Flash News

പൊതുപ്രവര്‍ത്തകരെ സംശയത്തിന്റെ മുനയില്‍ നിർത്തുന്ന പോലീസ് നീക്കം പ്രതിഷേധാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

July 8, 2018 , മുഹമ്മദ് ജസീല്‍ സി.പി.

flagപാലക്കാട്: പൊതുപ്രവര്‍ത്തകരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ പോലീസിന്റെ ഭാഗത്തു നിന്നും നിരന്തരമുണ്ടാകുന്ന നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം.

അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തില്‍ ചില ആളുകളുടെ വിവരശേഖരണം നടത്തുകയാണെന്ന പേരില്‍ കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും ജില്ലയിലെ നേതാക്കളുടെ വീടുകളില്‍ പോലീസ് കയറിയിറങ്ങുകയും അഡ്രസ് വാങ്ങി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറയുടെ വീട്ടില്‍ നടന്ന റെയ്ഡ്. കഴിഞ്ഞ ദിവസം പാലക്കാട് എസ്.പിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇത്തരം അനുചിതമായ നടപടികള്‍ ഇനി ആവര്‍ത്തിക്കപ്പെടില്ലെന്ന് പറഞ്ഞതാണ്. എന്നാല്‍ അതിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

അഭിമന്യു വധത്തിന്റെ മറവില്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കാനുള്ള സി.പി.എം കുതന്ത്രത്തിന് പോലീസ് ചട്ടുകമാവുകയാണ്. ജനകീയ പ്രസ്ഥാനങ്ങളെയും പൊതുപ്രവര്‍ത്തകരെയും സമൂഹത്തില്‍ അപമാനിതരാക്കാനുള്ള ശ്രമം കുറ്റവാളികളെ രക്ഷപ്പെടുത്താനേ സഹായിക്കൂ. ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടവും പോലീസും പിന്മാറണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നല്‍കും. തോന്നുംപോലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തില്‍ ഇടപെടാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം. അകാരണമായി വീടുകളില്‍ കയറിയിറങ്ങുകയും റെയ്ഡ് നടത്തുകയും ചെയ്ത നെന്മാറ സ്റ്റേഷനിലെ അടക്കം മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മാതൃകപരമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top