയ്തയക്കുന്നതായും ഇവരെക്കുറിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ റിക്രൂട്ട് ചെയ്ത് കശ്മീരിലേക്കയച്ച നാല് കേരളീയര്‍ 2008ല്‍ കശ്മീരില്‍ പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. തീവ്രവാദി റിക്രൂട്ട്‌മെന്റ് കേസില്‍ 18 പേരെ പോലീസ് അറസ്റ്റുചെയ്തു. ലഷ്‌കറെ തൊയ്ബയുടെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകനായ തടിയന്റവിട നസീര്‍ മേഘാലയയില്‍ അറസ്റ്റു ചെയ്യപ്പെട്ടു. കണ്ണൂര്‍ സ്വദേശിയായ നസീര്‍ ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയാണ്. പോപ്പുലര്‍ ഫ്രണ്ടും ഹുജി (ഹര്‍ക്കത്ഇല്‍ജിഹാദ്അല്‍ഇസ്‌ലാം) എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതിന്റെ തെളിവും പോലീസിന് ലഭിച്ചു.

മൊബൈല്‍ഫോണ്‍ വഴിയുള്ള സന്ദേശങ്ങളിലൂടെ ഭീതി പരത്തുകയും കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം നേടിയവരാണ് പോപ്പുലര്‍ ഫ്രണ്ട്. തെക്കേ ഇന്ത്യയില്‍ ജോലിചെയ്യുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ഭയപ്പെടുത്തി, നാട്ടിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിച്ച വാട്‌സാപ്പ് പ്രചാരണം ഇവര്‍ സംഘടിപ്പിച്ചു. ജമ്മു കശ്മീരിലെ കഠുവയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാന്‍, കേരളത്തില്‍ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ ഹര്‍ത്താല്‍ നടത്തിയതും പോപ്പുലര്‍ ഫ്രണ്ടാണ്. മൊബൈല്‍ ഫോണ്‍ വില്‍പ്പന ഷോപ്പുകളിലെ നടത്തിപ്പുകാരിലും ജീവനക്കാരിലും ഒരു വിഭാഗം തീവ്രവാദികളുടെ സ്വാധീനത്തിലാണ്. ഇവരെ ഉപയോഗിച്ചാണ്, ‘വാട്‌സാപ്പ്’ പ്രചാരണം നടത്തുന്നത്.

നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫ്രണ്ടിന്റെ (എന്‍.ഡി.എഫ്.) പിന്‍ഗാമിയായിട്ടാണ് 2006ല്‍ പി.എഫ്.ഐ. പിറവിയെടുത്തത്. കേരളത്തിലെ എന്‍.ഡി.എഫ്. തമിഴ്‌നാട്ടിലെ ‘മനിത നീതിപസരൈ’, ‘കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി’ (കെ.എഫ്.ഡി.) തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ചേര്‍ന്നാണ് പി.എഫ്.ഐ. രൂപവത്കരിച്ചത്. സാമൂഹികനീതി, മനുഷ്യാവകാശസംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങളുയര്‍ത്തിയാണ് ഈ സംഘടന രംഗത്തുവന്നത്. ആര്‍.എസ്.എസിനെപ്പോലെ പോപ്പുലര്‍ ഫ്രണ്ടിനും വിവിധ പോഷകസംഘടനകളുണ്ട്. അതിലൊന്നാണ് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം ഡല്‍ഹിക്കടുത്ത നോയ്ഡയാണ്.

മഞ്ചേരി ‘ഗ്രീന്‍വാലി’ പോപ്പുലര്‍ ഫ്രണ്ടിന്റെ എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ആസൂത്രണ നിര്‍വഹണകേന്ദ്രമാണ്. മഞ്ചേരിയിലെ പ്രമുഖ സി.ഐ.ടി.യു. നേതാവും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷംസുദീനെ, എന്‍.ഡി.എഫ്. റൗഡികള്‍ വെട്ടിനുറുക്കി. ഈശ്വര നിഷേധിയാണെന്നാരോപിച്ചായിരുന്നു ആക്രമണം. തലനാരിഴ വ്യത്യാസത്തിനാണ് ഷംസുദീന്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. മഞ്ചേരി ടൗണിലെ ‘സദാചാര പോലീസാ’യി ഈ സംഘം പ്രവര്‍ത്തിക്കുന്നു. മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജിലെ വിദ്യാര്‍ഥി തസ്‌നിബാനു യുക്തിവാദിയായ കൊടവണ്ടി നാസറുമായി പ്രണയത്തിലേര്‍പ്പെട്ടപ്പോള്‍ എന്‍.ഡി.എഫ്. സംഘം ആ ബന്ധം ഉപേക്ഷിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് തസ്‌നിബാനുവിന്റെ വീട്ടുകാരെ ഭയപ്പെടുത്തി കുട്ടിയെ വീട്ടുതടങ്കലിലാക്കി. ഒരു ദിവസം എങ്ങനെയോ രക്ഷപ്പെട്ട് പുറത്തുവന്ന തസ്‌നിബാനു നാസറുമായി രജിസ്റ്റര്‍ വിവാഹം ചെയ്തു. ഈ വിവാഹത്തിന് സാക്ഷികളായ യുക്തിവാദി സംഘടനാ നേതാവായ ഇ.എ. ജബ്ബാറിനെയും ഭാര്യയെയും എന്‍.ഡി.എഫ്. റൗഡികള്‍ വീട്ടില്‍ കയറി തല്ലിച്ചതച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ക്രിമിനല്‍ സങ്കേതമായ ‘ഗ്രീന്‍വാലി’ പരിസരത്തുള്ള മുസ്‌ലിം വീടുകളിലെ പുരുഷന്മാരില്‍ ‘സുബ്ഹി’ നമസ്‌കാരത്തിന് പള്ളിയില്‍ പോകാത്തവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തലും പതിവാണ്. ഒരു തരം താലിബാനിസമാണ് ഇവര്‍ നടപ്പാക്കുന്നത്.

ഇസ്‌ലാം എന്നാല്‍ സമാധാനം എന്നാണര്‍ഥം. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ, ഒരു മുസ്‌ലിം തീവ്രവാദസംഘടനയും ആ ഇസ്‌ലാമിനെ അംഗീകരിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ടും കൂട്ടാളികളും അവരുടെ ബീഭത്സമുഖം മറച്ചുപിടിക്കാനും സംരക്ഷണത്തിനുമായി മനുഷ്യാവകാശസംരക്ഷണത്തിന്റെ മറ കെട്ടി ഉയര്‍ത്തും. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ ‘ഇര’ എന്ന പരിവേഷം ചാര്‍ത്തി ചില ശുദ്ധാത്മാക്കളെ തങ്ങള്‍ക്കുചുറ്റും അണിനിരത്തും. ചില ‘ബുദ്ധിജീവി’കളെ വിലയ്‌ക്കെടുക്കും. അവര്‍ നടത്തുന്ന പത്രസ്ഥാപനങ്ങളുടെയും മറ്റും തലപ്പത്തിരുത്തി ഉയര്‍ന്ന പ്രതിഫലം നല്‍കും. ഈ തീവ്രവാദ സംഘം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ് നടപടി ഉണ്ടായാല്‍ ‘മനുഷ്യാവകാശ’ പ്രവര്‍ത്തകരായ ചിലരെ കവചമാക്കും. ഇതെല്ലാം ബോധപൂര്‍വമായ തിരക്കഥയനുസരിച്ചാണ്.

ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രവാദമുയര്‍ത്തി മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ വിപുലമായ ഐക്യം കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷമതനിരപേക്ഷ ശക്തികള്‍ ശ്രമിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, മതപരമായ സ്പര്‍ധയും ഭിന്നതയും സൃഷ്ടിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെയുള്ള തീവ്രവാദശക്തികളുടെ ലക്ഷ്യം ബി.ജെ.പി. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും സംഘപരിവാറിന്റെ വര്‍ഗീയഭീഷണിക്കുമെതിരായ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നതാണ്. ഇവര്‍ മുസ്‌ലിങ്ങളുടെ ശത്രുക്കളാണ്. കേരളത്തിലെ മുസ്‌ലിം ജനതയില്‍ 90 ശതമാനത്തിലധികം വരുന്ന സുന്നി മുസല്‍മാന്‍ ഇത്തരം തീവ്രവാദങ്ങളെ തുറന്നെതിര്‍ക്കുന്നത് ഈ സാഹചര്യത്തിലാണ്.

(ലേഖകന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരം)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top